ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

അലങ്കാര മത്സ്യമേഖലയുടെ വികസനത്തിനായുള്ള "മിഷൻ രംഗീൻ മച്‌ലി 2031" എന്ന തന്ത്രപരമായ കർമ്മപദ്ധതി ഉപരാഷ്ട്രപതി പ്രകാശനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 30 AUG 2026 11:13AM by PIB Thiruvananthpuram

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച ലക്ഷദ്വീപിലെ അഗത്തിയിൽ ഒരു ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. അലങ്കാര മത്സ്യമേഖലയുടെ വികസനത്തിനായുള്ള "മിഷൻ രംഗീൻ മച്‌ലി 2031" എന്ന തന്ത്രപരമായ കർമ്മപദ്ധതി ഉപരാഷ്ട്രപതി ചടങ്ങിൽ പ്രകാശനം ചെയ്യും.

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ ഖോഡ പട്ടേൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വനിതാ മത്സ്യക്കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ മത്സ്യക്കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും നേരിട്ടുള്ള പങ്കാളിത്തവും ചടങ്ങിലുണ്ടാകും. കൂടാതെ കേന്ദ്ര  ഫിഷറീസ് വകുപ്പിലെയും ലക്ഷദ്വീപ് ഭരണകൂടത്തിലെയും ഉദ്യോഗസ്ഥരും ഫിഷറീസ് ക്ലസ്റ്ററുകളിൽ നിന്നും ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

വിശാലമായ സമുദ്രസമ്പത്തുണ്ടായിട്ടും ഇന്ത്യയുടെ അപാരമായ സമുദ്രവിഭവങ്ങൾ ഇപ്പോഴും വേണ്ടവിധം പ്രയോജനപ്പെടുത്താതെ അവശേഷിക്കുകയാണ്. 11,099 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന തീരപ്രദേശവും, 2.2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയും (EEZ), 5.31 ദശലക്ഷം ടൺ സമുദ്ര മത്സ്യവിഭവ സാധ്യതയുമുള്ള ഇന്ത്യയ്ക്ക് സുസ്ഥിര മത്സ്യബന്ധനം, ആഴക്കടൽ മത്സ്യബന്ധനം, സമുദ്രകൃഷി, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വികസനത്തിന് വൻ സാധ്യതകളാണുള്ളത്. പ്രയോജനപ്പെടുത്താതെ കിടക്കുന്ന ഈ സാധ്യതകളുടെ ഉത്തമ ഉദാഹരണമാണ് ലക്ഷദ്വീപ്. ഇന്ത്യയുടെ ആകെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം 17 ശതമാനം വരുന്ന 4 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ പ്രത്യേക സാമ്പത്തിക മേഖലയും, 4,200 ചതുരശ്ര കിലോമീറ്ററിലധികം ലഗൂൺ വിസ്തൃതിയുമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. വിഭവസമൃദ്ധവും വിശാലവുമായ ഈ സമുദ്ര ആവാസവ്യവസ്ഥ ഉയർന്ന മൂല്യമുള്ള മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനും, സമുദ്രകൃഷി വിപുലീകരിക്കുന്നതിനും, തീരദേശ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും, സുസ്ഥിര സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഗണ്യമായ സാധ്യതകളാണ് തുറന്നുനൽകുന്നത്.

മത്സ്യമേഖലയിൽ സംയോജിതവും മൂല്യശൃംഖലാധിഷ്ഠിതവുമായ വളർച്ച കൈവരിക്കുന്നതിനായി ക്ലസ്റ്റർ അധിഷ്ഠിത സമീപനമാണ് കേന്ദ്ര ഗവണ്മെൻ്റ്  സ്വീകരിച്ചിരിക്കുന്നത്. ഈ തന്ത്രത്തിൻ്റെ ഭാഗമായി,  കൃഷി, സംസ്കരണം, മൂല്യവർദ്ധന, വിപണി ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷദ്വീപിനെ ഒരു സമർപ്പിത കടൽപ്പായൽ ക്ലസ്റ്ററായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിച്ചുകൊണ്ട് സുസ്ഥിര മത്സ്യവളർത്തൽ, കയറ്റുമതി, ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കുള്ള ഗണ്യമായ സാധ്യതകൾ തുറന്നുനൽകുന്ന സമൃദ്ധമായ സമുദ്ര അലങ്കാര മത്സ്യസമ്പത്തും ലക്ഷദ്വീപിലുണ്ട്.

ജനസമ്പർക്ക പരിപാടിയിൽ,  ഉപരാഷ്ട്രപതി മത്സ്യമേഖലയിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും അലങ്കാര മത്സ്യമേഖലയുടെ വികസനത്തിനായുള്ള "മിഷൻ രംഗീൻ മച്‌ലി 2031" എന്ന തന്ത്രപരമായ കർമ്മപദ്ധതി പ്രകാശനം ചെയ്യുകയും ചെയ്യും. അലങ്കാര മത്സ്യ മൂല്യശൃംഖലയിലുടനീളം ശാസ്ത്രീയമായ പരിപാലനം, ജൈവസുരക്ഷ, ഗുണനിലവാരം ഉറപ്പുവരുത്തൽ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയ്ക്കായി ഒരു ഏകീകൃത ചട്ടക്കൂട് ഈ തന്ത്രപരമായ കർമ്മപദ്ധതി നൽകും. മാതൃമത്സ്യ പരിപാലനം, പ്രജനനം, ഹാച്ചറി പ്രവർത്തനങ്ങൾ, ഉൽപ്പാദന സംവിധാനങ്ങൾ, ക്വാറൻ്റൈൻ, ആരോഗ്യ പരിപാലനം, ഉൽപ്പന്നങ്ങളുടെ ഉറവിടവും നീക്കവും തിരിച്ചറിയാനുള്ള സംവിധാനം, അക്വേറിയം പ്രവർത്തനങ്ങൾ, കൈകാര്യം ചെയ്യൽ, ഗതാഗതം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ഈ സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമങ്ങൾ (SOPs) ഏകീകരിക്കും. ഇത് രാജ്യവ്യാപകമായി ഏറ്റവും മികച്ച പ്രവർത്തനരീതികൾ പിന്തുടരുന്നതും ഉറപ്പാക്കും. കൂടാതെ, പങ്കാളികളുടെ ശേഷി വികസിപ്പിക്കാനും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ജൈവസുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്താനും സർട്ടിഫിക്കേഷനും വിപണി ലഭ്യതയും സുഗമമാക്കാനും ഇന്ത്യയിലെ അലങ്കാര മത്സ്യമേഖലയുടെ സുസ്ഥിരവും സംഘടിതവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ വളർച്ചയ്ക്ക് പിന്തുണ നൽകാനും ഇവ സഹായിക്കും.


പശ്ചാത്തലം

ഏകദേശം 11,099 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും 24 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയും ഉൾപ്പെടുന്ന വിശാലവും വൈവിധ്യപൂർണ്ണവുമായ സമുദ്രവിഭവങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. രാജ്യത്തിൻ്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്ര മത്സ്യവിഭവ സാധ്യത 58.6 ലക്ഷം മെട്രിക് ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 50 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് പിന്തുണ നൽകുന്നതോടൊപ്പം ഭക്ഷ്യസുരക്ഷ, പോഷകാഹാരം, തൊഴിൽ, വരുമാനസൃഷ്ടി, കയറ്റുമതി വരുമാനം എന്നിവയിൽ ഗണ്യമായ സംഭാവനയും നൽകുന്നു. ആഗോളതലത്തിൽ മത്സ്യബന്ധന, മത്സ്യക്കൃഷി ഉൽപ്പാദന മേഖലയിൽ  മുൻനിര രാജ്യങ്ങളിലൊന്നായ ഇന്ത്യ, 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 73,890 കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.

മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും തീരത്തുനിന്ന് 40–50 നോട്ടിക്കൽ മൈലുകൾക്കുള്ളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം ആഴക്കടൽ മേഖലകളും രാജ്യത്തിൻ്റെ അധികാരപരിധിക്ക് പുറത്തുള്ള സമുദ്രഭാഗങ്ങളും ഉയർന്ന മൂല്യമുള്ള ഇനങ്ങളെ, പ്രത്യേകിച്ച് ട്യൂണയും ട്യൂണയോട് സാമ്യമുള്ള മത്സ്യവിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിന് വലിയ അവസരങ്ങളാണ് നൽകുന്നത്. സുസ്ഥിര സമുദ്ര മത്സ്യബന്ധനത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നും അന്താരാഷ്ട്ര സമുദ്രമേഖലയിൽ നിന്നും മത്സ്യവിഭവങ്ങൾ സുസ്ഥിരമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര  ഗവണ്മെൻ്റ്     അനുകൂലമായ ചട്ടക്കൂട് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ പതാകവാഹക മത്സ്യബന്ധന യാനങ്ങൾ അന്താരാഷ്ട്ര സമുദ്രമേഖലയിൽ സുസ്ഥിര മത്സ്യബന്ധനം നടത്തുന്നതിനുള്ള 2025-ലെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.

സമ്പന്നമായ സമുദ്ര മത്സ്യവിഭവങ്ങളാൽ അനുഗൃഹീതമായ ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ നട്ടെല്ലാണ്   യെല്ലോഫിൻ ട്യൂണ, സ്കിപ്പ്ജാക്ക് ട്യൂണ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ട്യൂണ ഇനങ്ങൾ. വിശാലവും  ഉൽപ്പാദനക്ഷമവുമായ സമുദ്രജലത്തിൻ്റെ പിന്തുണയോടെ വാണിജ്യപ്രാധാന്യമുള്ള ഈ മത്സ്യങ്ങൾ സുസ്ഥിരമായ രീതിയിൽ പിടിച്ചെടുക്കുന്നതിനും, മൂല്യവർദ്ധന നടത്തുന്നതിനും, കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും, ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്. ഇത് ട്യൂണ അധിഷ്ഠിത മത്സ്യബന്ധനത്തിൻ്റെയും സമുദ്ര സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിൽ ലക്ഷദ്വീപിനെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നു.


 

******


( റിലീസ് ഐ.ഡി: 2304661) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati