പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ വഡോദരയിൽ 'നമോ ഫോർ വികസിത് ഭാരത്' പരിപാടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
08 SEP 2026 4:23PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്.
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, ഗുജറാത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഓൺലൈനായി നമ്മോടൊപ്പം ചേർന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളായ മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ ജി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, ഡെപ്യൂട്ടി സി.എം ഏകനാഥ് ഷിൻഡെ ജി, ഡെപ്യൂട്ടി സി.എം സുനേത്ര പവാർ ജി, മറ്റ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കൂടാതെ എൻ്റെ മുൻപിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് പൗരന്മാർ, ഇവിടെ വേദിയിലുള്ള കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ്, ഡെപ്യൂട്ടി സി.എമ്മും യുവനേതാവുമായ ഹർഷ് സംഘവി, ഗുജറാത്ത് സർക്കാരിലെ മന്ത്രിമാർ, സാന്നിധ്യമറിയിച്ച മറ്റ് ജനപ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട ഗുജറാത്തിലെ സഹോദരീസഹോദരന്മാരേ.
പ്രത്യേകിച്ച്, വഡോദരയിലെ ഈ മഹാരാജാ സായാജിറാവു യൂണിവേഴ്‌സിറ്റി ഗ്രൗണ്ട് വിവിധ മേഖലകളിൽ നിന്നുള്ളവരെ ഒന്നിച്ചു സ്വാഗതം ചെയ്യുന്നതിനാൽ ഈ വികസന മഹോത്സവം ഇവിടെ ഒരേസമയം നടക്കുകയാണ്.
സുഹൃത്തുക്കളേ,
ഒരു വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ വേഗത പകരാനാണ് ഇന്ന് ഞാൻ നിങ്ങൾക്കിടയിൽ എത്തിയിരിക്കുന്നത്. അൽപ്പം മുമ്പ്, രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇവിടെ നിർവ്വഹിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഈ വികസന മഹോത്സവത്തിൽ, വഡോദര നഗരത്തിലുടനീളം സേവനമനോഭാവത്തോടെ നിങ്ങൾ ഏവരും ശുചീകരണ-സ്വീകരണ പരിപാടി നടപ്പിലാക്കിയ രീതിക്ക്, വഡോദരയിലെ ഓരോ പൗരനെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങൾ കാട്ടിയ ആവേശം - ഇന്നലെ ഞാൻ ഒരു വീഡിയോ കാണുകയായിരുന്നു, എന്റെ മനം അഭിമാനം കൊണ്ട് നിറഞ്ഞു. വാഹ്! ഇതാണോ എന്റെ വഡോദര? ഇനി ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ, പിന്നീട് നവരാത്രി. ഗണേശോത്സവത്തിന്റെയും നവരാത്രിയുടെയും സമയത്ത് മുഴുവൻ ഗുജറാത്തിന്റെ ശ്രദ്ധയും വഡോദരയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഓരോ കുടുംബവും ഇവിടെ ശുചിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് ഇന്ന് ഞാൻ കണ്ടു. ഇത്തവണ ഗണപതി ഭഗവാൻ എത്തുമ്പോൾ വഡോദരയിൽ അനുഗ്രഹങ്ങൾ വർഷിക്കുമെന്ന് എനിക്ക് തോന്നുന്നു.
സുഹൃത്തുക്കളേ,
ഈ വർഷം ചുവപ്പുകോട്ടയിൽ നിന്ന് വികസിത ഭാരതത്തിനായുള്ള 'സപ്തധാര' എന്ന നിശ്ചയദാർഢ്യത്തിനായി ഞാൻ ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിലൊരു ധാരയാണ് ഗതി ശക്തി. ഒരു വികസിത ഭാരതത്തിനായി കാലഘട്ടത്തിനനുയോജ്യമായ തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ കണക്റ്റിവിറ്റി നമുക്ക് ആവശ്യമാണ്. ഗതി ശക്തി യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന നഗരമാണ് വഡോദര. സമർപ്പിത ചരക്കുനീക്ക ഇടനാഴിയുടെ അവസാന കണ്ണികളും ഇന്ന് ഇവിടെ നിന്നാണ് കൂട്ടിയിണക്കിയിരിക്കുന്നത്. ഇന്ന്, 2,800 കിലോമീറ്ററിലധികം ദൈർഘ്യമുള്ള സമർപ്പിത ചരക്കുനീക്ക ഇടനാഴി പദ്ധതി പൂർത്തിയായിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ നേട്ടമാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിന്റെ പ്രവർത്തന സംസ്‌കാരം എങ്ങനെ മാറി എന്നതിന്റെ തെളിവാണ് ഈ സമർപ്പിത ചരക്കുനീക്ക ഇടനാഴി . ഈ ഇടനാഴി എന്ന ആശയം ഉയർന്നുവന്നത് 2004-ലാണ്. അതായത്, ഇവിടെയുള്ള എല്ലാ യുവാക്കളെയും ഞാൻ കാണുന്നുണ്ട് - ഈ ആശയം തുടങ്ങിയ സമയത്ത് നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലായിരുന്നു. 2006-ൽ ഈ ജോലി നിർവ്വഹിക്കുന്നതിനായി ഒരു പ്രത്യേക കമ്പനി രൂപീകരിച്ചു, തുടർന്ന് 2014 വരെ ഫയലുകൾ ഇങ്ങോട്ടും അങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുക മാത്രം ചെയ്തു. മേശപ്പുറത്തൂടെ ഫയലുകൾ യാത്ര ചെയ്യുകയായിരുന്നു, നിർഭാഗ്യവശാൽ ആ ഫയലുകൾക്ക് പോലും ഒരു സമർപ്പിത ഇടനാഴി ലഭിച്ചില്ല. ഫയലുകൾ കുടുങ്ങിക്കിടന്നു, തൂങ്ങിക്കിടന്നു, വഴിതെറ്റി അലഞ്ഞു. 2014-ൽ വഡോദരയിലെയും ഗുജറാത്തിലെയും രാജ്യത്തിലെയും ജനങ്ങൾ എന്നെ ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്ക് അയച്ചു. അതിനുമുമ്പുള്ള സർക്കാർ 2014 വരെ ഉണ്ടായിരുന്നു. നിങ്ങൾ എന്നെ അയച്ചു, അവർ പടികടന്നു. സത്യമെന്തെന്നാൽ, ഏഴെട്ട് വർഷത്തിനിടയിൽ - എന്റെ യുവ സുഹൃത്തുക്കളെ, ശ്രദ്ധിച്ചു കേൾക്കുക, ഓർമ്മിക്കുക - ഏഴെട്ട് വർഷത്തിനിടയിൽ ചരക്ക് നീക്ക ഇടനാഴിയുടെ ഒരു കിലോമീറ്റർ പോലും പൂർത്തിയായിരുന്നില്ല. രാജ്യം അവരുടെ വേഗതയിലാണ് മുന്നോട്ട് പോയിരുന്നതെങ്കിൽ, ചിലപ്പോൾ മൂന്നോ നാലോ തലമുറകൾക്ക് ശേഷവും ഇത് പൂർത്തിയാകുമായിരുന്നില്ല. ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയെ മാറ്റിമറിക്കേണ്ട ഒരു പദ്ധതിക്ക് അവർ വരുത്തിവെച്ച അവസ്ഥ ഇതായിരുന്നു.
സുഹൃത്തുക്കളേ,
2014-ന് ശേഷം, നിങ്ങൾ ഇവിടെ നിന്ന് എനിക്ക് നൽകിയ വിദ്യാഭ്യാസവും പാഠങ്ങളും, ഈ മണ്ണ് എന്നെ പഠിപ്പിച്ച കാര്യങ്ങളും, ഞാൻ ഡൽഹിയിലേക്ക് കൊണ്ടുപോയ അറിവുകളും ഉപയോഗിച്ച് - ഞങ്ങൾ അവിടെ എത്തിയ ഉടൻ തന്നെ ഈ പദ്ധതിക്ക് വേഗത നൽകാൻ ആരംഭിച്ചു. ഇന്ന്, 2,800 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി പൂർത്തിയായിരിക്കുന്നു. ഇന്ന് കിഴക്കും പടിഞ്ഞാറുമുള്ള സമർപ്പിത ചരക്കുനീക്ക ഇടനാഴികൾ രാജ്യത്തിന്റെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും പ്രധാന അടിത്തറയായി മാറുകയാണ്.
സുഹൃത്തുക്കളേ,
വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ജീവരേഖയാണ് സമർപ്പിത ചരക്കുനീക്ക ഇടനാഴി. ഇത് ഇന്ത്യയുടെ ഗതാഗത മേഖലയെ ആകെ മാറ്റിമറിച്ചു. മുൻപ്, ചരക്ക് തീവണ്ടികളും യാത്രാ തീവണ്ടികളും ഒരേ ട്രാക്കുകളിലൂടെയാണ് ഓടിയിരുന്നത്. അതായത് യാത്രയും ചരക്കുനീക്കവും ഒരുപോലെ സാവധാനത്തിലായിരുന്നു. എന്നാൽ സമർപ്പിത ചരക്കുനീക്ക ഇടനാഴി ഈ സ്ഥിതിക്ക് മാറ്റം വരുത്തി. ഇന്ന്, കിഴക്കും , പടിഞ്ഞാറുമുള്ള ചരക്കു നീക്ക ഇടനാഴികളിലൂടെ പ്രതിദിനം 430-ലധികം ചരക്ക് തീവണ്ടികളാണ് ഓടുന്നത് - ദിവസവും 430 ചരക്ക് തീവണ്ടികൾ! മുൻപ്, 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒരു ചരക്ക് തീവണ്ടിക്ക് ആറര മണിക്കൂർ എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതേ ചരക്ക് തീവണ്ടി അതിൻ്റെ പകുതിയിൽ താഴെ സമയം കൊണ്ട് 100 കിലോമീറ്റർ പിന്നിടുന്നു. ട്രക്കുകൾ വഴി സാധനങ്ങൾ അയക്കാൻ സാധാരണയായി 30 മണിക്കൂർ എടുത്തിരുന്ന സ്ഥാനത്ത്,സമർപ്പിത ചരക്കുനീക്ക ഇടനാഴിയിലൂടെ അതേ ദൂരം 10-12 മണിക്കൂർ കൊണ്ട് പൂർത്തിയാകുന്നു. അതായത്, ഈ ഇടനാഴികളിലൂടെ ചരക്ക് തീവണ്ടികൾ ഓടുമ്പോൾ, ട്രക്കുകളെയും സാധാരണ തീവണ്ടികളെയും അപേക്ഷിച്ച് ഇന്ധനം ലാഭിക്കുന്നു, ചരക്കുകൂലി കുറയുന്നു, സമയം ലാഭിക്കുന്നു, പരിസ്ഥിതിക്കും ഇത് ഗുണം ചെയ്യുന്നു. അതായത്, ഒരു ട്രാക്കിലാണ് നിക്ഷേപം നടത്തിയതെങ്കിലും ലാഭം പല മടങ്ങാണ്.
സുഹൃത്തുക്കളേ,
ഈ ചരക്കുനീക്ക ഇടനാഴിയിലൂടെ കിഴക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ വലിയ വിപണികളിലേക്ക് അതിവേഗം എത്തിച്ചേരുന്നു. കാലാവസ്ഥ അനുസരിച്ച് പെട്ടെന്ന് കേടുവരുന്ന വിവിധയിനം പൂക്കൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ സമയബന്ധിതമായി മണ്ഡികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുവാൻ വഴിതുറന്നിരിക്കുകയാണ്. ഇത് കർഷകർക്ക് വലിയ പ്രയോജനം ചെയ്തു.
സുഹൃത്തുക്കളേ,
മറ്റൊരു കാരണം കൊണ്ടുകൂടി ഈ ചരക്കുനീക്ക ഇടനാഴി ശ്രദ്ധേയമാണ്. അടുത്തിടെ, മുംബൈയിലെ ജെ.എൻ.പി.ടി (JNPT) പോർട്ടിൽ നിന്ന് വഡോദരയിലേക്ക് ഒരു ഡബിൾ ഡെക്കർ (ഡബിൾ-സ്റ്റാക്ക്) കണ്ടെയ്നർ ഫ്രൈറ്റ് ട്രെയിൻ സർവീസ് നടത്തുകയുണ്ടായി. അതായത് ഒരു കണ്ടെയ്നറിന് മുകളിൽ മറ്റൊരു കണ്ടെയ്നർ വെച്ചുകൊണ്ടാണ് തീവണ്ടി ഓടിയത്. ഈ ഒറ്റ ട്രെയിൻ യാത്രയിലൂടെ, 250-ലധികം ട്രക്കുകളിലുള്ള സാധനങ്ങൾക്ക് തുല്യമായ ചരക്കാണ് മുംബൈയിൽ നിന്ന് വഡോദരയിലേക്ക് എത്തിച്ചത് - 250 ട്രക്കുകൾ! ഇപ്പോൾ, ചില "അമർഷക്കാരായ അമ്മാവന്മാർ" ബഹളം വെക്കും, "ട്രക്ക് ഉടമകൾക്ക് ഇനി എന്ത് സംഭവിക്കും? ഈ ട്രക്കുകളൊക്കെ എങ്ങോട്ട് പോകും? ട്രക്ക് വാങ്ങിയവരുടെ അവസ്ഥ എന്താകും?" എന്നൊക്കെ. അതിനാൽ അവർ പുതിയ ചില പണികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് വലിയ അളവിലുള്ള ചരക്കുകൾ ഇപ്പോൾ വേഗത്തിൽ നീക്കാൻ സാധിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ചരക്കുനീക്ക ഇടനാഴിക്കൊപ്പം പതിറ്റാണ്ടുകളായി റെയിൽവേ എത്തിപ്പെടാത്ത സ്ഥലങ്ങളിലേക്ക് പോലും ഇന്ന് തീവണ്ടിഗതാഗതം എത്തുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗ മേഖലകൾ ഈ പദ്ധതിയിലൂടെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടുകയാണ്. മുൻകാല സർക്കാരുകളുടെ കാലത്ത് ബജറ്റിൽ ഒന്നോ രണ്ടോ തീവണ്ടികൾ പ്രഖ്യാപിക്കും, തുടർന്ന് ഒരു വർഷം മുഴുവൻ അതിനെക്കുറിച്ച് കൊട്ടിഘോഷിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്നാകട്ടെ, വർഷത്തിലുടനീളം ഒന്നനു പിറകിൽ മറ്റൊന്നായി പുതിയ തീവണ്ടികൾ സർവീസ് ആരംഭിക്കുന്നു. ഇന്നത്തെ പരിപാടിയിൽ പോലും നിരവധി പുതിയ തീവണ്ടികൾക്ക് തുടക്കമായിട്ടുണ്ട്. ഈ പുതിയ തീവണ്ടി വഡോദര, ചോട്ടാ ഉദയ്പൂർ, അലിരാജ്പൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വലിയ സൗകര്യമൊരുക്കും.
സുഹൃത്തുക്കളേ,
റോഡുകൾ, റെയിൽവേകൾ, മെട്രോകൾ, വിമാനത്താവളങ്ങൾ, ഗ്യാസ് പൈപ്പ്‌ലൈനുകൾ, പാവപ്പെട്ടവർക്കുള്ള വീടുകൾ - ഇവയൊക്കെ രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്കായി നിർമ്മിക്കപ്പെടുമ്പോൾ ജീവിതം കൂടുതൽ എളുപ്പമുള്ളതായി മാറുന്നു, അതോടൊപ്പം, ചെറുതും വലുതുമായ തൊഴിലാളികൾക്ക് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. റെയിൽവേ മാത്രം ഉദാഹരണമായി എടുത്താൽ - ഈ വർഷത്തെ റെയിൽവേ ബജറ്റ് 2.75 ലക്ഷം കോടി രൂപയിലധികമാണ്, ഇത് 12 വർഷം മുമ്പത്തേതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്. അതായത്, റെയിൽവേ നവീകരണത്തിനായുള്ള ചെലവഴിക്കൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ തൊഴിലവസരങ്ങൾ നിർമ്മാണ വേളയിൽ തന്നെ ഉണ്ടാകുന്നവയാണ്. റോഡുകൾ, റെയിൽവേകൾ, പൈപ്പ്‌ലൈനുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ നിർമ്മിച്ച് കഴിഞ്ഞാൽ, അവയ്ക്ക് ചുറ്റും പുതിയ വ്യവസായങ്ങൾ ഉയർന്നുവരാൻ തുടങ്ങുന്നു, പുതിയ ബിസിനസുകൾ എത്തുന്നു, അവയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളേ,
വികസിത ഭാരതത്തിനായുള്ള സങ്കൽപ്പത്തിൽ 'സപ്തധാര' എന്ന നിശ്ചയദാർഢ്യം ഞാൻ രാജ്യത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇതിലൊരു ധാരയാണ് നിർമ്മാണ മേഖല. വഡോദര നഗരത്തിന് ഈ കരുത്തിനെ കുറിച്ച് വളരെ നന്നായി അറിയുകയും മനസ്സിലാവുകയും ചെയ്യും. വിദ്യാഭ്യാസം, വൈദഗ്ധ്യം, വ്യവസായം എന്നിവ എങ്ങനെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നു എന്ന് കഴിഞ്ഞ 150 വർഷമായി വഡോദര കാണിച്ചുതരുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ടെക്സ്റ്റൈൽസ്, ടൈൽസ് നിർമ്മാണത്തോടെ ആരംഭിച്ച ഇവിടുത്തെ യാത്ര പിന്നീട് ഓയിൽ, പെട്രോകെമിക്കൽ മേഖലകളിലൂടെ കൂടുതൽ പുരോഗമിച്ചു. കഴിഞ്ഞ രണ്ട്-രണ്ടര പതിറ്റാണ്ടിനിടെ വഡോദര എം.എസ്.എം.ഇ (MSME) കളുടെ ഒരു പ്രധാന കേന്ദ്രമായി മാറി. ഞാൻ മുഖ്യമന്ത്രിയായ സമയത്ത് വഡോദരയ്ക്ക് എന്നിൽ എപ്പോഴും ഒരു പ്രത്യേക അവകാശമുണ്ടായിരുന്നത് ഞാൻ ഓർക്കുന്നു. എല്ലാ ആഴ്ചയും ഏതെങ്കിലും പ്രതിനിധി സംഘം വന്ന് പറയുമായിരുന്നു, "വഡോദരയിലെ നിർമ്മാണ മേഖലയ്ക്കായി എന്തെങ്കിലും ചെയ്യണം." കാരണം അന്ന് നിങ്ങൾ ഇവിടെ വന്നാൽ ജ്യോതി (Jyoti), എൽ.എം.ബി (LMB), ജി.എസ്.എഫ്.സി (GSFC) എന്നിവ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ, മറ്റൊന്നും ദൃശ്യമായിരുന്നില്ല. എന്നാൽ ഇന്ന് എത്രയധികമാണ് കാര്യങ്ങൾ മാറിയത്! ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ മിലിട്ടറി ട്രാൻസ്പോർട്ട് വിമാനത്തിന്റെ പേരിലും ഇന്ന് ഈ നഗരം അറിയപ്പെടുന്നു. സി-295 (C-295) വിമാനത്തിന്റെ ആദ്യ വിമാനയാത്ര ഇവിടുത്തെ ആകാശത്ത് നാം കണ്ടുകഴിഞ്ഞു. ഈ ആത്മാഭിമാനം സ്വന്തമാക്കിയ വഡോദരയിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ നിർമ്മാണ മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ, മറ്റൊരു കണക്കുകൂടി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ, റെയിൽ കോച്ചുകൾ, മെട്രോ കോച്ചുകൾ, റെയിൽ എഞ്ചിനുകൾ എന്നിവയുടെ പ്രധാന ഉത്പാദകരായി ഇന്ത്യ മാറിയിട്ടുണ്ട്. 2014 മുതൽ, ഇന്ത്യ ഏകദേശം 50,000 ആധുനിക റെയിൽവേ കോച്ചുകൾ നിർമ്മിച്ചു കഴിഞ്ഞു. ഈ കണക്ക് ശ്രദ്ധിച്ചു കേൾക്കുക - 2014 മുതൽ ഇന്ത്യ 50,000 ആധുനിക കോച്ചുകളാണ് ഉണ്ടാക്കിയത്. മുൻപത്തെ സർക്കാരിന് 10 വർഷം കൊണ്ട് 50,000 ടോയ്‌ലെറ്റുകൾ പോലും പണിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ഞങ്ങൾ 50,000 ആധുനിക കോച്ചുകൾ നിർമ്മിച്ചു, കൂടാതെ ചരക്ക് തീവണ്ടികൾക്കായി ഏകദേശം 2,500,000 (രണ്ടര ലക്ഷം) വാഗണുകളും ഇന്ത്യൻ റെയിൽവേയിലേക്ക് കൂട്ടിച്ചേർത്തു.
സുഹൃത്തുക്കളേ,
ഇപ്പോൾ ചിപ്പ് മുതൽ കപ്പൽ വരെ - നിർമ്മാണ മേഖലയിൽ ഇന്ത്യ ഒരു പുതിയ ഗാഥ എഴുതുകയാണ്. അതായത്, ഭാഗങ്ങളും നമ്മുടേതാണ്, ഉൽപ്പന്നങ്ങളും നമ്മുടേതാണ്; ആത്മനിർഭരതയുടെ (സ്വയംപര്യാപ്തതയുടെ) ഒരു സമ്പൂർണ്ണ ശൃംഖല ഇന്ത്യയ്ക്കുള്ളിൽ തന്നെ കെട്ടിപ്പടുക്കും. സൗരോർജ്ജത്തിന്റെ കാര്യത്തിൽ നാം ഇത് കാണുന്നുണ്ട്. ഉദാഹരണത്തിന്, കടാന അണക്കെട്ടിലെ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റ് പദ്ധതി. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാജ്യത്ത് സൗരോർജ്ജ പദ്ധതികൾ സ്ഥാപിക്കുന്നത് വളരെ ചെലവേറിയതായിരുന്നു, കാരണം പി.വി (PV) മോഡ്യൂളുകളും എല്ലാത്തരം ഹാർഡ്‌വെയറുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. എന്നാൽ അടുത്ത കാലത്തായി നാം ഇന്ത്യയിൽ തന്നെ പി.വി മോഡ്യൂളുകൾ ഉത്പാദിപ്പിച്ചു തുടങ്ങി. ഇന്ന് നാം 200 ഗിഗാവാട്ടിലധികം ശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം സ്വയംപര്യാപ്തത കാരണമാണ് 'പി.എം സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി' വികസിക്കുന്നത്. ഇതുവരെ രാജ്യത്തെ 5.5 ദശലക്ഷം (55 ലക്ഷം) കുടുംബങ്ങൾ തങ്ങളുടെ വീടുകളുടെ മേൽക്കൂരയിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിൽ 1.1 ദശലക്ഷം (11 ലക്ഷം) കുടുംബങ്ങൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. ഇവിടെ നിരവധി കുടുംബങ്ങൾ വൈദ്യുതി ഉത്പാദകരായി മാറിയിരിക്കുന്നു, ഇതിന്റെ ഫലമായി ഉത്പാദനം മുതൽ സ്ഥാപിക്കലും സേവനവും വരെ എണ്ണമറ്റ യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും നിരവധി പുതിയ ഉത്പാദകർ ഉയർന്നുവരികയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
"നുണകളുടെ പ്രതിധ്വനി" പരത്തുന്നവരെ ഓരോ കവലകളിലും കാണാൻ സാധിക്കും, എന്നാൽ ഇന്ത്യയിലെ ചെറുപ്പക്കാർ സത്യത്തിന്റെ ഗർജ്ജനത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്, സത്യത്തിന്റെ ഗർജ്ജനത്തോടൊപ്പമാണ് മുന്നേറുന്നത്, സത്യത്തിന്റെ ഗർജ്ജനത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. ഇന്ന് സൗരോർജ്ജം,കാറ്റ്,ജലവൈദ്യുതി,ആണവരംഗം തുടങ്ങി ഓരോ മേഖലയിലും ഗവൺമെൻറ് എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നമ്മുടെ യുവ കൂട്ടാളികൾ കാണുന്നുണ്ട്.
സുഹൃത്തുക്കളേ,
വരാനിരിക്കുന്ന യുഗത്തിൽ, ഓരോ ആധുനിക മേഖലയും വൈദ്യുതിയിലാണ് പ്രവർത്തിക്കുക, ഇലക്ട്രിക് ആവാസവ്യവസ്ഥയെയായിരിക്കും ആശ്രയിക്കുക. ഉദാഹരണത്തിന്, ചിപ്പ് വ്യവസായം, ഡാറ്റാ സെന്ററുകൾ, എ.ഐ (AI) യുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നിവയുടെ ആഹാരവും വെള്ളവും വൈദ്യുതിയാണ്. അതുകൊണ്ട്, ലോകത്തിന് മുന്നിൽ എ.ഐ മേഖലയിൽ ഒരു വൻശക്തിയായി മാറാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, രാജ്യം അതിനുള്ള ആവാസവ്യവസ്ഥ തയ്യാറാക്കുകയും കെട്ടിപ്പടുക്കുകയും വേണം. ഇതുതന്നെയാണ് ഇന്ത്യ ഇവിടെ പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ചില രാജ്യങ്ങളുമായി യുറേനിയത്തിനും, മറ്റ് ചില രാജ്യങ്ങളുമായി നിർണായക അപൂർവ ഭൗമ മൂലകങ്ങൾക്കുമായി കരാറുകളിൽ ഏർപ്പെടുന്നത്. രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി ഭദ്രമാക്കാൻ - നിങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് - രാപ്പകലില്ലാതെ ഈ പ്രയത്നങ്ങളെല്ലാം നടത്തുന്നത്.
സുഹൃത്തുക്കളേ,
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, അതിനനുസരിച്ച് ലോകത്തിന്റെ ആവശ്യങ്ങളും മാറുന്നു. അതേപോലെതന്നെ, നമ്മുടെ പഠന-ബോധന രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് ബിരുദങ്ങളിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ബിരുദത്തോടൊപ്പം തന്നെ വൈദഗ്ധ്യത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. നൈപുണ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്. യുവാക്കൾക്ക് മികച്ച വൈദഗ്ധ്യം ഉണ്ടായിരിക്കണമെന്നതും, ആ വൈദഗ്ധ്യം കാലാകാലങ്ങളിൽ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണമെന്നതും ഒരു വലിയ ആവശ്യമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇന്ന് നാം നമ്മുടെ വിദ്യാഭ്യാസ നയത്തെയും അധ്യാപന-പരിശീലന സ്ഥാപനങ്ങളെയും ഒരു പുതിയ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നത്. ഈ ഒരു മനോഭാവത്തോടെയാണ് ചുവപ്പുകോട്ടയിൽ നിന്ന് യുവശക്തിക്കായി ഞാൻ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.ആദ്യത്തെ പ്രഖ്യാപനം രാജ്യത്തിന്റെ പരമ്പരാഗതമായ ഒരു ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നത് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എല്ലാ വർഷവും, നമ്മുടെ ഇടത്തരക്കാരായ കുടുംബങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ കുട്ടികളുടെ കോച്ചിംഗിനായി (പരിശീലനത്തിനായി ) ചെലവഴിക്കപ്പെടുന്നു. അത്തരം പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളുടെ പണം ലാഭിക്കുക എന്നതാണ് നമ്മുടെ ശ്രമം. അതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരായിരിക്കും ഇതിലൂടെ പരിശീലനം നൽകുക. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നമ്മുടെ യുവാക്കളുടെ കോച്ചിംഗ് കാര്യങ്ങൾ ഇനി സർക്കാർ തന്നെ നേരിട്ട് ഏറ്റെടുത്ത് നടപ്പിലാക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ യുവാക്കൾ എ.ഐ (AI) സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടേണ്ടതും അത്രതന്നെ പ്രധാനമാണ്. നമ്മുടെ യുവതലമുറ എ.ഐ കൈകാര്യം ചെയ്യാൻ പ്രാപ്തരാകണമെന്ന് നാം ആഗ്രഹിക്കുന്നു. എ.ഐ പഠിക്കുന്നവരുടെ ആവശ്യം ഐ.ടി (IT) മേഖലയിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. ഒരാൾക്ക് ഈ വൈദഗ്ധ്യമറിയാമെങ്കിൽ, അയാൾക്ക് കർഷകർക്കായി പുതിയ എ.ഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും. ആരോഗ്യമേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കഴിയും. നിർമ്മാണ മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും. റോബോട്ടിക്‌സ് മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് ആരംഭിക്കാനും കഴിയും. അതിനാൽ, എ.ഐ കൃത്യമായി മനസ്സിലാക്കുകയും രാജ്യത്തെയും ലോകത്തെയും വിവിധ വ്യവസായങ്ങൾക്കായി എ.ഐ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന യുവാക്കൾ നമുക്ക് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി സർക്കാർ വലിയൊരു പ്രചാരണ പരിപാടിക്ക് തുടക്കമിടാൻ പോകുകയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ഈ കാലഘട്ടം സമാനതകളില്ലാത്തതാണ്. ഇന്ത്യയുടെ യുവശക്തിയുടെ ഉദയത്തിന്റെ യുഗമാണിത്. ഇന്ത്യയുടെ ജീവിതത്തിൽ ഈ സമയം ഇനി തിരികെ വരില്ല. അതിനാൽ, 2047-ൽ ഒരു വികസിത ഭാരതം എന്ന ലക്ഷ്യത്തെ നാം പരമോന്നതമായി നിലനിർത്തണം. നമുക്ക് ഇന്ത്യയെ വികസിത രാജ്യമാക്കണം. ഈ ആഹ്വാനത്തോടെ, വികസന പ്രവർത്തനങ്ങൾക്ക് ഞാൻ ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും നിരവധിയായ ആശംസകൾ നേരുന്നു.
ഇപ്പോൾ വഡോദരയിലെ ജനങ്ങൾക്ക് ചെയ്യാനായി എന്റെ കൈയിൽ ഒരു ദൗത്യമുണ്ട് - നിങ്ങൾ അത് ചെയ്യുമോ? തീർച്ചയായും ചെയ്യുമോ? നിങ്ങൾ വഡോദരയെ വളരെയധികം ശുചിയുള്ളതാക്കി മാറ്റി, ഇതിനായി വളരെ വലിയ പ്രയത്നമാണ് വേണ്ടി വന്നത്. നമ്മുടെ യുവാക്കൾ രാപ്പകലില്ലാതെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഞാൻ കണ്ടു. എന്നാൽ, ഇനി വഡോദരയെ വീണ്ടും അഴുക്കാക്കാൻ നമ്മൾ അനുവദിക്കില്ലെന്ന് നമുക്ക് ഒരുമിച്ച് തീരുമാനിക്കാം. നമ്മളിൽ ഓരോരുത്തരും "ഞാൻ സ്വയം അഴുക്കുണ്ടാക്കില്ല" എന്ന് പ്രതിജ്ഞയെടുത്താൽ, വഡോദര വീണ്ടും വൃത്തികേടാകുമോ? വഡോദര വൃത്തികേടാകുമോ? എങ്കിൽ ദീപാവലി പ്രകാശപൂരിതമായി ശോഭിക്കും, നവരാത്രി മനോഹരമായി ആഘോഷിക്കപ്പെടും, ഗണേശോത്സവം പ്രൗഢിയോടെ അലങ്കരിക്കപ്പെടും. അതിനാൽ ഈ ഒരു കാര്യം തീർച്ചയായും ചെയ്തുതീർക്കും.
നന്നായി ചെയ്തു.
നന്ദി.
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
***
SK
( റിലീസ് ഐ.ഡി: 2308317)
സന്ദര്‍ശക കൗണ്ടര്‍ : 5