പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്തിന്റെ' 137-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30.08.2026)

പോസ്റ്റഡ് ഓണ്‍: 30 AUG 2026 11:36AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം! ‘മൻ കി ബാത്’ന്റെ ഈ പുതിയ എപ്പിസോഡിലേക്ക് എല്ലാവരെയും ഒരിക്കൽ കൂടി ഞാൻ സ്വാഗതം ചെയ്യുന്നു. പുതിയ സംരംഭങ്ങളെ മുന്നിലെത്തിക്കുന്ന ഒരു വേദിയാണിതെന്ന് നിങ്ങൾക്കെല്ലാം അറിയാം. ജനങ്ങളുടെ നൂതനാശയങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നു. ഇവയിൽ എത്രയോ ആശയങ്ങളുടെ പിന്നിൽ ആളുകൾ അവരുടെ ജീവിതത്തിലെ അക്ഷീണമായ ഊർജം ചെലവഴിച്ചിട്ടുണ്ടാകും.

സുഹൃത്തുക്കളേ, കുറച്ച് കാലം മുമ്പ് സമൂ​ഹ മാധ്യമങ്ങളിൽ ആരോ ഇങ്ങനെ എഴുതിയിരുന്നു: “ആഷാഢി ഏകാദശിയുടെ പുണ്യാവസരത്തിൽ, ചരിത്രത്തെ രസകരമാക്കാനുള്ള എന്റെ ശ്രമത്തിന് തുടക്കം കുറിക്കുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” തുടർന്ന് അദ്ദേഹം പറഞ്ഞു, ഈ ആശയം വളരെ ലളിതമാണ്. നിങ്ങൾ ഈ വെബ്സൈറ്റിൽ പോയി ഏതെങ്കിലും ഒരു വർഷം തിരഞ്ഞെടുക്കുക. ആ സമയത്ത് ഭാരതത്തിന്റെ ഏത് ഭാഗത്ത് ആരുടെ ഭരണമായിരുന്നു എന്ന് ഇവിടെ എളുപ്പത്തിൽ മനസ്സിലാക്കാം. എനിക്കും ഇത് വളരെ രസകരമായി തോന്നി. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്ന് ഞാൻ വിചാരിച്ചു. മുംബൈയിൽ താമസിക്കുന്ന കൃഷ്ണ ശേഷാദ്രിയാണ് ഈ പ്രവർത്തനം നടത്തിയതെന്ന് എനിക്ക് മനസ്സിലായി. രസകരമായ കാര്യം എന്തെന്നാൽ, കൃഷ്ണ വെബ്സൈറ്റിന് നൽകിയ പേരും വളരെ ലളിതമാണ് —www.bharatrajya.com. അദ്ദേഹം നടത്തിയ ഈ ശ്രമത്തെക്കുറിച്ചുള്ള വിവരം നിങ്ങളിലേക്കും തീർച്ചയായും എത്തണം. അതുകൊണ്ട് കൃഷ്ണയോട് നേരിട്ട് സംസാരിച്ചാലോ എന്ന് ഞാൻ വിചാരിച്ചു.

സുഹൃത്തുക്കളേ, കൃഷ്ണ നമ്മളോടൊപ്പം ഫോണിൽ ചേരുകയാണ്.

പ്രധാനമന്ത്രി: കൃഷ്ണ, നമസ്കാരം.
കൃഷ്ണ ശേഷാദ്രി: നമസ്കാരം sir, നമസ്കാരം.

പ്രധാനമന്ത്രി: സഹോദരാ, നിങ്ങൾ സാങ്കേതികവിദ്യയുടെ ലോകത്തിൽ നിന്നുള്ള ആളുമല്ല, ചരിത്രാധ്യാപകനും അല്ലെന്ന് എനിക്ക് മനസ്സിലായി. എന്നിട്ടും നിങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ചരിത്രവുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റ് ഉണ്ടാക്കി. അതുകൊണ്ട് ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നറിയാൻ എനിക്ക് വലിയ ആകാംക്ഷയുണ്ട്.

കൃഷ്ണ ശേഷാദ്രി: നന്ദി സാർ. അങ്ങയോട് സംസാരിക്കാൻ കഴിയുന്നത് വളരെ വലിയ ഭാഗ്യമാണ്. സാർ, എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ഒരു എഞ്ചിനീയ‍ർ ആയിരുന്നു. പിന്നീട് എംബിഎ ചെയ്തു. തുടർന്ന് മാർക്കറ്റിം​ഗ് മേഖലയിലേക്ക് പോയി. എന്നാൽ ഇതെല്ലാം ചെയ്യുമ്പോഴും കുട്ടിക്കാലം മുതൽ തന്നെ എനിക്ക് ചരിത്രത്തിൽ വളരെ താൽപര്യം ഉണ്ടായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് എപ്പോഴും ആ​ഗ്രഹമുണ്ടായിരുന്നു. ചരിത്രം കൂടുതൽ രസകരമാക്കണമെന്ന് ഞാനാ​ഗ്രഹിച്ചിരുന്നു. നമ്മൾ ചരിത്രം പഠിപ്പിക്കുന്ന രീതി മെച്ചപ്പെടുത്താനും, അതിൽ വലിയ മാറ്റങ്ങൾ വരുത്താനും, ചരിത്രത്തെ ഒരു കഥയാക്കി ആളുകളിലേക്ക് എത്തിക്കാനും കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു.

പ്രധാനമന്ത്രി: കൃഷ്ണ, ഭാരത ചരിത്രത്തിലെ ഏത് വശത്തെക്കുറിച്ചാണ് കൂടുതൽ ആളുകൾ അറിയണമെന്ന് നിങ്ങൾക്ക് തോന്നിയത്?
കൃഷ്ണ ശേഷാദ്രി: സാർ, നമ്മുടെ സ്കൂളുകളിലും കോളേജുകളിലും ഇന്ത്യൻ ചരിത്രം പഠിപ്പിക്കുന്ന രീതി നോക്കിയാൽ, ഒരു സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ കാഴ്ചപ്പാടിൽ നിന്നാണ് അത് പഠിപ്പിക്കുന്നത്. ആ സാമ്രാജ്യത്തിന് അളവിൽക്കവിഞ്ഞ പ്രാധാന്യം നൽകുന്നു. അതിന്റെ ഭാഗമായി നമ്മുടെ മറ്റ് നിരവധി സാമ്രാജ്യങ്ങളെക്കുറിച്ച് — മഹത്തായ സാമ്രാജ്യങ്ങളായ ചോള, പല്ലവ, കശ്മീരിലെ കാർകോട്ട വംശം, കുറഞ്ഞത് 600 വർഷത്തോളം അസമിൽ തങ്ങളുടെ സംസ്കാരവും മൂല്യവ്യവസ്ഥയും നിലനിർത്തിയ അഹോം — ഇവയെക്കുറിച്ചൊന്നും നമുക്ക് അറിയില്ല. അതുകൊണ്ട് ഇത്തരം മഹത്തായ സാമ്രാജ്യങ്ങളെയും ആളുകൾക്ക് പരിചയപ്പെടുത്തുന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കണമെന്ന് ഞാൻ വിചാരിച്ചു.

പ്രധാനമന്ത്രി: കൃഷ്ണ, നിങ്ങൾ ഇത്രയും കഠിനാധ്വാനം ചെയ്യുന്നു. അതുകൊണ്ട് ഞാൻ ഒരു സാങ്കൽപിക ചോദ്യം ചോദിക്കാം. ഇന്ത്യാചരിത്രത്തിലെ ഏതെങ്കിലും മൂന്ന് പേരുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ, ആരോടാണ് സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുക, എന്തുകൊണ്ട്?

കൃഷ്ണ ശേഷാദ്രി: അതെ സാർ. ആദ്യം ഞാൻ രാജരാജ ചോളനോടോ രാജേന്ദ്ര ചോളനോടോ സംസാരിക്കും. ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും പ്രധാനവും ആയ രാജാക്കന്മാരിൽപ്പെട്ടവരായിരുന്നു അവർ. അവർക്ക് ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ട ചോളപുരം പോലെയുള്ള വലിയ ശിവക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള ദർശനം എങ്ങനെ ലഭിച്ചു, ആ ദർശനം എവിടെ നിന്നുവന്നു, പ്ലാനിം​ഗ് എങ്ങനെ നടത്തി, അടുത്ത ആയിരമോ രണ്ടായിരമോ വർഷത്തേക്കും മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒന്നൊന്ന് നിർമ്മിച്ച് പോകണമെന്ന് അവർക്കെങ്ങനെ തോന്നി — ഇതെല്ലാം അവരിൽ നിന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

രണ്ടാമത്തെ വ്യക്തിത്വം, എന്റെ അഭിപ്രായത്തിൽ ഇന്ത്യാചരിത്രത്തിലെ ഒട്ടും ശ്രദ്ധ ലഭിക്കാതെ പോയ ഒരു വ്യക്തിയാണ്. സാർ, അദ്ദേഹത്തിന്റെ പേര് ഹേമു. ഭാരത ചരിത്രത്തിൽ അദ്ദേഹത്തെക്കുറിച്ച് നാം രണ്ടോ മൂന്നോ വരികളാണ് വായിക്കുന്നത്. എന്നാൽ ഹേമു ഒരു സാധാരണക്കാരൻ ആയിരുന്നു, ഒരു സാധാരണ മനുഷ്യനായിരുന്നു, ഒരു വ്യാപാരിയായിരുന്നു നമുക്കറിയില്ല! അവിടെ നിന്ന് അദ്ദേഹം ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു. അദ്ദേഹം ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തി മാത്രം ആയിരുന്നില്ല, ഒരു മിലിറ്ററി ചിന്തകനും മിലിറ്ററി ജീനിയസ്സും ആയിരുന്നു. തന്റെ കാലത്ത് അദ്ദേഹം 23 യുദ്ധങ്ങൾ നടത്തി, അതിൽ 22 യുദ്ധങ്ങളും വിജയിച്ചു. അദ്ദേഹത്തിന്റെ ചിന്താപദ്ധതി എങ്ങനെയായിരുന്നു, ഒരു സാധാരണ മനുഷ്യനിൽ നിന്ന് എങ്ങനെ ഇത്ര വലിയ രാജാവായി — അദ്ദേഹത്തിന്റെ ആ യാത്ര അറിയാൻ എനിക്ക് വളരെ താൽപര്യമുണ്ട് സാർ.

മൂന്നാമത്തേത് വളരെ രസകരമായ ഒരു വ്യക്തിത്വം ആണ്. അതൊരു സ്ത്രീയാണ് സാ‍ർ — ത്രിഭുവന മഹാദേവി. ഒഡിഷയിൽ ഒരു രാജ്യം ഉണ്ടായിരുന്നു, അതിന്റെ പേര് ഭൗമകാര വംശം. അവരുടെ കഥയും വളരെ രസകരമാണ്. ഏകദേശം  AD850-ൽ അവരുടെ അയൽരാജ്യം ആയിരുന്ന പാല വംശം അവരുടെ വംശത്തെ ആക്രമിച്ചു. അവരുടെ രാജാവും, അതായത് അവരുടെ ഭർത്താവും, ആ യുദ്ധത്തിൽ വീരമൃത്യു വരിച്ചു. അതിന്റെ ഫലമായി ആ സാമ്രാജ്യം വളരെ ചെറുതായി മാറി, അതിലെ സർദാർമാരും നേതാക്കളും സാമ്രാജ്യം വിട്ടുപോകാൻ തുടങ്ങി. അപ്പോൾ ഈ സ്ത്രീ, ത്രിഭുവന മഹാദേവി ഭരണത്തിന്റെ ചുമതല ഏറ്റെടുത്തു, അവർ ഇന്ത്യാ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര ഭരണാധികാരികളിൽ ഒരാളായി മാറി. അവർ സർക്കാരിനെ നിലനിർത്തുക മാത്രമല്ല, മറിച്ച് അതിനെ അത്രയും ശക്തമാക്കി, അടുത്ത നൂറ് വർഷത്തോളം കലിംഗയിലും ആ പ്രദേശത്തും അവർ ഭരിച്ചു. ഇവരാണ് ചരിത്രത്തിൽ ഞാൻ കണ്ടുമുട്ടാനാ​ഗ്രഹിക്കുന്ന വ്യക്തിത്വങ്ങൾ, സാർ.

പ്രധാനമന്ത്രി: കൃഷ്ണ, ഇപ്പോൾ നിങ്ങൾ ചരിത്രത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നുന്നുണ്ടല്ലോ. നിങ്ങൾ പൂർണ്ണമായും ചരിത്രത്തിൽ മുങ്ങിക്കഴിഞ്ഞു. നോക്കൂ, ഞാനും വലിയ ആകാംക്ഷയോടെ നിങ്ങളുടെ വെബ്സൈറ്റ് കണ്ടിട്ടുണ്ട്. നിങ്ങളുടെ സൈറ്റിൽ എനിക്ക് ഏറ്റവും രസകരമായി തോന്നിയത്, ആളുകൾക്ക് തിരുത്തലുകളും നിർദ്ദേശങ്ങളും നൽകാൻ കഴിയുന്ന ഒരു ടാബ് ഉണ്ടെന്നതാണ്. ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സന്നദ്ധനായിരിക്കുക എന്നത് തന്നെ വളരെ വലിയ കാര്യമാണ്. ആളുകളിൽ നിന്ന് നിങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയോ? അവയിൽ നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

കൃഷ്ണ ശേഷാദ്രി: അതെ സാർ, ആളുകളിൽ നിന്ന് ധാരാളം നിർദ്ദേശങ്ങൾ വരുന്നു. നിർദ്ദേശങ്ങൾ രണ്ട് തരത്തിലാണ് വരുന്നത്. ഒന്നാമത്തേത് തിരുത്തലുകൾ നിർദ്ദേശിക്കുന്നവയാണ് — ഈ പ്രദേശത്ത്, ഈ കാലത്ത്, ഈ രാജ്യത്ത് ഈ രാജാവായിരുന്നു, അല്ലെങ്കിൽ ഈ കാലത്ത് ഈ യുദ്ധം നടന്നു തുടങ്ങിയ നിർദ്ദേശങ്ങൾ. രണ്ടാമത്തേത് വെബ്സൈറ്റിൽ ഇക്കാര്യം കൂടി ചേർക്കാം, അക്കാര്യം കൂടി ചേർക്കാം എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ആണ്. അതിനാൽ രണ്ട് തരത്തിലുള്ള നിർദ്ദേശങ്ങളും ഞങ്ങൾക്ക് ലഭിക്കുന്നു.

ഉദാഹരണത്തിന്, ഈ പ്രദേശത്ത് ഈ രാജാവാണ് ഈ കാലത്ത് ഭരിച്ചതെന്നൊരു നിർദ്ദേശം വന്നാൽ, ഞങ്ങൾ ആ നിർദ്ദേശം പരിഗണിക്കും, നമ്മുടെ സ്രോതസ്സുകൾ പരിശോധിക്കും. ഒരാൾ നിർദ്ദേശം നൽകിയിരുന്നു: നിങ്ങൾ ഇന്ത്യ കാണിച്ചിട്ടുണ്ടല്ലോ, പ്രദേശത്തിന്റെ ലെവൽ കൂടെ കാണിക്കാൻ കഴിയുമെങ്കിൽ കൂടുതൽ നല്ലതായിരിക്കും എന്ന്. ഞങ്ങൾ അക്കാര്യം ഉൾക്കൊള്ളിച്ചു.

പിന്നീട് മറ്റൊരു ഫീച്ചർ ഉണ്ടായിരുന്നു, കുട്ടികളിലേക്കും എത്തിക്കാൻ വേണ്ടി അതിൽ എല്ലാ സാമ്രാജ്യങ്ങളുടെയും ഡാറ്റ സ്റ്റാറ്റിസ്റ്റിക്സ് നൽകി ഒരു ട്രംപ് കാർഡ് പോലൊന്ന്, ഞങ്ങൾ ഉണ്ടാക്കിയിരുന്നു. ഒരാൾ നിർദ്ദേശം നൽകി, അത് ഒരു സ്ഥലത്ത് കൊണ്ടുവരൂ, അങ്ങനെ എല്ലാവർക്കും ഡൗൺലോ‍ഡ് ചെയ്ത് ഷെയർ ചെയ്യാൻ കഴിയുമെന്ന്. ആ ഫീച്ചറും ഞങ്ങൾ ഉൾപ്പെടുത്തുകയാണ്.

ഞങ്ങൾ തെറ്റുകൾ വരുത്തും എന്നത് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്, കാരണം ഞങ്ങൾ സർവ്വജ്ഞരല്ല. അത് മനസ്സിലാക്കിയിട്ടാണ് തിരുത്തലിന്റെ ടാബ് ഞങ്ങൾ സ്ഥാപിച്ചത്. ഇത് നമ്മളെല്ലാവരുടെയും വെബ്സൈറ്റ് ആകണം, കൂടാതെ എല്ലാവരുടെയും പങ്കാളിത്തം അനുസരിച്ച് മുന്നോട്ട് പോയി, അടുത്ത കുറച്ച് വർഷങ്ങളോളം ചരിത്രത്തെ ഒരു രസകരമായ വിഷയം ആക്കുന്ന ഒരു വെബ്സൈറ്റ് നമുക്ക് നിർമ്മിക്കണം.

പ്രധാനമന്ത്രി: കൃഷ്ണ, നിങ്ങൾ ശരിക്കും വളരെ വലിയൊരു കാര്യമാണ് ചെയ്തത്. ചരിത്രത്തിന് പുറമെ നിങ്ങൾക്ക് പല വിനോദങ്ങളും ഉണ്ടായിരിക്കുമല്ലോ, വേറെയും പല കാര്യങ്ങൾ ചെയ്യുന്നുണ്ടാകുമല്ലോ?
കൃഷ്ണ ശേഷാദ്രി: അതെ, ഇല്ല സാർ, ഞങ്ങൾ കുറച്ച് അരസികരായ ആളുകളാണ് സാർ.

പ്രധാനമന്ത്രി: (ചിരിച്ചുകൊണ്ട്)
കൃഷ്ണ ശേഷാദ്രി: ഞങ്ങൾക്ക് സാങ്കേതികവിദ്യയിൽ വളരെ താൽപര്യമുണ്ട്, ചരിത്രത്തിലും താൽപര്യമുണ്ട്. ഇപ്പോൾ സാങ്കേതികവിദ്യയും ചരിത്രവും ഒന്നിച്ചപ്പോൾ, ദിവസം മുഴുവൻ അതിൽ തന്നെയാണ് ഞങ്ങൾ മുഴുകിയിരിക്കുന്നത്.

പ്രധാനമന്ത്രി: ശരി കൃഷ്ണ, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങൾ ഒരു നല്ല തുടക്കമാണ് നടത്തിയിരിക്കുന്നത്. നിങ്ങളുടെ പ്രവർത്തനരീതിയും ആളുകളെ കൂടുതൽ ബന്ധിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇത് വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്റെ ഭാഗത്തുനിന്നും നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.

സുഹൃത്തുക്കളേ, കൃഷ്ണയുടെ ഈ ശ്രമം ചരിത്രവിദ്യാർത്ഥികളെ മാത്രമല്ല, നമ്മളെല്ലാവരെയും നമ്മുടെ ഭൂതകാലത്തെ രസകരമായ രീതിയിൽ അറിയാൻ സഹായിക്കും. നിങ്ങൾക്കും ഇത്തരം ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ, അത് തീർച്ചയായും പങ്കുവയ്ക്കുക.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘നശാ മുക്ത യുവ ഫോർ വികസിത് ഭാരത്’ എന്ന ക്യാംപയിൻ ഇപ്പോൾ രാജ്യത്തുടനീളം അതിവേഗം കുതിക്കുകയാണ്. ഇതിന്റെ ലക്ഷ്യം തികച്ചും വ്യക്തമാണ് — ലഹരിമുക്ത യുവത്വം, ലഹരിമുക്ത ഇന്ത്യ. നിരവധി ആളുകൾ, പ്രത്യേകിച്ച് നമ്മുടെ യുവാക്കൾ, വലിയ തോതിൽ ഇതിന്റെ ഭാഗമാകുകയാണ്. ഒടുവിൽ, ഭാരതത്തിലെ യുവാക്കളുടെ ആരോ​ഗ്യം, അവരുടെ സന്തോഷം, അവരുടെ ഉജ്ജ്വലമായ ഭാവി എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞയാണിത്.

സുഹൃത്തുക്കളേ, ലഹരി അടിമത്തം ഒരാളെ മാത്രം അതിന്റെ പിടിയിലാക്കുന്നില്ല; അതിന്റെ ദുഷ്ഫലങ്ങൾ മുഴുവൻ കുടുംബവും സമൂഹവും അനുഭവിക്കേണ്ടിവരുന്നു. ലഹരിക്കെതിരെ മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ലഹരി അടിമത്തത്തിനെതിരെ പോരാടുന്ന ആളുകളെ സഹായിക്കാൻ മുന്നോട്ട് വരികയും ചെയ്യുന്നവരെ ഞാൻ അഭിനന്ദിക്കുന്നു. ലഹരിമുക്ത ഭാരതത്തിനായി നിങ്ങൾക്ക് ഒരു ശക്തമായ മുദ്രാവാക്യം ഉണ്ടാക്കാമോ? നമ്മുടെ യുവ സം​ഗീതജ്ഞർ, ലഹരിമുക്ത ജീവിതത്തിന്റെ സന്ദേശം നൽകുന്ന ​ഗാനങ്ങൾ ഉണ്ടാക്കാമോ? വിദ്യാർത്ഥികൾക്കും നാടകസംഘങ്ങൾക്കും ലഹരിയുടെ അപകടങ്ങൾക്കൊപ്പം അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴിയും ഉൾപ്പെടുന്ന ഹൃദയസ്പർശിയായ ചെറു നാടകങ്ങൾ എഴുതാമോ? നമ്മുടെ രാജ്യത്ത് മികച്ച കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കുറവില്ല. സമൂഹത്തിന് ഈ ദിശയിൽ സഹായകരമാകുന്ന കണ്ടന്റ് വിവിധ ഭാഷകളിൽ അവർ സൃഷ്ടിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ശ്രമങ്ങൾ ഹാഷ്ടാ​ഗ് സഹിതം സമൂഹമാധ്യമങ്ങളിലും തീർച്ചയായും പങ്കുവയ്ക്കുക. പലപ്പോഴും സ​ർ​ഗാത്മകമായ പരിശ്രമങ്ങൾ ഒരു ഔ​ദ്യോ​ഗിക ക്യാംപയിനേക്കാൾ കൂടുതൽ ഫലപ്രദമാകാറുണ്ട്. ഭാരതത്തിലെ യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താനും ലഹരിമുക്തരാക്കാനുമുള്ള ഈ പ്രവർത്തനത്തിൽ നമുക്കെല്ലാവർക്കും നമ്മുടെ പങ്ക് വഹിക്കാം. നിങ്ങളുടെ ശ്രമം #നശാ മുക്ത യുവ എന്ന ഹാഷ്ടാ​ഗിനൊപ്പം സമൂഹമാധ്യമങ്ങളിൽ തീർച്ചയായും പങ്കുവയ്ക്കുക.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഓഗസ്റ്റ് മാസത്തിൽ എല്ലായിടത്തും ദേശഭക്തിയുടെ വിവിധ വർണ്ണങ്ങൾ നമ്മൾ കണ്ടു. ഈ സമയത്ത് ഓരോ വ്യക്തിയുടെയും മനസ്സിലെ രാഷ്ട്രസ്നേഹത്തിന്റെ വികാരം കൂടുതൽ ശക്തമാകുന്നു. ‘ദേശീയ ഹാൻ‍ഡ്ലൂം ​ദിനം’ മുതൽ ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാന’ത്തിന്റെ വാർഷികവും വിഭജന വിഭീഷികാ സ്മൃതി ദിവസവും വരെ ഈ മാസത്തെ പ്രത്യേകതയുള്ളതാക്കുന്നു. ‘സ്വാതന്ത്ര്യദിനവും’ ‘ദേശീയ ബഹിരാകാശ ദിനവും’ ഓരോ ഭാരതീയനിലും അഭിമാനം നിറയ്ക്കുന്ന അവസരങ്ങളാണ്. ‘ഹർ ഘർ തിരംഗാ അഭിയാൻ’ ഈ വികാരത്തെ കൂടുതൽ ശക്തമാക്കുന്നു. ‘വന്ദേ മാതരം’ 150 വർഷം പൂർത്തിയാക്കുന്നതോടെ ഈ വർഷം കൂടുതൽ പ്രത്യേകതയുള്ളതായി മാറിയിരിക്കുന്നു.
ഇത്തവണ 8 കോടിയിലധികം തിരംഗ സെൽഫികൾ അപ്ലോഡ് ചെയ്യപ്പെട്ടു. ത്രിവർണ്ണ പതാകയുടെ ഈ ഉത്സവം ഭാരതത്തിൽ മാത്രം പരിമിതമായില്ല — ഈ വർഷം ‘സൂര്യപഥ് തിരംഗ’യിലൂടെ നമ്മുടെ ത്രിവർണ്ണ പതാക ആഗോളതലത്തിലുള്ള ഒരു അതുല്യ യാത്രയ്ക്ക് പുറപ്പെട്ടു. ഫിജിയിലെ സുവയിൽ സൂര്യന്റെ ആദ്യകിരണത്തോടൊപ്പം ത്രിവർണ്ണ പതാക ഉയർത്തപ്പെട്ടു. അതിനുശേഷം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, പിന്നെ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ വരെ ഇന്ത്യൻ മിഷനുകളിലും പോസ്റ്റുകളിലും ത്രിവർണ്ണ പതാക പാറി. ഈ കാഴ്ചകൾ എത്ര അത്ഭുതകരമായിരുന്നിരിക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളൂ. ലോകമെമ്പാടും സൂര്യൻ ഉദിച്ചുയർന്ന് പൊങ്ങുന്നതിനനുസരിച്ച്, ത്രിവർണ്ണ പതാകയും പാറിക്കൊണ്ടിരുന്നു. ഇത്തരം ശ്രമങ്ങൾ സമൂഹത്തെ ഒരൊറ്റ നൂലിൽ കോർക്കുന്നു. ഇവയിലൂടെ രാജ്യത്തോടുള്ള നമ്മുടെ ബന്ധവും കൂടുതൽ ഗഹനമാകുന്നു. ഈ ശ്രമങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും തെരുവുകളിൽ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ലക്ഷക്കണക്കിന് സ്ത്രീകൾ തങ്ങളുടെ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. ഒരാൾ പച്ചക്കറി വിൽക്കുന്നു, ഒരാൾ പഴം, മറ്റൊരാൾ ചായക്കട നടത്തുന്നു, മറ്റൊരാൾ പൂക്കൾ, വിളക്കുകൾ, പൂജാസാമഗ്രികൾ എന്നിവ വിൽക്കുന്നു. പലപ്പോഴും, കുറച്ച് മൂലധനത്തിന്റെ കുറവ് മാത്രമാണ് അവരുടെ ബിസിനസുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസ്സമാകുന്നത്. എന്നാൽ ഇപ്പോൾ ഇത്തരം ലക്ഷക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കും ‘PM സ്വനിധി പദ്ധതി’ പുതിയ ശക്തി നൽകുകയാണ്. ‘സ്ത്രീ ശാക്തീകരണ’ത്തിന്റെ ഈ വശത്തെക്കുറിച്ച് വേണ്ടത്ര ചർച്ച നടക്കുന്നില്ല. ‘PM സ്വനിധി പദ്ധതി’യുടെ ഗുണഭോക്താക്കളിൽ ഏകദേശം 46 ശതമാനം സ്ത്രീകളാണ്. അതായത് രാജ്യത്തുടനീളം ഏകദേശം 35 ലക്ഷം സ്ത്രീകൾ ഈ പദ്ധതിയുമായി ചേർന്ന് അവരുടെ ബിസിനസുകൾ മുന്നോട്ട് കൊണ്ടുപോകുകയാണ്.

സുഹൃത്തുക്കളേ, ഗാസിയാബാദിലെ ബബിത ശർമ്മ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ബബിത പൂജാസാമഗ്രികളുടെ ഒരു ചെറിയ സ്റ്റാൾ നടത്തിയിരുന്നു. പൂക്കൾ, വിളക്കുകൾ, അഗർബത്തി, നാളികേരം തുടങ്ങിയവ വിൽക്കുന്നതിലൂടെ അവർ കുടുംബത്തിന്റെ ഉപജീവനത്തിൽ പങ്കുചേർന്നിരുന്നു. കഠിനാധ്വാനം വളരെയുണ്ടായിരുന്നു, എന്നാൽ ബിസിനസ് വികസിപ്പിക്കാൻ മൂലധനം ആവശ്യമായിരുന്നു. ‘PM സ്വനിധി’യിൽ നിന്ന് അവർക്ക് സാമ്പത്തിക സഹായം ലഭിച്ചു. അവർ തന്റെ സ്റ്റാളിൽ‌ സാധനങ്ങൾ വർധിപ്പിച്ച് ബിസിനസ് വിപുലീകരിച്ചു. ഉപഭോക്താക്കൾ വർധിച്ചു, വരുമാനം വർധിച്ചു, ക്രമേണ റോഡരികിലെ അവരുടെ ചെറിയ സ്റ്റാൾ ഒരു കടയായി മാറി.

സുഹൃത്തുക്കളേ, ബെംഗളൂരുവിലെ ടി. എസ്. നിന്ഗമ്മയുടെ ഉദാഹരണവും വളരെ പ്രചോദനകരമാണ്. നിന്ഗമ്മയും അവരുടെ ഭർത്താവും ചേർന്ന് ഇഡലി, ദോശ, സാമ്പാർ എന്നിവ വിൽക്കുന്ന ചെറിയൊരു ബിസിനസ് ആരംഭിച്ചു. ബിസിനസ് മുന്നോട്ട് പോയി, എന്നാൽ അത് വികസിപ്പിക്കാൻ മൂലധനം ആവശ്യമായിരുന്നു. നിന്ഗമ്മക്കും ‘PM സ്വനിധി’യിൽ നിന്ന് സഹായം ലഭിച്ചു. അവർ തന്റെ ഉന്തുവണ്ടി മെച്ചപ്പെടുത്തി. സാധനങ്ങൾ മൊത്തമായി വാങ്ങാൻ തുടങ്ങി, മെനുവിലും നിരവധി പുതിയ വിഭവങ്ങൾ ചേർത്തു. ഉപഭോക്താക്കൾ വർധിച്ചു, വരുമാനം വർധിച്ചു, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇന്ന് അവർക്ക് അവരുടെ മൂന്ന് കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നു.

സുഹൃത്തുക്കളേ, ഒരു സ്ത്രീയുടെ ബിസിനസ് വളരുമ്പോൾ, അതിനൊപ്പം മുഴുവൻ കുടുംബത്തിന്റെ ഭാവിയും വളരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുന്നു, വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു, സ്ത്രീയുടെ ആത്മവിശ്വാസവും കൂടുതൽ ശക്തമാകുന്നു. ഇതാണ് ‘സ്ത്രീ ശാക്തീകരണ’ത്തിന്റെ ജീവസുറ്റ രൂപം. തെരുവോരത്തും പാതയോരത്തും ചെറിയ വ്യാപാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ സഹോദരിമാർക്കും അവരുടെ ഉജ്ജ്വലമായ ഭാവിക്കായി ഞാൻ ആശംസകൾ നേരുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ശുചിത്വത്തിന് അതിന്റേതായ സവിശേഷതയുണ്ട്. ഒരു സ്ഥലത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള പ്രതിജ്ഞ അവിടെയുള്ള ആളുകളുടെ പ്രതിജ്ഞയായി മാറുമ്പോൾ, മാറ്റം ശുചീകരണത്തിൽ മാത്രം പരിമിതപ്പെടുന്നില്ല. അതിലൂടെ ആ സ്ഥലത്തിന്റെ മുഖമുദ്രതന്നെ മാറുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചിത്വത്തിനായി നടക്കുന്ന ഇത്തരം ശ്രമങ്ങൾ നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്നു.
ഉത്തർപ്രദേശിലെ റാംപൂരിൽ പട്ട്വായി എന്നൊരു ഗ്രാമമുണ്ട്. അവിടെ ആകാശ്, രോഹൻ എന്ന രണ്ട് സുഹൃത്തുക്കൾ തങ്ങളുടെ ചുറ്റുപാടുകൾ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നതായി കണ്ടു. പിന്നെ എന്താണ് സംഭവിച്ചത്? ആകാശും രോഹനും ബാഗുകൾ എടുത്ത് ശുചീകരണത്തിനായി ഇറങ്ങി. ക്രമേണ മറ്റ് യുവാക്കളും അവരോടൊപ്പം ചേരാൻ തുടങ്ങി. ഒരു സംഘം രൂപപ്പെട്ടു. അതിന്റെ പേര് — ‘ക്ലീൻ-അപ്പ് പട്ട്വായി’. ഈ യുവാക്കൾ ഇതുവരെ നാല് ഗംഗാ ഘാട്ടുകൾ വൃത്തിയാക്കി. ഒരു ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. നിരവധി കുളങ്ങളും പൊതുസ്ഥലങ്ങളും അവർ വൃത്തിയാക്കി.

സുഹൃത്തുക്കളേ, ഇത്തവണ അമർനാഥ് യാത്രയിലും ശുചിത്വത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഇതുപോലൊരു പ്രചോദനകരമായ ചിത്രം കാണാനായി. ദുഷ്കരമായ പാതകളിൽ ആയിരക്കണക്കിന് ശുചീകരണ പ്രവർത്തകർ രാവും പകലും സേവനത്തിൽ ഏർപ്പെട്ടിരുന്നു. ഈ വർഷത്തെ യാത്രയ്ക്കിടെ 400 മെട്രിക് ടണ്ണിലധികം മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തു. ഈ ശ്രമത്തിലെ ഒരു കാര്യം എനിക്ക് പ്രത്യേകമായി ഇഷ്ടപ്പെട്ടു. ശുചീകരണപ്രവർത്തനത്തിൽ തീർത്ഥാടകരും പങ്കാളികളായി. 16,000-ത്തിലധികം യാത്രക്കാർ ശുചിത്വത്തിനുള്ള പ്രതിജ്ഞ എടുത്തു. 10,000-ത്തിലധികം യാത്രക്കാർക്ക് ‘റെസ്പോൺസിബിൾ യാത്രി’ സർട്ടിഫിക്കറ്റും നൽകി.

ഇവിടെ വളരെ വ്യത്യസ്തമായ ഒരു പരീക്ഷണവും നടന്നു. യാത്രയിൽ കുതിരകളുടെയും കോവർകഴുതകളുടെയും ചാണകം ബയോ​ഗ്യാസ് ആക്കി മാറ്റുകയും അതേ ശുദ്ധ ഊർജം ഉപയോഗിച്ച് ‘സ്വച്ഛ ജ്യോത്’ തെളിയിക്കുകയും ചെയ്തു. അങ്ങനെ, ബാബാ ബർഫാനിയുടെ ഈ പുണ്യയാത്ര ശുചിത്വത്തിന്റെയും സേവനത്തിന്റെയും ഭക്തിയുടെയും ഒരു രൂപമായി മാറി.

സുഹൃത്തുക്കളേ, നമ്മുടെ ഗ്രാമങ്ങളായാലും നഗരങ്ങളായാലും, നമ്മുടെ നദികളായാലും തീർത്ഥാടനകേന്ദ്രങ്ങളായാലും, അവയുടെ വ്യക്തിത്വം നമ്മുടെ പെരുമാറ്റത്തിലൂടെയും രൂപപ്പെടുന്നു. ശുചിത്വം ഈ പെരുമാറ്റത്തിന്റെ ഭാഗമാകുമ്പോൾ ആ സ്ഥലത്തിന്റെ ഭംഗി വർധിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചിലപ്പോൾ നമ്മുടെ ഒരു ചെറിയ ഹോബി ജീവിതത്തിൽ ഒരു വലിയ സാധ്യതയിലേക്കുള്ള വഴി തുറക്കുന്നു. നാഗാലാൻഡിലെ ഫേക് ജില്ലയിലെ വേസാലുപുരോയുടെ യാത്രയും ഇതുപോലെയാണ്. വേസാലു ഒരു കർഷകകുടുംബത്തിലാണ് വളർന്നത്. കുട്ടിക്കാലം മുതൽ മാതാപിതാക്കൾ കൃഷി ചെയ്യുന്നത് അവർ കണ്ടിരുന്നു. പൂക്കളോടും അവർക്ക് വലിയ ഇഷ്ടമുണ്ടായിരുന്നു. 2021-ൽ ഈ ഹോബിയോടൊപ്പം ചെറിയ തോതിൽ പൂക്കൾ കൃഷി ചെയ്യാൻ അവർ ആരംഭിച്ചു.

ക്രമേണ അതിൽ ഒരു സാധ്യത അവർ കാണാൻ തുടങ്ങി. വിവാഹങ്ങളായാലും മറ്റ് ഉത്സവങ്ങളായാലും പൂക്കൾക്ക് എപ്പോഴും ആവശ്യകതയുണ്ടെന്ന് അവർ കണ്ടു. തന്റെ ഈ ഹോബി മുന്നോട്ട് കൊണ്ടുപോകാൻ വേസാലു തീരുമാനിച്ചു. ഈ യാത്രയിൽ പ്രാദേശിക കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് പൂക്കളുടെ ശാസ്ത്രീയ കൃഷിയെക്കുറിച്ച് പരിശീലനം ലഭിച്ചു. തുടർന്ന് വെറും കാൽ ഏക്കർ ഭൂമിയിൽ ​ഗ്ലാ​ഡിയോളസിന്റെ ആയിരക്കണക്കിന് ചെടികൾ നട്ടു. ആദ്യ ശ്രമത്തിൽ തന്നെ 5,000-ത്തിലധികം പൂക്കൾ വിരിഞ്ഞു. സുഹൃത്തുക്കളേ, ഈ വിജയം വേസാലുവിന് ഒരു പുതിയ തുടക്കമായി.

അവർ പൂക്കളുടെ കൃഷി വിപുലമാക്കി. ഒരിക്കൽ പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങിയിരുന്ന പൂക്കൾ ഇന്ന് നാഗാലാൻഡ് കടന്ന് ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് എത്തുന്നു. വേസാലുപുരോയുടെ യാത്ര നമ്മോട് പറയുന്നത്, ഒരു ഹോബി കഠിനാധ്വാനത്തോടും ശരിയായ മാർഗനിർദേശത്തോടും ചേരുമ്പോൾ അത് പുതിയ സാധ്യതകളിലേക്കുള്ള വഴി തുറക്കുമെന്നാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ചുറ്റിലും ഇത്തരത്തിലുള്ള നിരവധി ആളുകളുണ്ട്. അവർ ഒരു ചെറിയ ശ്രമം ആരംഭിക്കുകയും നോക്കിനിൽക്കുന്നതിനിടെ അവരുടെ ശ്രമം നിരവധി ആളുകളുടെ ജീവിതത്തിൽ മാറ്റത്തിനുള്ള വഴിയാവുകയും ചെയ്യുന്നു.
ഒഡിഷയിലെ ദേബ്രിഗഢിൽ ‘ധോഡരോകുസും’ എന്നൊരു ഗ്രാമമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഈ ഗ്രാമത്തിലെ മൈഥിലി ഭുയേ ഏതാണ്ട് എല്ലാ ദിവസവും കാട്ടിലേക്ക് പോകുമായിരുന്നു — ചിലപ്പോൾ വിറക് എടുക്കാൻ, ചിലപ്പോൾ ഇലിപ്പയോ കരിമരത്തിന്റെ ഇലയോ ശേഖരിക്കാൻ, ചിലപ്പോൾ മുളയുടെ തളിരുകളും മറ്റ് വനോൽപ്പന്നങ്ങളും കൊണ്ടുവരാൻ. അവർക്കും അവിടെയുള്ള നിരവധി കുടുംബങ്ങൾക്കും ആവശ്യമായ പല കാര്യങ്ങളും ഈ കാട്ടിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മൈഥിലിദേബ്രിഗഢ് ഇക്കോ ടൂറിസവുമായി ചേർന്നു. അതോടെ കാടുമായുള്ള അവരുടെ ബന്ധം ഒരു പുതിയ ദിശയിലേക്ക് മാറി.

ഇപ്പോൾ കാടിന്റെ സംരക്ഷണവും അവരുടെ ഉപജീവനത്തിനുള്ള ഒരു മാർഗമായി മാറി. സുഹൃത്തുക്കളേ, മൈഥിലിയുടെ ജീവിതത്തിൽ വന്ന ഈ മാറ്റം മറ്റ് സ്ത്രീകളെയും പ്രചോദിപ്പിച്ചു. ഇന്ന് 60-ലധികം സ്ത്രീകൾ കാടിന്റെ സംരക്ഷണത്തിൽ പങ്കാളികളായിട്ടുണ്ട്. ചിലർ വന്യജീവികളുടെ സംരക്ഷണത്തിന്റെ ചുമതല വഹിക്കുന്നു, ചിലർ പുൽമേടുകളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ചില സ്ത്രീകൾ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നു. സുഹൃത്തുക്കളേ, മൈഥിലിയും ദേബ്രിഗഢിലെ ഈ സഹോദരിമാരും പ്രകൃതിയെ സംരക്ഷിക്കാനും അതോടൊപ്പം ജീവിതത്തിൽ സമൃദ്ധി കൈവരിക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. ഈ സഹോദരിമാരുടെയും ശ്രമം നമുക്കെല്ലാവർക്കും വലിയ പ്രചോദനമാണ്.

സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ പെൺമക്കളുടെ സ്വപ്നങ്ങളുടെ പറക്കൽ, ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കെത്തുകയാണ്. ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്ന ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പെൺകുട്ടികളെ ഭാരതം ഒരുമിച്ച് കൂട്ടുകയാണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് അഭിമാനം തോന്നും. ഈ ശ്രമത്തിന്റെ പേര് മിഷൻ ശക്തിസാറ്റ്. ഇതിലൂടെ 108 രാജ്യങ്ങളിലെ 12,000 വിദ്യാർത്ഥിനികൾക്ക് ഉപ​ഗ്രഹ സാങ്കേതികവിദ്യ പഠിക്കാനും നൂതനാശയ മേഖലയിൽ മുന്നേറാനും അവസരം ലഭിക്കുന്നു.

ഓഗസ്റ്റ് 23, ദേശീയ ശാസ്ത്ര ദിനത്തിൽ ഉത്തർപ്രദേശിലെ ​ഗ്രേറ്റർ നോയിഡയിൽ ഈ മിഷൻ്റെ മനോഹരമായ ഒരു ചിത്രം കാണാനായി. ​ഗൗതം ബുദ്ധ സർവകലാശാലയിൽ മിഷൻ ശക്തിസാറ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഈ അവസരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ഏകദേശം 100 വിദ്യാർത്ഥിനികൾ ഒത്തുകൂടി. ഭാരതത്തിലെ വിദൂര പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളും ഇതിൽ പങ്കെടുക്കുന്നു.

ഈ ശ്രമത്തിന്റെ ലക്ഷ്യവും വളരെ പ്രത്യേകതയുള്ളതാണ്. പൂർണ്ണമായും വിദ്യാർത്ഥിനികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന ഒരു ഉപ​ഗ്രഹത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. സുഹൃത്തുക്കളേ, ഇവരിൽ നിരവധി വിദ്യാർത്ഥിനികൾ വരുംകാലത്ത് ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിൽ തങ്ങളുടെ വ്യക്തിത്വം സ്ഥാപിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്നത്തെ കാലത്ത് അവക്കാഡോ പഴത്തിന് വലിയ പ്രചാരമാണ്. മുമ്പ് ഈ പഴത്തെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്കേ അറിയുമായിരുന്നുള്ളൂ. അതിന്റെ മൂല്യവും ആവശ്യകതയും രണ്ടും കുറവായിരുന്നു. എന്നാൽ ഇന്ന് തീൻമേശയിൽ ഇത് ധാരാളമായി കാണപ്പെടുന്നു. ഇന്ന് ഇത് ആരോ​ഗ്യത്തിനും പ്രീമിയം മാർക്കറ്റിനും പ്രിയങ്കരമായി മാറിയിരിക്കുന്നു.

നമ്മുടെ കർഷക സഹോദരന്മാർക്കും സഹോദരിമാർക്കും ഇത് വളരെ സഹായകരമാണ്. ആന്ധ്രപ്രദേശിലെ കടപ്പയിലെ വരദരാജിന്റെ ഉദാഹരണം ഇത് സൂചിപ്പിക്കുന്നു. നിരവധി വർഷങ്ങളായി അദ്ദേഹം തന്റെ വയലിൽ തക്കാളിയും വാഴയും കൃഷി ചെയ്തുവരികയായിരുന്നു. ഒരു ദിവസം സുഹൃത്തുക്കളുടെ തോട്ടത്തിൽ അവക്കാഡോ കൃഷി ചെയ്യുന്നത് അദ്ദേഹം കണ്ടു. അതിനുശേഷം യൂട്യൂബിൽ നിന്ന് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതുവരെ ഏകദേശം 4 ടൺ അവക്കാഡോ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം നേരിട്ട് പ്രാദേശിക കടകളിലേക്ക് ഇത് വിതരണം ചെയ്യുന്നു. പുതിയ വിള, ശാസ്ത്രീയ ഉപദേശം, നേരിട്ടുള്ള മാ‍‍ർക്കറ്റിം​ഗ് എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചെറിയ തോട്ടത്തിന്റെ വരുമാനം പൂർണ്ണമായും മാറിമറിഞ്ഞു.

തമിഴ്നാട്ടിലെ കൊടൈക്കനാലിലെ കർഷകനായ ചന്ദ്രശേഖരൻ അര ഹെക്ടർ സ്ഥലത്ത് അവക്കാഡോ കൃഷി ആരംഭിച്ചു. അദ്ദേഹത്തിന് ഇതിന് നല്ല വില ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യുന്നു. കർണാടകയിലെ ചിക്കമഗളൂരിലെ ചില കർഷക സഹോദരന്മാരും സഹോദരിമാരും കാപ്പിത്തോട്ടത്തിന്റെ ഇടയിൽ അവക്കാഡോ നട്ടിട്ടുണ്ട്. ഇതിലൂടെ കാപ്പിക്കും കുരുമുളകിനും പുറമേ അധിക വരുമാനവും അവർക്ക് ലഭിക്കുന്നു.
സുഹൃത്തുക്കളേ, നഗരങ്ങളിലെ ഹോട്ടലുകളിൽ നാം പലപ്പോഴും അവക്കാഡ‍ോ ടോസ്റ്റിനെ‌ക്കുറിച്ച് കേൾക്കാറുണ്ട്. എന്നാൽ ഇതേ അവക്കാഡോയിലൂടെ നമ്മുടെ മികച്ച കർഷകർ വരുമാനം നേടാനുള്ള ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുന്നു. അതായത്, നമ്മുടെ രാജ്യത്തെ അവക്കാഡോ കൊണ്ട് നിങ്ങളുടെ ടോസ്റ്റിന്റെ രുചിയും വർധിച്ചു, കർഷകരുടെ വരുമാനവും വർധിച്ചു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, സെപ്റ്റംബർ 3-ന്, മഹാനടൻ ഉത്തംകുമാറിന്റെ ജന്മശതാബ്ദി നാം ആഘോഷിക്കും. സുഹൃത്തുക്കളേ, ഉത്തംകുമാർ ഒരു കഴിവുറ്റ നടൻ ആയിരുന്നു. തന്റെ അഭിനയത്തിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടി. സിനിമാപ്രേമികളുടെ അഭിപ്രായത്തിൽ, സത്യജിത് റേ ‘നായക് — ദി ഹീറോ’ എന്ന സിനിമയുടെ മുഴുവൻ തിരക്കഥയും ഉത്തംകുമാറിനെ മനസ്സിൽ കണ്ടാണ് എഴുതിയത്.

സത്യജിത് റേ പറഞ്ഞിരുന്നത്, അദ്ദേഹത്തിൽ ​ഗരിമയോടൊപ്പം അത്ഭുതകരമായ വൈകാരിക ആഴവും ഉണ്ടായിരുന്നുവെന്നാണ്. കഥാപാത്രത്തെ ജീവസുറ്റതാക്കാൻ അദ്ദേഹം വളരെയധികം കഠിനാധ്വാനം ചെയ്യുമായിരുന്നു. ഉത്തംകുമാർ തന്റെ സ്വാഭാവികതയ്ക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പേരുകേട്ട ആളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന്, ഒരിക്കലും തോൽവി സമ്മതിക്കരുത് എന്ന മറ്റൊരു വലിയ പാഠവും നമുക്ക് ലഭിക്കുന്നു.‍

അദ്ദേഹത്തിന്റെ ആദ്യകാല സിനിമകൾ പലതും വിജയിച്ചില്ല. എന്നാൽ അദ്ദേഹം തന്റെ ജോലിയിൽ ശ്രദ്ധ നിലനിർത്തി. അതിന്റെ ഫലമായാണ് അദ്ദേഹം ഇത്രയും ഉയർച്ച നേടിയത്.  സുഹൃത്തുക്കളേ, ഞാൻ കൊൽക്കത്തയിൽ റോഡ് ഷോ നടത്തിയിരുന്നപ്പോൾ ഉത്തം കുമാറിന്റെ വീടിന്റെ മുന്നിലൂടെയും കടന്നുപോയത് എനിക്ക് ഓർമ്മയുണ്ട്. അവിടെ ഒരാൾ അദ്ദേഹത്തിന്റെ ഒരു ചിത്രവും എനിക്ക് സമ്മാനിച്ചിരുന്നു. മഹാനടൻ ഉത്തംകുമാറിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹം എന്നും നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിൽ വിരാജിക്കും.
“महानायक उत्तम कुमार चीरोदिन मानुषेर हृदये राज कोरबेन”

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുടെ പാരമ്പര്യങ്ങളോടൊപ്പം പരസ്പരം കണ്ടുമുട്ടാനുമുള്ള അവസരവും നമുക്ക് നൽകുന്നു. വരും ദിവസങ്ങളിൽ നാം ഇനിയും നിരവധി പ്രധാനപ്പെട്ട ഉത്സവങ്ങൾ ആഘോഷിക്കാൻ പോകുകയാണ്. സെപ്റ്റംബർ 4-ന് ജന്മാഷ്ടമിയുടെ പുണ്യോത്സവമാണ്. സെപ്റ്റംബറിൽ തന്നെ നാം വിശ്വകർമ പൂജയും ആഘോഷിക്കും. ഈ അവസരത്തിൽ നമ്മുടെ ചുറ്റുമുള്ള കരകൗശല തൊഴിലാളികളെയും ശിൽപ്പികളെയും വിശ്വകർമ സുഹൃത്തുക്കളെയും ആദരിക്കണം.

ഏതാനും മാസങ്ങൾക്കുശേഷം ദീപാവലിയും വരാനിരിക്കുകയാണ്. അതിന്റെ തയ്യാറെടുപ്പുകളും ആരംഭിച്ചിരിക്കുന്നു. ഉത്സവങ്ങളുടെ ഈ കാലത്ത്, ഞാൻ വീണ്ടും നിങ്ങളോട് വോക്കൽ ഫോർ ലോക്കൽ എന്ന അഭ്യർത്ഥന ആവർത്തിക്കുകയാണ്. വോക്കൽ ഫോർ ലോക്കൽ എന്നതിന്റെ അർത്ഥം മൺവിളക്കുകൾ വാങ്ങുക എന്നത് മാത്രമല്ല; അതിന്റെ ദർശനം വളരെ വലുതാണ്. നമ്മുടെ വീട്ടിലേക്ക് എന്ത് സാധനം വാങ്ങിയാലും, അത് ഭാരതത്തിൽ നിർമ്മിച്ചതാണോ എന്ന് തീർച്ചയായും നോക്കണം.

ഭാരതം സ്വയംപര്യാപ്തമാകാനുള്ള വഴി ഭാരതത്തിൽ നിർമ്മിച്ച വസ്തുക്കളിൽ അഭിമാനം കൊള്ളുന്നതിലൂടെയാണ് കൂടുതൽ വിശാലമാകുക. ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതും നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ സർ​ഗാത്മക ലോകത്തെ സഹപ്രവർത്തകർക്കും ഇൻഫ്ലുവൻസ‍ർമാർക്കും ക്രയേറ്റർമാർക്കും ഇതിൽ വളരെ വലിയ പങ്കുണ്ട്. നിങ്ങൾ സ്വയം വോക്കൽ ഫോർ ലോക്കൽ സ്വീകരിക്കുകയും മറ്റുള്ളവരെയും അതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ, നിങ്ങളുടെ ചുറ്റിലും ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നിരവധി ആളുകൾ ഉണ്ടാകും. ‘മൻ കി ബാത്’ലേയ്ക്ക് അവരെക്കുറിച്ച് തീർച്ചയായും എഴുതുക. നിങ്ങൾ അയക്കുന്ന അനുഭവം രാജ്യത്തിന്റെ ഏതെങ്കിലും കോണിലുള്ള ഒരാൾക്ക് പുതിയൊരു പ്രചോദനമായി മാറിയേക്കാം. നിങ്ങളുടെ അനുഭവങ്ങൾക്കും നിർദ്ദേശങ്ങൾക്കും വേണ്ടി ഞാൻ കാത്തിരിക്കുന്നു.

വളരെ വളരെ നന്ദി. നമസ്കാരം.

-SK-

*********


( റിലീസ് ഐ.ഡി: 2304626) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Marathi , Bengali , Gujarati , Kannada