വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്ക് 9-ാം സ്ഥാപകദിനം (IPPB ദിനം 2026) ആഘോഷിച്ചു; വ്യാപാരികൾക്കായി ഡാക്‌പേ സൗണ്ട് ബോക്‌സും ഉപഭോക്താക്കൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും അവതരിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 01 SEP 2026 7:50PM by PIB Thiruvananthpuram

രാജ്യത്തുടനീളം എല്ലാവർക്കും പ്രാപ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്ക് (IPPB) ഇന്ന് അതിൻ്റെ 9-ാം സ്ഥാപകദിനം ആഘോഷിച്ചു.

ബാങ്കിംഗ് സേവനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ IPPB, ഇന്ത്യ പോസ്റ്റ് ശൃംഖലയുടെ വിപുലമായ വ്യാപ്തിയും ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഏറ്റവും താഴെത്തട്ടിലേക്ക് സാമ്പത്തിക സേവനങ്ങളെത്തിക്കുന്ന സവിശേഷമായ മാതൃകയാണ് കെട്ടിപ്പടുത്തിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പൗരന്മാരെ ബാങ്കിംഗ്, ഡിജിറ്റൽ പണമിടപാടുകൾ, ഗവണ്മെൻ്റ് ആനുകൂല്യങ്ങൾ, മറ്റ് അവശ്യ സാമ്പത്തിക സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന വേദിയായി ഈ ബാങ്ക് മാറിയിട്ടുണ്ട്.

9-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി, വ്യാപാരികൾക്ക് ദൈനംദിന ഡിജിറ്റൽ പണമിടപാടുകൾ സ്വീകരിക്കുന്നത് കൂടുതൽ ലളിതവും  കാര്യക്ഷമവുമാക്കാൻ രൂപകൽപ്പന ചെയ്ത 'ഡാക്പേ സൗണ്ട് ബോക്‌സ്' പുറത്തിറക്കുന്നതായി IPPB പ്രഖ്യാപിച്ചു. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് മേഖലകളിലെ അവസരങ്ങളുമായി ഉപഭോക്താക്കളെ ബന്ധിപ്പിച്ചുകൊണ്ട് ഇൻഷുറൻസ് സേവനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത  'ഡിജിറ്റൽ ഇൻഷുറൻസ് ടെക്നോളജി പ്ലാറ്റ്‌ഫോമും' പുറത്തിറക്കുന്നതായി ബാങ്ക് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ലളിതവും എളുപ്പത്തിൽ പ്രാപ്യവും, തടസ്സമില്ലാത്തതുമായ ഡിജിറ്റൽ നിക്ഷേപാനുഭവം പ്രദാനം ചെയ്യുന്നതിനായി ഒരു 'ഡിജിറ്റൽ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമും' IPPB അവതരിപ്പിച്ചിട്ടുണ്ട്.

ദൈനംദിന ബാങ്കിംഗ്, പണമിടപാട് സേവനങ്ങൾ നൽകുന്നതിനപ്പുറം ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം, സംരക്ഷണം, നിക്ഷേപം എന്നിവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കിക്കൊണ്ട്  IPPB-യുടെ സേവനങ്ങൾ വിപുലപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് പുതുതായി അവതരിപ്പിച്ച ഈ പ്ലാറ്റ്‌ഫോമുകൾ.

പ്രധാന നാഴികക്കല്ലുകൾ (2026 മാർച്ച് 31 വരെയുള്ള കണക്ക്)

  • രാജ്യവ്യാപകമായി 13.25 കോടി ഉപഭോക്താക്കൾ; ഇതിൽ 77 ശതമാനം ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരും 49 ശതമാനം വനിതാ ഉപഭോക്താക്കളുമാണ്. ഈ ഉപഭോക്താക്കൾ 29,104 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിനെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടുള്ളത്.
  • 21.61 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, ഇതിൽ 7.41 ലക്ഷം കോടി രൂപ യുപിഐ ഇടപാടുകളാണ്.
  • 6.5 കോടി ഡിബിടി ഗുണഭോക്താക്കൾക്ക് ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
  • 36,140 കോടി രൂപ വിതരണം ചെയ്തുകൊണ്ട് 12.06 കോടി AePS ഇടപാടുകൾ പൂർത്തിയാക്കി.
  • പെൻഷൻകാർക്കായി 29.43 ലക്ഷം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ നൽകി.
  • 9.47 കോടി ആധാർ മൊബൈൽ അപ്‌ഡേറ്റുകളും 1.35 കോടി ബാല ആധാർ എൻറോൾമെൻ്റുകളും പൂർത്തിയാക്കി.

സാമ്പത്തിക ഉൾച്ചേർക്കൽ യാത്ര മുന്നോട്ട് കൊണ്ടുപോകുന്നതിനായി, കഴിഞ്ഞ ഒരു വർഷത്തിനിടെ IPPB മൂന്ന് ഉൽപ്പന്ന വകഭേദങ്ങൾ പുറത്തിറക്കി:

  1. എസ്എച്ച്ജി സേവിംഗ്സ് അക്കൗണ്ട്: സ്വയംസഹായ സംഘങ്ങൾക്കും ഗ്രാമീണ ചെറുകിട സംരംഭകർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലളിതവും സുരക്ഷിതവുമായ ബാങ്കിംഗ് പരിഹാരം.
  2. സുരക്ഷിത് സേവിംഗ്സ് അക്കൗണ്ട്: പ്രീമിയം സേവിംഗ്സ് അക്കൗണ്ടിൻ്റെ പതിവ് ആനുകൂല്യങ്ങൾക്കൊപ്പം, ഫിഷിംഗ്, സ്പൂഫിംഗ്, സിം ജാക്കിംഗ് എന്നിവക്കെതിരെ 25,000 രൂപയുടെ സൈബർ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
  3. സമ്പൂർണ സേവിംഗ്സ് അക്കൗണ്ട്: പ്രീമിയം സേവിംഗ്സ് അക്കൗണ്ടിൻ്റെ പതിവ് ആനുകൂല്യങ്ങളോടൊപ്പം ആരോഗ്യ ക്ഷേമവും സുരക്ഷിത് സൈബർ പരിരക്ഷയും സംയോജിപ്പിച്ച് സാമ്പത്തിക സുരക്ഷിതത്വവും വ്യക്തിഗത ക്ഷേമവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്നു.


വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സാങ്കേതികവിദ്യ, പരസ്പര പ്രവർത്തനക്ഷമത, ഇന്ത്യ പോസ്റ്റിൻ്റെ വിപുലമായ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി കൂടുതൽ ബന്ധിതവും എല്ലാവരെയും  ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് IPPB ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറഞ്ഞ പണമുപയോഗമുള്ളതും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പിന്തുണയുമുള്ള
സമ്പദ്‌ വ്യവസ്ഥയിലേക്കുള്ള രാജ്യത്തിൻ്റെ സമഗ്രമായ പരിവർത്തനത്തിന് പിന്തുണ നൽകിക്കൊണ്ട്, ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ ഇതുവരെ ശ്രദ്ധേയമായ വളർച്ചയാണ് IPPB രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്കിനെക്കുറിച്ച്

കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പിന് കീഴിൽ, ഇന്ത്യാ ഗവണ്മെൻ്റിൻ്റെ 100 ശതമാനം ഓഹരിയോടെയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്ക് (IPPB) സ്ഥാപിതമായത്. 2018 സെപ്റ്റംബർ ഒന്നിനാണ് IPPB പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ പ്രാപ്യവും ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ബാങ്ക് കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ഈ ബാങ്ക് രൂപീകരിച്ചത്. ഗ്രാമീണ മേഖലകളിലെ ഏകദേശം 1,40,000 പോസ്റ്റ് ഓഫീസുകൾ ഉൾപ്പെടെ രാജ്യത്തെ 1,65,000-ത്തോളം പോസ്റ്റ് ഓഫീസുകളും, മൂന്ന് ലക്ഷത്തോളം തപാൽ ജീവനക്കാരും അടങ്ങുന്ന തപാൽ ശൃംഖലയെ പ്രയോജനപ്പെടുത്തിക്കൊണ്ട്, ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തവർക്കും പരിമിതമായ ബാങ്കിംഗ് സേവനങ്ങൾ മാത്രം ലഭിക്കുന്നവർക്കുമുള്ള തടസ്സങ്ങൾ നീക്കി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലേക്ക് സേവനങ്ങൾ എത്തിക്കുക എന്നതാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്കിൻ്റെ അടിസ്ഥാനപരമായ ദൗത്യം.

***


( റിലീസ് ഐ.ഡി: 2305784) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi