പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പ്രാദേശിക സമൂഹങ്ങളുടെ നേതൃത്വത്തിൽ പുൽമേടുകളുടെ പുനഃസ്ഥാപനത്തിന് മംഗോളിയയിലെ ഉലാൻബാതറിൽ നടന്ന യു.എൻ യോഗത്തിൽ ആഹ്വാനം ചെയ്ത് ഇന്ത്യ

പോസ്റ്റഡ് ഓണ്‍: 26 AUG 2026 8:51AM by PIB Thiruvananthpuram
ഇടയ സമൂഹങ്ങളുടെ നിലനില്പിലും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും, ജല-കാർബൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പുൽമേടുകൾ വഹിക്കുന്ന നിർണായക പങ്കിനെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതികളിലൂടെ നാശോന്മുഖമായ പുൽമേടുകളെ പുനഃസ്ഥാപിക്കണമെന്നും, പ്രാദേശിക സമൂഹങ്ങൾക്ക് ഭൂമിയുടെ മേൽ അവകാശങ്ങളുണ്ടെന്നും അവയുടെ സംരക്ഷണത്തിൽ സജീവമായി ഇടപെടണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. മരുഭൂമിവത്ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ കൺവെൻഷൻ്റെ (UNCCD CoP17) സമ്മേളനത്തിൽ "ഇടയ സമൂഹങ്ങളുടെ പുനഃസ്ഥാപനവും ക്ഷേമവും" എന്നത് സംബന്ധിച്ച മന്ത്രിതല സംഭാഷണത്തെ അഭിസംബോധന ചെയ്യവേ, കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, ശാസ്ത്രീയ ആസൂത്രണത്തിൻ്റെയും സാമൂഹിക പങ്കാളിത്തത്തിൻ്റെയും സമന്വയത്തിലൂടെ പുൽമേടുകളും മേച്ചിൽപ്രദേശങ്ങളും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യ കൈവരിച്ച വിജയം വിശദീകരിച്ചു.


"പുനരുദ്ധാരണ പദ്ധതികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നവരായിട്ടല്ല മറിച്ച് പുൽമേടുകളുടെ പ്രധാന സംരക്ഷകരായി പ്രാദേശിക ഇടയ സമൂഹങ്ങളെ കണക്കാക്കണമെന്ന്" ശ്രീ യാദവ് നിർദ്ദേശിച്ചു. ആധുനിക ശാസ്ത്രീയ രീതികളുമായി പ്രാദേശിക സമൂഹങ്ങളുടെ പരമ്പരാഗത ജ്ഞാനത്തെ സംയോജിപ്പിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിനും, ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിനും, എല്ലാവർക്കും ഗുണപ്രദമാം വിധം പുൽമേടുകൾ പുനഃസ്ഥാപിക്കുന്നതിനും സഹായകമാകുമെന്ന് ശ്രീ യാദവ് വിശദീകരിച്ചു. ഹിമാലയൻ പുൽമേടുകൾ, മധ്യ ഇന്ത്യൻ സവന്നകൾ, വരണ്ട താർ- കച്ച് പ്രദേശങ്ങൾ, തെക്കൻ ഷോലകൾ അടക്കം ഇന്ത്യയ്ക്ക് വിവിധ തരം പുൽമേടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയിൽ ധാരാളം കന്നുകാലികളും മനുഷ്യരും ജീവിക്കുന്നു. മരുഭൂവത്‌ക്കരണം തിരിച്ചറിയാനും പുനഃസ്ഥാപനം ആസൂത്രണം ചെയ്യാനും ഉപഗ്രഹ അധിഷ്ഠിത ഭൂപടങ്ങൾ സഹായിക്കുന്നുവെന്നും, മൃഗങ്ങളെ മേയ്ക്കാനും വനവിഭവങ്ങൾ കൈകാര്യം ചെയ്യാനും പ്രാദേശിക സമൂഹങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകുന്നത് ഈ ഭൂമിയെ സുസ്ഥിരമായി സംരക്ഷിക്കാനും വിനിയോഗിക്കാനും സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രാദേശിക സമൂഹങ്ങൾ മുഖേന പ്രകൃതിയെ സംരക്ഷിക്കുകയും ഭൂമിയെ സുസ്ഥിരമായി കൈകാര്യം ചെയ്യുകയും ചെയ്ത നീണ്ട പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രാധാന്യത്താൽ പ്രാദേശിക സമൂഹങ്ങൾ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പുണ്യവനങ്ങളാണ് ഇവ. ഇന്ത്യയിൽ ഏകദേശം 600,000 ഹെക്ടർ വിസ്തൃതിയുള്ള അത്തരം 25,000 പുണ്യവനങ്ങളുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിൻ്റെ ആവാസവ്യവസ്ഥ ഉൾപ്പെടെയുള്ള വന്യജീവി ആവാസവ്യവസ്ഥകളെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. ഒപ്പം ഇടയ സമൂഹങ്ങളുടെ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചീറ്റകളെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും ഗുജറാത്തിലെ ബന്നി പോലുള്ള പുൽമേടുകളിലേക്ക് അവയുടെ ആവാസവ്യവസ്ഥ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലൂടെയും വനങ്ങളും പുൽമേടുകളും പുനഃസ്ഥാപിക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആത്യന്തികമായി, മണ്ണിൽ കാർബൺ സംഭരിക്കുന്നതിനും, മഴവെള്ളം ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനും, ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും, ഇന്ത്യയിലെ ഏകദേശം 10 ദശലക്ഷം ഹെക്ടർ മേച്ചിൽപ്പുറങ്ങളിലുടനീളം ആഴത്തിൽ വേരൂന്നിയിരിക്കുന്ന പുൽച്ചെടികൾ സുപ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

മുഴുവൻ ഭൂപ്രകൃതിയെയും സമഗ്രമായി കൈകാര്യം ചെയ്യുക, നീർത്തട വികസനം, നിയന്ത്രിതവും സുസ്ഥിരവുമായ മേച്ചിൽ പ്രോത്സാഹിപ്പിക്കുക, കാലിത്തീറ്റ ലഭ്യത വർദ്ധിപ്പിക്കുക, പ്രാദേശിക ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുക എന്നിവയാണ് പുൽമേടുകൾ  പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സുസ്ഥിരമായ മാർഗ്ഗങ്ങളായി ഇന്ത്യ കരുതുന്നത്. ഈ സമീപനത്തിൽ സാമൂഹിക പങ്കാളിത്തം പ്രധാനമായി കണക്കാക്കപ്പെടുന്നു. വികസ്വര രാജ്യങ്ങൾ ഭൂമി നശീകരണ നിഷ്പക്ഷതക്കായി പ്രവർത്തിക്കുമ്പോൾ, അതിനാവശ്യമായ ധനത്തിലേക്കും ആധുനിക സാങ്കേതികവിദ്യയിലേക്കും ഫലപ്രദമായ വിജ്ഞാനത്തിലേക്കുമുള്ള പ്രാപ്യത അനിവാര്യമാണെന്ന് ശ്രീ യാദവ് പറഞ്ഞു. പുൽമേട് പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ സമർപ്പിതവും എളുപ്പത്തിൽ ലഭ്യമായതുമായ ധനസഹായത്തെ പിന്തുണയ്ക്കുന്നുവെന്നും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ വിജ്ഞാനം, അനുഭവം, വിജയകരമായ രീതികൾ എന്നിവ പങ്കിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
***

( റിലീസ് ഐ.ഡി: 2303569) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada