സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
നാളികേരത്തൊണ്ടില്‍ നിന്ന് സംരംഭത്തിലേക്ക്: കയര്‍ ഗ്രാമീണ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുന്നു
പോസ്റ്റഡ് ഓണ്‍:
14 SEP 2026 2:07PM by PIB Thiruvananthpuram
ഇന്ത്യയിലെ നാളികേര കൃഷി വ്യാപകമായ പ്രദേശങ്ങളില്‍ നാളികേരത്തൊണ്ട് ഇന്ന് സംരംഭത്തിന്റെയും ഉപജീവനത്തിന്റെയും ഉറവിടമായി മാറുകയാണ്. പ്രകൃതിദത്തവും ഈടുനില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ നാരാണ് കയര്‍. തലമുറകളായി ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണിത്. ഇന്ന് ചവിട്ടികളും കയറുകളും മാത്രമല്ല, കരകൗശല വസ്തുക്കള്‍, ജൈവവളങ്ങള്‍, നൂതന പാക്കേജിംഗ് സാമഗ്രികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി കയറിനെ മാറ്റുകയാണ് സംരംഭകര്‍. തലമുറകളായി തുടര്‍ന്നുപോന്ന പരമ്പരാഗത തൊഴിലിനെ ആധുനിക കാലത്തിന് യോജിച്ച ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയ ആയിരക്കണക്കിന് ഗ്രാമീണ സംരംഭകരും കരകൗശലത്തൊഴിലാളികളുമാണ് ഈ പരിവര്‍ത്തനത്തിന് പിന്നില്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിന്റെ (MSME) പിന്തുണയോടെ, പ്രത്യേകിച്ച് കയര്‍ ബോര്‍ഡിലൂടെയും പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെയും (PMEGP) ലഭിക്കുന്ന പിന്തുണയോടെ, സ്വയംതൊഴിലിനും സ്ത്രീ ശാക്തീകരണത്തിനും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള ഒരു മികച്ച മാര്‍ഗ്ഗമായി കയര്‍ മാറുകയാണ്.
കയര്‍ മാലിന്യത്തെ മികച്ച സംരംഭമാക്കി മാറ്റുന്നു:
1. ഒരു സംരംഭം, 120 വനിതകള്‍, എണ്ണമറ്റ അവസരങ്ങള്‍
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലുള്ള കാടിയം ഗ്രാമത്തില്‍, ചകിരിനാരും കയര്‍ അവശിഷ്ടങ്ങളും ഉപയോഗിച്ച് വിജയകരമായ ഒരു സംരംഭം പടുത്തുയര്‍ത്തിയിരിക്കുകയാണ് ശ്രീമതി അല്ലം ഗൗതമി. ധവളേശ്വരത്തെ കയര്‍ ബോര്‍ഡ് പരിശീലന കേന്ദ്രത്തില്‍ നിന്ന് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ അവര്‍, 6.50 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുടെയും പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ (PMEGP) പിന്തുണയോടെയും 10 ലക്ഷം രൂപ മുതല്‍മുടക്കിലാണ് 2024-25 കാലയളവില്‍ അഡിഗോ കയര്‍ പ്രൊഡക്ട്‌സ് എന്ന സംരംഭം ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ ചവിട്ടികള്‍, കയറുകള്‍, അലങ്കാരപ്പാവകള്‍, മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവയാണ് ഈ യൂണിറ്റില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്.

പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം രൂപയുടെ വിറ്റുവരവും 10 ലക്ഷത്തോളം രൂപയുടെ ലാഭവും കൈവരിക്കുന്ന ഈ സംരംഭം ആറ് വനിതകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. എന്നാല്‍ ഗൗതമിയുടെ പ്രവര്‍ത്തനം സ്വന്തം സംരംഭത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. ചവിട്ടി നെയ്യല്‍, കയര്‍ നിര്‍മ്മാണം, കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവയില്‍ 120-ഓളം വനിതകള്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള വഴി ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇവരുടെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിക്ക് (PMEGP) കീഴില്‍ സമീപപ്രദേശങ്ങളില്‍ അഞ്ചോളം പുതിയ കയര്‍ യൂണിറ്റുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്.
2. ശ്രീ സുരേന്ദ്രന്റെ ഹരിത കയര്‍ വിജയഗാഥ
ചകിരിച്ചോറിനെ സുസ്ഥിര കൃഷിരീതികള്‍ക്കുള്ള മികച്ച അവസരമാക്കി മാറ്റിക്കൊണ്ട്, കോഴിക്കോട് സ്വദേശിയായ ശ്രീ പി. സുരേന്ദ്രന്‍ 2024 നവംബറില്‍ സമ്പൂര്‍ണ്ണ പ്ലസ് അഗ്രോ ഫെര്‍ട്ടിലൈസര്‍ എന്റര്‍പ്രൈസസ് (SAFE) എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. കണ്ണൂരിലെ കയര്‍ ബോര്‍ഡില്‍ നിന്നും കലവൂരിലെ സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (CCRI) നിന്നും ലഭിച്ച പരിശീലനവും സാങ്കേതിക പിന്തുണയും പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ഫലഭൂയിഷ്ഠി കൂട്ടാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ ചകിരിച്ചോര്‍ ജൈവവളം ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത്.

വെറും ഒരു വര്‍ഷത്തിനുള്ളില്‍ 500-ലധികം ഉപഭോക്താക്കളെ നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ സംരംഭത്തിന് സാധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 20 ടണ്ണിലധികം ജൈവവളം വിറ്റഴിച്ചതിലൂടെ 13 ലക്ഷം രൂപയുടെ വിറ്റുവരവും 4 ലക്ഷം രൂപയുടെ ലാഭവും ഈ സംരംഭം സ്വന്തമാക്കി. രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് പ്രാദേശിക തലത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ യൂണിറ്റിന് സാധിച്ചു. പരിമിതമായ സാമ്പത്തിക മൂല്യം മാത്രമുള്ള വസ്തുക്കളില്‍ നിന്ന്, നൂതനാശയങ്ങളിലൂടെയും സാങ്കേതിക പിന്തുണയിലൂടെയും വിജയകരമായ സംരംഭങ്ങള്‍ എങ്ങനെ പടുത്തുയര്‍ത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് സുരേന്ദ്രന്റെ ഈ യാത്ര.
ഗ്രാമീണ ഇന്ത്യയില്‍ കയര്‍ ഇത്രയധികം പ്രധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട് ?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രകൃതിദത്ത നാരുകളില്‍ ഒന്നാണ് കയര്‍. 1859-ല്‍ കേരളത്തിലെ ആലപ്പുഴയില്‍ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിതമായതോടെയാണ് രാജ്യത്ത് സംഘടിത കയര്‍ ഉല്‍പ്പാദനം ആരംഭിച്ചത്. അന്നുതൊട്ടിന്നോളം, പ്രധാന നാളികേര ഉല്‍പ്പാദന മേഖലകളിലെല്ലാം ഈ വ്യവസായം വന്‍തോതില്‍ വളര്‍ന്നുപന്തലിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കയര്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള കയര്‍ ഉല്‍പ്പാദനത്തിന്റെ 80 ശതമാനത്തിലേറെയും ഇന്ത്യയുടെ സംഭാവനയാണ്. സ്ത്രീകളുടെ ഉപജീവനമാര്‍ഗ്ഗങ്ങളുമായി ഈ മേഖലയ്ക്ക് അടുത്ത ബന്ധമുണ്ട്. കയര്‍ നാര് വേര്‍തിരിച്ചെടുക്കുന്നതിലും കയര്‍ പിരിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളില്‍ 80 ശതമാനത്തോളവും വനിതകളാണ്. നാളികേര കര്‍ഷകര്‍, തൊഴിലാളികള്‍, വനിതാ കരകൗശല വിദഗ്ദ്ധര്‍, സഹകരണ സംഘങ്ങള്‍, സംരംഭകര്‍, ഉല്‍പ്പാദകര്‍, കയറ്റുമതിക്കാര്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഗ്രാമീണ ഉപജീവന മേഖലയിലെ ഒരു പ്രധാന ചാലകശക്തിയാണ് കയര്‍.
ചകിരി നാരില്‍ നിന്ന് അന്തിമ ഉല്‍പ്പന്നങ്ങളിലേക്ക്
അസംസ്‌കൃത നാരിന്റെ ഉല്‍പ്പാദനത്തില്‍ മാത്രമായി കയറിന്റെ സാധ്യതകള്‍ ഒതുങ്ങിനില്‍ക്കുന്നില്ല. മികച്ച സംസ്‌കരണ രീതികളിലൂടെയും രൂപകല്‍പ്പനയിലൂടെയും നൂതനാശയങ്ങളിലൂടെയും കയറിനെ ഉയര്‍ന്ന വിപണിമൂല്യമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയും. അവയില്‍ ചിലത് താഴെ പറയുന്നവയാണ്:
• പായകളും ചവിട്ടികളും
• കയറുകളും നൂലുകളും
• ബ്രഷുകളും മറ്റ് ഗാര്‍ഹിക ഉല്‍പ്പന്നങ്ങളും
• അലങ്കാര വസ്തുക്കളും കരകൗശല ഉല്‍പ്പന്നങ്ങളും
• പൂന്തോട്ട പരിപാലനത്തിനും കൃഷിക്കുമുള്ള ഉല്‍പ്പന്നങ്ങള്‍
• നൂതനവും പരിസ്ഥിതിസൗഹൃദവുമായ പാക്കേജിംഗ് സാമഗ്രികള്‍
കയര്‍ മൂല്യശൃംഖലയെ പിന്തുണയ്ക്കുന്നു
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ (MSME) മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ കയര്‍ ബോര്‍ഡ്, നൈപുണ്യ വികസനം, സാങ്കേതികവിദ്യ, ഗവേഷണം, വിപണന പ്രോത്സാഹനം, കയറ്റുമതി, ക്ഷേമ പദ്ധതികള്‍ എന്നിവയിലൂടെ കയര്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു.
സാങ്കേതികവിദ്യയും ഗവേഷണവും, നൈപുണ്യ വികസനം, വനിതകള്‍ക്കുള്ള പരിശീലനം, ആഭ്യന്തര-അന്താരാഷ്ട്ര വിപണി പ്രോത്സാഹനം, വ്യവസായ വികസനം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളെ കയര്‍ വികാസ് യോജന (CVY) പിന്തുണയ്ക്കുന്നു. കയര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ നൈപുണ്യങ്ങള്‍ നേടാനും, മികച്ച സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും, കൂടുതല്‍ വലിയ വിപണികളിലേക്ക് പ്രവേശനം ഉറപ്പാക്കാനും പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതോടൊപ്പം, പ്രദര്‍ശനങ്ങള്‍, മേളകള്‍, ഷോറൂമുകള്‍, കയറ്റുമതി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പുതിയ ഉപഭോക്താക്കളിലേക്കും വിപണികളിലേക്കും എത്തിച്ചേരാനും കയര്‍ ഉല്‍പ്പാദകര്‍ക്ക് അവസരമൊരുക്കുന്നു.
നൂതനാശയങ്ങള്‍: കയറിന് പുതിയ സ്വത്വം നല്‍കുന്നു
എച്ച്.ഡി.പി.ഇ പ്ലാസ്റ്റിക് കപ്പുകള്‍ക്ക് പകരമായി, റെയില്‍വേ വീല്‍ ആക്സിലുകള്‍ സുരക്ഷിതമായി പാക്ക് ചെയ്യുന്നതിനുള്ള പരിസ്ഥിതി സൗഹൃദ കയര്‍ വീല്‍ ആക്സില്‍ പാക്കേജിംഗ് കപ്പുകള്‍ സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിസ്ഥിതി ഉത്തരവാദിത്തമുള്ള ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത പ്രകൃതിദത്ത നാരിന് ആധുനിക വ്യവസായങ്ങളില്‍ എങ്ങനെ വലിയ സാധ്യതകള്‍ കണ്ടെത്താമെന്ന് തെളിയിക്കുന്നതാണ് ഇത്തരം നൂതനാശയങ്ങള്‍.
വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു പ്രകൃതിദത്ത നാര്
ശ്രീമതി അല്ലം ഗൗതമിയുടെയും ശ്രീ പി. സുരേന്ദ്രന്റേയും വിജയഗാഥകള്‍ ഇന്ത്യയിലെ കയര്‍ മേഖലയില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. നൈപുണ്യം, ധനസഹായം, സാങ്കേതികവിദ്യ, ഗവേഷണം, വിപണി പിന്തുണ എന്നിവയുടെ സഹായത്തോടെ, ഇന്ത്യയുടെ പരമ്പരാഗത കയര്‍ മേഖല ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളിലേക്കും ആധുനിക സംരംഭങ്ങളിലേക്കും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന വിഭവങ്ങളെ സംരംഭകത്വത്തിലേക്കും സാമ്പത്തിക സമൃദ്ധിയിലേക്കുമുള്ള സുവര്‍ണ്ണാവസരങ്ങളാക്കി മാറ്റിക്കൊണ്ടാണ് ഈ മുന്നേറ്റം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://coirboard.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
***
( റിലീസ് ഐ.ഡി: 2310252)
സന്ദര്‍ശക കൗണ്ടര്‍ : 12