PIB Backgrounder
ഗ്രാമീണ സംരംഭകത്വത്തിൻ്റെ നേർക്കാഴ്ചയായി മൈക്രോ ഫുഡ് പ്രോസസ്സിംഗ് ബസാർ
ഇന്ത്യയുടെ രുചിവൈവിധ്യങ്ങൾക്ക് പുത്തൻ വിപണികൾ
പോസ്റ്റഡ് ഓണ്‍:
26 AUG 2026 11:50AM by PIB Thiruvananthpuram
രാജ്യത്തിൻ്റെ സമ്പന്നമായ രുചിവൈവിധ്യങ്ങൾ വിളിച്ചോതുന്ന ദേശീയ പ്രദർശനമേള ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിലെത്തിയ സന്ദർശകർക്ക് വേറിട്ട അനുഭവമായി. പ്രാദേശിക പാരമ്പര്യത്തിൻ്റെയും താഴെത്തട്ടിലുള്ള സംരംഭകത്വത്തിൻ്റെയും കഥ പറയുന്ന സവിശേഷവും പരമ്പരാഗതവുമായ തനത് ഭക്ഷ്യവിഭവങ്ങളുടെ ആകർഷകവും വിശാലവുമായ നിരയാണ് സ്റ്റാളുകളിൽ ഒരുക്കിയിരുന്നത്.
ഈ വർണ്ണാഭമായ പശ്ചാത്തലത്തിൽ, കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം 2026 ആഗസ്റ്റ് 24, 25 തീയതികളിൽ പി.എം.എഫ്.എം.ഇ. (പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എൻ്റർപ്രൈസസ്) ബസാർ സംഘടിപ്പിച്ചു. 25 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രദർശകരെ ഒരുമിച്ചുകൊണ്ടുവന്ന ബസാർ, ഇന്ത്യയുടെ സമ്പന്നമായ രുചിവൈവിധ്യത്തെ ആഘോഷമാക്കി. സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ, സ്വയംസഹായ സംഘങ്ങൾ (SHGs), കർഷക ഉൽപ്പാദക സംഘടനകൾ (FPOs), സഹകരണ സംഘങ്ങൾ, സംരംഭകർ എന്നിവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വാങ്ങലുകാരുമായി നേരിട്ട് ബന്ധപ്പെടാനും പുതിയ വിപണികൾ കണ്ടെത്താനും ഈ മേള വേദിയൊരുക്കി. ചെറുധാന്യങ്ങൾ (മില്ലറ്റുകൾ), സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, മറ്റ് മൂല്യവർദ്ധിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ വരെ അണിനിരത്തിയ ബസാർ, പ്രാദേശിക ചേരുവകളെയും പരമ്പരാഗത അറിവുകളെയും വിപുലമായ വിപണി സാധ്യതയുള്ള ബ്രാൻഡുകളാക്കി എങ്ങനെ മാറ്റാമെന്ന് തെളിയിച്ചു. 2020 ജൂൺ 29-ന് ആരംഭിച്ച പി.എം.എഫ്.എം.ഇ. പദ്ധതി സാമ്പത്തിക, സാങ്കേതിക, ബിസിനസ് സഹായങ്ങൾ നൽകിക്കൊണ്ട് സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുകയും പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനും സംരംഭകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഇപ്പോൾ ഇന്ത്യയിലുടനീളം സൂക്ഷ്മ ഭക്ഷ്യസംസ്കരണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന വലിയൊരു പരിവർത്തനത്തിൻ്റെ നേർസാക്ഷ്യമാണ് ഫറാസിൻ്റെ കഥ. പി.എം.എഫ്.എം.ഇ. ബസാറിലെ എസ്.എച്ച്.എച്ച്.ഇ. ഫുഡ്സ് സ്റ്റാളിൽ എത്തുന്ന സന്ദർശകരോട്, ബിഹാറിൽ നിന്നുള്ള അവരുടെ സംരംഭക യാത്രയെക്കുറിച്ച് സംഘാംഗങ്ങൾ അഭിമാനത്തോടെ പങ്കുവെക്കുന്നത് ഫറാസ് നോക്കിനിന്നു. ഫറാസിനെ സംബന്ധിച്ചിടത്തോളം, ഈ നിമിഷം ബസാറിലെ വെറുമൊരു അനുഭവം മാത്രമായിരുന്നില്ല മറിച്ച് , അദ്ദേഹത്തിൻ്റെ ചെറുസംരംഭം ഇത്രയും ദൂരം പിന്നിട്ടുവെന്നതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു.

ബിഹാറിൻ്റെ പ്രിയപ്പെട്ട മഖാനയ്ക്ക് കൂടുതൽ ആധുനികമായ ഒരു സ്വത്വം നൽകുക എന്ന ലളിതമായ ആശയത്തോടെ 2021-ലാണ് എസ്.എച്ച്.എച്ച്.ഇ. ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത്. മഖാന ചേർത്ത കുക്കികളും, എളുപ്പത്തിൽ കഴിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ചെറുതും കൂടുതൽ സൗകര്യപ്രദവുമായ പാക്കറ്റുകളും ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനായി സംഘം പരീക്ഷണങ്ങൾ ആരംഭിച്ചു. 2021-ൽ പി.എം.എഫ്.എം.ഇ. പദ്ധതിയുമായി കൈകോർത്തത് ഈ സംരംഭത്തിന് വലിയൊരു ഉണർവായി മാറി. ഇത് ഉൽപ്പന്നങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാനും, ശക്തമായ ബ്രാൻഡ് കെട്ടിപ്പടുക്കാനും, പുതിയ ബിസിനസ് അവസരങ്ങൾ തുറക്കാനും സഹായകമായി. ഉപഭോക്താക്കളെ കണ്ടെത്താനും പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള മികച്ചൊരു വേദിയായി പി.എം.എഫ്.എം.ഇ. ബസാർ മാറിക്കൊണ്ടിരിക്കുകയാണ്.

പദ്ധതിയുടെ സ്വാധീനം അതിനപ്പുറത്തേക്കും വ്യാപിച്ചു. സംസ്കരണ യൂണിറ്റ് നവീകരിക്കാൻ എസ്.എച്ച്.എച്ച്.ഇ. ഫുഡ്സിനെ അത് സഹായിച്ചു. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ വരെ ആകെ പദ്ധതിച്ചെലവിൻ്റെ 35 ശതമാനം നൽകുന്ന പി.എം.എഫ്.എം.ഇ.യുടെ ക്രെഡിറ്റ് ലിങ്ക്ഡ് കാപ്പിറ്റൽ സബ്‌സിഡി പ്രകാരം, കമ്പനി 10 ലക്ഷം രൂപയുടെ വായ്പയ്‌ക്കെതിരെ 3 ലക്ഷം രൂപയിലധികം സബ്‌സിഡിയായി നേടി. കൂടുതൽ മത്സരക്ഷമത കൈവരിക്കാനും പ്രവർത്തനങ്ങൾ ഔപചാരികമാക്കാനും വളർച്ചയുടെ പുതിയ വഴികൾ തുറക്കാനും ഈ പിന്തുണ സഹായിച്ചു. ഈ പിന്തുണയോടെ അവർ മികച്ച യന്ത്രസാമഗ്രികളിൽ നിക്ഷേപിക്കുകയും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. പ്രതിദിനം വെറും 100 കിലോഗ്രാം സംസ്കരിച്ചിരുന്ന സ്ഥാനത്തുനിന്ന് ഉൽപ്പാദനം പ്രതിദിനം കുറഞ്ഞത് 1,000 കിലോഗ്രാമായി ഉയർത്തി. ആ വളർച്ച അവരുടെ വിൽപ്പനയുടെ വളർച്ചാ രേഖയിലും പ്രതിഫലിക്കുന്നു. 2021-ൽ 2.5–3 ലക്ഷം രൂപയായിരുന്നിടത്തുനിന്ന് എസ്.എച്ച്.എച്ച്.ഇ. ഫുഡ്സ് ഇപ്പോൾ 14 കോടി രൂപയുടെ വിൽപ്പന പിന്നിട്ടു കഴിഞ്ഞു. ഫറാസിനെ സംബന്ധിച്ചിടത്തോളം, ഈ കണക്കുകൾ വലിയ അഭിലാഷങ്ങളുടെയും പിന്തുണയുടെയും അതിവേഗം യാഥാർത്ഥ്യമാകുന്ന ഒരു സ്വപ്നത്തിൻ്റെയും കഥയാണ് പറയുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യമേഖലയിലേക്ക് പദ്ധതി കൂടുതൽ ആഴത്തിൽ എത്തുമ്പോൾ, അത് സ്പർശിക്കുന്ന ഓരോ പ്രദേശത്തും അതിൻ്റെ സ്വാധീനം വ്യത്യസ്തമായൊരു രൂപം കൈവരിക്കുന്നു.
ഉദയ്പൂരിൽ, ആ സ്വാധീനം പാരമ്പര്യവും പ്രകൃതിയും ലക്ഷ്യബോധവും ചേർന്നാണ് രൂപപ്പെടുന്നത്. 2017 മുതൽ, ട്രൈബൽവേദ ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത അറിവും ആയുർവേദവും എന്ന രണ്ട് ലോകങ്ങളെ ഒന്നിപ്പിച്ചു. ആ സംയോജനം അതിൻ്റെ പേരിൽത്തന്നെ മനോഹരമായി പ്രതിഫലിക്കുന്നുമുണ്ട്. ഓരോ ഞാവൽപ്പഴ സീസണും ഈ യാത്രയ്ക്ക് പുതിയ ഊർജ്ജം പകരുന്നു. 3,000 മുതൽ 5,000 വരെ വരുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പഴങ്ങൾ ശേഖരിക്കാനായി കാടുകളിലേക്ക് പോകുകയും, തുടർന്ന് അത് ജാമുൻ വിനാഗിരി, ക്യൂബുകൾ, സ്ട്രിപ്പുകൾ തുടങ്ങിയ എന്നിവയുൾപ്പെടെയുള്ള സവിശേഷവും പ്രിസർവേറ്റീവുകൾ ചേർക്കാത്തതുമായ ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഈ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ സംരംഭം കേവലം വരുമാനത്തിനപ്പുറം പലതും നൽകുന്നു. അത് അവരുടെ സമൂഹങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുകയും പുതിയ സാധ്യതകൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു.

പി.എം.എഫ്.എം.ഇ. പദ്ധതി ഈ സംരംഭക യാത്രയ്ക്ക് കൂടുതൽ കരുത്തുപകർന്നു. അത്യാധുനിക യന്ത്രസാമഗ്രികൾ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയപ്പോൾ, വിശാലമായ വിപണി സാധ്യതകൾ ട്രൈബൽവേദയുടെ ഉൽപ്പന്നങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം വിദൂരങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു. ഇന്ന് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ബ്രാൻഡിൻ്റെ സ്വന്തം വെബ്‌സൈറ്റ് വഴിയും ഓർഡറുകൾ ലഭിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയുടെ അതിർത്തികൾ കടന്ന് ഈ യാത്ര ദുബായിലേയും അമേരിക്കയിലേയും ഉപഭോക്താക്കളിലേക്കും എത്തിയിരിക്കുന്നു. ചെറിയൊരു ഉപഭോക്തൃ അടിത്തറയിൽ ആരംഭിച്ച ഈ സംരംഭം, ഇന്ന് രാജസ്ഥാനിലെ വനമേഖലകൾക്കപ്പുറത്തേക്ക് വളർന്നു പന്തലിച്ചിരിക്കുന്നു. പരമ്പരാഗത വിജ്ഞാനത്തിന് അനുയോജ്യമായ അവസരങ്ങൾ ലഭിക്കുമ്പോൾ ആ അറിവുകൾക്കൊപ്പം അതിനെ മുന്നോട്ടുകൊണ്ടുപോകുന്ന സംരംഭങ്ങൾക്കും ഒരുപോലെ വളർന്നുപന്തലിക്കാനാകുമെന്ന ലളിതമായ ആശയമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
മഹാരാഷ്ട്രയിലെ, മയൂർ ഹാൻഡെയുടെ സംരംഭക യാത്ര ആരംഭിച്ചത് വളരെ പരിമിതമായ സൗകര്യങ്ങളോടെയും വലിയൊരു അഭിലാഷത്തോടെയുമായിരുന്നു. 13 വർഷം മുമ്പ് ആരംഭിച്ച സോയ റിച്ച്, സോയയും ടോഫുവും അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളാണ് തയ്യാറാക്കുന്നത്. സോയാബീൻ അരച്ച് പാലാക്കി മാറ്റി, അത് പുളിപ്പിച്ചാണ് ടോഫു നിർമ്മിക്കുന്നത്. തുടർന്ന് പുതിന, സ്മോക്ക്ഡ് തുടങ്ങിയ വിവിധ രുചിഭേദങ്ങൾ ചേർത്ത് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. എന്നാൽ, ഇത്തരം പുതുമകൾ കൊണ്ടുവരുന്നതിന് അനുയോജ്യമായ യന്ത്രസാമഗ്രികൾ ആവശ്യമായിരുന്നു. അതിന് വലിയ തോതിലുള്ള നിക്ഷേപവും അനിവാര്യമായിരുന്നു. പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് എത്തുന്നതിനു മുമ്പ് ആവശ്യത്തിന് ഫണ്ട് കണ്ടെത്തുക എന്നത് അദ്ദേഹത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. വായ്പ ലഭിക്കുന്നതിലുണ്ടായ കാലതാമസം സംരംഭത്തിൻ്റെ വളർച്ച കൂടുതൽ മന്ദഗതിയിലാക്കുകയും ചെയ്തു.

2021-ലാണ് സോയ റിച്ച് പി.എം.എഫ്.എം.ഇ. പദ്ധതിയുടെ ഭാഗമാകുന്നത്. തുടർന്ന് ലഭിച്ച പിന്തുണ ഒരേസമയം പല തലങ്ങളിലുള്ള വളർച്ചയ്ക്ക് വഴിയൊരുക്കി. 20 ലക്ഷം രൂപ ചെലവ് വരുന്ന പ്രൊജക്റ്റിനായി, പദ്ധതിക്ക് കീഴിലുള്ള 35 ശതമാനം മൂലധന സബ്‌സിഡിയുടെ പിന്തുണയോടെ സംരംഭം ബാങ്ക് വായ്പ നേടിയെടുത്തു. യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് പുറമെ, ബ്രാൻഡിംഗ് ശക്തിപ്പെടുത്താനും വിപണി സാന്നിധ്യം വർദ്ധിപ്പിക്കാനും ബിസിനസിനെ സർക്കാർ പോർട്ടലുകളുമായി ബന്ധിപ്പിക്കാനും ഈ സഹായം ഉപകരിച്ചു. അതിൻ്റെ ഫലങ്ങൾ കണക്കുകളിൽ വ്യക്തമാണ്. ഒരൊറ്റ ചെറിയ സംവിധാനത്തിൽ നിന്ന് തുടങ്ങിയ സോയ റിച്ച് ഇന്ന് എട്ട് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. പ്രതിമാസ വിൽപ്പനയാകട്ടെ ഏകദേശം 2 ലക്ഷം രൂപയിൽ നിന്ന് ഏതാണ്ട് 35 ലക്ഷം രൂപയായി ഉയരുകയും ചെയ്തു. ശരിയായ പിന്തുണ ലഭിച്ചാൽ ചെറിയ തുടക്കങ്ങൾക്കും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും എന്ന ലളിതമായ സന്ദേശമാണ് ഈ യാത്രകൾ പകർന്നുനൽകുന്നത്. ഒരു ചെറിയ സംരംഭം വിപുലമായ വളർച്ച കൈവരിച്ച കഥയാണിതെങ്കിൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങി പുതിയ ചക്രവാളങ്ങൾ തേടിക്കൊണ്ടിരിക്കുന്ന മറ്റൊരു സംരംഭത്തിൻ്റെ കഥയും പറയാനുണ്ട്.
പീയൂഷ് മൊഹന്തിയെ സംബന്ധിച്ചിടത്തോളം, ഭക്ഷ്യസംസ്കരണം എന്നത് കേവലമൊരു ബിസിനസ് മാത്രമല്ല, 1995-ൽ ഒഡീഷയിൽ തുടക്കം കുറിച്ച ഒരു പാരമ്പര്യത്തിൻ്റെ തുടർച്ച കൂടിയാണ്. മാലതി ഫുഡ് പ്രൊഡക്ട്‌സിൽ, വിവിധയിനം ചെറുധാന്യങ്ങൾ (മില്ലറ്റുകൾ) സൂക്ഷ്മമായി വൃത്തിയാക്കി, പൊടിച്ച്, സംസ്കരിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നു. എന്നാൽ വർഷങ്ങളോളം, മികച്ച ഗുണനിലവാരമുള്ള യന്ത്രസാമഗ്രികളുടെ അഭാവം അവർ വിഭാവനം ചെയ്ത നിലവാരം കൈവരിക്കുന്നതിന് വലിയൊരു തടസ്സമായിരുന്നു. 2024-ൽ പി.എം.എഫ്.എം.ഇ. പദ്ധതിയുമായി കൈകോർത്തത് പുതിയൊരു വഴിത്തിരിവായി. 9 ലക്ഷത്തിലധികം രൂപയുടെ മൂലധന സബ്‌സിഡിയിലൂടെ അവരുടെ സംസ്കരണ കേന്ദ്രം നവീകരിക്കാനും, കൂടുതൽ മികച്ച യന്ത്രസാമഗ്രികളിൽ നിക്ഷേപം നടത്താനും അവർക്ക് സാധിച്ചു.

ഈ മാറ്റത്തിൻ്റെ ഫലം പെട്ടെന്ന് തന്നെ പ്രകടമായി. മികച്ച യന്ത്രസാമഗ്രികൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും വിൽപ്പനയിൽ ഏകദേശം 40 ശതമാനം വർദ്ധനവുണ്ടാക്കുകയും ചെയ്തു. മാലതി ഫുഡ് പ്രൊഡക്ട്സ് അവരുടെ വിപണനം ആമസോണിലേക്കും ഫ്ലിപ്കാർട്ടിലേക്കും വ്യാപിപ്പിച്ചു. അതോടൊപ്പം വ്യാപാരമേളകളിലെ പങ്കാളിത്തം പുതിയ അവസരങ്ങൾ തുറന്നു നൽകുകയും ഇതിലൂടെ വിപണിപരിചയവും അറിവും മൂല്യവത്തായ വിപണി ബന്ധങ്ങളും നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ, ഒരുപക്ഷേ ഏറ്റവും അർത്ഥവത്തായ മാറ്റം വിൽപ്പനക്കണക്കുകളിലോ യന്ത്രസാമഗ്രികളുടെ നവീകരണത്തിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്നതിനപ്പുറത്തേക്ക് ചിന്തിക്കാനുള്ള ആത്മവിശ്വാസമാണത്. കൂടുതൽ ശക്തമായ ശേഷികളും വളർന്നുവരുന്ന വിപണി സാന്നിധ്യവുമായി, അടുത്ത വർഷം മുതൽ കയറ്റുമതി സാധ്യതകൾ പര്യവേക്ഷണം ചെയ്യാനാണ് മാലതി ഫുഡ് പ്രൊഡക്ട്സ് ഇപ്പോൾ പദ്ധതിയിടുന്നത്. അങ്ങനെ ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഒരു പാരമ്പര്യം ഇന്ത്യൻ അതിർത്തികൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ്.
കേവലം ബിസിനസുകളുടെ വളർച്ചയെക്കുറിച്ച് മാത്രമല്ല, വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം നേടിയെടുക്കുന്നതിനെക്കുറിച്ചാണ് ഇത്തരം കഥകൾ യഥാർത്ഥത്തിൽ പറയുന്നത്. വർണ്ണങ്ങൾക്കും സുഗന്ധങ്ങൾക്കും രുചികൾക്കുമപ്പുറം, ഈ ബസാർ ബാക്കിവെക്കുന്നത് കൂടുതൽ നിലനിൽക്കുന്ന മറ്റൊന്നാണ്. ശരിയായ ഒരവസരം ലഭിച്ചാൽ, ഒരു സ്വപ്നത്തിന് ഒരു ജീവിതത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയും എന്ന ലളിതമായ ഓർമ്മപ്പെടുത്തലാണത്.
അവലംബം
Ministry of Food Processing Industries
https://www.pib.gov.in/PressReleaseDetail.aspx?PRID=2302922®=3&lang=1
PIB Backgrounder
https://www.pib.gov.in/PressNoteDetails.aspx?NoteId=155134&ModuleId=3®=48&lang=2
Click to see pdf
***
( റിലീസ് ഐ.ഡി: 2303729)
സന്ദര്‍ശക കൗണ്ടര്‍ : 3