വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

പൗരന്മാരുടെ പണം നഷ്ടപ്പെടുന്നതിന് മുൻപ് സംരക്ഷിക്കപ്പെട്ടു: സാമ്പത്തിക തട്ടിപ്പ് അപകടസാധ്യത സൂചിക (ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ -FRI) 5,000 കോടിയിലധികം രൂപയുടെ സംശയാസ്പദമായ സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടഞ്ഞു

2025 മേയ് 22-ന് ആരംഭിച്ചതിനു ശേഷമുള്ള പതിനഞ്ച് മാസത്തിനുള്ളിൽ, എഫ്.ആർ.ഐ, പൗരന്മാർ കഠിനാധ്വാനത്തിലൂടെ നേടിയ 5,000 കോടിയിലധികം രൂപ സംരക്ഷിച്ചു

ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിൽ 1,600-ലധികം സ്ഥാപനങ്ങൾ; 1,500 ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിയന്ത്രണ ഏജൻസികൾ എന്നിവയ്ക്കായി 25-ലധികം പരിശീലന പരിപാടികൾ സംഘടിപ്പിച്ചു

ധനകാര്യ സ്ഥാപനങ്ങൾ എഫ്.ആർ.ഐ വ്യാപകമായി ഉപഗോഗപ്പെടുത്താൻ തുടങ്ങിയതോടെ പ്രതിരോധം എട്ടുമടങ്ങ് വർദ്ധിച്ചു— ആദ്യ ആറു മാസങ്ങളിലെ ₹660 കോടിയിൽ നിന്ന് 2026 ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് ₹5,043.73 കോടിയായി ഉയർന്നു

ഉറവിടത്തിൽ തന്നെ തടയുന്ന ഓരോ രൂപയും നടക്കാതെ പോയ ഒരു തട്ടിപ്പാണ് —എഫ്‌ഐആർ ഇല്ല, അന്വേഷണമില്ല, അക്കൗണ്ട് മരവിപ്പിക്കലില്ല, രേഖകൾ ആവശ്യമില്ല, പൗരന്മാർക്ക് തുടർ നടപടികൾക്കായി മാസങ്ങൾ നടക്കേണ്ട സാഹചര്യമോ ഇല്ല

പോസ്റ്റഡ് ഓണ്‍: 08 SEP 2026 4:39PM by PIB Thiruvananthpuram

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വൻ മുന്നേറ്റമായി, ടെലികോം വകുപ്പ് (DoT) തങ്ങളുടെ ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI) സംവിധാനത്തിലൂടെ 5,000 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സഹായിച്ചു. 2025 മേയ് 22-ന് പ്രവർത്തനമാരംഭിച്ച് പതിനഞ്ച് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഈ തുക കണ്ടെത്താനോ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനോ, തിരിച്ചുപിടിക്കാനോ ശ്രമിക്കേണ്ടി വന്നില്ല. അത് ഒരിക്കലും പൗരന്റെ അക്കൗണ്ടിൽ നിന്ന് പുറത്തുപോയില്ല.

പ്രവർത്തനമാരംഭിച്ച് ആദ്യ ആറു മാസത്തിനുള്ളിൽ 660 കോടി രൂപയുടെ നഷ്ടം തടഞ്ഞ പദ്ധതിയുടെ ഗണ്യമായ വളർച്ചയെയാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നത്. ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിൽ ടെലികോം ഇൻ്റലിജൻസിൻ്റെ വർദ്ധിച്ചുവരുന്ന പങ്കിനെയും ടെലികോം, ബാങ്കിംഗ്, ഫിൻടെക്, സെക്യൂരിറ്റീസ്, ഇൻഷുറൻസ്, നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിന്റെ ശക്തിയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

പൗരന്മാരുടെ കൈകളിൽ സുരക്ഷിതമായിരുന്ന പണം

₹5,000 കോടി എന്ന ഈ തുകയ്ക്ക് പിന്നിൽ ലക്ഷക്കണക്കിന് വ്യക്തികളുടെ സുരക്ഷിതത്വത്തിന്റെ കഥകളുണ്ട്: വ്യാജ കെ.വൈ.സി (KYC) ഫോൺ കോളിലൂടെ തങ്ങളുടെ ആയുഷ്കാല സമ്പാദ്യം നഷ്ടപ്പെടാത്ത ഒരു പെൻഷൻകാരൻ; തട്ടിപ്പുകാരനായ വിതരണക്കാരന് പണം കൈമാറുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് പണമിടപാട് തടയപ്പെട്ട ഒരു ചെറുകിട വ്യാപാരി; സ്ക്രീനിൽ മുന്നറിയിപ്പ് കണ്ട് അവസാന നിമിഷം പിന്മാറിയ ആദ്യമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന വ്യക്തി. ഈ സാഹചര്യങ്ങളിലെല്ലാം, സംഭവം നടന്ന് കഴിഞ്ഞ് അന്വേഷണം നടത്തുന്നതിനേക്കാൾ മുൻപേ പൗരന്മാർ സുരക്ഷിതരാക്കപ്പെട്ടു.

സംരക്ഷണത്തിന്റെ വേഗത വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ബാങ്കുകളിലും ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളിലും എഫ്.ആർ.ഐ സ്വീകാര്യത  വർദ്ധിച്ചതോടെ, ഇതുവഴി സംരക്ഷിച്ച തുക 2025 ഓഗസ്റ്റിലെ ₹139.16 കോടിയിൽ നിന്ന് 2026 ഓഗസ്റ്റ് ആയപ്പോഴേക്കും ₹5,043.73 കോടിയായി ഉയർന്നു. 2026 ഏപ്രിൽ മുതലുള്ള നാല് മാസത്തിനുള്ളിൽ മാത്രം ₹2,000 കോടിയിലധികം രൂപയുടെ തട്ടിപ്പുകളാണ് തടയപ്പെട്ടത്.

 എഫ്‌ആർ‌ഐ വഴി തടയപ്പെട്ട, തട്ടിപ്പായി സംശയിക്കപ്പെടുന്ന തുക , ഓഗസ്റ്റ് 2025 മുതൽ ഓഗസ്റ്റ് 2026 വരെ  (₹ കോടിയിൽ)


എഫ്.ആർ.ഐ - ടെലികോം ഇൻ്റലിജൻസിലെ ഇത്തരത്തിലുള്ള ആദ്യ മാതൃകാ ചട്ടക്കൂട്

ഒരു മൊബൈൽ നമ്പർ സൈബർ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ഉൾപ്പെടാനുള്ള സാധ്യത തത്സമയം വിലയിരുത്താൻ സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് (DoT) വികസിപ്പിച്ചെടുത്ത നൂതന അപകട വിലയിരുത്തൽ (റിസ്ക്-അസസ്മെന്റ്) ചട്ടക്കൂടാണ് എഫ്.ആർ.ഐ 

ടെലികോം വകുപ്പിന്റെ 'ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിന്' (DIP) കീഴിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളിൽ പങ്കാളിത്തമുണ്ടാകാൻ സാധ്യതയുള്ള മൊബൈൽ നമ്പറുകളെ മീഡിയം, ഹൈ, അല്ലെങ്കിൽ വെരി ഹൈ എന്നിങ്ങനെ മൂന്ന് റിസ്ക് വിഭാഗങ്ങളായി ഇത് തരംതിരിച്ചിരിക്കുന്നു. സഞ്ചാർ സാഥി പോർട്ടലിലെ പരാതികൾ, ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെൻ്ററിന്റെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP), ടെലികോം ഓപ്പറേറ്റർമാർ, ബാങ്കുകൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ചാണ് ഈ വർഗ്ഗീകരണം.

ഈ വിവരങ്ങൾ DoT-യുടെ DIP വഴി ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ, സെക്യൂരിറ്റീസ് സ്ഥാപനങ്ങൾ, പെൻഷൻ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവരുമായി സുരക്ഷിതമായി പങ്കിടുന്നു. ഉപഭോക്താക്കളെ ചേർക്കുമ്പോഴും, പണമിടപാടുകൾ നിരീക്ഷിക്കുമ്പോഴും, തട്ടിപ്പുകൾ കണ്ടെത്തുമ്പോഴും ഈ ടെലികോം-റിസ്ക് ഇൻ്റലിജൻസ് ഉപയോഗിക്കുന്നതിലൂടെ, നഷ്ടം സംഭവിക്കുന്നതിന് മുൻപ് തന്നെ ഉയർന്ന അപകടസാധ്യതയുള്ള ഇടപാടുകൾ തിരിച്ചറിയാൻ സ്ഥാപനങ്ങൾക്ക് സാധിക്കുന്നു. ഇത് സാമ്പത്തിക തട്ടിപ്പ് പ്രതിരോധത്തെ, പ്രശ്നം നടന്നതിന് ശേഷമുള്ള നടപടികളിൽ നിന്ന് മുൻകൂട്ടിയുള്ള പ്രതിരോധ രീതിയിലേയ്ക്ക് മാറ്റുന്നു.

വീണ്ടെടുക്കുന്നതിനേക്കാൾ എത്രയോ മികച്ചതാണ് പ്രതിരോധം

ഒരു സൈബർ തട്ടിപ്പ് നടന്നു കഴിഞ്ഞാൽ, പൗരനുണ്ടാകുന്ന നഷ്ടം തുടക്കം മാത്രമാണ്. തട്ടിപ്പിലൂടെ കിട്ടുന്ന പണം മിനിറ്റുകൾക്കകം വിവിധ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളുടെ ശൃംഖലയിലൂടെ മാറ്റി പിൻവലിക്കപ്പെടുന്നു. തുടർന്ന് പണം തിരിച്ചുപിടിക്കുന്നത് സമയബന്ധിതമായ പോരാട്ടമായി മാറുന്നു.

വിജയകരമായ ഒരു തട്ടിപ്പ്, വിവിധ ഭരണസംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും വലിയ തോതിലുള്ള അദ്ധ്വാനത്തിനും സാമ്പത്തിക നഷ്ടത്തിനുമാണ് വഴിവെക്കുന്നത്. എന്നാൽ, എഫ്.ആർ.ഐ പരിശോധന, പണമിടപാട് നടക്കുമ്പോൾ തന്നെ സെക്കൻഡിന്റെ ചെറിയൊരു അംശം കൊണ്ട് പൂർത്തിയാകുന്നു. അവിടെ പരാതി നൽകേണ്ടതില്ല, കേസെടുത്ത് അന്വേഷിക്കേണ്ടതില്ല, അക്കൗണ്ട് മരവിപ്പിക്കേണ്ടതില്ല, രേഖകൾ പരിശോധിക്കേണ്ടതില്ല, പണം എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുമില്ല. പല സ്ഥാപനങ്ങളിലായി നടക്കേണ്ട ദൈർഘ്യമേറിയ നടപടികൾക്ക് പകരം, പശ്ചാത്തലത്തിൽ നിശ്ശബ്ദമായി നടക്കുന്ന ഒരൊറ്റ മെഷീൻ-ടു-മെഷീൻ പരിശോധനയിലൂടെ ഇത് സാധ്യമാകുന്നു.

ഇങ്ങനെ നോക്കുമ്പോൾ, ₹5,000 കോടി എന്ന കണക്ക് രാജ്യത്തിനുണ്ടായ യഥാർത്ഥ നേട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. പൗരന്മാരുടെ കൈകളിൽ സുരക്ഷിതമായിരുന്ന പണം മാത്രമാണ് അതിൽ ഉൾപ്പെടുന്നത്. നൽകപ്പെടാത്ത പരാതികൾ, രജിസ്റ്റർ ചെയ്യാത്ത എഫ്.ഐ.ആറുകൾ (FIR), അന്വേഷണങ്ങൾക്കായി ചെലവഴിക്കാതിരുന്ന സമയങ്ങൾ, അയക്കാത്ത മരവിപ്പിക്കൽ നോട്ടീസുകൾ, പരിശോധിക്കാത്ത ടെലികോം രേഖകൾ, ബാങ്ക് ശാഖകളിൽ പോകാതിരുന്ന സാഹചര്യങ്ങൾ, അനുഭവിക്കേണ്ടി വരാതിരുന്ന മാനസിക വിഷമങ്ങൾ എന്നിവയൊന്നും ഇതിൽ കണക്കാക്കിയിട്ടില്ല. കൃത്യമായ പ്രതിരോധത്തിലൂടെ അന്വേഷണത്തിന്റെ ആവശ്യകത തന്നെ പൂർണ്ണമായി ഇല്ലാതാകുന്നു.

മുഴുവൻ ഗവണ്മെന്റ് സംവിധാനങ്ങളുടെയും സംയോജിത സുരക്ഷാ കവചം – വിവിധ മേഖലകളുടെ ഏകോപിതമായ പ്രവർത്തനത്തിന്റെ പ്രാധാന്യം

സാമ്പത്തിക തട്ടിപ്പുകൾ അപൂർവ്വമായി മാത്രമേ ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാറുള്ളൂ. ഒരു തട്ടിപ്പ് ഒരുപക്ഷേ ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗത്തിൽ നിന്ന് തുടങ്ങി, ഡിജിറ്റൽ പേയ്മെന്റ് വഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ ബാങ്കിംഗ്, സെക്യൂരിറ്റീസ്, ഇൻഷുറൻസ് അല്ലെങ്കിൽ പെൻഷൻ അക്കൗണ്ടുകളെ ബാധിച്ചേക്കാം. ഇത്തരം ഭീഷണികളെ ചെറുക്കുന്നതിന് വിവരശേഖരണത്തിലധിഷ്ഠിതമായ, എല്ലാ ഗവണ്മെന്റ് സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമീപനം ആവശ്യമാണ്.

ഇതനുസരിച്ച്, തട്ടിപ്പുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സംവിധാനങ്ങളിൽ എഫ്.ആർ.ഐ സിഗ്നലുകൾ നേരിട്ട് ഉൾപ്പെടുത്തുന്നതിന് കേന്ദ്ര ടെലികോം വകുപ്പ് സാമ്പത്തിക മേഖലയിലെ നിയന്ത്രണ ഏജൻസികളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഉയർന്നതും വളരെ ഉയർന്നതുമായ അപകടസാധ്യതയുള്ള മൊബൈൽ നമ്പറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ തത്സമയം തടയുന്നതിനോ അടയാളപ്പെടുത്തുന്നതിനോ ബാങ്കുകളും യു.പി.ഐ സേവന ദാതാക്കളും എഫ്.ആർ.ഐ ഇൻ്റലിജൻസ് നിലവിൽ ഉപയോഗിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുമായുള്ള ശക്തമായ സഹകരണം ഈ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി തുടരുന്നു.

ബാങ്കിംഗ് മേഖലയ്ക്ക് അപ്പുറത്തേക്കും സംരക്ഷണം വ്യാപിപ്പിക്കുന്നു

പൗരന്മാരുടെ പണം എവിടെയാണോ സൂക്ഷിച്ചിരിക്കുന്നത്, അവിടെ വച്ചുതന്നെ സംരക്ഷണം ഉറപ്പാക്കാൻ ഈ ചട്ടക്കൂട് ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നു:

ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ ഉൾപ്പെടുന്ന തട്ടിപ്പുകൾ തടയുന്നതിനായി സെക്യൂരിറ്റീസ് മാർക്കറ്റ് ഇടനിലക്കാരിലേക്ക്;

പോളിസികൾ നൽകുന്ന സമയത്തും ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുമ്പോഴും ശക്തമായ തട്ടിപ്പ് പരിശോധനകൾക്കായി ഇൻഷുറൻസ് സ്ഥാപനങ്ങളിലേക്ക്;

പെൻഷൻ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനവും അതിൽ നിന്നുള്ള ഇടപാടുകളും സുരക്ഷിതമാക്കാൻ പെൻഷൻ മേഖലയിലെ പങ്കാളികളിലേക്ക്.


സാമ്പത്തിക മേഖലയിലുടനീളം ശേഷി വർദ്ധിപ്പിക്കൽ

ഈ തോതിലുള്ള  പ്രതിരോധം സാധ്യമാകുന്നത് ലഭിക്കുന്ന സൂചനകൾക്കനുസരിച്ചു പ്രവർത്തിക്കാൻ സ്ഥാപനങ്ങൾക്കുള്ള ശേഷിയെ ആശ്രയിച്ചാണ്. എഫ്.ആർ.ഐ രീതിശാസ്ത്രം, ഡി.ഐ.പി സംയോജനം, വർക്ക്ഫ്ലോകളിൽ റിസ്ക് സിഗ്നലുകൾ ഉപയോഗിക്കൽ എന്നിവയെക്കുറിച്ച് DoT 1,500 ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, റെഗുലേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി 25-ലധികം പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഇത് ബാങ്ക് കൗണ്ടറുകളിലും മൊബൈൽ ആപ്പുകളിലും വേഗത്തിലുള്ള തട്ടിപ്പ് തിരിച്ചറിയലിനും നടപടികൾക്കും  ആവശ്യമായ ആത്മവിശ്വാസം നൽകുന്നു.

ജൻ ഭാഗിദാരി — പൗരനാണ് പ്രതിരോധത്തിന്റെ ആദ്യ നിര

എഫ്.ആർ.ഐയുടെ വിജയം ജൻ ഭാഗിദാരി അഥവാ ജനങ്ങളുടെ പങ്കാളിത്തത്തിലാണ് നിലകൊള്ളുന്നത്. സഞ്ചാർ സാഥി പോർട്ടലിലോ മൊബൈൽ ആപ്ലിക്കേഷനിലോ സംശയാസ്പദമായ കോളോ സന്ദേശമോ റിപ്പോർട്ട് ചെയ്യുന്ന ഓരോ പൗരനും എഫ്.ആർ.ഐയെ കൂടുതൽ ശക്തമാക്കുന്ന വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നത്. ജാഗ്രതയുള്ള ഒരു പൗരൻ നൽകുന്ന ഒരൊറ്റ റിപ്പോർട്ടിന്, സൈബർ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ള ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കുന്ന മുന്നറിയിപ്പുകളായി മാറാൻ കഴിയും.

പൗരന്മാരുടെയും ഈ സംവിധാനത്തെ നിലനിർത്തുന്ന റിപ്പോർട്ടുകൾ നൽകുന്ന "സൈബർ യോദ്ധാക്കളുടെയും" ജാഗ്രതയെ വകുപ്പ് വിലമതിക്കുന്നു.

പൗരന്മാർ എന്താണ് ചെയ്യേണ്ടത്

പേയ്‌മെന്റ് മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കുക. നിങ്ങൾ പണം കൈമാറുന്ന നമ്പറിനെക്കുറിച്ച് ബാങ്കിംഗ് അല്ലെങ്കിൽ യു.പി.ഐ ആപ്ലിക്കേഷൻ മുന്നറിയിപ്പ് നൽകുകയാണെങ്കിൽ, ഇടപാടുകളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക, സ്വയം ഉറപ്പുവരുത്തുക.

സംശയാസ്പദമായ ഫോൺ കോളുകൾ, എസ്.എം.എസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ സഞ്ചാർ സാഥി പോർട്ടൽ (www.sancharsaathi.gov.in) വഴിയോ ആൻഡ്രോയിഡ്, ഐ.ഓ.എസ് (Android and iOS) ഫോണുകളിൽ ലഭ്യമായ മൊബൈൽ ആപ്പ് വഴിയോ 'ചക്ഷു' (Chakshu) സംവിധാനത്തിൽ റിപ്പോർട്ട് ചെയ്യുക.

സാമ്പത്തിക സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിക്കുകയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുക - ആദ്യത്തെ ഒരു മണിക്കൂർ വളരെ പ്രധാനമാണ്.

നിങ്ങളുടെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ സഞ്ചാർ സാഥി പോർട്ടൽ വഴി പരിശോധിക്കുകയും, നിങ്ങളുടേതല്ലാത്തവ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.

നഷ്ടപ്പെട്ടതോ മോഷണംപോയതോ ആയ മൊബൈൽ ഹാൻഡ്‌സെറ്റുകൾ സഞ്ചാർ സാഥിയിൽ റിപ്പോർട്ട് ചെയ്യുക. ഇതുവഴി അവ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും സാധിക്കും.

മൊബൈൽ ഹാൻഡ്‌സെറ്റ് വാങ്ങുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പ് വരുത്തുക.

മുൻകൂട്ടിയുള്ള തട്ടിപ്പ് കണ്ടെത്തൽ, സാങ്കേതിക ഇടപെടലുകൾ, തുടർച്ചയായ ഏജൻസി ഏകോപനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെ സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റ് അന്തരീക്ഷം ഉറപ്പാക്കാൻ ടെലികോം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI) കുറിച്ച്

സൈബർ തട്ടിപ്പുകൾ തടയുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങൾക്കു കൃത്യവും തത്സമയവുമായ വിവരങ്ങൾ നൽകുന്നതിനായി, കേന്ദ്ര ടെലികോം വകുപ്പ് (DoT) തങ്ങളുടെ 'ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിന്' (DIP) കീഴിൽ 2025 മേയ് 22-ന് ആരംഭിച്ച ഒരു ബഹുമാന വിശകലന ചട്ടക്കൂടാണ് എഫ്.ആർ.ഐ (FRI). ടെലികോം പ്രാപ്തമാക്കിയ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സൈബർ തട്ടിപ്പുകളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള സഞ്ചാർ സാഥി, ചക്ഷു , സി.ഇ.ഐ.ആർ (CEIR), എ.എസ്.ടി.ആർ (ASTR) എന്നിവയുൾപ്പെടെയുള്ള ടെലികോം വകുപ്പിന്റെ വിപുലമായ പൗരസംരക്ഷണ സംരംഭങ്ങളുടെ ഭാഗമാണിത്.

ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് (DIP)

ടെലികോം അധിഷ്ഠിത സൈബർ തട്ടിപ്പുകളെയും ടെലികോം സേവനങ്ങളുടെ ദുരുപയോഗത്തെയും ചെറുക്കുന്നതിനായി ടെലികോം വകുപ്പ് വികസിപ്പിച്ചെടുത്ത സുരക്ഷിതമായ ഒരു ദേശീയ ഇൻ്റലിജൻസ് ഏകോപന പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം (DIP). 2024-ൽ ആരംഭിച്ച ഡി.ഐ.പി, മൊബൈൽ നമ്പർ റീവോകേഷൻ ലിസ്റ്റ് (MNRL), സംശയാസ്പദമായ ഫ്രോഡ് നമ്പറുകൾ (FRI), മറ്റ് ഡിജിറ്റൽ വിവരങ്ങൾ എന്നിവ പങ്കിട്ടുകൊണ്ട് ടെലികോം സേവന ദാതാക്കൾ, ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിയമ നിർവ്വഹണ ഏജൻസികൾ, ഗവണ്മെന്റ് വകുപ്പുകൾ എന്നിവയുൾപ്പെടെ 1,600-ലധികം പങ്കാളികൾക്കിടയിൽ തത്സമയ സഹകരണം സാധ്യമാക്കുന്നു.

സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനാലോ, വീണ്ടും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തതിനാലോ, ടെലികോം സേവന ദാതാക്കളുടെ ആന്തരിക പരിശോധനകളിലൂടെയോ, കണക്ഷൻ പരിധി ലംഘിച്ചതിനാലോ റദ്ദാക്കപ്പെട്ട മൊബൈൽ നമ്പറുകളുടെ വിവരങ്ങളാണ് MNRL വഴി പങ്കുവെക്കുന്നത്. ഈ നമ്പറുകൾ തത്സമയം ലഭ്യമാക്കുന്നതിലൂടെ ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും തട്ടിപ്പ് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും, പൗരന്മാരുമായി കൃത്യമായ നമ്പറുകളിലൂടെ ആശയവിനിമയം നടത്താനും, റദ്ദാക്കിയ കണക്ഷനുകളുടെ ദുരുപയോഗം തടയാനും സാധിക്കുന്നു. ഈ പങ്കാളികളെയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ, തട്ടിപ്പ് തടയുന്നതിൽ ഒരു സമ്പൂർണ്ണ വ്യവസ്ഥാപിത സമീപനത്തിന് ഡി.ഐ.പി (DIP) തുടക്കം കുറിച്ചു.

സഞ്ചാർ സാഥി പോർട്ടലിലെ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി www.sancharsaathi.gov.in സന്ദർശിക്കാനും സഞ്ചാർ സാഥി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

For Android:

https://play.google.com/store/apps/details?id=com.dot.app.sancharsaathi

For iOS:

https://apps.apple.com/app/sancharsaathi/id6739700695

Follow DoT Handles for more: -

X - https://x.com/DoT_India

Insta-  https://www.instagram.com/department_of_telecom?igsh=MXUxbHFjd3llZTU0YQ==

Fb - https://www.facebook.com/DoTIndia

Youtube: https://youtube.com/@departmentoftelecom?si=DALnhYkt89U5jAaa

 

SK

*****


( റിലീസ് ഐ.ഡി: 2308024) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu