ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഗുവഹാത്തിയിലെ ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

പോസ്റ്റഡ് ഓണ്‍: 06 SEP 2026 6:05PM by PIB Thiruvananthpuram
ആരോഗ്യ മേഖലയിലേക്ക് കടക്കുന്ന യുവ പ്രൊഫഷണലുകൾ കാരുണ്യവും ധാർമ്മികതയും ശാസ്ത്രീയ മികവും ഉയർത്തിപ്പിടിക്കണമെന്നും തങ്ങളുടെ അറിവും നൈപുണ്യവും മാനവരാശിയുടെ സേവനത്തിനായി സമർപ്പിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ  (SSUHS) ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ 2023, 2024, 2025 വർഷങ്ങളിലെ പ്രശസ്തമായ ഡോ. ജോൺ ബെറി വൈറ്റ് പുരസ്കാര വിതരണവും ഉപരാഷ്ട്രപതി നിർവഹിച്ചു.

ബിരുദദാനച്ചടങ്ങിൽ സംസാരിക്കവെ, മഹാപുരുഷ ശ്രീമന്ത ശങ്കരദേവൻ്റെ   പേരിൽ അറിയപ്പെടുന്ന ഈ സർവകലാശാല ആരോഗ്യശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം, പൊതുജനാരോഗ്യം എന്നിവയിൽ പ്രധാനപ്പെട്ടൊരു സ്ഥാപനമായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്ര വിജ്ഞാനം പ്രാദേശിക ഭാഷകളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആംഗ്ലോ-അസമീസ് മെഡിക്കൽ ഡിക്ഷണറിയും മെഡിക്കൽ പാഠപുസ്തകങ്ങളും അസമീസ് ഭാഷയിൽ പ്രസിദ്ധീകരിച്ച സർവകലാശാലയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇന്ത്യയുടെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങൾ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. 44 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പദ്ധതിയിലൂടെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ചികിത്സാ ചെലവിനത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായും ഓർമ്മിപ്പിച്ചു.
 
അസമിൻ്റെ   ആരോഗ്യരംഗത്തുണ്ടായ വർദ്ധിച്ച പുരോഗതിയെ ഉയർത്തിക്കാട്ടിയ അദ്ദേഹം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 2021-ലെ ഏഴിൽ നിന്ന് നിലവിൽ 15 ആയി ഉയർത്തുക വഴി ഇത് ഇരട്ടിയിലധിക വർദ്ധിച്ചുവെന്ന്  പറഞ്ഞു. കൂടാതെ ഒൻപത് മെഡിക്കൽ കോളേജുകളുടെ നിർമ്മാണം കൂടി പുരോഗമിക്കുകയാണ്. വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ എയിംസ് ആയ 'എയിംസ് ഗുവാഹത്തി'യെക്കുറിച്ചും, സംസ്ഥാനത്തെ ആദ്യത്തെ പ്രോട്ടോൺ ബീം തെറാപ്പി സെൻ്റർ  ഉൾപ്പെടുന്ന അസമിൻ്റെ   ത്രിതല കാൻസർ കെയർ ശൃംഖലയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം ശക്തമാക്കിയതിന് മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയെയും അസം ഗവണ്മെൻ്റിനെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ആരോഗ്യരംഗത്തുണ്ടായ ഈ വലിയ മാറ്റങ്ങൾ കാരണം അസമിന് പുറത്തുനിന്നുള്ള രോഗികളും അത്യാധുനിക ചികിത്സയ്ക്കായി ഇപ്പോൾ ഗുവാഹത്തിയെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
യുവജനങ്ങൾ ആരോഗ്യകരവും അച്ചടക്കമുള്ളതുമായ ജീവിതം നയിക്കണമെന്ന് ആഹ്വാനം ചെയ്ത ശ്രീ സി. പി. രാധാകൃഷ്ണൻ, ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് അകന്നുനിൽക്കാനും 'ലഹരിമുക്ത ഇന്ത്യ' പടുത്തുയർത്തുന്നതിൽ പങ്കാളികളാകാനും അവരോട് അഭ്യർത്ഥിച്ചു. സമൂഹ മാധ്യമങ്ങളെ സർഗ്ഗാത്മകമായി ഉപയോഗിക്കണമെന്നും അതിൽ അമിതമായി സമയം കളയരുതെന്നും ഉപദേശിച്ചു. 
 
 
'വികസിതവും സുസ്ഥിരവുമായ ഇന്ത്യ'എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ആരോഗ്യരംഗത്തെ യുവ പ്രൊഫഷണലുകൾക്ക് നിർണായക പങ്കുണ്ടെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, ബിരുദം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പ്രവൃത്തികളിൽ വിജയവും ആശംസിച്ചു.
 
ചടങ്ങിൽ, അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ, മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ വകുപ്പ് മന്ത്രി ശ്രീ അശോക് സിംഗാൾ, വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗു, ചീഫ് സെക്രട്ടറി ഡോ. രവി കോട്ട, എസ്.എസ്.യു.എച്ച്.എസ്. വൈസ് ചാൻസലർ ഡോ. അനൂപ് കുമാർ ബർമൻ എന്നിവരും അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
 
 
***
 

( റിലീസ് ഐ.ഡി: 2307229) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Tamil