PIB Backgrounder
azadi ka amrit mahotsav

കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ

ഇന്ത്യയുടെ കയറ്റുമതി സാധ്യതകളെ ഓരോ ജില്ലയിലേക്കും എത്തിക്കുന്നു

പോസ്റ്റഡ് ഓണ്‍: 02 SEP 2026 11:50AM by PIB Thiruvananthpuram

ഇന്ത്യയുടെ കയറ്റുമതി യാത്ര ശ്രദ്ധേയമായ വളർച്ച കൈവരിച്ചെങ്കിലും, ഈ കുതിപ്പ് നിലനിർത്താൻ കൂടുതൽ സമഗ്രവികസന സമീപനം ആവശ്യമാണ്. കയറ്റുമതി വളർച്ച യാഥാർത്ഥ്യമാക്കാനുള്ള ഒരു ചട്ടക്കൂടാണ് 'കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ' (ഡിഇഎച്ച്) എന്ന സംരംഭം. ആഗോള സാധ്യതയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും തിരിച്ചറിഞ്ഞ് പ്രാദേശിക ഉത്പാദകരെ അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഓരോ ജില്ലയെയും കയറ്റുമതി കേന്ദ്രമാക്കി ഇത് മാറ്റുന്നു. 'ഒരു ജില്ല ഒരു ഉൽപ്പന്നം' (ODOP) എന്ന ആശയത്തിൽ അധിഷ്ഠിതമായി, കേന്ദ്ര-സംസ്ഥാന പദ്ധതികളെയും സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും ഒരേ കുടക്കീഴിൽ അണിനിരത്തുന്ന ഒരു സംയോജിത സമീപനമാണ് ഡിഇഎച്ച് സ്വീകരിക്കുന്നത്. ജില്ലാതല ശേഷികളെ കണ്ടെത്തി അവയെ അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഡിഇഎച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും എംഎസ്എംഇകളെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ കയറ്റുമതി വളർച്ചയെ കൂടുതൽ സമഗ്രവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.


എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഒരു ജില്ലാതല കയറ്റുമതി മാതൃക ആവശ്യമായി വന്നു

ഇന്ത്യയുടെ വളർച്ചാ പ്രയാണത്തിലെ നിർണായക ഘടകമായി കയറ്റുമതി മാറി. വിദേശ വിപണികളിൽ നിന്ന് നേടുന്ന ഓരോ രൂപയും നാട്ടിലെ തൊഴിലവസരങ്ങൾക്കും വരുമാനത്തിനും വ്യവസായങ്ങൾക്കും കരുത്തേകുന്നു. 2024-25 കാലഘട്ടത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക്, സേവന കയറ്റുമതി സർവ്വകാല റെക്കോർഡായ 825.25 ബില്യൺ അമേരിക്കൻ ഡോളറിലെത്തി, 2025-26-ൽ ഇത് ഏകദേശം 863.11 ബില്യൺ അമേരിക്കൻ ഡോളറായി വീണ്ടും വർദ്ധിച്ചു. ദശാബ്ദങ്ങളായി കയറ്റുമതി പ്രവർത്തനങ്ങൾ ഏതാനും ചില വ്യവസായ ക്ലസ്റ്ററുകളിലും തുറമുഖ നഗരങ്ങളിലും മാത്രമായി ഒതുങ്ങിനിന്നിരുന്നു. തനതായ, ഉയർന്ന ഗുണനിലവാരമുള്ള  ഉൽപ്പന്നങ്ങൾ കൈവശമുണ്ടായിരുന്നിട്ടും പല ചെറു നഗരങ്ങളും ഗ്രാമീണ ജില്ലകളും വിദൂര പ്രദേശങ്ങളും കയറ്റുമതി പട്ടികയിൽ ഇടംനേടിയിരുന്നില്ല. ബസ്തറിലെ ഇരുമ്പ് കരകൗശല വസ്തുക്കൾ, ജൽഗാവിലെ വാഴപ്പഴങ്ങൾ, മേഘാലയയിലെ മന്ദാരിൻ ഓറഞ്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ പ്രയോജനപ്പെടുത്താത്ത ഉൽപ്പന്ന ശേഷിയ്ക്ക് ഉദാഹരണമാണ്.


ഈ അവസരം തിരിച്ചറിഞ്ഞുകൊണ്ട്, ഓരോ ജില്ലയെയും അതിൻ്റെ തനതായ ശേഷി പ്രയോജനപ്പെടുത്തി രാജ്യത്തിൻ്റെ കയറ്റുമതി വളർച്ചയ്ക്ക് സംഭാവന നൽകാൻ പ്രാപ്തമാക്കുന്ന ജില്ലാതല കയറ്റുമതി തന്ത്രം ഗവണ്മെൻ്റ് അവതരിപ്പിച്ചു.
 

ഒരു ജില്ല ഒരു ഉൽപ്പന്നം മുതൽ ഡിഇഎച്ച് വരെ: ചട്ടക്കൂടിൻ്റെ പരിണാമം

 

ഓരോ ജില്ലയുടെയും ശേഷിയും വിഭവങ്ങളും ഉപയോഗപ്പെടുത്താനും അതിൻ്റെ കയറ്റുമതി സാധ്യതകൾ തുറക്കാനുമാണ് 'കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ' (ഡിഇഎച്ച്) സംരംഭം ആരംഭിച്ചിരിക്കുന്നത്. ഓരോ ജില്ലയെയും ഉൽപ്പാദന യൂണിറ്റ് മാത്രമായിട്ടല്ല, മറിച്ച് ഒരു കയറ്റുമതി ആസൂത്രണ യൂണിറ്റായാണ് കണക്കാക്കുന്നത്. പ്രാദേശിക സംരംഭങ്ങൾക്ക് ആഗോള വിപണിയിലെത്താനും മത്സരശേഷി മെച്ചപ്പെടുത്താനും ജില്ലാതല സാമ്പത്തിക വളർച്ച കൈവരിക്കാനും ഇത് സഹായിക്കുന്നു. 'ആത്മനിർഭർ ഭാരത്', 'വോക്കൽ ഫോർ ലോക്കൽ' എന്നീ വിശാലമായ കാഴ്ചപ്പാടുകളുമായും ഇത് ചേർന്നുപോകുന്നു


നിങ്ങൾക്ക് അറിയാമോ?

2018-ൽ ഉത്തർപ്രദേശിൻ്റെ സംസ്ഥാന സംരംഭമായാണ് 'ഒരു ജില്ല ഒരു ഉൽപ്പന്നം'  ആരംഭിച്ചത്. ദേശീയ തലത്തിൽ വ്യാപിപ്പിക്കുന്നതിന് മുൻപ് മൊറാദാബാദിലെ ചെമ്പ് വ്യവസായത്തെ അടിസ്ഥാനമാക്കിയാണ് ഇത് രൂപീകരിച്ചത്.

 

'ഒരു ജില്ല ഒരു ഉൽപ്പന്നം' പദ്ധതിയിൽ നിന്നാണ് ഡിഇഎച്ചിൻ്റെ കഥ ആരംഭിക്കുന്നത്. പ്രാദേശിക വിഭവങ്ങളെ  സാമ്പത്തിക അവസരമാക്കി മാറ്റിക്കൊണ്ട്, ഓരോ ജില്ലയിൽ നിന്നും വ്യത്യസ്തമായ ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കാനും ബ്രാൻഡ് ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമാണ് 'ഒരു ജില്ല ഒരു ഉൽപ്പന്നം' ലക്ഷ്യമിട്ടത്.

 

A blue and white timeline with icons

 

ഈ സമീപനം കൂടുതൽ ശക്തമാക്കുന്നതിനായി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ (ഡിജിഎഫ്ടി) കീഴിലുള്ള ഡിഇഎച്ച് സംരംഭത്തിലൂടെ വാണിജ്യ വകുപ്പ്, ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിനുമുപരിയായി സമഗ്രമായ കയറ്റുമതി പ്രോത്സാഹനത്തിലേക്കും ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ വ്യാപിപ്പിച്ചിട്ടുണ്ട്. 2026 ജനുവരിയിലെ കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള 770-ലധികം ജില്ലകളിൽ ഡിഇഎച്ച് സംരംഭം വ്യാപിപ്പിച്ചു. ഇത് വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും കയറ്റുമതി ആസൂത്രണത്തിൽ മൊത്തത്തിലുള്ള സംയോജനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

 

 

പുതിയ ഫണ്ടിംഗ് പദ്ധതിയെന്നതിലുപരി, വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് കീഴിലുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്ന ഒരു സംയോജിത ചട്ടക്കൂടായിട്ടാണ് ഡിഇഎച്ച് അവതരിപ്പിക്കപ്പെടുന്നത്. ഇത് താഴെത്തട്ടിൽ കയറ്റുമതിയും ഉൽപ്പാദനവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നു. അതുവഴി, ജില്ലാതലത്തിലുള്ള കയറ്റുമതി വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ജില്ലയുടെ കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


സ്ഥാപനപരമായ ഘടന

കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങൾ തമ്മിലുള്ള ഏകോപനത്തിൽ വിവിധ തലത്തിലുള്ള സംവിധാനത്തിലാണ് ഡിഇഎച്ച് പ്രവർത്തിക്കുന്നത്. മൊത്തത്തിലുള്ള നയപരമായ മാർഗ്ഗനിർദ്ദേശം വാണിജ്യ വകുപ്പ് നൽകുമ്പോൾ, പദ്ധതി നടപ്പാക്കലിന് ഡിജിഎഫ്ടി നേതൃത്വം നൽകുകയും ഓഹരി ഉടമകളുടെ ഏകോപനം സുഗമമാക്കുകയും പുരോഗതി നിരീക്ഷിക്കുകയും ചെയ്യുന്നു.

 

  • സംസ്ഥാന തലത്തിൽ, സംസ്ഥാന കയറ്റുമതി പ്രോത്സാഹന കമ്മിറ്റികൾ (എസ് ഇ പി സികൾ) പദ്ധതി നടപ്പാക്കലിന് മാർഗ്ഗനിർദ്ദേശം നൽകുകയും വിവിധ വകുപ്പുകൾ തമ്മിലുള്ള സംയോജനം ഉറപ്പാക്കുകയും ചെയ്യുന്നു.
  • ജില്ലാ തലത്തിൽ, ജില്ലാ കയറ്റുമതി പ്രോത്സാഹന കമ്മിറ്റികൾ (ഡി ഇ പി സികൾ) കയറ്റുമതി സാധ്യതകൾ കണ്ടെത്തുകയും പ്രാദേശിക വെല്ലുവിളികൾ പരിഹരിക്കുകയും വ്യവസായങ്ങൾ, കയറ്റുമതിക്കാർ, മറ്റ് ഓഹരി ഉടമകൾ എന്നിവരുമായി ഏകോപനം നടത്തുകയും ചെയ്യുന്നു.


ജില്ലാ കയറ്റുമതി കർമപദ്ധതി (DEAP-കൾ) തയ്യാറാക്കുകയെന്നത് ഡി ഇ പി സികളുടെ ഒരു പ്രധാന ചുമതലയാണ്. കയറ്റുമതി സാധ്യതയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഇതിലൂടെ തിരിച്ചറിയുന്നു, കൂടാതെ   അടിസ്ഥാന സൗകര്യങ്ങളും ചരക്കുകടത്തും വിലയിരുത്തുന്നു. കൂടാതെ, മത്സരശേഷിയും വിപണി പ്രവേശനവും മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും അവ ശുപാർശ ചെയ്യുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, 590 ജില്ലകൾക്കായി കരട്  DEAP-കൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ 249 എണ്ണം അതത്  ഡി ഇ പി സികൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

ജില്ലാതല കയറ്റുമതി ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുക

മത്സരശേഷിയുള്ള ഒരു ഉൽപ്പന്നത്തേക്കാൾ ഉപരിയായി മറ്റു പലതും കയറ്റുമതി മേഖലയിൽ ആവശ്യമാണ്. കയറ്റുമതി സാധ്യത ശക്തിപ്പെടുത്തുന്നതിനായി കയറ്റുമതിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം, ഗുണനിലവാര മാനദണ്ഡങ്ങൾ, വിപണി പ്രവേശനം എന്നിവയിലെ അവബോധം വർധിപ്പിക്കാനും കയറ്റുമതിക്കാരുടെ ശേഷി വികസനത്തിനും ഡിഇഎച്ച് പദ്ധതി ജില്ലകളെ സഹായിക്കുന്നു.

ഉൽപ്പന്നങ്ങളും സേവനങ്ങളും തിരിച്ചറിയൽ

ജില്ലകളിലുടനീളമുള്ള കയറ്റുമതിക്ക് യോഗ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഡിഇഎച്ച് തിരിച്ചറിയുന്നു. ജിഐ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ, കാർഷിക ക്ലസ്റ്ററുകൾ, കളിപ്പാട്ട ക്ലസ്റ്ററുകൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ജില്ലാതല മാപ്പിംഗ്, കൃത്യമായ കയറ്റുമതി തന്ത്രങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്നു. കയറ്റുമതി സാധ്യതയുള്ള ചില ഉൽപ്പന്നങ്ങൾ താഴെ പറയുന്നവയാണ്:

 

 

ഉൽപ്പന്നം

ജില്ല

സംസ്ഥാനം

സെറാമിക് & ടൈൽസ്, ഉരുളക്കിഴങ്ങ്

സബർകാന്ത

ഗുജറാത്ത്

ധാതുക്കൾ, കാർഷിക സംസ്കരണം, ഗ്ലാസ്, ടൈലുകൾ

ആരവല്ലി

ഗുജറാത്ത്

ജൽഗാവ് വാഴപ്പഴം, ജൽഗാവ് ഭരിത് വഴുതന

ജൽഗാവ്

മഹാരാഷ്ട്ര

ഓറഞ്ച്

അഗർ മാൾവ

മധ്യപ്രദേശ്

ബസ്തർ ഇരുമ്പുൽപ്പന്നങ്ങൾ, അരി, ജോവർ, ചോളം

ബസ്തർ

ഛത്തീസ്ഗഡ്

മുളയുൽപ്പന്നങ്ങൾ, കശുവണ്ടി

ജംതാര

ഝാർഖണ്ഡ്

 

ജില്ലകളിലുടനീളമുള്ള ഡിഇഎച്ച് ഉൽപ്പന്നങ്ങളുടെ ലിങ്ക് ഇവിടെ നിന്നും ലഭ്യമാണ്.:


ആഗോള നിലവാരം പുലർത്തുക
 

ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ, ഈ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിലുള്ള നിയമപരമായ മാനദണ്ഡങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനായി, ഗുണനിലവാര പരിശോധനാ സൗകര്യങ്ങൾ, പാക്കേജിംഗ്, ബ്രാൻഡിംഗ്, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ച് അവബോധം വളർത്താനും ശേഷി വികസിപ്പിക്കുന്നതിനും ഡിഇഎച്ച് പിന്തുണ നൽകുന്നു.

 

ഡിജിറ്റൽ കയറ്റുമതി സാധ്യമാക്കൽ

ഡിജിറ്റൽ സംവിധാനങ്ങളുടെ ലഭ്യത എല്ലാ ബിസിനസ്സുകൾക്കും, വിശേഷിച്ച് വിദൂര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നവക്ക് പോലും അന്താരാഷ്ട്ര തലത്തിൽ വിപണി വ്യാപിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഡിഇഎച്ച് സംരംഭത്തിന് കീഴിൽ ആമസോൺ, ഷിപ്റോക്കറ്റ്, ഡിഎച്ച്എൽ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തം, ചരക്കുകൂലിയിലെ വ്യതിയാനം നേരിടാൻ എംഎസ്എംഇകൾക്ക് ചെലവ് കുറഞ്ഞ കൊറിയർ ഷിപ്പിംഗ് ബദലുകൾ നൽകുന്നു. ഡോക്യുമെൻ്റേഷൻ, പാക്കേജിംഗ്, ചെറിയ ദൂരങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയ്ക്കായി ചെലവ് കുറഞ്ഞ തപാൽ കയറ്റുമതി സൗകര്യങ്ങൾ നൽകിക്കൊണ്ട് 'ഡാക് ഘർ നിർയാത് കേന്ദ്രങ്ങൾ' ഈ സേവനം കൂടുതൽ വ്യാപിപ്പിക്കുന്നു.

ശേഷി വികസനവും ബോധവൽക്കരണവും

കയറ്റുമതി ശേഷി വളർത്തുന്നതിനായി, ഡിജിഎഫ്ടി പ്രാദേശിക കേന്ദ്രങ്ങൾ, ജില്ലാ ഭരണകൂടങ്ങളുമായി ചേർന്ന് ചരക്കുകടത്ത് ആസൂത്രണം, കയറ്റുമതി നടപടിക്രമങ്ങൾ, പാക്കേജിംഗ് മാനദണ്ഡങ്ങൾ, നിയന്ത്രണ പാലനം എന്നിവയടക്കം ശേഷി വികസനം, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. ഈ ബോധവൽക്കരണ പരിപാടികളുടെ വിജയത്തിനായി വിവിധ സംരംഭങ്ങൾ സജീവമായി സംഭാവന ചെയ്തിട്ടുണ്ട്. എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ECGC), കരകൗശല കയറ്റുമതി പ്രോത്സാഹന കൗൺസിൽ (EPCH), ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (FIEO), എംഎസ്എംഇ മന്ത്രാലയം, ഇന്ത്യ പോസ്റ്റ്, എക്സിം ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ കയറ്റുമതിക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഈ പരിപാടികൾ നൽകിയിട്ടുണ്ട്. പേയ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിശ്വാസ്യത, വാങ്ങുന്നയാളെ സ്ഥിരീകരിക്കൽ തുടങ്ങിയ ഇ-കൊമേഴ്‌സ് നടപടികളുമായി  ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും അവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

താഴെത്തട്ടിലെ സംരംഭങ്ങൾക്ക് വികസന പ്രോത്സാഹനം

പ്രത്യേക സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഡിഇഎച്ചിന് പിന്തുണ ലഭിക്കുന്നത്. തിരഞ്ഞെടുത്ത ജില്ലകളിൽ കയറ്റുമതി ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി ഡിജിഎഫ്ടി, എക്സിം ബാങ്കുമായിപങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഈ സഹകരണത്തിൻ്റെ ഭാഗമായി, അനന്തപൂർ, റായ്പൂർ, സോളൻ, തിരുപ്പൂർ, കാൺപൂർ, കൊൽഹാപൂർ എന്നീ ആറ് ജില്ലകളെ, എക്സിം ബാങ്കിൻ്റെ അടിസ്ഥാനതല വികസന പദ്ധതിക്ക് (GRID) കീഴിൽ പിന്തുണയ്ക്കുന്നു. ഈ സംരംഭം മേഖലധിഷ്ഠിത പരിമിതികളെ അഭിമുഖീകരിക്കുകയും അർഹരെ തിരിച്ചറിയുകയും കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുന്നതിന് ജില്ലാതല ഇടപെടലുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് അറിയാമോ?

ഇന്ത്യയുടെ നെയ്ത്ത് തലസ്ഥാനമായ തിരുപ്പൂർ, 2025-26 സാമ്പത്തിക വർഷത്തിൽ 46,000 കോടി രൂപയുടെ റെക്കോർഡ് കയറ്റുമതി കൈവരിച്ചു. 2030 ഓടെ 1 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഇപ്പോൾ ലക്ഷ്യമിടുന്നത്. 2030-ഓടെ വസ്ത്ര കയറ്റുമതി 38 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർത്തുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അനുസൃതമാണിത്.

 

 

ഡിഇഎച്ച് നടപ്പിലാക്കലിന് ലക്ഷ്യ കേന്ദ്രീകൃതമായ സമീപനം

 

പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിനായി, 2026 ജൂൺ 1 മുതൽ കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ സംരംഭത്തിന് കീഴിൽ ഫലപ്രാപ്തി ലക്ഷ്യമിട്ടുകൊണ്ടുള്ള ഘട്ടം ഘട്ടമായ സമീപനം ഗവണ്മെൻ്റ് സ്വീകരിച്ചിരിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനായി 24 ഡിജിഎഫ്ടി പ്രാദേശിക അതോറിറ്റികളുടെയും 11 പങ്കാളി ഏജൻസികളുടെയും പിന്തുണയുണ്ട്. നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ സംയോജനം, ജി.ഐ ഉൽപ്പന്നങ്ങളുടെയും എംഎസ്എംഇ ക്ലസ്റ്ററുകളുടെയും ഉപയോഗം എന്നിവയിലൂടെ പുതിയ കയറ്റുമതിക്കാരുടെ രജിസ്ട്രേഷൻ, കയറ്റുമതിയുടെ മൂല്യവർദ്ധന തുടങ്ങിയവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.


ഈ ഡിഇഎച്ച് ചട്ടക്കൂട് സംയുക്തമായി ജില്ലകളിലെ ദീർഘകാലമായുള്ള ഘടനാപരമായ തടസ്സങ്ങൾ മറികടക്കാനും, പ്രാദേശിക ഉൽപ്പാദന ശേഷിയെ കയറ്റുമതി അവസരങ്ങളാക്കി മാറ്റാനും സഹായിക്കുന്നു.

മുന്നോട്ടുള്ള പാത

 

ചില വ്യവസായ കേന്ദ്രങ്ങളിൽ മാത്രം വളർച്ച കേന്ദ്രീകരിക്കുന്ന രീതിയിൽ നിന്ന് മാറി, രാജ്യത്തെ ഓരോ ജില്ലയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് ഇന്ത്യയുടെ കയറ്റുമതി തന്ത്രത്തിൽ കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ സംരംഭം ഒരു വലിയ മാറ്റം അടയാളപ്പെടുത്തുന്നു. പ്രാദേശിക ശക്തികളെ മെച്ചപ്പെട്ട കയറ്റുമതി ശേഷി, വിപണി പ്രവേശനം, സംഘടിത പിന്തുണ എന്നിവയുമായി സംയോജിപ്പിച്ച് കൂടുതൽ സമഗ്രവും കരുത്തുറ്റതുമായ ഒരു കയറ്റുമതി ആവാസവ്യവസ്ഥയാണ് ഈ പദ്ധതി സൃഷ്ടിക്കുന്നത്.


ഒരു ട്രില്ല്യൻ യുഎസ് ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനം അത്യന്താപേക്ഷിതമാണ്. ഇത് പ്രാദേശിക സമ്പദ്‌ വ്യവസ്ഥയെ വ്യാപാരം, നിക്ഷേപം, തൊഴിൽ എന്നിവയുടെ ചാലകശക്തികളാക്കി മാറ്റുകയും, രാജ്യത്തുടനീളം കയറ്റുമതി അധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കുകയും  ചെയ്യും.


അവലംബം:
Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2197651&reg=3&lang=1

https://content.dgft.gov.in/Website/dgftprod/a667478a-d204-4d95-a71c-a58452e1c6d9/Note%20-%20Districts%20as%20Export%20Hubs%20Initiative.pdf

https://sansad.in/getFile/loksabhaquestions/annex/187/AU5109_bmg27T.pdf?source=pqals

https://www.facebook.com/DeptofCommerceIndia/videos/india-is-strengthening-district-level-export-competitiveness-through-the-distric/1826517751372921/

https://www.pib.gov.in/PressReleasePage.aspx?PRID=2280927&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2244401&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=1897408&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2201284&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2256724&reg=3&lang=1

DD News

https://ddnews.gov.in/en/services-boom-drives-indias-exports-to-record-usd-863-billion-in-2025-26/

Other organizations

https://ifpuat.gujarat.gov.in/DIGIGOV/digigov.htm;jsessionid=-VKltUfx4n22mbT4IYiYjyFavY2jMvzQVM49b4Hn.DIGIGOV?actionFlag=getDistrictAsExportHubForView&pagedisp=static

https://silpasathi.wb.gov.in/export-hub/

https://prsindia.org/policy/report-summaries/implementation-of-the-districts-as-export-hubs-initiative

https://eodbodisha.odisha.gov.in/Home/DEH

ODOP

https://odopup.in/en#district-products

IBEF

https://www.ibef.org/news/government-expands-deh-initiative-to-boost-district-level-export-competitiveness

PIB Archives

https://www.pib.gov.in/PressReleasePage.aspx?PRID=2217539&reg=3&lang=1

Click here to see pdf

PIB Research

****


( റിലീസ് ഐ.ഡി: 2306906) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Bengali , Bengali-TR , Gujarati , Tamil