കൃഷി മന്ത്രാലയം
azadi ka amrit mahotsav

ശാസ്ത്രീയ സമീപനവും നയപരമായ പിന്തുണയും വിപണി സഹായവും ഉറപ്പാക്കിയാല്‍ വരണ്ട ഭൂപ്രദേശങ്ങള്‍ വന്‍ കരുത്തായി മാറും: കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍

പോസ്റ്റഡ് ഓണ്‍: 10 SEP 2026 9:02PM by PIB Thiruvananthpuram

വരണ്ട ഭൂപ്രദേശങ്ങളിലെ കൃഷിരീതികള്‍ നവീകരിക്കാനും ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാനും കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും ശാസ്ത്രീയ പിന്തുണയും നയപരമായ ഇടപെടലുകളും വിപണി സഹായങ്ങളും ഉള്‍പ്പെടുത്തി സംയോജിത സമീപനം സ്വീകരിക്കാന്‍ കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ ആഹ്വാനം ചെയ്തു.  ന്യൂഡല്‍ഹിയിലെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് കോംപ്ലക്‌സില്‍ 'ഡ്രൈലാന്‍ഡ് കോണ്‍ഗ്രസ് 2026' ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരണ്ട ഭൂപ്രദേശങ്ങളെ  ബലഹീനതയായി കാണേണ്ടതില്ലെന്നും ഉചിതമായ ശാസ്ത്രീയ ഇടപെടലുകളിലൂടെയും നയപരമായ പിന്തുണയിലൂടെയും വിപണി സഹായത്തിലൂടെയും ഇവയെ ഇന്ത്യയ്ക്കും സമാന സാഹചര്യങ്ങള്‍ നേരിടുന്ന മറ്റ് മേഖലകള്‍ക്കും വന്‍ കരുത്താക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


വരണ്ട ഭൂപ്രദേശങ്ങളിലെ പ്രതിരോധശേഷിയാര്‍ന്നതും സുസ്ഥിരവുമായ കൃഷിരീതികള്‍ക്ക് ശാസ്ത്ര-സാങ്കേതിക-നയാധിഷ്ഠിത പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 25-ലേറെ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, വികസന പങ്കാളികള്‍, വ്യവസായ പ്രതിനിധികള്‍, അക്കാദമിക വിദഗ്ധര്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരുള്‍പ്പെടെ 800-ലധികം പ്രതിനിധികളാണ് സെപ്റ്റംബര്‍ 10 മുതല്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഡ്രൈലാന്‍ഡ് കോണ്‍ഗ്രസ് 2026-ല്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. വിളകളുടെ പ്രതിരോധശേഷി വര്‍ധന, വരണ്ട ഭൂപ്രദേശങ്ങളുടെ സുസ്ഥിര പരിപാലനം, പോഷകാഹാരം, വിപണികള്‍, നയങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉച്ചകോടിയില്‍ വരണ്ട ഭൂപ്രദേശങ്ങളിലെ കൃഷിയെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളുടെ ഉപജീവന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യും.  

 




 

കാര്‍ഷിക സംവിധാനങ്ങളുടെ പരിഷ്‌കരണത്തിനായി നടത്തുന്ന ശ്രമങ്ങളുടെ കേന്ദ്രബിന്ദു ഭക്ഷ്യസുരക്ഷയും പോഷകാഹാര സുരക്ഷയും കര്‍ഷകരുടെ സമൃദ്ധിയുമായിരിക്കണമെന്ന് ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.  ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് മാത്രമല്ല, കര്‍ഷക സമൂഹത്തിന്റെ ഉപജീവനമാര്‍ഗങ്ങളും സമൃദ്ധിയും മെച്ചപ്പെടുത്തുന്നതുകൂടിയാണ്  വിജയത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു. വരണ്ട ഭൂപ്രദേശങ്ങള്‍ ഒരു ബലഹീനതയല്ലെന്നും മറിച്ച് ശരിയായ ശാസ്ത്രവും ഉചിതമായ നയങ്ങളും വിപണി പിന്തുണയുമുണ്ടെങ്കില്‍ ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും സമാന വെല്ലുവിളികള്‍ നേരിടുന്ന മറ്റ് പ്രദേശങ്ങള്‍ക്കും അവ ഏറ്റവും വലിയ കരുത്തായി മാറുമെന്നും ശ്രീ. ചൗഹാന്‍ വ്യക്തമാക്കി.

കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് (DARE) മുന്‍ സെക്രട്ടറിയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ICAR) മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ആര്‍.എസ്. പരോദ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായി.  മുന്‍ ICAR-ICRISAT മേധാവികളായ ഡോ. പഞ്ചാബ് സിങ്, ഡോ. ത്രിലോചന്‍ മഹാപാത്ര, ഡോ. വില്യം ഡി. ദാര്‍ എന്നിവരും ICRISAT ബോര്‍ഡ് അധ്യക്ഷ ശ്രീമതി കാത്തി റീഡ്,  CGIAR ചീഫ് സയന്റിസ്റ്റ് ഡോ. സാന്ദ്ര മിലാച്ച് എന്നിവരും പങ്കെടുത്തു.  DARE  സെക്രട്ടറിയും ICAR ഡയറക്ടര്‍ ജനറലുമായ ഡോ. എം.എല്‍. ജാട്ട്, ICRISAT ഡയറക്ടര്‍ ജനറല്‍ ഡോ. ഹിമാന്‍ഷു പഥക് എന്നിവരാണ് പരിപാടിയുടെ രക്ഷാധികാരികള്‍. ICRISAT ഗവേഷണ- നൂതനാശയ വിഭാഗം  ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സ്റ്റാന്‍ഫോര്‍ഡ് ബ്ലേഡ്, ICAR ക്രോപ്പ് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ദേവേന്ദ്ര കുമാര്‍ യാദവ, ICRISAT അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. സഞ്ജയ് അഗര്‍വാള്‍ എന്നിവരാണ് പരിപാടിയുടെ സഹ-അധ്യക്ഷര്‍.  


വരണ്ട ഭൂപ്രദേശങ്ങളിലെ കാര്‍ഷിക പരിവര്‍ത്തന നയങ്ങളില്‍ കര്‍ഷകരുടെ അനുഭവങ്ങളും ആവശ്യങ്ങളും ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പത്മശ്രീ ജേതാവും കര്‍ഷകനുമായ ഭികിയ ലഡക്യ ധിന്ദ ചടങ്ങില്‍ കര്‍ഷക സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.

 


ഡോ. ഹിമാന്‍ഷു പഥക്കും ഡോ. സ്റ്റാന്‍ഫോര്‍ഡ് ബ്ലേഡും ചേര്‍ന്ന് എഡിറ്റ് ചെയ്ത് ICRISAT പ്രസിദ്ധീകരിച്ച 'ട്രാന്‍സ്‌ഫോര്‍മിങ് ദി ഡ്രൈലാന്‍ഡ്‌സ്: ദി ഇക്രിസാറ്റ് ജേര്‍ണി'  എന്ന പുസ്തകം  ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ പ്രകാശനം ചെയ്തു. ഏഷ്യയിലും ആഫ്രിക്കയിലും മറ്റ് മേഖലകളിലും ശാസ്ത്രം, നൂതനാശയങ്ങള്‍, പങ്കാളിത്തം എന്നിവയിലൂടെ അഞ്ച് പതിറ്റാണ്ടിലേറെ ICRISAT നടത്തിയ പ്രവര്‍ത്തനങ്ങളും അവയുടെ സ്വാധീനവുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  250-ലേറെ സംഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡ്രൈലാന്‍ഡ് കോണ്‍ഗ്രസ് 2026 സംഗ്രഹ പുസ്തകവും ICRISAT-ന്റെ ഗവേഷണ-സ്ഥാപന വിവരണം ഉള്‍ക്കൊള്ളുന്ന പ്രൊഫൈലും ചടങ്ങില്‍ പ്രകാശനം ചെയ്തു.


'നാളേയ്ക്കു വേണ്ടിയുള്ള വിളപ്രജനനം: ജനിതക ഗുണങ്ങള്‍ ത്വരിതപ്പെടുത്തല്‍', 'കാലാവസ്ഥാ അതിജീവനശേഷിയാര്‍ന്ന വരണ്ട ഭൂപ്രദേശങ്ങള്‍', 'വിപണികളിലൂടെയും നയങ്ങളിലൂടെയും മെച്ചപ്പെട്ട ഭക്ഷണക്രമവും പോഷകാഹാരവും' എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് ആദ്യ ദിവസം സാങ്കേതിക സെഷനുകള്‍ സംഘടിപ്പിച്ചത്. വിളകളില്‍ ജനിതക ഗുണങ്ങള്‍ വേഗത്തിലാക്കല്‍, കാലാവസ്ഥാ അതിജീവന ശേഷിയ്ക്ക് കരുത്തേകല്‍, വരണ്ട പ്രദേശങ്ങളുടെ പരിപാലനം മെച്ചപ്പെടുത്തല്‍, പോഷകാഹാരം വര്‍ധിപ്പിക്കല്‍, മികച്ച ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ചര്‍ച്ച ചെയ്തു.

 


കാര്‍ഷിക സംവിധാനങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിലെ  ഇന്ത്യയുടെ അനുഭവങ്ങളെക്കുറിച്ചും ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ക്ക്  ഇതില്‍നിന്ന് പഠിക്കാവുന്ന  പാഠങ്ങളെക്കുറിച്ചും  DARE സെക്രട്ടറിയും ICAR ഡയറക്ടര്‍ ജനറലുമായ ഡോ. എം.എല്‍. ജാട്ട് സംസാരിച്ചു. വരണ്ട ഭൂപ്രദേശങ്ങളുടെ പരിവര്‍ത്തനത്തിന് കൃഷിയ്ക്കപ്പുറം സമഗ്ര ഇടപെടലുകള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രദേശങ്ങളില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഉപജീവനം മെച്ചപ്പെടുത്താനും സമ്പൂര്‍ണ ഭരണ-സാമൂഹ്യ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന  സമീപനം  സ്വീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ശിപാര്‍ശകളില്‍ നിന്ന് പ്രവര്‍ത്തനങ്ങളിലേക്കും ഒറ്റപ്പെട്ട സമീപനങ്ങളില്‍ നിന്ന് സംയോജിത സംവിധാനങ്ങളിലേക്കും മാറുകയെന്നതാണ്  വരണ്ട ഭൂപ്രദേശങ്ങളിലെ  കൃഷിയെ പരിവര്‍ത്തനം ചെയ്യാനുള്ള വഴിയെന്ന്  അദ്ദേഹം വ്യക്തമാക്കി.  

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം,  ഭൂവിഭവ പരിപാലനം, പ്രാദേശിക-സാമൂഹ്യതല പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വരണ്ട ഭൂപ്രദേശങ്ങളെ  പുനര്‍വിഭാവനം ചെയ്യുന്നതിനെക്കുറിച്ച് കേന്ദ്ര ഭൂ വിഭവ വകുപ്പ് സെക്രട്ടറി ശ്രീ. നരേന്ദ്ര ഭൂഷണ്‍ സംസാരിച്ചു. ഭൂമി-വിഭവ പരിപാലനം ശക്തിപ്പെടുത്തുന്നതിലും ഇത്തരം പ്രദേശങ്ങളിലെ ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിലും സംയോജിത സമീപനങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

 

                   


 

ഭക്ഷ്യസംവിധാനങ്ങളും ഉപജീവനവുമായി ബന്ധപ്പെട്ട് വരണ്ട ഭൂപ്രദേശങ്ങളുടെ ആഗോള പ്രാധാന്യത്തെക്കുറിച്ച് ICRISAT ഡയറക്ടര്‍ ജനറല്‍ ഡോ. ഹിമാന്‍ഷു പഥക് വിശദീകരിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരണ്ട ഭൂപ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റം കുറയ്ക്കാനും  ഈ പ്രദേശങ്ങളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും ലാഭകരവും പ്രതിരോധശേഷിയാര്‍ന്നതുമാക്കി മാറ്റാനുമുള്ള കര്‍മരേഖയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭാവി കാര്‍ഷിക വികസനത്തിന്റെ കേന്ദ്രബിന്ദുവായി വരണ്ട ഭൂപ്രദേശങ്ങളെ മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.  


വരണ്ട ഭൂപ്രദേശങ്ങളിലെ കൃഷിയില്‍ ജലപരിപാലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ഡോ. ആര്‍.എസ്. പരോദ ഓരോ തുള്ളി വെള്ളത്തില്‍ നിന്നും കൂടുതല്‍ സാമ്പത്തിക-പോഷക മൂല്യം ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്തു. വരണ്ട ഭൂപ്രദേശങ്ങളുടെ വികസനത്തിന്റെ അടുത്ത ഘട്ടം ലാഭകരവും പ്രതിരോധശേഷിയാര്‍ന്നതും പരിസ്ഥിതി സൗഹൃദവും ഭാവി തലമുറയെ ആകര്‍ഷിക്കുന്നതുമായ കാര്‍ഷിക രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോ. പഞ്ചാബ് സിംഗ് വ്യക്തമാക്കി.


അറിവും വൈദഗ്ധ്യവും വിജയകരമായ മാതൃകകളും പങ്കിടുന്നതിലും പരിഹാരങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിലും ദക്ഷിണ രാജ്യങ്ങള്‍  തമ്മിലെ സഹകരണത്തിന്റെ  പ്രാധാന്യം ഡോ. ത്രിലോചന്‍ മഹാപാത്ര ചൂണ്ടിക്കാട്ടി. വരണ്ട ഭൂപ്രദേശങ്ങളിലെ കൃഷിയില്‍ കൂടുതല്‍ ആഗോള ശ്രദ്ധയും നിക്ഷേപങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്ന് ICRISAT ബോര്‍ഡ് അധ്യക്ഷ ശ്രീമതി കാത്തി റീഡ് ആവശ്യപ്പെട്ടു.


തുല്യ പങ്കാളികളെന്ന നിലയില്‍ ഒരുമിച്ച് പഠിക്കാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും പരിഹാരങ്ങള്‍ വിപുലീകരിക്കാനും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ പരസ്പര സഹകരണം പ്രാപ്തരാക്കുന്നുവെന്ന് ICRISAT മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വില്യം ഡി. ദാര്‍ പറഞ്ഞു.  സമാന വെല്ലുവിളികള്‍ നേരിടുന്ന വരണ്ട ഭൂമേഖലകളില്‍ നടപ്പാക്കാന്‍ അനുയോജ്യമായ നൂതനാശയങ്ങളിലൂടെ ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്ന പ്രധാന രാജ്യമായി ഇന്ത്യ അതിവേഗം ഉയര്‍ന്നുവരികയാണെന്ന് CGIAR ചീഫ് സയന്റിസ്റ്റ് ഡോ. സാന്ദ്ര മിലാച്ച് വ്യക്തമാക്കി.

വരണ്ട ഭൂപ്രദേശങ്ങളിലെ കാര്‍ഷിക മേഖലയുടെ പരിവര്‍ത്തനത്തിന് കരുത്തേകാന്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര കൃഷിരീതികള്‍, പോഷകാഹാരം, വിപണികള്‍, നയങ്ങള്‍, ഉപജീവന അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്  ഡ്രൈലാന്‍ഡ് കോണ്‍ഗ്രസ് 2026-ന്റെ ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസങ്ങളിലും തുടരും.

 

***


( റിലീസ് ഐ.ഡി: 2309065) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu , Kannada