വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനപ്പുറം അറിവ്, ഗവേഷണം, നവീകരണം എന്നിവയുടെ ആഗോള കേന്ദ്രങ്ങളായി മാറണമെന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഈറോഡിലെ പെരുന്തുറൈയിലുള്ള കൊങ്ങു വെള്ളാളർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (KVIT) ട്രസ്റ്റിന്റെ സ്ഥാപക ദിനാഘോഷത്തിലും 'അറിവുകൂടം' ഉദ്ഘാടനച്ചടങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.വി.ഐ.ടി (KVIT) ട്രസ്റ്റിന്റെ 41 സ്ഥാപകരുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച ഉപരാഷ്ട്രപതി, ഈ സ്ഥാപനങ്ങൾ വഴി ഇതുവരെ ഒരു ലക്ഷത്തോളം ആളുകൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൊങ്ങു മേഖലയിലെ വിദ്യാഭ്യാസ വളർച്ചയിൽ ട്രസ്റ്റിന്റെ സംഭാവനകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ജർമ്മനി, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ മുൻനിര സ്ഥാപനങ്ങളുമായി അക്കാദമിക്, ഗവേഷണ പങ്കാളിത്തം കെട്ടിപ്പടുക്കാൻ സാധിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.
യുവാക്കൾ തങ്ങളുടെ അറിവ് നിരന്തരം വർദ്ധിപ്പിക്കണമെന്നും അടിസ്ഥാന വിദ്യാഭ്യാസത്തിൽ നിന്ന് ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് മാറണമെന്നും ശ്രീ സി. പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. ഗവേഷണം, നവീകരണം, പേറ്റന്റുകൾ എന്നിവയിൽ ഏർപ്പെടാനും എഐ, റോബോട്ടിക്സ്, സെമികണ്ടക്ടറുകൾ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ഡിജിറ്റൽ ടെക്നോളജി തുടങ്ങിയ വളർന്നുവരുന്ന മേഖലകൾക്കായി സ്വയം സജ്ജരാകാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
മാറ്റം മാത്രമാണ് ശാശ്വതം' എന്ന് ഊന്നിപ്പറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, യുവാക്കൾ തങ്ങളുടെ കഴിവുകൾ തിരിച്ചറിയാനും വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതെ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാനും അഭ്യർത്ഥിച്ചു. മാനസിക സമാധാനത്തിനും ബുദ്ധികൂർമ്മതയ്ക്കും യോഗയുടെയും ധ്യാനത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, 'നിങ്ങൾ എന്താണോ ചിന്തിക്കുന്നത്, അത് തന്നെയായി നിങ്ങൾ മാറുന്നു' എന്ന സ്വാമി വിവേകാനന്ദന്റെ വചനവും ഉദ്ധരിച്ചു.
സാമൂഹിക മാറ്റത്തിനും ദേശീയ വികസനത്തിനും സംഭാവന നൽകുന്ന ആഗോള വിജ്ഞാന കേന്ദ്രങ്ങളായി ഈ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ഗവേഷണം, നവീകരണം, അറിവ് രൂപീകരണം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി'അറിവു കൂടം' മാറുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ തുടർച്ചയായ പുരോഗതിക്ക് ഗവേഷണവും നവീകരണവും ശക്തമായ വ്യവസായ-അക്കാദമിക സഹകരണവും അനിവാര്യമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു. കൊങ്ങു എഞ്ചിനീയറിംഗ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സംഘടിപ്പിച്ച, നൂതന പദ്ധതികളും സാങ്കേതിക പരിഹാരങ്ങളും പ്രദർശിപ്പിച്ച എക്സിബിഷൻ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആങ്കർ ഇൻഡസ്ട്രീസും അറിവുകൂടം - എ റിസർച്ച് പാർക്കും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറി. ഇത് വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കോളേജുമായും ട്രസ്റ്റുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളെ ശ്രീ സി. പി. രാധാകൃഷ്ണൻ ആദരിച്ചു. 'അറിവുകൂടം - എ റിസർച്ച് പാർക്ക്', ഫാർമസി കോളേജ്, കൊങ്ങു നാച്ചുറോപ്പതി ആൻഡ് യോഗ മെഡിക്കൽ കോളേജ്, കെ.വി.ഐ.ടി.ടി യുടെ ക്ലൗഡ് കിച്ചൺ എന്നിവയുടെ തറക്കല്ലിടൽ അനുസ്മരണ ഫലകങ്ങളും അദ്ദേഹം അനാച്ഛാദനം ചെയ്തു.
തമിഴ്നാട്-കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം. എം. സുന്ദരേശ്, കെ.വി.ഐ.ടി ട്രസ്റ്റ് ചെയർമാൻ ശ്രീ ദേവരാജൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
****