വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി. അന്നപൂര്‍ണ ദേവി നൈജീരിയയുടെ വനിതാ- സാമൂഹിക വികസന മന്ത്രി ഇമാന്‍ സുലൈമാന്‍- ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 14 SEP 2026 7:54PM by PIB Thiruvananthpuram

നൈജീരിയയുടെ വനിതാ-സാമൂഹിക വികസന മന്ത്രി ഇമാന്‍ സുലൈമാന്‍-ഇബ്രാഹിം ഇന്ന് ന്യൂഡല്‍ഹിയിലെ ജി.പി.ഒ.എയിലുള്ള വനിതാ-ശിശു വികസന മന്ത്രാലയത്തില്‍ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി. അന്നപൂര്‍ണ ദേവിയുമായി കൂടിക്കാഴ്ച നടത്തി.


61a0c6aaa1593a05b7475e905ffe4487.jpg

വനിതാ-ശിശു വികസന മന്ത്രാലയം നൈജീരിയന്‍ പ്രതിനിധി സംഘത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. 2026ലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ വേളയില്‍ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഒരു പങ്കാളി രാജ്യമെന്ന നിലയിലുള്ള നൈജീരിയയുടെ സാന്നിധ്യം ഗ്ലോബല്‍ സൗത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഫ്രിക്കയില്‍ നിന്നുള്ള വിലപ്പെട്ടൊരു ശബ്ദമാണ് പകരുന്നതെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി. അന്നപൂര്‍ണ ദേവി പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനും കീഴില്‍ വനിതാ ശിശു വികസന മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യയുടെയും നൈജീരിയയുടെയും  പ്രതിബദ്ധത അവര്‍ വീണ്ടും ഉറപ്പിച്ചു.

9951d2983e889a5923f25b26ecbdfcaa.jpg

വനിതാ കൂട്ടായ്മകളുടെ കരുത്ത്, ലിംഗസമത്വത്തെ മുഖ്യധാരയിലെത്തിക്കല്‍, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തുന്നതിനും വനിതാ കൂട്ടായ്മകളെ പ്രയോജനപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂര്‍ണ ദേവി പങ്കുവെച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള  വികസനം എന്ന  പ്രധാനമന്ത്രിയുടെ ദര്‍ശനമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ശുദ്ധ ഊര്‍ജ്ജം, സാമൂഹിക സംരക്ഷണം, ദേശീയ പരിചരണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള മേഖലകളെക്കുറിച്ചും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണം, ഡിജിറ്റല്‍ സുരക്ഷ എന്നിവയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പ്രതികൂല സാഹചര്യങ്ങളിലുള്ള കുട്ടികളുടെ സംരക്ഷണത്തിനും പിന്തുണയ്ക്കുമായി മന്ത്രാലയം നടപ്പിലാക്കുന്ന മുന്‍നിര പദ്ധതികളെക്കുറിച്ച് ശ്രീമതി. അന്നപൂര്‍ണ ദേവി എടുത്തുപറഞ്ഞു.

b80a75d2404b6141d0563524b9c345e8.jpg

തനിക്കും പ്രതിനിധി സംഘത്തിനും നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന്  നൈജീരിയയുടെ വനിതാ-സാമൂഹിക വികസന മന്ത്രി ഇമാന്‍ സുലൈമാന്‍-ഇബ്രാഹിം നന്ദി അറിയിച്ചു. വനിതാ കൂട്ടായ്മകളും നൈപുണ്യ വികസനവും, വനിതാ സംരംഭകത്വത്തിനായുള്ള ധനസഹായം, പോഷകാഹാര പിന്തുണ, വനിതകളുടെ നേതൃത്വത്തിലുള്ള ഭരണനിര്‍വ്വഹണം, പരിചരണ സമ്പദ്‌വ്യവസ്ഥ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ ഇന്ത്യയുടെ മികച്ച  പ്രവര്‍ത്തനരീതികളില്‍ നിന്ന് പഠിക്കാനും വിജ്ഞാന കൈമാറ്റത്തിനും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

917a869083b682a08b45120690de6744.jpg

വനിതകളുടെ സാമ്പത്തിക കൂട്ടായ്മകള്‍, ശുദ്ധ ഊര്‍ജ്ജം, സാമൂഹിക സംരക്ഷണം, പരിചരണ സമ്പദ്‌വ്യവസ്ഥ, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും, ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഇരുമന്ത്രിമാരും അഭിപ്രായപ്പെട്ടു. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന പ്രത്യാശയും അവര്‍ പ്രകടിപ്പിച്ചു.

***


( റിലീസ് ഐ.ഡി: 2310286) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी