വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

എൻ‌ഒ‌സി പ്രക്രിയ ലളിതവും യാന്ത്രികവുമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി അവലോകനം ചെയ്തു; 15 ദിവസത്തിനുള്ളിൽ സമയബന്ധിതമായ നടപടിക്ക് നിർദ്ദേശം

പോസ്റ്റഡ് ഓണ്‍: 02 SEP 2026 4:58PM by PIB Thiruvananthpuram

സിവിൽ വ്യോമയാന മേഖലയിൽ ബിസിനസ് സുഗമമാക്കുന്നതിനുള്ള നടപടികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ കിഞ്ചരപു രാംമോഹൻ നായിഡു സിവിൽ വ്യോമയാന മന്ത്രാലയത്തിലെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെയും (എഎഐ)മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചു ചേർത്തു. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) നൽകുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും യോഗം ഊന്നൽ നൽകി.

എൻ‌ഒ‌സി പ്രക്രിയ തടസ്സരഹിതവും, സുതാര്യവും, യാന്ത്രിക(ഓട്ടോമേറ്റ്)വും, സമയബന്ധിതവുമാക്കേണ്ടതിൻ്റെ   ആവശ്യകത യോഗത്തിൽ, ശ്രീ റാംമോഹൻ നായിഡു എടുത്തു പറഞ്ഞു, മാനുഷിക ഇടപെടൽ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പൊതുജനങ്ങൾ, ജനസമൂഹങ്ങൾ, നിർമ്മാതാക്കൾ, വ്യവസായ മേഖല എന്നിവയ്ക്ക് സൗകര്യമൊരുക്കുക എന്നതാണ് നിർദ്ദിഷ്ട പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്, അതോടൊപ്പം വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണ ആവശ്യകതകൾ കൃത്യമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ, അപേക്ഷ സമർപ്പിക്കുന്ന പ്രാരംഭ ഘട്ടത്തിൽ തന്നെ അനുവദനീയമായ കെട്ടിട ഉയരം അപേക്ഷകർക്ക് മുന്നിൽ വ്യക്തമാക്കുന്നതിനുള്ള സാധ്യതയും മന്ത്രി ചർച്ച ചെയ്തു. ഇത്തരമൊരു സംവിധാനം നിലവിലുള്ള ഉയര നിയന്ത്രണങ്ങളെക്കുറിച്ച് അപേക്ഷകർക്കും മറ്റ് ബന്ധപ്പെട്ട പങ്കാളികൾക്കും തുടക്കത്തിൽ തന്നെ വ്യക്തമായ ധാരണ നൽകുകയും, അതനുസരിച്ച് കെട്ടിട വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും കൂടുതൽ കാര്യക്ഷമമായി തീരുമാനങ്ങൾ എടുക്കാനും അവരെ സഹായിക്കുകയും ചെയ്യും.

അനുമതികൾ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഊന്നൽ നൽകുന്ന എയറോനോട്ടിക്കൽ പഠനങ്ങളുമായി ബന്ധപ്പെട്ട പ്രക്രിയയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രാരംഭ ഘട്ടത്തിൽ സൈറ്റിലെ ഭൗതിക പരിശോധനയുടെ ആവശ്യകത പരമാവധി കുറയ്ക്കുന്നതിനും, കെട്ടിട വികസന പദ്ധതികളും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതിൻ്റെ   ആവശ്യകത യുക്തിസഹമാക്കുന്നതിനുമുള്ള സാധ്യതകൾ യോഗം വിലയിരുത്തി.

 

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആപ്ലിക്കേഷൻ സിസ്റ്റത്തിൻ്റെ  (NOCAS) നിലവിലെ ഭൂമിശാസ്ത്രപരമായ പരിധിയും യോഗത്തിൽ അവലോകനം ചെയ്തു. നിലവിൽ, VFR (വിഷ്വൽ ഫ്ലൈറ്റ് റൂൾസ്) പ്രവർത്തനങ്ങൾക്ക് 20 കിലോമീറ്ററും IFR (ഇൻസ്ട്രുമെൻ്റ്  ഫ്ലൈറ്റ് റൂൾസ്) പ്രവർത്തനങ്ങൾക്ക് 56 കിലോമീറ്ററും പരിധിയിൽ NOCAS സേവനം ലഭ്യമാണ്. സാധ്യമായ ഇടങ്ങളിൽ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (ULB) തലത്തിൽ തന്നെ NOC നൽകുന്നതിനുള്ള സാധ്യതയും യോഗം പരിഗണിച്ചു. ഇതിലൂടെ വ്യക്തികൾക്കും വ്യവസായങ്ങൾക്കും NOC ലഭിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ (AAI) നേരിട്ട് സമീപിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാനും അനുമതി നടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാനും കഴിയും.

 

മേൽപ്പറഞ്ഞ നടപടികൾ ഉൾപ്പെടെ, എൻ‌ഒ‌സി പ്രക്രിയ ലളിതമാക്കുന്നതിനും,യാന്ത്രികമാക്കുന്നതിനും, വികേന്ദ്രീകരിക്കുന്നതിനുമുള്ള രീതികൾ പരിശോധിച്ച് തയ്യാറാക്കാനും, 15 ദിവസത്തിനുള്ളിൽ അവ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ശ്രീ റാംമോഹൻ നായിഡു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

 

വ്യോമയാന സുരക്ഷയിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും വരുത്താതെ, അനുമതി നടപടികൾ വേഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കുകയും, ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിവരങ്ങളും വെബ്‌സൈറ്റ് ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ലളിതവും പ്രവചനീയവും സുതാര്യവുമായ ഒരു എൻഒസി ചട്ടക്കൂട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് സഹായകമാകുമെന്നും, ഇതിലൂടെ നിക്ഷേപം വർധിപ്പിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തിൻ്റെ   മൊത്തത്തിലുള്ള ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

****


( റിലീസ് ഐ.ഡി: 2306140) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi