ആഭ്യന്തരകാര്യ മന്ത്രാലയം
ഗോവയിലെ പനാജിയിൽ നടന്ന പശ്ചിമ മേഖലാ കൗൺസിലിന്റെ 28-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു
സുപ്രധാനവും രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, ധനകാര്യ കേന്ദ്രവുമാണ് പശ്ചിമ മേഖല
2014 മുതൽ നിരവധി ഭരണപരിഷ്കാരങ്ങളിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തുടർച്ചയായി വേഗത പകരുന്നു
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ 'വെസ്റ്റ് എൻജിൻ' (WEST Engine) എന്നാണ് പശ്ചിമ മേഖല അറിയപ്പെടുന്നത്
W എന്നാൽ സമ്പത്തിനെയും ധനകാര്യത്തെയും E എന്നാൽ കയറ്റുമതിയെയും തുറമുഖങ്ങളെയും S എന്നാൽ സ്റ്റാർട്ടപ്പുകളെയും സെമികണ്ടക്ടറുകളെയും T എന്നാൽ ടൂറിസത്തെയും സമുദ്ര സാമ്പത്തികവ്യവസ്ഥയെയും സൂചിപ്പിക്കുന്നു; ഈ മേഖലകളിൽ പശ്ചിമ മേഖലയ്ക്കാണ് രാജ്യത്ത് ഏറ്റവും വലിയ പങ്കാളിത്തം
ഭരണഘടനയിൽ അനുശാസിക്കുന്ന സഹകരണ ഫെഡറലിസം എന്ന വ്യവസ്ഥ 12 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി യാഥാർത്ഥ്യമാക്കി
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, മേഖലാ കൗൺസിലുകൾ വികസനത്തിലും പൊതുജനക്ഷേമത്തിലും മുന്നേറുകയാണ്; യോഗങ്ങളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായി
2004–14 കാലയളവിൽ മേഖലാ കൗൺസിലുകളുടെയും അവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ആകെ 25 യോഗങ്ങളാണ് നടന്നത്; എന്നാൽ 2014 മുതൽ ആകെ 71 യോഗങ്ങൾ നടന്നു, മൂന്നിരട്ടിയോളം വർധനയാണിത്
യോഗങ്ങളുടെ എണ്ണത്തിലുണ്ടായ മൂന്നിരട്ടിയോളം വർധന പ്രധാനമന്ത്രി മോദിയുടെ 'ടീം ഇന്ത്യ' എന്ന ആശയത്തിന്റെ മികച്ച ഉദാഹരണമാണ്
ഈ യോഗങ്ങളിൽ ആകെ 1,893 വിഷയങ്ങൾ ചർച്ച ചെയ്തു, അതിൽ 1,445 എണ്ണം പരിഹരിക്കപ്പെട്ടു; ഇത് ഈ യോഗങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും തെളിയിക്കുന്നു
മേഖലാ കൗൺസിലുകൾ ഇപ്പോൾ തർക്കപരിഹാരത്തിന് പകരം പൊതുജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മാറിയിരിക്കുന്നു
പശ്ചിമ മേഖലയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഇനി തർക്കങ്ങളൊന്നുമില്ലായെന്നത് ഒരു വലിയ നേട്ടമാണ്
പുതിയ ന്യായ സംഹിതകൾ നടപ്പിലാക്കുന്നതിലും മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം വിജയകരമാക്കുന്നതിലും പശ്ചിമ മേഖല മുൻപന്തിയിൽ നിൽക്കണം
സംസ്ഥാനങ്ങളിലെ എല്ലാ അർബൻ സഹകരണ ബാങ്കുകളും CFCFRMS-മായി ബന്ധിപ്പിക്കണം
എല്ലാ മുഖ്യമന്ത്രിമാരും തീരദേശ സുരക്ഷയും മയക്കുമരുന്ന് പ്രതിരോധവും തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കണം
പോസ്റ്റഡ് ഓണ്‍:
07 SEP 2026 4:42PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗോവയിലെ പനാജിയിൽ വെച്ച് നടന്ന പശ്ചിമ മേഖലാ കൗൺസിലിന്റെ 28-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, ദാദ്ര നഗർ ഹവേലി, ദമൻ ദിയു അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ കെ. പട്ടേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരും കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.
അത്യാധുനിക ടൂറിസം, ഉയർന്ന പ്രതിശീർഷ വരുമാനം, ഖനികൾ എന്നിവ കാരണം ഭൂമിശാസ്ത്രപരമായ വലുപ്പത്തേക്കാൾ വളരെ വലിയ സംഭാവനയാണ് ഗോവ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന ചെയ്യുന്നതെന്ന് യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 2026–2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം 7.8 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ആഗോള പ്രക്ഷുബ്ധതകൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇത്തരം ഒരു വളർച്ചാ നിരക്ക് കൈവരിച്ചത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പല വീക്ഷണ കോണുകളിൽ നിന്നും നോക്കുമ്പോഴും പശ്ചിമ മേഖല സുപ്രധാനമാണെന്നും ഈ മേഖല രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, ധനകാര്യ കേന്ദ്രമാണെന്നും ശ്രീ ഷാ പറഞ്ഞു.
2014 മുതൽ നിരവധി ഭരണപരിഷ്കാരങ്ങളോടൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അതിവേഗം കുതിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടർച്ചയായി പ്രവർത്തിച്ചുവരികയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 7.8 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുന്നതിൽ ദമൻ ദിയുവും ദാദ്ര നഗർ ഹവേലിയും പശ്ചിമ മേഖലാ കൗൺസിലിലെ മൂന്ന് സംസ്ഥാനങ്ങളും വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ 'വെസ്റ്റ് എൻജിൻ' (WEST Engine) എന്നാണ് പശ്ചിമ മേഖല അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. W എന്നാൽ ഈ മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്തിനെയും ധനകാര്യത്തെയും സൂചിപ്പിക്കുന്നു; E എന്നാൽ കയറ്റുമതിയെയും തുറമുഖങ്ങളെയും സൂചിപ്പിക്കുന്നു; S എന്നാൽ സ്റ്റാർട്ടപ്പുകളെയും സെമികണ്ടക്ടറുകളെയും സൂചിപ്പിക്കുന്നു; T എന്നാൽ ടൂറിസത്തെയും സമുദ്ര സാമ്പത്തികവ്യവസ്ഥയെയും സൂചിപ്പിക്കുന്നു; പശ്ചിമ മേഖലയ്ക്ക് ഇതിൽ രാജ്യത്ത് ഏറ്റവും വലിയ പങ്കാളിത്തമുണ്ട്. 1 കോടിയിലധികം വിനോദസഞ്ചാരികൾ ഗോവ സന്ദർശിക്കുന്നു, ഇതിൽ 5 ലക്ഷം പേർ വിദേശ വിനോദസഞ്ചാരികളാണ്. ഗോവയുടെ ജി.എസ്.ഡി.പി (GSDP)-യുടെ 16% സംഭാവന ടൂറിസം ചെയ്യുന്നു. 33,872 സ്റ്റാർട്ടപ്പുകളോടെ മഹാരാഷ്ട്ര രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ധോലേര ഇപ്പോൾ സെമികണ്ടക്ടർ മേഖലയിലെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖമാണ് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്യുന്നത്, കൂടാതെ ചരക്ക് വ്യാപ്തിയുടെ കാര്യത്തിൽ ദീൻദയാൽ തുറമുഖമാണ് ഏറ്റവും വലിയ തുറമുഖം.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള മൂലധനത്തിന്റെ പ്രധാന കേന്ദ്രമായും ഉയർന്നുവരികയാണ്.
കഴിഞ്ഞ 12 വർഷത്തിനിടയിൽ നമ്മുടെ ഭരണഘടനയിൽ അനുശാസിക്കുന്ന സഹകരണ ഫെഡറലിസം എന്ന വ്യവസ്ഥ യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രവർത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം മേഖലാ കൗൺസിലുകളുടെ യോഗങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ മേഖലാ കൗൺസിലുകളുടെയും അവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ആകെ യോഗങ്ങളുടെ എണ്ണം വെറും 25 മാത്രമായിരുന്നുവെന്നും എന്നാൽ 2014 മുതൽ മേഖലാ കൗൺസിലുകളുടെയും അവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ആകെ 71 യോഗങ്ങൾ നടന്നിട്ടുണ്ടെന്നും ഇത് മൂന്നിരട്ടിയോളം വർധനയാണെന്നും ശ്രീ അമിത് ഷാ പറഞ്ഞു. യോഗങ്ങളുടെ എണ്ണത്തിലുണ്ടായ മൂന്നിരട്ടിയോളം വർധന പ്രധാനമന്ത്രി മോദിയുടെ 'ടീം ഇന്ത്യ' എന്ന ആശയത്തിന്റെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ യോഗങ്ങളിൽ ആകെ 1,893 വിഷയങ്ങൾ ചർച്ച ചെയ്തു, അതിൽ 1,445 വിഷയങ്ങൾ പരിഹരിക്കപ്പെട്ടു. ഈ യോഗങ്ങളുടെ കാര്യക്ഷമതയുടെയും ഫലപ്രാപ്തിയുടെയും സൂചനയാണ് ഈ ഫലം. ഇന്റർ-സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റ് സജീവമായ പങ്ക് വഹിച്ചുകൊണ്ട്, എല്ലാ സംസ്ഥാന ഗവൺമെന്റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഇത് സാധ്യമായത്.
തർക്കപരിഹാരത്തിന് പകരം പൊതുജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മേഖലാ കൗൺസിലുകൾ ഇപ്പോൾ മാറിയിരിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പശ്ചിമ മേഖലയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഇനി തർക്കങ്ങളൊന്നുമില്ലെന്നും ഇത് ഒരു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗത്തിൽ ഉൾപ്പെടുത്തിയ എല്ലാ വിഷയങ്ങളും നിരീക്ഷണവുമായി ബന്ധപ്പെട്ടതാണെന്നും ശ്രീ ഷാ പറഞ്ഞു. നദികളെച്ചൊല്ലി സംസ്ഥാനങ്ങൾ തമ്മിലുണ്ടായിരുന്ന പല തർക്കങ്ങളും മേഖലാ കൗൺസിലിലൂടെ പരിഹരിക്കപ്പെട്ടു. കുട്ടികളിലെ പോഷകാഹാരക്കുറവ്, ഭാരക്കുറവ്, വളർച്ചാ മുരടിപ്പ് എന്നിവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും മേഖലാ കൗൺസിലുകൾ വഴി നടപ്പിലാക്കുന്നു. ആധാർ ലഭ്യതയുടെ പുരോഗതി നിരീക്ഷിച്ചുവരികയാണ്, കൂടാതെ ആയുഷ്മാൻ ഭാരത് കാർഡുകൾ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണവും ഇവിടെ നടത്തിവരുന്നു.
പുതിയ ന്യായ സംഹിതകൾ നടപ്പിലാക്കുന്നതിലും മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം വിജയകരമാക്കുന്നതിലും പശ്ചിമ മേഖല മുൻപന്തിയിൽ നിൽക്കണം. പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ (PACS) കമ്പ്യൂട്ടർവൽക്കരണത്തിലും നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നു; മഹാരാഷ്ട്ര 98 ശതമാനവും ഗുജറാത്ത് 92 ശതമാനവും നേട്ടം കൈവരിച്ചു. ബനാസ് ഡയറി സ്ഥാപിച്ച 'ഗോബർധൻ മാതൃക' സംസ്ഥാനങ്ങളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഗതി (PRAGATI) വഴി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള തന്ത്രങ്ങൾ പ്രധാനമന്ത്രി മോദി തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലെ എല്ലാ അർബൻ സഹകരണ ബാങ്കുകളും FCFRS-മായി ബന്ധിപ്പിക്കണം. മ്യൂൾഹണ്ടർ എ.ഐ (MuleHunter AI)-യുമായി സംയോജിക്കാൻ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എല്ലാ സഹകരണ ബാങ്കുകളും I4C-യുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്. മുഖ്യമന്ത്രിമാർ തീരദേശ സുരക്ഷയും മയക്കുമരുന്ന് പ്രതിരോധവും തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കണം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയം തീരദേശ സുരക്ഷയുടെ കാര്യത്തിൽ വളരെ ഗൗരവത്തോടെ മുന്നോട്ട് പോകും.

പശ്ചിമ മേഖലാ കൗൺസിലിലെ നാല് അംഗങ്ങളും ഹരിത ഊർജ്ജ രംഗത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഡാറ്റാ സെന്ററുകൾക്കായി ഇന്ത്യാ ഗവൺമെന്റ് വളരെ ലാഭകരമായ ഒരു നയം രൂപീകരിച്ചിട്ടുണ്ട്, ഇതിന്റെ പരമാവധി പ്രയോജനം നേടണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മേഖലാ കൗൺസിലുകൾ വികസനത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും മേഖലകളിൽ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ മേഖലാ കൗൺസിലിന്റെ 28-ാമത് യോഗത്തിൽ അംഗ സംസ്ഥാനങ്ങൾക്കും രാജ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ട ചില നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള പീഡനക്കേസുകളിൽ വേഗത്തിലുള്ള അന്വേഷണത്തിനും തീർപ്പിനുമായി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കൽ, അടിയന്തര പ്രതികരണ പിന്തുണാ സംവിധാനവുമായി (ERSS-112) ബന്ധപ്പെട്ട വിഷയങ്ങൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആയുഷ്മാൻ ഭാരത്-പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന, എല്ലാ ഗ്രാമങ്ങളുടെയും നിശ്ചിത ചുറ്റളവിൽ ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കൽ, റെയിൽവേ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പരിസ്ഥിതി അനുമതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ അർബൻ മാസ്റ്റർ പ്ലാനിംഗ്, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രാഥമിക കാർഷിക വായ്പ സംഘങ്ങളെ (PACS) ശക്തിപ്പെടുത്തൽ, പോഷൺ അഭിയാനിലൂടെ കുട്ടികളിലെ പോഷകാഹാരക്കുറവ് നിർമാർജനം, സ്കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറയ്ക്കൽ, ആയുഷ്മാൻ ഭാരത്-പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ പൊതു ആതുരാലയങ്ങളുടെ പങ്കാളിത്തം, സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
-SK-
( റിലീസ് ഐ.ഡി: 2307591)
സന്ദര്‍ശക കൗണ്ടര്‍ : 7