രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'അപരാജിത - പരാങ് ലാ 2026' ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കി 20 എൻ.സി.സി വനിതാ കേഡറ്റുകൾ

പോസ്റ്റഡ് ഓണ്‍: 16 SEP 2026 11:42AM by PIB Thiruvananthpuram
നാഷണൽ കേഡറ്റ് കോർപ്സിൻ്റെ (എൻ.സി.സി) മുൻനിര സാഹസിക പ്രവർത്തനമായ 'അപരാജിത - പരാങ് ലാ 2026' അഖിലേന്ത്യ ഗേൾസ് ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ കേഡറ്റുകളെ ഡയറക്ടർ ജനറൽ എൻ.സി.സി ലെഫ്റ്റനൻ്റ്  ജനറൽ വിരേന്ദ്ര വാട്സും പ്രതിരോധ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ശ്രീമതി ദീപ്തി മോഹിൽ ചൗളയും ചേർന്ന് സെപ്റ്റംബർ 16-ന് ലഡാക്കിലെ കർസോക്കിൽ ഫ്ലാഗ്-ഇൻ ചെയ്തു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 എൻ.സി.സി വനിതാ കേഡറ്റുകൾ അടങ്ങിയ സംഘമാണ് ഈ ചരിത്ര യാത്രയിൽ പങ്കെടുത്തത്. ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയെ ലഡാക്കിലെ ചാങ്താംഗ് മേഖലയുമായി ബന്ധിപ്പിക്കുന്ന, സമുദ്ര നിരപ്പിൽ നിന്ന് 5,578 മീറ്റർ ദുർഘടമായ പരാങ് ലാ ചുരം ഈ സംഘം കാൽനടയായി വിജയകരമായി പിന്നിട്ടു.

മഞ്ഞുമൂടിയ മലനിരകളും മഞ്ഞുപാളികളും നദീതടങ്ങളും നിറഞ്ഞ ദുർഘടമായ പാതയിലൂടെ 30 ദിവസം കൊണ്ട് 250 കിലോമീറ്ററോളം സഞ്ചരിച്ചാണ് കേഡറ്റുകൾ ഈ നേട്ടം കൈവരിച്ചത്. ഓഫീസർമാർ, ഇൻസ്ട്രക്ടർമാർ, മെഡിക്കൽ ടീം, അനുബന്ധ ജീവനക്കാർ എന്നിവരുടെ മേൽനോട്ടത്തിൽ ഹിമാചൽ പ്രദേശിലെ കിബ്ബറിൽ നിന്ന് ആരംഭിച്ച യാത്ര ലഡാക്കിലെ കർസോക്കിലാണ് അവസാനിച്ചത്. 2026 ഓഗസ്റ്റ് 18-ന് ന്യൂഡൽഹിയിൽ നിന്ന് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗാണ് ഈ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

ചടങ്ങിൽ സംസാരിച്ച എൻ.സി.സി ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ വിരേന്ദ്ര വാട്സ്‌, ദൗത്യം വിജയകരമായി പൂർത്തിയാക്കിയ കേഡറ്റുകളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇത്തരം സാഹസിക പ്രവർത്തനങ്ങൾ യുവത യിൽ നേതൃപാടവം, ആത്മവിശ്വാസം, കൂട്ടായ ദൗത്യം, സഹനശക്തി എന്നിവ വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 


 
സാഹസിക പ്രവർത്തനങ്ങളിൽ യുവതികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ സാഹചര്യങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് ഈ ട്രെക്ക് സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കേഡറ്റുകളെ ഒരുമിച്ച് കൊണ്ടുവന്ന് ദേശീയോദ്ഗ്രഥനം ശക്തിപ്പെടുത്തുക എന്നതും ഇതിൻ്റെ പ്രധാന ലക്ഷ്യമായിരുന്നു.
 
 
****
 

( റിലീസ് ഐ.ഡി: 2311014) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , Bengali , Bengali-TR , हिन्दी , Marathi , Telugu