ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇടതുതീവ്രവാദ ഭീതിയിൽ നിന്നും സമാധാനത്തിലേക്കും പുരോഗതിയിലേക്കും അവസരങ്ങളിലേക്കുമുള്ള ഛത്തീസ്ഗഢിൻ്റെ പ്രയാണത്തിൻ്റെ പ്രതീകമാണ് റായ്പൂർ എയിംസ്: ഉപരാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
02 SEP 2026 1:07PM by PIB Thiruvananthpuram
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (എയിംസ്) റായ്പൂരിലെ മൂന്നാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, വിശ്വാസം, ജീവിതം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ , ബിരുദദാന ചടങ്ങ് എന്നത് കേവലം ഒരു ആഘോഷ നിമിഷം മാത്രമല്ല, മറിച്ച് വലിയൊരു ഉത്തരവാദിത്തത്തിൻ്റെ നിമിഷം കൂടിയാണെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. "ഇന്ന് നിങ്ങൾ ബിരുദങ്ങൾ ഏറ്റുവാങ്ങുന്നു, നാളെ ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യവും വിശ്വാസവും ജീവനുമെന്ന വിലമതിക്കാനാവാത്ത വലിയൊരു ദൗത്യം നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കപ്പെടുകയാണ്". അദ്ദേഹം പറഞ്ഞു.
2012-ൽ സ്ഥാപിതമായതു മുതൽ, പ്രത്യേകിച്ച് മദ്ധ്യേന്ത്യയിലെ ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെ പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കുന്നതിൽ റായ്പൂർ എയിംസ് വഹിച്ച സുപ്രധാന പങ്കിനെ ഉപരാഷ്ട്രപതി ഉയർത്തിക്കാട്ടി. പരിമിതമായ കാലയളവിനുള്ളിൽ, ഈ സ്ഥാപനം ഛത്തീസ്ഗഢിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗ്രാമീണ-ഗോത്രവർഗ്ഗ സമൂഹങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് സേവനം നൽകുന്ന സുപ്രധാന ഉന്നത ചികിത്സാ സ്ഥാപനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയിംസ് റായ്പൂരിൻ്റെ വളർച്ച ഛത്തീസ്ഗഢിൽ പ്രകടമാകുന്ന അവിശ്വസനീയമായ മാറ്റത്തിൻ്റെ പ്രതിഫലനമാണെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു.
ദശാബ്ദങ്ങളായി ഛത്തീസ്ഗഢിൻ്റെ ചില ഭാഗങ്ങൾ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കവെ, ദുർഘടമായ ഭൂപ്രകൃതിയും ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും ഇടതുപക്ഷ തീവ്രവാദവും വികസനത്തിന് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നതായി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.വിദൂര ഗോത്ര മേഖലകളിൽ നിലനിന്നിരുന്ന ഭയവും അക്രമവും റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ വികസനത്തെ തടസ്സപ്പെടുത്തി. ഇത് അവശ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിന്നും ഇവിടുത്തെ സമൂഹങ്ങളെ അകറ്റി നിർത്തി. ഇത് സംസ്ഥാനത്തെ വലിയ ദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢ് ഭൂതകാലത്തിൻ്റെ നിഴലുകളിൽ നിന്ന് മോചിതമായി സമൃദ്ധിയുടെയും വികസനത്തിൻ്റെയും പുരോഗതിയുടെയും പുതിയ പുലരിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിശ്ചയദാർഢ്യമുള്ള നേതൃത്വത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ തന്ത്രപരമായ നിലപാടുകൾക്കും മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായിയുടെ അർപ്പണബോധമുള്ള ഭരണത്തിനുമാണ് ഈ മാറ്റത്തിൻ്റെ ക്രെഡിറ്റെന്നും ശ്രീ സി.പി.രാധാകൃഷ്ണൻ വ്യക്തമാക്കി.
പതിറ്റാണ്ടുകളായുള്ള നക്സൽ ഭീഷണിക്ക് അറുതി വരുത്തിയതായും ഒരുകാലത്ത് അക്രമത്തിൻ്റെ പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, കണക്റ്റിവിറ്റി, നിക്ഷേപം, അവസരങ്ങൾ എന്നിവയിലൂടെ കൂടുതലായി തിരിച്ചറിയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിക്കും ഉറച്ച സുരക്ഷാ നയത്തിനും വികസനത്തിലധിഷ്ഠിതമായ ഭരണത്തിനും വരുത്താനാകുന്ന മാറ്റത്തിൻ്റെ മികച്ച ഉദാഹരണമാണ് ഛത്തീസ്ഗഢിലെ ഈ പരിവർത്തനമെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഭയത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും യുഗത്തിൽ നിന്ന് സമാധാനത്തിൻ്റെയും പുരോഗതിയുടെയും സാധ്യതകളുടെയും യുഗത്തിലേക്ക് നീങ്ങുന്ന പുതിയ ഛത്തീസ്ഗഢിൻ്റെ ഏറ്റവും മികച്ച പ്രതീകങ്ങളിലൊന്നാണ് റായ്പൂർ എയിംസ് എന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു.
ഉന്നതതല ആരോഗ്യ പരിപാലനത്തിലും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളിലും ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഛത്തീസ്ഗഢിലെ ആദ്യ സ്വാപ്പ് വൃക്ക മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കലിലെ 95 ശതമാനത്തിലധികം വിജയനിരക്ക്, കോർണിയ മാറ്റിവെക്കൽ, ഇയർ ഇംപ്ലാൻ്റുകൾ എന്നിവ മേഖലയിൽ ആധുനിക ചികിത്സ എത്ര വേഗത്തിലാണ് ലഭ്യമാകുന്നത് എന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൃദയം മാറ്റിവെക്കൽ പദ്ധതിയ്ക്കുള്ള അനുമതി മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസിത ഇന്ത്യ എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന് സന്തുലിത വികസനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി ,രാജ്യത്തെ ഓരോ സംസ്ഥാനവും ജില്ലയും ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ ഈ ലക്ഷ്യം പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ ലഭ്യത വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിൻ്റെ കാതലായ ഭാഗമാണെന്ന് പ്രസ്താവിച്ച അദ്ദേഹം,ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വിപുലീകരണത്തെ എടുത്തുപറയുകയും ചെയ്തു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീ പങ്കാളിത്തത്തിൽ വൻ വർദ്ധനയുണ്ടായതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-15ൽ 1.57 കോടിയായിരുന്നു വിദ്യാർത്ഥിനികളുടെ പ്രവേശനമെങ്കിൽ അത് 2023-24 ഓടെ 42.2 ശതമാനം വർദ്ധിച്ച് 2.24 കോടിയായി ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി.റായ്പൂർ എയിംസ് ബിരുദദാന ചടങ്ങിലും 376 സ്ത്രീകളും 313 പുരുഷന്മാരും ബിരുദം സ്വീകരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിരുദധാരികളെ അഭിസംബോധന ചെയ്ത ശ്രീ സി. പി. രാധാകൃഷ്ണൻ, ലഹരിവസ്തുക്കളോട് എപ്പോഴും 'അരുത്' എന്ന് പറയാൻ യുവ ബിരുദധാരികളോട് ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യ അവസാനത്തെ പൗരനിലേക്കും എത്തുന്നതും ഓരോ യുവ ഭാരതീയനും മികച്ചൊരു ഭാവി ആഗ്രഹിക്കാൻ സാധിക്കുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
"നിങ്ങളുടെ അറിവ് രോഗശാന്തി നൽകട്ടെ, നിങ്ങളുടെ ഗവേഷണങ്ങൾ പുതിയ കണ്ടെത്തലുകൾക്ക് വഴിതുറക്കട്ടെ, നിങ്ങളുടെ സേവനം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ," എന്ന് ഉപരാഷ്ട്രപതി ബിരുദധാരികളെ ആശംസിച്ചു.
ചികിത്സാ മികവ്, ശാസ്ത്രീയ നവീകരണം, പൊതുജനാരോഗ്യം, കാരുണ്യപൂർവ്വമായ സേവനം എന്നിവയിൽ റായ്പൂർ എയിംസിന് തുടർവിജയങ്ങൾ ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഛത്തീസ്ഗഢിൻ്റെ ഈ പരിവർത്തനം 'വികസിത ഇന്ത്യ 2047' ലേക്കുള്ള വലിയ പ്രയാണത്തിലെ ഒരു സുപ്രധാന അധ്യായമായി മാറുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണമെഡലുകളും സർട്ടിഫിക്കറ്റുകളും ഉപരാഷ്ട്രപതി വിതരണം ചെയതു.
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമൺ ദേഖ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ,രാസവസ്തു-വളം മന്ത്രാലയ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ, ഛത്തീസ്ഗഢ് ആരോഗ്യ-കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ശ്യാം ബിഹാരി ജയ്‌സ്വാൾ, റായ്പൂർ എം.പി. ശ്രീ ബ്രിജ്മോഹൻ അഗർവാൾ,റായ്പൂർ എയിംസ് പ്രസിഡൻ്റ് പ്രൊഫ. (ഡോ.)സഞ്ജീവ് ഹാൻഡ,റായ്പൂർ എയിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ റിട്ടയേർഡ് ലെഫ്റ്റനൻ്റ് ജനറൽ അശോക് ജിൻഡാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2306047)
സന്ദര്‍ശക കൗണ്ടര്‍ : 11