രാജ്യരക്ഷാ മന്ത്രാലയം
ഏകദേശം 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ, ഉപകരണങ്ങൾ, സൈനിക സംവിധാനങ്ങൾ എന്നിവ വാങ്ങാനുള്ള പ്രതിരോധ സേനയുടെ പദ്ധതികൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അംഗീകാരം നൽകി.
പോസ്റ്റഡ് ഓണ്‍:
07 SEP 2026 4:15PM by PIB Thiruvananthpuram
2026 സെപ്റ്റംബർ 7 ന്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഏകദേശം 1.10 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പ്രാരംഭ അനുമതി നൽകി. രാസ, ജൈവ, വികിരണ, ആണവ ഭീഷണികൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക വാഹനങ്ങൾ (Chemical Biological Radiological and Nuclear (CBRN) Recce Vehicles), കരുത്തുറ്റ ഓഫ്-റോഡ് സൈനിക വാഹനങ്ങൾ (HMV), മൈനുകൾ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ (MML), അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (ALH), മൈനുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ടാങ്കുകൾ, നദികൾ മറികടക്കാൻ സൈന്യം ഉപയോഗിക്കുന്ന പാലങ്ങൾക്കായുള്ള സര്‍വത്ര ബ്രിഡ്ജ് സിസ്റ്റം എന്നിവ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.
അപകടകരമായ രാസ, ജൈവ, വികിരണ, ആണവ പദാർത്ഥങ്ങൾ ബാധിച്ച പ്രദേശങ്ങൾ കണ്ടെത്താനും തിരിച്ചറിയാനും വ്യക്തമായി അടയാളപ്പെടുത്താനും CBRN റെക്കെ വാഹനങ്ങൾ സൈന്യത്തെ സഹായിക്കും. പർവതങ്ങൾ, പരുക്കൻ ഭൂപ്രദേശങ്ങൾ തുടങ്ങി ദുഷ്‌കരമായ ഇടങ്ങളിൽ എളുപ്പത്തിൽ സൈനികരെയും സാധനങ്ങളെയും എത്തിക്കാൻ ഹൈ മൊബിലിറ്റി വെഹിക്കിൾസ് (HMV-കൾ) സഹായിക്കും. ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളിൽ പോലും വേഗത്തിലും ഫലപ്രദമായും മൈനുകൾ സ്ഥാപിക്കാൻ മൈൻ-ലേയിംഗ് വെഹിക്കിൾസ് (MML-കൾ) സൈന്യത്തെ സഹായിക്കും. വ്യത്യസ്ത ഭൂപ്രദേശങ്ങളിലും സാഹചര്യങ്ങളിലും കഠിനമായ ദൗത്യങ്ങൾ നിറവേറ്റാൻ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (ALH-കൾ) സൈന്യത്തെയും വ്യോമസേനയെയും സഹായിക്കും. യുദ്ധ വേളയിൽ നദികൾ, ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ തുടങ്ങിയ തടസ്സങ്ങൾ സുരക്ഷിതമായി മറികടക്കാൻ ട്രോൾ ടാങ്കുകളും ബ്രിഡ്ജ് സിസ്റ്റങ്ങളും സൈനികരെ സഹായിക്കും.
അരുദ്ര റഡാറുകൾ വാങ്ങുന്നതിനും, മറൈൻ ഗ്യാസ് ടർബൈനുകൾ (MGT) രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും തുടർന്ന് വാങ്ങുന്നതിനുമുള്ള പ്രാരംഭ അനുമതി നാവികസേനയ്ക്ക് ലഭിച്ചു. വിമാനങ്ങളും വ്യോമ ഗതാഗതവും നിരീക്ഷിക്കുന്നതിനായി വിവിധ നാവിക വ്യോമ കേന്ദ്രങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന പഴയ റഡാറുകൾക്ക് പകരമായിരിക്കും അരുദ്ര റഡാറുകൾ. യുദ്ധക്കപ്പലുകൾക്ക് ശക്തി പകരാൻ ഉപയോഗിക്കുന്ന മറൈൻ ഗ്യാസ് ടർബൈനുകൾ തദ്ദേശീയമായി വികസിപ്പിക്കും. പ്രധാനപ്പെട്ട യുദ്ധക്കപ്പൽ പ്രൊപ്പൽഷൻ സംവിധാനങ്ങൾക്കായി വിദേശ കമ്പനികളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുന്നതിനും പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനും ഇത് സഹായിക്കും.
യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയടക്കം ഇന്ത്യൻ വ്യോമസേയുടെ യുദ്ധ-പോരാട്ട ശേഷി മെച്ചപ്പെടുത്തുന്നതിനായി നിരവധി പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും സംഭരിക്കാൻ അനുമതി ലഭിച്ചു. വ്യോമസേനയ്ക്ക് ഗ്രൗണ്ട്-ബേസ്ഡ് മൾട്ടി-പർപ്പസ് ജാമറുകൾ (GBMPJ) ലഭിക്കും, ഇവ ശത്രുക്കളുടെ റഡാർ സിഗ്നലുകളെ തിരിച്ചറിയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും. സെക്യുർ ആക്‌സസ് കാർഡ് (DEFSAC) സിസ്റ്റം സ്ഥാപിക്കുന്നതിനും അംഗീകാരം ലഭിച്ചു. DEFSAC സംവിധാനം നിലവിലുള്ള പേപ്പർ അധിഷ്ഠിത തിരിച്ചറിയൽ കാർഡ്/പാസുകൾ/പെർമിറ്റുകൾ എന്നിവയ്ക്ക് പകരം ഇന്ററോപ്പറബിൾ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അധിഷ്ഠിത സ്മാർട്ട് കാർഡ് സിസ്റ്റം ഉപയോഗിക്കും. ഇത് നിയന്ത്രണവും സുരക്ഷയും വർധിപ്പിക്കുകയും കൈകാര്യം ചെയ്യാൻ സുഗമവുമായിരിക്കും.
അംഗീകരിച്ച പ്രതിരോധ ഉപകരണ സംഭരണത്തിന്റെ ഏകദേശം 98% ഇന്ത്യൻ വ്യവസായങ്ങളിൽ നിന്ന് ആയിരിക്കും.
***
( റിലീസ് ഐ.ഡി: 2307723)
സന്ദര്‍ശക കൗണ്ടര്‍ : 9