പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പരിസ്ഥിതി സംരക്ഷണത്തിൽ അറിവ് ശക്തിപ്പെടുത്താനും പ്രതിവിധികൾ വിപുലീകരിക്കാനും ശക്തമായ സ്ഥാപന ശേഷി കെട്ടിപ്പടുക്കാനും നാലാമത് ഇൻഡോ-ജർമ്മൻ പരിസ്ഥിതി ഫോറത്തിൽ ആഹ്വാനം ചെയ്ത് ശ്രീ ഭൂപേന്ദർ യാദവ്

പോസ്റ്റഡ് ഓണ്‍: 01 SEP 2026 2:56PM by PIB Thiruvananthpuram

കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ നഷ്ടം, മലിനീകരണം, വിഭവശോഷണം തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികൾക്ക് സംയോജിതവും കൂട്ടായതുമായ പ്രതിവിധികൾ ആവശ്യമാണെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് പറഞ്ഞു. നാലാമത് ഇൻഡോ-ജർമ്മൻ പരിസ്ഥിതി ഫോറത്തിൻ്റെ (IGEF) ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും വിഭവകാര്യക്ഷമവും സുസ്ഥിരവുമായ വികസന പാതകൾ കെട്ടിപ്പടുക്കുന്നതിന് ശക്തമായ സഹകരണം ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് 'കരുത്തോടെ അതിജീവിക്കാൻ, ഒരുമിച്ച്' എന്ന പ്രമേയമെന്ന് ശ്രീ യാദവ് പറഞ്ഞു. ഇന്ന് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ ജർമ്മൻ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണ, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷാ മന്ത്രി കാർസ്റ്റൺ ഷ്നൈഡർക്കൊപ്പം കേന്ദ്രമന്ത്രി സംയുക്തമായി അധ്യക്ഷത വഹിച്ചു.



പരിസ്ഥിതി നയവുമായി ബന്ധപ്പെട്ട് ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി വേദിയാണ് ഇൻഡോ-ജർമ്മൻ പരിസ്ഥിതി ഫോറം. 2008 മുതൽ ഇത് സംഘടിപ്പിച്ചുവരുന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoEFCC), ജർമ്മനിയുടെ ഫെഡറൽ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണ, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷാ മന്ത്രാലയവും (BMUKN) സംയുക്തമായി, ഏഷ്യാ-പസഫിക് കമ്മിറ്റി ഓഫ് ജർമ്മൻ ബിസിനസ് (APA), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം സംഘടിപ്പിച്ചത്.



ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പരിസ്ഥിതി സുസ്ഥിരതയെ ഇനി ഒറ്റപ്പെട്ട വിഷയമായി മാത്രം പരിഗണിക്കാനാകില്ലെന്ന് ശ്രീ യാദവ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഭാവി കെട്ടിപ്പടുക്കുന്നതിന് സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അഭിലാഷങ്ങളും സാമ്പത്തിക വികസനവും പരസ്പരം മത്സരിക്കുന്ന ലക്ഷ്യങ്ങളാകേണ്ടതില്ലെന്ന് ഇന്ത്യയുടെ വികസനാനുഭവം തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയമായി നിർണ്ണയിക്കപ്പെട്ട ലക്ഷ്യങ്ങൾ പ്രകാരമുള്ള പ്രതിബദ്ധതകൾ ഇന്ത്യ നിശ്ചയിച്ച സമയപരിധിക്ക് മുമ്പുതന്നെ തുടർച്ചയായി കൈവരിച്ചുവരികയാണെന്നും, രാജ്യത്ത് പരിസ്ഥിതി രംഗത്ത് നടക്കുന്ന പരിവർത്തനത്തിൻ്റെ വ്യാപ്തിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

വിഭവ കാര്യക്ഷമതയുടെയും ചാക്രിക സമ്പദ്‌ വ്യവസ്ഥയുടെയും സാമ്പത്തിക സാധ്യതകൾ എടുത്തുപറഞ്ഞ മന്ത്രി, 2050-ഓടെ 2 ട്രില്യൺ യുഎസ് ഡോളറിലധികം വിപണി മൂല്യം സൃഷ്ടിക്കാനും ഏകദേശം 10 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയുടെ ചാക്രിക സമ്പദ്‌ വ്യവസ്ഥയ്ക്ക് ശേഷിയുണ്ടെന്ന് പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്ത് 'വിഭവ കാര്യക്ഷമതയും ചാക്രിക സമ്പദ്‌ വ്യവസ്ഥയും സംബന്ധിച്ച വ്യവസായ കൂട്ടായ്മ' രൂപീകരിച്ചത് വിഭവ കാര്യക്ഷമതയെയും ചാക്രിക  സമ്പദ്‌ വ്യവസ്ഥയെയും ആഗോള സാമ്പത്തിക ചർച്ചകളുടെ പ്രധാന വിഷയങ്ങളിലൊന്നാക്കി മാറ്റുന്നതിലെ സുപ്രധാന ചുവടുവെപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



വ്യവസായ മേഖലയിലെ പരിവർത്തനത്തിൻ്റെ അടുത്ത ഘട്ടത്തിൽ സ്റ്റീൽ, സിമൻ്റ്, രാസവസ്തുക്കൾ തുടങ്ങിയ ഉയർന്ന ഊർജ്ജ ഉപഭോഗമുള്ള മേഖലകളെ കാർബൺ വിമുക്തമാക്കുകയെന്ന സങ്കീർണ്ണമായ വെല്ലുവിളി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിവർത്തനത്തിന് നൂതനാശയങ്ങൾ, ശുദ്ധമായ ഊർജ്ജം, വിഭവ കാര്യക്ഷമത, അനുയോജ്യമായ നയ ചട്ടക്കൂടുകൾ, പുതിയ ഉൽപ്പാദന പ്രക്രിയകൾ എന്നിവ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അറിവിൻ്റെയും തെളിവുകളുടെയും അടിത്തറ ശക്തിപ്പെടുത്തുന്നതിലും, കാലാവസ്ഥ, ജൈവവൈവിധ്യം, വിഭവ കാര്യക്ഷമത എന്നീ മേഖലകളിൽ പ്രായോഗികവും വ്യാപിപ്പിക്കാൻ   കഴിയുന്നതുമായ സമീപനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും നടപ്പാക്കലിനായുള്ള ശക്തമായ സ്ഥാപന ശേഷി കെട്ടിപ്പടുക്കുന്നതിലും ഇൻഡോ-ജർമ്മൻ പരിസ്ഥിതി ഫോറം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീ യാദവ് ആവശ്യപ്പെട്ടു. അറിവ്, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിലെ അന്താരാഷ്ട്ര സഹകരണം ഈ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണ്ണായകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാജ്യത്തുടനീളം സോളാർ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചുകൊണ്ട് ഇന്ത്യ നടത്തുന്ന പുനരുപയോഗ ഊർജ്ജത്തിൻ്റെ ദ്രുതഗതിയിലുള്ള വിപുലീകരണം, ലോകത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ജർമ്മൻ മന്ത്രി കാർസ്റ്റൺ ഷ്നൈഡർ പറഞ്ഞു. ശക്തമായ മുന്നേറ്റവും പുരോഗതിയും യുവജനങ്ങളുടെ പ്രചോദനാത്മകമായ നൂതനാശയ മനോഭാവവും ഒത്തിണങ്ങിയ  ഇന്ത്യ യഥാർത്ഥത്തിൽ ഭാവിയുടെ രാജ്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ അടിത്തറ സുദൃഢമാണെന്ന് ജർമ്മൻ മന്ത്രി ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനം സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം മുന്നേറുന്നുവെന്ന് ഉറപ്പാക്കുകയെന്ന പൊതുലക്ഷ്യമാണ് ഇന്ത്യയും ജർമ്മനിയും പങ്കിടുന്നത്. കാലാവസ്ഥാ പൊരുത്തപ്പെടൽ, തണ്ണീർത്തട സംരക്ഷണം എന്നിവയിലെ സഹകരണം വിപുലീകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഇരു രാജ്യങ്ങളും സംയുക്ത പദ്ധതികൾ വികസിപ്പിക്കുമെന്നും അറിവും അനുഭവങ്ങളും പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പരിസ്ഥിതി, കാലാവസ്ഥാ  സഹകരണവുമായി ബന്ധപ്പെട്ട നയരൂപകർത്താക്കൾ, സ്വകാര്യ മേഖലാ പ്രതിനിധികൾ, നയഗവേഷണ സ്ഥാപനങ്ങൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവർക്കിടയിലെ ഉഭയകക്ഷി ആശയവിനിമയത്തിനുള്ള വേദിയായി ഫോറം വർത്തിച്ചു.
മന്ത്രാലയങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, വിദഗ്ദ്ധ സംഘങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഫോറത്തിൽ പങ്കെടുത്തു. വിഷയാധിഷ്ഠിത സെഷനുകളിലൂടെ, ലോ-കാർബൺ വ്യവസായങ്ങൾ; തണ്ണീർത്തടങ്ങൾ, പർവ്വതങ്ങൾ, വനങ്ങൾ എന്നിവയിലെ ജൈവവൈവിധ്യം; ഒരു ബിസിനസ്സ് മാതൃകയെന്ന നിലയിൽ വിഭവ കാര്യക്ഷമതയും ചാക്രിക സമ്പദ്‌ വ്യവസ്ഥയും; സുസ്ഥിര ധനകാര്യം, ഹരിത നൈപുണ്യങ്ങളും നിക്ഷേപ സമാഹരണവും എന്നീ മേഖലകളിലെ വെല്ലുവിളികൾ, പരിഹാരങ്ങൾ, അവസരങ്ങൾ എന്നിവയിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിച്ചു.

 


ഫോറത്തിന് മുന്നോടിയായി, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ചാക്രിക സമ്പദ്‌ വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് സംയുക്ത പ്രവർത്തക സമിതികൾ ഈ വർഷം യോഗം ചേർന്നിരുന്നു. കൈവരിച്ച പുരോഗതിയും പരസ്പര താൽപ്പര്യമുള്ള മേഖലകളും അതാത് സമിതികൾ  ചർച്ച ചെയ്തു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ശക്തവും വളർന്നുവരുന്നതുമായ സാമ്പത്തിക, വ്യാവസായിക ബന്ധങ്ങളുടെയും, സുസ്ഥിര സാങ്കേതികവിദ്യകളിലും ഹരിത സമ്പദ്‌ വ്യവസ്ഥയിലും കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകളുടെയും പശ്ചാത്തലത്തിൽ ഈ ഫോറം ഏറെ പ്രാധാന്യമർഹിക്കുന്നു.

***


( റിലീസ് ഐ.ഡി: 2305709) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil