വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ചിലി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പുരോഗമിക്കുന്നു; ചിലിയൻ ഉപമന്ത്രി പോള എസ്തേവെസ് വെയ്ൻസ്റ്റൈനുമായി വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ കൂടിക്കാഴ്ച നടത്തി
ഇന്ത്യ-ചിലി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കും; ചർച്ചകൾ ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യം
പോസ്റ്റഡ് ഓണ്‍:
30 AUG 2026 10:51AM by PIB Thiruvananthpuram
ഇന്ത്യ-ചിലി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ ചിലിയന്‍ അന്താരാഷ്ട്ര സാമ്പത്തിക കാര്യ ഉപമന്ത്രി ശ്രീമതി പോള എസ്തേവെസ് വെയ്ൻസ്റ്റൈനുമായി 2026 ഓഗസ്റ്റ് 26-ന് ചിലിയിലെ സാൻ്റിയാഗോയിൽ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളിലെയും സംരംഭകർക്കും ജനങ്ങൾക്കും അർത്ഥപൂര്‍ണമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുറന്ന സമീപനത്തോടെയും സുസ്ഥിര ഇടപെടലുകളോടെയും സന്തുലിത കാഴ്ചപ്പാടോടെയും ഇന്ത്യ-ചിലി സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിബദ്ധത ആവർത്തിച്ചു. ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ ഭാഗമെന്ന നിലയില്‍ ഇന്ത്യയുടെയും ചിലിയുടെയും പൊതു സ്വത്വവും തന്ത്രപ്രധാന കാഴ്ചപ്പാടും ഉഭയകക്ഷി സാമ്പത്തിക സഹകരണം ആഴത്തിലാക്കാനും കൂട്ടായ സമൃദ്ധി കൈവരിക്കാനും ശക്തമായ അടിത്തറയൊരുക്കുന്നു.
വളർന്നുവരുന്ന ശക്തമായ ഇന്ത്യ-ചിലി ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിൻ്റെ പ്രാധാന്യം ഇരുപക്ഷവും എടുത്തുപറഞ്ഞു. ഒപ്പം, ഇന്ത്യയുടെയും ചിലിയുടെയും പൊതു ലക്ഷ്യങ്ങളും അഭിലാഷങ്ങളും വ്യാപാര സംരംഭങ്ങൾക്ക് പ്രയോജനപ്പെടുന്ന കൃത്യവും വാണിജ്യ മൂല്യമാര്‍ന്നതുമായ അവസരങ്ങളാക്കി മാറ്റാൻ കരാറിലൂടെ സാധിക്കുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ആരോഗ്യം, ഔഷധ നിർമാണം, ഊർജം, ധാതുക്കൾ, കൃഷി, യന്ത്രസാമഗ്രികൾ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ വിപുലമായ സാമ്പത്തിക സഹകരണത്തിൻ്റെ വിശാല സാധ്യതകൾ വാണിജ്യ സെക്രട്ടറി വിശദീകരിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാര-സാമ്പത്തിക പങ്കാളിത്തത്തിന് കൂടുതൽ കരുത്തേകും.
ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലയ്ക്ക് തുല്യവും വാണിജ്യപരമായി നേട്ടവുമുള്ള ഫലങ്ങൾ ഉറപ്പാക്കുന്ന സന്തുലിതവും പരസ്പരം പ്രയോജനകരവുമായ ചട്ടക്കൂട് രൂപീകരിച്ച് ഈ വർഷത്തിനകം തന്നെ ചർച്ചകൾ പൂർത്തിയാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
വ്യാപാര-നിക്ഷേപ മേഖലകളിൽ കൂടുതൽ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം സാങ്കേതികവിദ്യ, പ്രതിഭാശേഷി, സുസ്ഥിര വിതരണ ശൃംഖലകൾ എന്നിവയിലെ സഹകരണം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയും ചിലിയും തമ്മിലെ ദീർഘകാല സാമ്പത്തിക സഹകരണത്തിന് ശക്തമായ അടിത്തറയൊരുക്കാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



****
( റിലീസ് ഐ.ഡി: 2304668)
സന്ദര്‍ശക കൗണ്ടര്‍ : 5