ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
'ഡിസൈനർ അറ്റെലിയർ' പ്രദർശന-വിൽപ്പന മേള ഒക്ടോബർ 1 വരെ സി.സി.ഐ.സിയിൽ നടക്കും
പോസ്റ്റഡ് ഓണ്‍:
12 SEP 2026 5:20PM by PIB Thiruvananthpuram
ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകം, പരമ്പരാഗത കരകൗശല വൈദഗ്ദ്ധ്യം, സമകാലിക ഡിസൈനുകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഡിസൈനർ സൃഷ്ടികൾ ഉൾക്കൊള്ളുന്ന 'ഡിസൈനർ അറ്റെലിയർ' പ്രദർശന-വിൽപ്പന മേള 2026 സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 1 വരെ ന്യൂഡൽഹിയിലെ ജൻപഥിലുള്ള ജവഹർ വ്യാപാർ ഭവനിലെ സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് എംപോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശന സമയം.

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്സ്റ്റൈൽസ്) കൂടിയായ സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (CCIC) ചെയർമാൻ ശ്രീ അഖിലേഷ് കുമാറും, സി.സി.ഐ.സി മാനേജിംഗ് ഡയറക്ടർ ശ്രീ ബിമൽ ഗോപാലാചാരിയും ചേർന്നാണ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്ന ആധികാരിക കൈത്തറി, കൈകൊണ്ട് നെയ്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 'ഡിസൈനർ അറ്റെലിയർ' ലക്ഷ്യമിടുന്നത്. കൂടാതെ, കരകൗശല വിദഗ്ധർക്കും നെയ്ത്തുകാർക്കും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുമുള്ള വിപുലമായ ഒരു വേദി കൂടിയാണ് ഇത് ഒരുക്കുന്നത്.
പരമ്പരാഗത സാങ്കേതിക വിദ്യകൾ, തദ്ദേശീയ കരകൗശല വൈദഗ്ദ്ധ്യം, സമകാലിക ഡിസൈനുകൾ എന്നിവ കോർത്തിണക്കുന്ന ഈ പ്രദർശനത്തിൽ സങ്കീർണ്ണമായ കൈത്തറി നെയ്ത്തുകൾ, പരമ്പരാഗത പ്രിൻ്റുകൾ, ആധുനിക വസ്ത്രശൈലികൾ, ഡിസൈനർ ശേഖരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതവും സമകാലികവുമായ ഫാഷൻ ഇഷ്ടപ്പെടുന്നവർക്കായി വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
ഉത്സവ-വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കരകൗശല സമൂഹങ്ങൾക്കും പിന്തുണയേകുന്നതിനൊപ്പം, സവിശേഷമായ ഇന്ത്യൻ തുണിത്തരങ്ങളും കൈകൊണ്ട് നിർമ്മിച്ച ഫാഷൻ ഉൽപ്പന്നങ്ങളും കണ്ടറിയാനും സ്വന്തമാക്കാനും സന്ദർശകർക്ക് ഈ പ്രദർശനം മികച്ച അവസരമൊരുക്കുന്നു.
****
( റിലീസ് ഐ.ഡി: 2309554)
സന്ദര്‍ശക കൗണ്ടര്‍ : 3