സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശാക്തീകരണം ഉറപ്പാക്കി പിഎം-യശസ്വി

പോസ്റ്റഡ് ഓണ്‍: 16 SEP 2026 4:35PM by PIB Thiruvananthpuram

പിഎം യങ് അച്ചീവേഴ്‌സ് സ്‌കോളർഷിപ്പ് അവാർഡ് സ്കീം ഫോർ വൈബ്രൻ്റ് ഇന്ത്യ (പിഎം-യശസ്വി) വഴി ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇബിസി), വിമുക്ത ഗോത്രങ്ങളും നാടോടി - അർധ നാടോടി ഗോത്രവിഭാഗങ്ങളും (ഡിഎന്‍ടി) എന്നിവയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവസരങ്ങൾക്ക് കേന്ദ്ര ഗവണ്മെൻ്റ് കരുത്തേകി. 

 

പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകൾ, ഒബിസി വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ നിർമാണം, സ്കൂൾ-കോളേജ് തലങ്ങളിലെ ‘ടോപ്പ് ക്ലാസ് എജ്യുക്കേഷൻ’ പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് പിഎം-യശസ്വി.

 

എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഒബിസി, ഇബിസി, ഡിഎൻടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് രാജ്യത്തിൻ്റെ അക്കാദമിക, സാമൂഹ്യ, സാമ്പത്തിക വികസനത്തിൽ അർത്ഥപൂര്‍ണമായ പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതി സഹായകമാണെന്ന് കേന്ദ്ര സാമൂഹ്യനീതി - ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, താമസ സൗകര്യങ്ങൾ, മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന പിന്തുണ എന്നിവ ഉറപ്പാക്കി കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

 

2014-15 മുതൽ 2025-26 വരെ കാലയളവിൽ പിഎം-യശസ്വിയുടെ വിവിധ ഘടകങ്ങൾക്കായി 15,555.53 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചതായും രാജ്യത്തുടനീളം 10.69 കോടിയിലധികം വിദ്യാർത്ഥികൾക്കും ഗുണഭോക്താക്കൾക്കും ഇതിൻ്റെ പ്രയോജനം ലഭിച്ചതായും ഡോ. വീരേന്ദ്ര കുമാർ അറിയിച്ചു.  

 

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാനും സ്കൂൾ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പ്രീ-മെട്രിക് സ്കോളർഷിപ്പ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2014-15 മുതൽ 2025-26 വരെ ഈ വിഭാഗത്തില്‍ ആകെ 2,163.15 കോടി രൂപ അനുവദിക്കുകയും 642.58 ലക്ഷം പേർക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കുകയും ചെയ്തു. 2025-26 വർഷം മാത്രം 252.21 കോടി രൂപ അനുവദിച്ചതായും പ്രാഥമിക കണക്കുകൾ പ്രകാരം 25.22 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

 

 

ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശനം വർധിപ്പിക്കാനായി നടപ്പാക്കുന്ന പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് പത്താംതരത്തിന് ശേഷമുള്ള പഠനച്ചെലവുകൾ വഹിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. 2014-15 മുതൽ 2025-26 വരെ കാലയളവിൽ 12,118.75 കോടി രൂപ ഈ വിഭാഗത്തിൽ അനുവദിച്ചത് 425.66 ലക്ഷം വിദ്യാർത്ഥികൾക്ക് ഗുണംചെയ്തു. 2025-26-ൽ 1,138.88 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്; പ്രാഥമിക കണക്കനുസരിച്ച് 31.29 ലക്ഷം ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാക്കി.

 

പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകൾക്ക് കീഴിൽ 2025-26-ലേക്ക് റിപ്പോർട്ട് ചെയ്ത ഗുണഭോക്താക്കളുടെ കണക്കുകൾ താൽക്കാലികമാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2026-27 വർഷത്തെ പദ്ധതിരേഖകള്‍ക്കൊപ്പം അന്തിമ കണക്കുകൾ ക്രോഡീകരിച്ചു വരികയാണ്.

 

അനുയോജ്യമായ താമസസൗകര്യങ്ങളുടെ അഭാവം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാൻ ഒബിസി വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ നിർമിക്കാനും പിഎം-യശസ്വി പിന്തുണ നൽകുന്നു. 2014-15 മുതൽ 2025-26 വരെ 28,865 ഹോസ്റ്റൽ സീറ്റുകൾ ഒരുക്കുന്നതിന് കേന്ദ്ര ഗവണ്മെൻ്റ് 346.79 കോടി രൂപ അനുവദിച്ചു. ഇതിൽ 2025-26-ൽ മാത്രം 3,700 സീറ്റുകൾക്കായി 21.06 കോടി രൂപയാണ് വകയിരുത്തിയത്. സ്വന്തം പ്രദേശങ്ങളിൽ നിന്ന് മാറിനിന്ന് ഉന്നതപഠനം നടത്താൻ പിന്നാക്ക പശ്ചാത്തലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഹോസ്റ്റൽ സൗകര്യങ്ങൾ വലിയ സഹായമാകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.  

 

2022-23 മുതൽ ആരംഭിച്ച 'ടോപ്പ് ക്ലാസ് സ്കൂൾ എജ്യുക്കേഷൻ' വഴി രാജ്യത്തെ മുൻനിര സ്കൂളുകളിൽ പഠിക്കുന്ന ഒബിസി, ഇബിസി, ഡിഎൻടി വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ അനുവദിച്ച 116.69 കോടി രൂപ 45,228 വിദ്യാർത്ഥികൾക്ക് പ്രയോജനകരമായി. 2022-23-ൽ 1,275 ഗുണഭോക്താക്കളുണ്ടായിരുന്നത് 2025-26 ല്‍ 27,007 ആയി വർധിച്ചു. 2025-26-ൽ 75.63 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.

 

2023-24-ൽ ആരംഭിച്ച 'ടോപ്പ് ക്ലാസ് കോളേജ് എജ്യുക്കേഷൻ' പദ്ധതി മുൻനിര കോളേജുകളിലും സ്ഥാപനങ്ങളിലും ഉന്നതവിദ്യാഭ്യാസം നേടുന്ന പിന്നാക്ക വിഭാഗങ്ങളിലെ പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് സഹായം നല്‍കുന്നു. 2023-24 മുതൽ 2025-26 വരെ കാലയളവിൽ 810.15 കോടി രൂപ വിതരണം ചെയ്തതിലൂടെ 37,937 വിദ്യാർത്ഥികൾ ഇതിൻ്റെ ഭാഗമായി. 2025-26-ൽ അനുവദിച്ച 368.86 കോടി രൂപ 17,295 വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി.

 

സ്കോളർഷിപ്പുകൾ, ഹോസ്റ്റൽ സൗകര്യങ്ങൾ, മുൻനിര സ്ഥാപനങ്ങളിലെ പഠനസഹായം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര സമീപനത്തിലൂടെ സാമൂഹ്യമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ പ്രതിഭാശാലികളായ വിദ്യാർത്ഥികളുടെ പഠന മോഹങ്ങൾക്ക് തടസ്സമാകില്ലെന്ന് ഉറപ്പാക്കാന്‍ ഗവണ്മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് പിഎം-യശസ്വി പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.  

 

****


( റിലീസ് ഐ.ഡി: 2311109) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Kannada