വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

തായ്ലന്‍ഡ് ഉപപ്രധാനമന്ത്രിയും വാണിജ്യ മന്ത്രിയുമായ ശ്രീമതി. സുഫാജി സുതുംപുണുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 09 SEP 2026 6:43PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ ന്യൂഡല്‍ഹിയിലെ വാണിജ്യ ഭവനില്‍ തായ്ലന്‍ഡ് ഉപപ്രധാനമന്ത്രിയും വാണിജ്യ മന്ത്രിയുമായ ശ്രീമതി. സുഫാജി സുതുംപുണുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുക, ബിസിനസ് അവസരങ്ങള്‍ വിപുലീകരിക്കുക, ഇരുരാജ്യങ്ങളിലെയും ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയ്ക്ക്  ഊന്നല്‍ നല്‍കിക്കൊണ്ട്, ഇന്ത്യ-തായ്ലന്‍ഡ് സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു.

പരസ്പര സഹകരണം ശക്തിപ്പെടുത്തിയും ഇരുപക്ഷത്തിനും പ്രയോജനകരമായ പരിഹാരങ്ങള്‍ കണ്ടെത്തിക്കൊണ്ടും  ഇന്ത്യയും തായ്ലന്‍ഡും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. സന്തുലിതവും സുസ്ഥിരവുമായ രീതിയില്‍ വ്യാപാരം വളരുന്നുവെന്ന് ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. കമ്പനികള്‍ തമ്മില്‍ ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും പരസ്പരം സഹകരിക്കാനും പുതിയ വിപണികളും ബിസിനസ് അവസരങ്ങളും കണ്ടെത്താനും സഹായകമാകും വിധത്തില്‍ ഇരുരാജ്യങ്ങളിലും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും.
 
ആസിയാന്‍-ഇന്ത്യ ചരക്ക്  വ്യാപാര കരാറിന്റെ (AITIGA) അവലോകന പുരോഗതിയെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറി, ഇന്ത്യ-തായ്ലന്‍ഡ് സംയുക്ത വ്യാപാര സമിതി (JTC) മുഖേന കൂടുതല്‍ ആഴത്തിലുള്ള ഉഭയകക്ഷി സഹകരണം സമയബന്ധിതമായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി.

ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം ഉറപ്പാക്കുകയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന, സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു.

ബഹിരാകാശ സാങ്കേതികവിദ്യകള്‍, കോള്‍ഡ്-ചെയിന്‍ ലോജിസ്റ്റിക്‌സ്, ഭക്ഷ്യ സംസ്‌കരണവും നൂതനാശയങ്ങളും, ആരോഗ്യവും ക്ഷേമവും, വ്യാപാര, നിക്ഷേപ പ്രോത്സാഹനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തായ് ബിസിനസ് സംഘത്തെ ഇരു മന്ത്രിമാരും അഭിസംബോധന ചെയ്തു.

ഇന്ത്യയും തായ്ലന്‍ഡും തമ്മില്‍ ദീര്‍ഘകാലമായി നാഗരിക, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും നിലനില്‍ക്കുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതല്‍ വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. നിലവിലുള്ള ഉഭയകക്ഷി സംവിധാനങ്ങള്‍ വ്യാപാരം സുഗമമാക്കുന്നതിനും വിപണി പ്രവേശന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രാദേശിക, ആഗോള വിതരണ ശൃംഖലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ആവശ്യകത അംഗീകരിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും, ബിസിനസ് പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, കരുത്തുറ്റതും, സന്തുലിതവും, പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര, നിക്ഷേപ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള ഇന്ത്യയുടെയും തായ്ലന്‍ഡിന്റെയും പൊതുപ്രതിബദ്ധത യോഗം ആവര്‍ത്തിച്ചു.

***


( റിലീസ് ഐ.ഡി: 2308612) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Telugu