|
ഉപരാഷ്ട്രപതിയുടെ കാര്യാലയം
ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു (DNHDD) കേന്ദ്രഭരണ പ്രദേശത്തെ'മിനി ഇന്ത്യ'എന്ന് വിശേഷിപ്പിച്ച് ഉപരാഷ്ട്രപതി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെയും നേതൃത്വത്തിലുള്ള വികസന മുന്നേറ്റത്തിന് പ്രശംസ
പോസ്റ്റഡ് ഓണ്‍:
11 SEP 2026 5:31PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദീയു സന്ദര്‍ശനത്തിനിടെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവണ്‍മെന്റ് കോളജില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു.
ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, പാര്‍ലമെന്റ് അംഗം കലാബെന്‍ മോഹന്‍ഭായ് ദേല്‍ക്കര്‍, ജില്ലാ പഞ്ചായത്ത്-മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, വ്യാവസായിക-ഹോട്ടല്‍ സംഘടനകള്‍, കോളജ് ടോപ്പര്‍മാര്‍, തമിഴ് സംഘം പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ ആദരിച്ചു.തുടര്‍ന്ന്, പി.എം വിശ്വകര്‍മ പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കള്‍ക്കുള്ള ടൂള്‍കിറ്റുകളും പുതുതായി നിയമിതരായ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവുകളും അദ്ദേഹം വിതരണം ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, നവീന ഭരണമികവും ജനപങ്കാളിത്തവും ഒരു പ്രദേശത്തിന്റെ വികസനത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ കേന്ദ്രഭരണ പ്രദേശമെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിരന്തരമായ പരിശ്രമത്തിലും ഒപ്പം ജനങ്ങളുടെ സജീവ പങ്കാളിത്തവും വഴി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ ദശകത്തില്‍ 4,000 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 800 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെടെ 13,000 കോടിയിലധികം രൂപയുടെ 450-ലധികം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയതെന്ന് ശ്രീ. സി. പി. രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ മാറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, 2019-ന് മുമ്പ് ഒരു മെഡിക്കല്‍ കോളജ് പോലും ഇല്ലാതിരുന്ന ഈ കേന്ദ്രഭരണ പ്രദേശത്ത് ഇന്ന് 177 സീറ്റുകളുള്ള മെഡിക്കല്‍ കോളജും, സില്‍വാസയിലെ 450 കിടക്കകളുള്ള നമോ ആശുപത്രിയും, അടുത്തിടെ ദാമനില്‍ ഉദ്ഘാടനം ചെയ്ത 350 കിടക്കകളുള്ള നമോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്ഷയരോഗ ബാധയില്‍ 57 ശതമാനവും പോഷകാഹാരക്കുറവില്‍ 58 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കൂടാതെ,ആരോഗ്യ- ക്ഷേമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ആശുപത്രി വഴിയുള്ള പ്രസവങ്ങള്‍, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രജിസ്ട്രേഷന്‍ എന്നിവയില്‍ 100 ശതമാനം നേട്ടം കൈവരിക്കാനും ഈ പ്രദേശത്തിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സംസാരിക്കവേ, 700 കോടിയിലധികം രൂപയുടെ നിക്ഷേപത്തില്‍ 21 പുതിയ സ്‌കൂളുകള്‍ നിര്‍മ്മിച്ചതായും 16 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജമാക്കിയതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കൂടാതെ നിഫ്റ്റ്, ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, മറ്റ് പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ക്യാമ്പസുകള്‍ സ്ഥാപിച്ചതിലൂടെ കേന്ദ്രഭരണ പ്രദേശത്തെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയെ എടുത്തുകാണിച്ച അദ്ദേഹം, 2021-ല്‍ 6 ലക്ഷത്തോളമായിരുന്ന വിനോദസഞ്ചാരികളുടെ എണ്ണം 2025 ആയപ്പോഴേക്കും ഏകദേശം 50 ലക്ഷമായി ഉയര്‍ന്നതായി വ്യക്തമാക്കി. ദാമന്‍ നൈറ്റ് മാര്‍ക്കറ്റ്, രാമസേതു കടല്‍ത്തീരം, നവീകരിച്ച പൈതൃക കേന്ദ്രങ്ങള്‍, ബീച്ചുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഇക്കോ ടൂറിസം തുടങ്ങിയ പദ്ധതികള്‍ മേഖലയുടെ സമ്പന്നമായ പൈതൃകവും പ്രകൃതിഭംഗിയും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയിലെ കരുത്ത് എടുത്തുകാട്ടിയ ഉപരാഷ്ട്രപതി, 7,500-ലധികം ഉല്‍പ്പാദന യൂണിറ്റുകളും എം.എസ്.എം.ഇ-കള്‍ വഴി 2.8 ലക്ഷത്തിലധികം തൊഴിലവസരങ്ങളും കേന്ദ്രഭരണ പ്രദേശത്തുണ്ടെന്ന് വ്യക്തമാക്കി. ദാമനിലെ നമോ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്തതോടെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം കൂടുതല്‍ ശക്തമായി. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 100 ശതമാനം സൗരോര്‍ജ്ജവല്‍ക്കരണം പൂര്‍ത്തിയാക്കി ഏകദേശം 12 മെഗാവാട്ട് ശേഷി കൈവരിച്ച നടപടിയെയും അദ്ദേഹം പ്രശംസിച്ചു.
ഗുജറാത്തിന്റെ പ്രതിഭകളായ മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സംഭാവനകളെ പരാമര്‍ശിക്കവേ, ഗാന്ധിജി അഹിംസയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമാണെന്നും, സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വികസനത്തിന്റെ പ്രതീകമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശത്തിന്റെ സാമൂഹിക വൈവിധ്യവും സാംസ്‌കാരിക പൈതൃകവും സഹവര്‍ത്തിത്വവും അതിനെ ഒരു 'മിനി ഇന്ത്യ'യാക്കി മാറ്റുന്നുവെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്കും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനും സംഭാവന നല്‍കുന്നുണ്ടെന്നും ശ്രീ. സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2309281)
|