ജൽ ശക്തി മന്ത്രാലയം
'ജൽ സഞ്ചയ് ജൻ ഭാഗീദാരി – ക്യാച്ച് ദ റെയിൻ’ ഔദ്യോഗിക ഗാനം പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
15 SEP 2026 8:57PM by PIB Thiruvananthpuram
ജനപങ്കാളിത്തത്തിലൂടെയുള്ള ജലസംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനുമായുള്ള ദേശീയ പ്രസ്ഥാനത്തിന് സംഗീത രൂപം നൽകിക്കൊണ്ട്, കേന്ദ്ര ജൽശക്തി മന്ത്രാലയം "ജൽ സഞ്ചയ് ജൻ ഭാഗീദാരി – ക്യാച്ച് ദ റെയിൻ" പദ്ധതിയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സംഭരിക്കാം മഴവെള്ളത്തെ; അത് പെയ്യുന്ന നേരത്ത്, പെയ്യുന്നിടത്തു തന്നെ"എന്ന ആഹ്വാനമാണ് ഈ ഗാനത്തിന് അടിസ്‌ഥാനം. രാജ്യത്തെ ഓരോ പൗരനെയും മഴവെള്ള സംഭരണത്തിന്റെ ഭാഗമാക്കാനും, ജലസംരക്ഷണം ദൈനംദിന ജീവിതത്തിന്റെ ശീലമാക്കി മാറ്റാനും പ്രചോദിപ്പിക്കുന്ന ഊർജ്ജസ്വലവും ജനകീയവുമായ സന്ദേശമാണ് ഈ ഔദ്യോഗിക ഗാനത്തിലൂടെ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്.
ലളിതവും എന്നാൽ ശക്തവുമായ ഒരു ആശയമാണ് ഈ ഗാനം പ്രതിഫലിപ്പിക്കുന്നത്: ജലമാണ് ജീവൻ, അത് സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മഴവെള്ള സംഭരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാകരുത്. ജലമാണ് ജീവന്റെ ആധാരം. ഓരോ പൗരനും കുടുംബവും പ്രദേശവാസികളും സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വ്യവസായ മേഖലകളും ഒരുപോലെ കൈകോർക്കുമ്പോൾ മാത്രമേ രാജ്യത്ത് പൂർണ്ണമായ ജലസുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ.
ജലസംരക്ഷണത്തെ കേവലമൊരു സർക്കാർ പദ്ധതിയെന്നതിലുപരി ജനങ്ങൾ നയിക്കുന്ന വൻ പ്രസ്ഥാനമാക്കി മാറ്റാൻ ‘ജൽ സഞ്ചയ് ജൻ ഭാഗീദാരി’ലക്ഷ്യമിടുന്നു. മഴവെള്ള സംഭരണ സംവിധാനങ്ങളുടെയും ഭൂഗർഭജല പുനരുജ്ജീവന നിർമിതികളുടെയും നിർമാണത്തിനും നവീകരണത്തിനും ഊന്നൽ നൽകുന്ന ഈ പദ്ധതി, ജലസുരക്ഷ ഉറപ്പാക്കുന്നതിൽ ബഹുജന പങ്കാളിത്തത്തിന് പ്രഥമ പരിഗണന നൽകുന്നു.
പ്രധാനമന്ത്രിയുടെ സന്ദേശം ഓരോ ഗ്രാമത്തിലും നഗരത്തിലും വിദ്യാലയങ്ങളിലും വീടുകളിലും എത്തിക്കുകയാണ് പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന്റെ ലക്ഷ്യം. വിശേഷിച്ച് യുവതലമുറയെ ജലസംരക്ഷണത്തിന്റെ സ്ഥാനപതിമാരാക്കാൻ ഇത് പ്രചോദനമേകും. ഇന്ന് കരുതിവെക്കുന്ന ഓരോ തുള്ളി മഴവെള്ളവും നാളത്തെ ശക്തമായ ഭൂഗർഭജല ശേഖരത്തിനും സുരക്ഷിതമായ ഭാവിക്കും വഴിയൊരുക്കുമെന്നും ഗാനം ഓർമ്മിപ്പിക്കുന്നു.
ഈ ദേശീയ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഗാനത്തിന്റെ സന്ദേശം പ്രവൃത്തിപഥത്തിൽ എത്തിക്കാനും കേന്ദ്ര ജൽശക്തി മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. മഴവെള്ളം വീഴുന്നിടത്ത്അ, ത് ലഭ്യമാകുന്ന സമയത്ത് അവയെ ശേഖരിച്ചുകൊണ്ടും ജലസംരക്ഷണം ഒരു ശീലവും ജീവിതരീതിയുമാക്കിക്കൊണ്ടും, ജനപങ്കാളിത്തത്തോടെ ജലസംഭരണം ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
ജല സംരക്ഷണ ഗാനം കാണുന്നതിന് സന്ദർശിക്കുക : https://youtu.be/NBkodAkSKoE
ജലസംരക്ഷണം ഒരു ജനകീയ മുന്നേറ്റമാക്കുക — ഓരോ തുള്ളിയും സംരക്ഷിക്കൂ, ഭാവി സുരക്ഷിതമാക്കൂ.
******
( റിലീസ് ഐ.ഡി: 2310714)
സന്ദര്‍ശക കൗണ്ടര്‍ : 3