PIB Backgrounder
azadi ka amrit mahotsav

സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി

''ഇന്ത്യയുടെ വികേന്ദ്രീകൃത ധാന്യ സംഭരണത്തെ ശക്തിപ്പെടുത്തുന്നു''

പോസ്റ്റഡ് ഓണ്‍: 03 SEP 2026 12:23PM by PIB Thiruvananthpuram

ഇന്ത്യയുടെ കാർഷിക ഉത്പാദനവും ഭക്ഷ്യസുരക്ഷാ ശ്രമങ്ങളും രാജ്യത്തുടനീളം വികേന്ദ്രീകൃത ധാന്യ സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കുന്നു. 2023-ൽ തുടക്കമിട്ട സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പി.എ.സി.എസ്) വഴി ശേഖരണ, സംസ്‌കരണ, സംഭരണ, വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിലവിലുള്ള ഗവണ്മെൻ്റ് പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് സംയോജിതവും സഹകരണാധിഷ്ഠിതവുമായ ഒരു സമീപനമാണ് പദ്ധതി അവലംബിക്കുന്നത്. സ്ഥാപനപരമായ ഏകോപനത്തിലൂടെയും സാമ്പത്തിക സഹായ സംവിധാനങ്ങളിലൂടെയും ഇത് പിന്തുണയ്ക്കപ്പെടുന്നു. 11 സംസ്ഥാനങ്ങളിലും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലും 9,750 മെട്രിക് ടൺ സംഭരണ ശേഷിയുള്ള പരീക്ഷണ പദ്ധതികളിൽ ആരംഭിച്ച ഈ സംരംഭം ക്രമേണ വിപുലീകൃതമായി. 2026 ജൂലൈ വരെ, രാജ്യത്തുടനീളമുള്ള 313 പി.എ.സി.എസുകളിൽ ഗോഡൗൺ നിർമ്മാണം പൂർത്തിയായി, ഇത് 1.80 ലക്ഷം മെട്രിക് ടണ്ണിലധികം സംഭരണ ശേഷി സൃഷ്ടിച്ചു. ഗുണനിലവാര മാനദണ്ഡങ്ങൾ, സുതാര്യത, പ്രവർത്തന ലാഭക്ഷമത എന്നിവയ്ക്കും ഈ ചട്ടക്കൂട് ഊന്നൽ നൽകുന്നു.

 

വളരുന്ന കാർഷിക സമ്പദ് വ്യവസ്ഥയ്ക്കായി സംഭരണ ശേഷി വർദ്ധിപ്പിക്കൽ:

പരമ്പരാഗത ശേഖരണ രീതികൾ, വികേന്ദ്രീകൃത പ്രാദേശിക സംവിധാനങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഇന്ത്യയുടെ ധാന്യ സംഭരണ സംവിധാനം പരിണമിച്ചത്. ഈ സംയോജിത സമീപനം ഭക്ഷ്യ സംരക്ഷണം ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുകയും ചെയ്തു. മൺപാത്രങ്ങൾ, ഭൂഗർഭ കുഴികൾ, മണ്ണ് മെഴുകിയ ശേഖരണ ഘടനകൾ തുടങ്ങിയ പരമ്പരാഗത ശേഖരണ രീതികൾ സംഭരണശാലകൾക്കും സ്വതന്ത്രമായി നിലകൊള്ളുന്ന വൻസംഭരണ (സൈലോ അധിഷ്ഠിത) അടിസ്ഥാന സൗകര്യങ്ങൾക്കും ഒപ്പം ഇപ്പോഴും തുടർന്ന് പോരുന്നു. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന കാർഷിക ഉത്പാദനവും വർദ്ധിച്ചുവരുന്ന ഭക്ഷ്യസുരക്ഷാ ആവശ്യകതകളും രാജ്യത്തുടനീളം ആധുനികവും വികേന്ദ്രീകൃതവുമായ സംഭരണ സൗകര്യങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചിരിക്കുന്നു.


മൂന്നാമത് മുൻകൂർ കണക്കെടുപ്പ് (2025-26) പ്രകാരം, രാജ്യത്തിൻ്റെ മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം 376.563 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ വർഷത്തെ 357.732 ദശലക്ഷം ടൺ ഉത്പാദനത്തേക്കാൾ ഏകദേശം 18.8 ദശലക്ഷം ടൺ (5.3 ശതമാനം) കൂടുതലാണ്.  2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ ഏകദേശം 80 കോടി ആളുകളെ ഉൾക്കൊള്ളുന്ന, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ ഒന്ന് ഇന്ത്യ നടപ്പിലാക്കുന്നു. ഈ ആവശ്യകതകൾ നിറവേറ്റുന്നത് ധാന്യ സംഭരണ സൗകര്യങ്ങളുടെ ശക്തമായ ശൃംഖലയെ ആശ്രയിച്ചിരിക്കുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും  (എഫ്.സി.ഐ)  സംസ്ഥാന ഏജൻസികളും കൈകാര്യം ചെയ്യുന്ന കേന്ദ്രീകൃത സംഭരണ അടിസ്ഥാന സൗകര്യങ്ങൾ പ്രധാനപ്പെട്ടതായി നിലകൊള്ളുന്നുവെങ്കിലും, വികേന്ദ്രീകൃത സൗകര്യങ്ങൾ ഒരുപോലെ അനിവാര്യമാണ്. ഉത്പാദന കേന്ദ്രങ്ങൾക്ക് അടുത്തായി സംഭരണം നടത്തേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര സഹകരണ മന്ത്രാലയം എടുത്തുപറഞ്ഞിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങൾക്കിടയിലുള്ള ഗതാഗത ചെലവ് കുറയ്ക്കുക, ഭക്ഷ്യധാന്യ പാഴാക്കൽ കുറയ്ക്കുക, ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുക എന്നിവയിൽ ഈ സൗകര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 



 

ഈ സാഹചര്യത്തിൽ, സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി 2023 മെയ് 31 ന് ഒരു പരീക്ഷണ പദ്ധതിയായി ആരംഭിക്കുകയായിരുന്നു. സഹകരണ സ്ഥാപനങ്ങൾ വഴി വികേന്ദ്രീകൃത ധാന്യ സംഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പിനെ ഈ സംരംഭം അടയാളപ്പെടുത്തി. സഹകരണ ചട്ടക്കൂടിൽ അടിയുറച്ച ഈ സംരംഭം ഇനിപ്പറയുന്നവ ലക്ഷ്യമിടുന്നു:
 

  • ഭക്ഷ്യധാന്യ പാഴാക്കൽ കുറയ്ക്കുകയും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുക
  • പ്രതിസന്ധിഘട്ടങ്ങളിലെ നിർബന്ധിത വിൽപ്പന ഒഴിവാക്കുന്നതിനും മികച്ച വില സാക്ഷാത്കാരം ഉറപ്പാക്കുന്നതിനും കർഷകർക്ക് കൂടുതൽ വഴക്കം നൽകുക,
  • സംഭരണ കേന്ദ്രങ്ങൾ, സംഭരണശാലകൾ, ന്യായവില കടകൾ എന്നിവയ്ക്കിടയിലുള്ള ഗതാഗത ചെലവ് കുറയ്ക്കുക,
  • കാർഷിക പ്രവർത്തനങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ (പി.എ.സി.എസ്) പങ്ക് വികസിപ്പിക്കുക (വായ്പയെടുക്കുന്ന ഗ്രാമീണമേഖലയിലുള്ളവർക്ക് ഹ്രസ്വകാല വായ്പയും സാമ്പത്തിക സേവനങ്ങളും നൽകുകയും തിരിച്ചടവുകൾ ശേഖരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗ്രാമതല സ്ഥാപനങ്ങളാണ് പി.എ.സി.എസുകൾ). കൂടാതെ,
  • കർഷകർക്കായി ഉയർന്ന വരുമാന അവസരങ്ങളെ പിന്തുണയ്ക്കുക.

സംയോജിത അടിസ്ഥാന സൗകര്യ, സംയോജന ചട്ടക്കൂട്

സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി പി.എ.സി.എസ് തലത്തിൽ സംയോജിത കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. നിലവിലുള്ള ഗവണ്മെൻ്റ് പദ്ധതികളുടെ സമന്വയത്തിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്:

 

  • കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട് (എ.ഐ.എഫ്) പദ്ധതി - വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനും ധനസഹായവും പലിശ ഇളവ് പിന്തുണയും നൽകുന്നു.
  • കാർഷിക വിപണന അടിസ്ഥാന സൗകര്യ പദ്ധതി (എ.എം.ഐ)-  ഭക്ഷ്യധാന്യ സംഭരണ സൗകര്യങ്ങളുടെ നിർമ്മാണത്തിന് വായ്പ തിരിച്ചടവിൻ്റെ അവസാനഘട്ടത്തിൽ മൂലധന സബ്സിഡി നൽകുന്നു.
  • കാർഷിക യന്ത്രവത്കരണ ഉപദൗത്യം (എസ്.എം.എ.എം)- കാർഷികയന്ത്ര വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കുന്നു.
  • പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ ഔപചാരികവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ) - സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ ഔപചാരികവത്കരണവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു.
  • ഈ പദ്ധതികളുടെ സംയോജനം പി.എ.സി.എസുകളെ സംയോജിത ഗ്രാമീണ സേവന കേന്ദ്രങ്ങളായി പരിണമിക്കാനും, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും, മൂല്യ ശൃംഖലകൾ വർദ്ധിപ്പിക്കാനും, കർഷകരുടെ വരുമാനം മെച്ചപ്പെടുത്താനും പ്രാപ്തമാക്കുന്നു.

 

സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതിക്ക് കീഴിലുള്ള പ്രധാന സൗകര്യങ്ങളും സേവനങ്ങളും:

  • കർഷകർക്ക് വാടകയ്ക്ക് നൽകുന്നതിനായി കാർഷിക യന്ത്രങ്ങൾ സംഭരിക്കാൻ കാർഷിക വാടകയന്ത്ര കേന്ദ്രങ്ങൾ പി.എ.സി.എസുകളെ പ്രാപ്തമാക്കുന്നു. ഉപകരണങ്ങളിൽ ട്രാക്ടറുകൾ, കൊയ്ത്തു യന്ത്രങ്ങൾ, ടില്ലറുകൾ, മറ്റ് കാർഷിക യന്ത്രങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടാം.
  • ന്യായവില കടകൾ പ്രാദേശിക സമൂഹങ്ങൾക്കുള്ളിൽ ധാന്യ വിതരണവും സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ വിൽപ്പനയും സാധ്യമാക്കുന്നു.
  • പ്രാഥമിക സംസ്‌കരണ യൂണിറ്റുകൾ ധാന്യം വൃത്തിയാക്കൽ, തരംതിരിക്കൽ, ഉണക്കൽ തുടങ്ങിയ സംസ്‌കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അതുവഴി ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും വിപണനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • സംസ്ഥാന ഏജൻസികൾക്കും എഫ്.സി.ഐയ്ക്കുമായി പി.എ.സി.എസുകൾ നടത്തുന്ന ധാന്യ സംഭരണത്തെ സംഭരണ കേന്ദ്രങ്ങൾ പിന്തുണയ്ക്കുന്നു.
  • സഹകരണ സംഭരണ മാതൃകയിൽ 50 മെട്രിക് ടൺ (എം.ടി), 100 മെട്രിക് ടൺ, 200 മെട്രിക് ടൺ ശേഷിയുള്ള സ്വതന്ത്രമായി നിലകൊള്ളുന്ന വൻസംഭരണ അധിഷ്ഠിത ശേഖരണ അടിസ്ഥാന സൗകര്യങ്ങൾ പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നു.



 


ഈ പദ്ധതിക്ക് കീഴിൽ പങ്കാളികളാകുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കായുള്ള സ്ഥാപനപരവും യോഗ്യതാ സംബന്ധവുമായ മാനദണ്ഡങ്ങളും ഈ നിർവഹണ ചട്ടക്കൂട് നിഷ്‌കർഷിക്കുന്നു.

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെയും സ്ഥാപനപരമായ ചട്ടക്കൂടിൻ്റെയും തിരഞ്ഞെടുപ്പ്

''മാർഗദർശിക'' (പൊതു പ്രവർത്തന നടപടിക്രമം) അനുസരിച്ച്, ജില്ലാ സഹകരണ വികസന സമിതികളാണ്  (ഡി.സി.ഡി.സി) പി.എ.സി.എസുകളെ തിരഞ്ഞെടുക്കുന്നതും അംഗീകരിക്കുന്നതും. സംഭരണ ആവശ്യകതയുള്ള പ്രദേശങ്ങളിലാണ് പി.എ.സി.എസുകളെ തിരഞ്ഞെടുക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പദ്ധതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. പി.എ.സി.എസുകൾക്ക് സ്വന്തമായി ഭൂമി ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഈ ഭൂമി വെള്ളക്കെട്ടുള്ളതോ വനപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നതോ ആകരുത്. ഭൂമി വിനിയോഗിക്കുന്നതിന് പി.എ.സി.എസ് അംഗങ്ങളുടെ സമ്മതം ആവശ്യമാണ്. പാട്ടത്തിനെടുക്കുന്ന ഭൂമിക്ക്, പാട്ടക്കാലാവധി 20 വർഷത്തിൽ കൂടുതലായിരിക്കണം.

 



 

നിർവഹണ സംവിധാനം:

സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയാണ് ദേശീയ സഹകരണ വികസന കോർപ്പറേഷൻ (എൻ.സി.ഡി.സി). ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ ഏകോപനത്തിലൂടെയാണ് പദ്ധതി നിർവഹണത്തെ പിന്തുണയ്ക്കുന്നത്.

ദേശീയ തലത്തിൽ, പദ്ധതിയുടെ മൊത്തത്തിലുള്ള നടത്തിപ്പ് നിരീക്ഷിക്കുന്നത് ഒരു അന്തർ-മന്ത്രിസഭാ സമിതി (ഐ.എം.സി) ആണ്. പങ്കാളികളാവുന്ന സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തന ഏകോപനത്തെ ദേശീയ തല ഏകോപന സമിതി (എൻ.എൽ.സി.സി) പിന്തുണയ്ക്കുന്നു. സംസ്ഥാന സഹകരണ വികസന സമിതികളും (എസ്.സി.ഡി.സി) ജില്ലാ സഹകരണ വികസന സമിതികളും (ഡി.സി.ഡി.സി) സംസ്ഥാന, ജില്ലാ തലങ്ങളിലെ നിർവഹണത്തെയും ഏകോപനത്തെയും പിന്തുണയ്ക്കുന്നു.

സാമ്പത്തിക പിന്തുണയും പദ്ധതി പ്രായോഗികതയും

പദ്ധതിയുടെ പ്രായോഗികത മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്മെൻ്റ് പദ്ധതി പ്രകാരം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എ.എം.ഐ പദ്ധതിയ്ക്ക് കീഴിലുള്ള സബ്‌സിഡി 25 ശതമാനത്തിൽ നിന്ന് 33.33 ശതമാനമായി ഉയർത്തൽ, വായ്പ, വാങ്ങൽ ഇടപാടുകളിൽ സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ടി തുക (മാർജിൻ മണി) ആവശ്യകത 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കൽ, ഗോഡൗൺ നിർമ്മാണത്തിനുള്ള ചെലവ് മാനദണ്ഡങ്ങൾ പരിഷ്‌കരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അർഹതയുള്ള പദ്ധതികൾക്ക് കീഴിലുള്ള പലിശ ഇളവ്, വായ്പാ പിന്തുണാ സംവിധാനങ്ങൾ എന്നിവയിൽ സാമ്പത്തിക സഹായം ലഭ്യമാണ്. എ.എം.ഐ പദ്ധതിയ്ക്ക് കീഴിൽ, അർഹതയുള്ള പദ്ധതികൾക്കുള്ള സബ്സിഡി മാർഗനിർദേശക ഏജൻസിയായി ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് (നബാർഡ്) പ്രവർത്തിക്കുന്നു. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുമാണ് പി.എ.സി.എസുകൾക്കായുള്ള പ്രാഥമിക വായ്പാ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നത്. നിർവഹണ ചട്ടക്കൂടിന് കീഴിൽ വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഈ സ്ഥാപനങ്ങൾക്കാണ് ഉത്തരവാദിത്തം.

പങ്കാളിത്തമുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് നബാർഡിൻ്റെ പ്രത്യേക പുനർവായ്പാ സൗകര്യവും പദ്ധതി ഉപയോഗപ്പെടുത്തുന്നു. എ.ഐ.എഫ് പ്രകാരം ലഭ്യമായ 3 ശതമാനം പലിശ നിരക്ക് ഇളവുമായി കൂട്ടിയിണക്കുമ്പോൾ, പദ്ധതി പ്രകാരം പി.എ.സി.എസുകൾക്കുള്ള ഫലപ്രദമായ വായ്പ പലിശ നിരക്ക് ഒരു ശതമാനമായി കുറയുന്നു.

നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി, പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ട യോഗ്യമായ ഗോഡൗണുകളുടെ ഉറപ്പായ വാടകയ്‌ക്കെടുക്കലിലൂടെ പിന്തുണയ്ക്കാൻ എഫ്.സി.ഐയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ നടപടി സംഭരണ പദ്ധതികളുടെ സാമ്പത്തിക ലാഭക്ഷമത വർദ്ധിപ്പിക്കുകയും പി.എ.സി.എസുകളുടെ വർധിത പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഘടന പ്രായോഗികതലത്തിൽ കൊണ്ടുവന്നതിന് ശേഷം, ഘട്ടം ഘട്ടമായുള്ള വിപുലീകരണ കാര്യനയത്തിലൂടെ നിർവഹണം പുരോഗമിക്കുന്നു.

പരീക്ഷണം മുതൽ വിപുലീകരണം വരെ

പരീക്ഷണ പദ്ധതികളിൽ തുടങ്ങി വിപുലീകൃതമായ വ്യാപനത്തിലേക്ക് നീങ്ങുന്ന, ഘട്ടം ഘട്ടമായുള്ള നിർവ്വഹണ കാര്യനയത്തിലൂടെയാണ് പദ്ധതി പുരോഗമിച്ചത്. പരീക്ഷണ ഘട്ടത്തിന് കീഴിൽ, 11 സംസ്ഥാനങ്ങളിലായി 11 പി.എ.സി.എസുകളിൽ ഗോഡൗൺ നിർമ്മാണം പൂർത്തിയാക്കി, ഇത് 9,750 മെട്രിക് ടൺ സംഭരണ ശേഷി സൃഷ്ടിച്ചു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, തെലങ്കാന, അസം, കർണാടക, ത്രിപുര എന്നിവിടങ്ങളിൽ പരീക്ഷണ പദ്ധതികൾ നടപ്പിലാക്കി. സഹകരണ തലത്തിൽ പ്രാദേശിക സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെ പ്രായോഗികത തെളിയിക്കുന്നതിനും ഈ പരീക്ഷണ പദ്ധതികൾ പ്രവർത്തനപരമായ ഒരു പ്രധാന അടിത്തറ നൽകി.

ഈ അടിത്തറയിൽ കെട്ടിപ്പടുക്കുന്നതിലൂടെ, നിർവഹണം ഗണ്യമായി വികസിച്ചു. 2026 ജൂലൈ വരെ, പദ്ധതി പ്രകാരം 1012 പി.എ.സി.എസുകളെ അല്ലെങ്കിൽ സഹകരണ സംഘങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. 2026 ജൂലൈ വരെ, 1.80 ലക്ഷം മെട്രിക് ടണ്ണിലധികം സംഭരണ ശേഷി സൃഷ്ടിച്ചുകൊണ്ട് 313 പി.എ.സി.എസുകളിൽ ഗോഡൗണുകളുടെ നിർമ്മാണവും പൂർത്തിയായി.

 

 

ഈ പുരോഗതി ആശയ രൂപവത്കരണത്തിൽ നിന്ന് വിപുലമായ നടപ്പാക്കലിലേക്കുള്ള സംക്രമണത്തെ പ്രതിഫലിപ്പിക്കുന്നു.

 

സഹകരണ സംഭരണം പ്രവർത്തനത്തിൽ: നേർപിംഗളൈ പി.എ.സി.എസ്

മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള നേർപിംഗളൈ പി.എ.സി.എസ്, സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി പ്രകാരം 3,000 മെട്രിക് ടൺ ശേഷിയുള്ള സംഭരണശാല നിർമ്മിച്ചു. കാർഷിക വിപണന അടിസ്ഥാനസൗകര്യം (എ.എം.ഐ), കാർഷിക അടിസ്ഥാനസൗകര്യ നിധി  (എ.ഐ.എഫ്) പദ്ധതികൾ പ്രകാരം ഈ പദ്ധതിക്ക് പിന്തുണ ലഭ്യമായി. നബാർഡിൻ്റെ പുനർവായ്പാ പിന്തുണയോടെ, പദ്ധതിക്കുള്ള ഫലപ്രദമായ വായ്പ പലിശ നിരക്ക് ഒരു ശതമാനമായി കുറച്ചു. ഏകദേശം 300 കർഷകർ ഏകദേശം 32,000 ചാക്ക് സോയാബീൻ സംഭരണശാലയിൽ സൂക്ഷിക്കുന്നുണ്ട്. സംഭരിച്ച ഉത്പന്നങ്ങൾക്കുള്ള ഈടായി ഏകദേശം 4.50 കോടി രൂപ സംഘം മുൻകൂർ തുകയായി നൽകിയിട്ടുണ്ട്. ഇത് കർഷകർക്ക് പണലഭ്യത കൈവരിക്കാനും പ്രതിസന്ധി ഘട്ടത്തിലെ നിർബന്ധിത വിൽപ്പന കുറയ്ക്കാനും സഹായിക്കുന്നു. വാടക വരുമാനത്തിലൂടെ പ്രതിവർഷം 7.68 ലക്ഷം രൂപയും വാർഷിക പലിശ വരുമാനത്തിലൂടെ ഏകദേശം 54 ലക്ഷം രൂപയും പി.എ.സി.എസ് നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


പരിസര പ്രദേശങ്ങളിലെ കർഷകർക്ക് സംഭരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹകരണ സംഘത്തിൻ്റെ വരുമാന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഈ സംഭരണശാലകൾ സഹായിച്ചിട്ടുണ്ട്. ഈ സംരംഭം പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. വികേന്ദ്രീകൃത സംഭരണ അടിസ്ഥാന സൗകര്യങ്ങൾ കർഷക പിന്തുണാ സംവിധാനങ്ങളെയും ഗ്രാമീണ സഹകരണ സ്ഥാപനങ്ങളെയും എങ്ങനെ പിന്തുണയ്ക്കുമെന്നത് ഇത് തെളിയിക്കുന്നു.
 

 


 

നേർപിംഗളൈ പി.എ.സി.എസ് സംഭരണശാലയും സംഘ അംഗവും ഉറവിടം: കേന്ദ്ര സഹകരണ മന്ത്രാലയം 

 

ഗുണനിലവാര മാനദണ്ഡങ്ങൾ, ബ്രാൻഡ് ചെയ്യൽ, സുതാര്യത

പദ്ധതി പ്രകാരം സൃഷ്ടിച്ച സംഭരണ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏകീകൃത ബ്രാൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതി ലഭ്യമാക്കുന്നു. ഓരോ സംഭരണ ഘടനയിലും അംഗീകൃത ധാന്യ സംഭരണ ലോഗോയും നിർദ്ദിഷ്ട വർണ്ണ ക്രമീകരണവും പ്രദർശിപ്പിക്കണം. സംരംഭത്തിന് തിരിച്ചറിയാവുന്ന ഒരു സ്വത്വം സൃഷ്ടിക്കുകയും പങ്കാളികൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

 


 

ഗുണനിലവാര ഉറപ്പ്:

സംഭരണശാലാ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ ഈ മാതൃകയിൽ പ്രതിപാദിക്കുന്നു. സംഭരണ ഘടനകളെല്ലാം സംഭരണശാല വികസന നിയന്ത്രണ അതോറിറ്റിയുടെ  (ഡബ്ല്യു.ഡി.ആർ.എ) മാനദണ്ഡങ്ങൾ പാലിക്കുകയും പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് അനുയോജ്യമാവുകയും വേണം. ധാന്യങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും കേടുവരാതെ സൂക്ഷിക്കുന്നതിനുമുള്ള ശരിയായ വായുസഞ്ചാര സംവിധാനങ്ങൾക്കൊപ്പം, നിർമ്മാണത്തിൽ ഈടുനിൽക്കുന്നതും ലോഹനാശത്തെ പ്രതിരോധിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിക്കണം.

രൂപകൽപ്പനാ നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് പരിശോധനകളും ഗുണനിലവാര ഓഡിറ്റുകളും ആവശ്യമാണ്. പി.എ.സി.എസ് അംഗങ്ങൾ പദ്ധതി പുരോഗതി നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, നിർവ്വഹണ സമീപനത്തിന് കീഴിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളെയും ചെലവുകളെയും കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ പദ്ധതി കൈകാര്യം ചെയ്യുന്ന കൺസൾട്ടൻ്റുകൾ (പി.എം.സി) പങ്കിടുന്നു.

പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.

 

ഇന്ത്യയുടെ വികേന്ദ്രീകൃത ധാന്യ സംഭരണ ശൃംഖല ശക്തിപ്പെടുത്തൽ


സഹകരണ മേഖലയിലെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി, സഹകരണ സ്ഥാപനങ്ങൾ വഴി കാർഷിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സംയോജിത സമീപനത്തെ പ്രതിനിധീകരിക്കുന്നു. ശേഖരണം, സംസ്‌കരണം, സംഭരണം, വിതരണം എന്നിവ പി.എ.സി.എസ് തലത്തിൽ ബന്ധിപ്പിക്കുന്നതിലൂടെ, ഉത്പാദന കേന്ദ്രങ്ങൾക്ക് സമീപമുള്ള ഭക്ഷ്യധാന്യ കൈകാര്യത്തെ പദ്ധതി ശക്തിപ്പെടുത്തുന്നു.
ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുന്നതിനും, പാഴാക്കൽ കുറയ്ക്കുന്നതിനും, ഗ്രാമീണ സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായിക്കുന്നു. നിലവിലുള്ള പദ്ധതികളുടെ സംയോജനം, സ്ഥാപനപരമായ ഏകോപനം, സാമ്പത്തിക പിന്തുണാ സംവിധാനങ്ങൾ എന്നിവയിലൂടെ പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള വിപുലീകരണത്തിന് പിന്തുണ ലഭ്യമാവുന്നു. രാജ്യത്തെ വികേന്ദ്രീകൃത കാർഷിക അടിസ്ഥാന സൗകര്യങ്ങളും ദീർഘകാല ഭക്ഷ്യധാന്യ കൈകാര്യ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സഹകരണാധിഷ്ഠിത സമീപനത്തെ ഈ ചട്ടക്കൂട് പ്രതിഫലിപ്പിക്കുന്നു.

അവലംബം.

 

Ministry of Cooperation

https://www.cooperation.gov.in/en/worlds-largest-grain-storage-plan-cooperative-sector-0

https://www.pib.gov.in/PressReleasePage.aspx?PRID=2146718&reg=3&lang=2

https://www.cooperation.gov.in/sites/default/files/2025-08/DGSP%20English%20Margdarshika%20SOP.pdf

https://www.cooperation.gov.in/en/worlds-largest-decentralized-grain-storage-program-cooperative-sector-ensure-food-security

https://www.pib.gov.in/PressReleasePage.aspx?PRID=2241928&reg=3&lang=1

 

Ministry of Agriculture and Farmers Welfare and ICAR

http://www.ftic.co.il/2016NewDelhiPDF/PP047-052-A008-SESSION02.pdf

https://agriwelfare.gov.in/Documents/Time_Series_3rdAE_2025_26_En.pdf

 

Ministry of Consumer Affairs, Food & Public Distribution

https://dfpd.gov.in/WriteReadData/AnnualRecordUploadDocuments/b9c640b8-5889-4ffd-a62d-5b56c5d4f029_Food%20AR%202024-25%20English%20small%20size.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2210211

 

Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

 

PIB Backgrounder

https://www.pib.gov.in/PressReleseDetailm.aspx?PRID=2172351&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2215759&reg=3&lang=2

https://www.pib.gov.in/FactsheetDetails.aspx?Id=150721&reg=48&lang=1

 

Click to see pdf

 

***


( റിലീസ് ഐ.ഡി: 2306904) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil