രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ-മൊറോക്കോ പ്രതിരോധ സഹകരണത്തിന് പുത്തനുണർവ്: പ്രഥമ സംയുക്ത പ്രതിരോധ സമിതി യോഗം ന്യൂഡൽഹിയിൽ ചേർന്നു
പോസ്റ്റഡ് ഓണ്‍:
08 SEP 2026 6:25PM by PIB Thiruvananthpuram
ഇന്ത്യയും മൊറോക്കോയും തമ്മിലെ പ്രഥമ സംയുക്ത പ്രതിരോധ സമിതി യോഗം 2026 സെപ്റ്റംബർ 8-ന് ന്യൂഡൽഹിയിൽ ചേർന്നു. പരിശീലനവും പഠനവും, സമാധാന പരിപാലന ദൗത്യങ്ങൾ, സൈനികാഭ്യാസങ്ങൾ, മെഡിക്കൽ സഹകരണം, സൈബർ പ്രതിരോധം, പ്രതിരോധ വ്യവസായങ്ങൾ എന്നീ മേഖലകളില്‍ പരസ്പര താല്പര്യമുള്ള വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഇന്ത്യയും മൊറോക്കോയും തമ്മിലെ ഉഭയകക്ഷി സഹകരണം 2027-ൽ 70-ാം വാർഷികത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ബന്ധം കൂടുതൽ വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി.
പ്രതിരോധ മന്ത്രാലയ ജോയിന്റ് സെക്രട്ടറി (അന്താരാഷ്ട്ര സഹകരണം) ശ്രീ അമിതാഭ് പ്രസാദ്, മൊറോക്കൻ റോയൽ സായുധ സേനയുടെ സെക്കൻഡ് ബ്യൂറോ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അത്മാനി എന്നിവർ സംയുക്തമായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രതിരോധ വകുപ്പ്, കര-വ്യോമ-നാവിക സേനകൾ, സംയോജിത പ്രതിരോധ സേനാ ആസ്ഥാനം, പ്രതിരോധ ഉല്പാദന വകുപ്പ്, സൈനികസേനാ ആരോഗ്യസേവന വിഭാഗം ഡയറക്ടറേറ്റ് ജനറല്‍, ഡിആർഡിഒ, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പങ്കെടുത്തു.
2026 സെപ്റ്റംബർ 7 മുതൽ 10 വരെ മൊറോക്കൻ പ്രതിനിധി സംഘം ഇന്ത്യയിൽ സന്ദർശനം നടത്തുകയാണ്. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അത്മാനി സന്ദർശനം ആരംഭിച്ചത്. ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിരോധ ഉല്പാദന ശേഷി നേരിട്ട് മനസ്സിലാക്കാന്‍ മൊറോക്കൻ സംഘം ന്യൂഡൽഹിയിലെ ഡിപിഎസ്‌യു ഭവനിൽ പ്രതിരോധ വ്യവസായ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. സംയുക്ത നിർമാണം, സംയുക്ത സംരംഭങ്ങൾ, സാങ്കേതിക സഹകരണം, പരിപാലനം എന്നിവയിൽ സഹകരണ സാധ്യതകള്‍ തേടാൻ ഇരുപക്ഷവും ധാരണയായി.
ഇന്ത്യയുടെ സൈനിക മെഡിക്കല്‍ ശേഷികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് പ്രതിനിധി സംഘം സൈനിക ആശുപത്രി (ഗവേഷണ-വിദഗ്ധ തുടർചികിത്സാ കേന്ദ്രം) സന്ദർശിക്കും.
2025 സെപ്റ്റംബറിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മൊറോക്കോ സന്ദർശിച്ച വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ സന്ദർശനം ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന് പുതിയ ദിശാബോധം പകര്‍ന്നു. ധാരണാപത്രത്തിലൂടെ രൂപീകരിച്ച സ്ഥാപനപരമായ സംവിധാനത്തിന്റെ ഭാഗമായാണ് സംയുക്ത പ്രതിരോധ സമിതി യോഗം ചേർന്നത്.
***
( റിലീസ് ഐ.ഡി: 2308014)
സന്ദര്‍ശക കൗണ്ടര്‍ : 3