പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
പൊതുപരീക്ഷകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശങ്ങൾ ക്ഷണിച്ചു
പോസ്റ്റഡ് ഓണ്‍:
28 AUG 2026 4:03PM by PIB Thiruvananthpuram
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പരീക്ഷകൾ ഉൾപ്പെടെയുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പ്, സുരക്ഷ, ഘടന, ഭരണനിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്കാരങ്ങൾ പരിശോധിക്കുന്നതിനും ശുപാർശകൾ സമർപ്പിക്കുന്നതിനുമായി ശ്രീ നന്ദൻ നീലേക്കനി അധ്യക്ഷനായി കേന്ദ്ര സർക്കാർ ഒരു ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് (HPTF) രൂപീകരിച്ചു.
സ്ഥാപനപരമായ സംവിധാനങ്ങളും നടപടിക്രമങ്ങളും ശക്തിപ്പെടുത്തുക, പരീക്ഷകളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുക, അനുയോജ്യമായ സാങ്കേതികവിദ്യകൾ വിനിയോഗിക്കുക, പരീക്ഷാ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുക, പ്രവേശനക്ഷമതയും ഉൾച്ചേർക്കലും പ്രോത്സാഹിപ്പിക്കുക, വിദ്യാർത്ഥികളുടെ ക്ഷേമം സംരക്ഷിക്കുക എന്നിവയ്ക്കുള്ള നടപടികളാണ് ടാസ്‌ക് ഫോഴ്‌സ് പരിശോധിച്ചുവരുന്നത്. കരുത്തുറ്റതും സുരക്ഷിതവും സുതാര്യവും നീതിയുക്തവും ഭാവിയിലേക്ക് സജ്ജവുമായ ഒരു പൊതുപരീക്ഷാ സംവിധാനം വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി, ബന്ധപ്പെട്ട എല്ലാ പങ്കാളികളുടെയും അനുഭവങ്ങളും അറിവുകളും കാഴ്ചപ്പാടുകളും പ്രയോജനപ്പെടുത്തുന്നത് അത്യന്തം ഗുണകരമാണെന്ന് ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തുന്നു. അതിനാൽ താഴെ പറയുന്നവരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു:
• വിദ്യാർത്ഥികളും പരീക്ഷാർത്ഥികളും;
• രക്ഷിതാക്കൾ;
• അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും;
• പരീക്ഷാ നടത്തിപ്പ് ഏജൻസികളും പരീക്ഷ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളും;
• വിഷയ വിദഗ്ധരും സാങ്കേതിക വിദഗ്ധരും;
• വ്യവസായ സംഘടനകൾ;
• പൗരസമൂഹ സംഘടനകൾ; കൂടാതെ
• താൽപ്പര്യമുള്ള മറ്റ് പങ്കാളികൾ.
നിർദ്ദേശങ്ങൾ താഴെ പറയുന്ന മേഖലകളുമായി ബന്ധപ്പെട്ടതാകാം:
1. പൊതുപരീക്ഷകളുടെ നടത്തിപ്പും സുരക്ഷയും;
2. പരീക്ഷയുടെ ഘടനയും മൂല്യനിർണ്ണയ രീതികളും;
3. ഭരണനിർവ്വഹണം, ഉത്തരവാദിത്തം, സ്ഥാപനപരമായ ക്രമീകരണങ്ങൾ;
4. പരീക്ഷാ ക്രമക്കേടുകൾ തടയൽ, കണ്ടെത്തൽ, പരിഹാര നടപടികൾ;
5. സുരക്ഷിതമായ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ (CBT) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വിനിയോഗം;
6. പരീക്ഷാ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കലും വിപുലീകരിക്കലും;
7. സാമൂഹിക, സാമ്പത്തിക, പ്രാദേശിക, ഭാഷാ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പ്രാപ്യത ഉറപ്പാക്കുന്ന സമഗ്രമായ പരീക്ഷാ ചട്ടക്കൂട്;
8. സുതാര്യത, പരാതി പരിഹാരം, പങ്കാളികളുമായുള്ള ആശയവിനിമയം;
9. പരീക്ഷാ പ്രക്രിയയിലുടനീളം വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ; കൂടാതെ
10. പരീക്ഷാ സംവിധാനത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മറ്റ് നടപടികൾ.
താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ 2026 സെപ്റ്റംബർ 13-നകം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ പങ്കാളികളോടും അഭ്യർത്ഥിക്കുന്നു:
വെബ്സൈറ്റ്: https://examreforms-taskforce.dopt.gov.in
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇ-മെയിൽ: ExamReformsTaskforce@dopt.gov.in
ഇംഗ്ലീഷ്, ഹിന്ദി, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.
ഈ പൊതുജനാഭിപ്രായ ശേഖരണത്തിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കാനുള്ള ശുപാർശകൾ തയ്യാറാക്കുന്നതിന് ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സിന് സഹായകമാകും.
എല്ലാ പങ്കാളികളുടെയും സജീവവും ക്രിയാത്മകവും വിപുലവുമായ പങ്കാളിത്തം ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും https://examreforms-taskforce.dopt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 13
***
( റിലീസ് ഐ.ഡി: 2304310)
സന്ദര്‍ശക കൗണ്ടര്‍ : 8