ആഭ്യന്തരകാര്യ മന്ത്രാലയം
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 9-ാമത് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജീസ് (NSS) ദ്വിദിന സമ്മേളനം-2026 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
24 AUG 2026 9:40PM by PIB Thiruvananthpuram
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 9-ാമത് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജീസ് (NSS) ദ്വിദിന സമ്മേളനം-2026 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു.

സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ്, ദേശസുരക്ഷയും അഖണ്ഡതയും ഉറപ്പാക്കുന്നതിനായുള്ള കർത്തവ്യനിർവ്വഹണത്തിനിടെ രക്തസാക്ഷിത്വം വഹിച്ച ഇന്റലിജൻസ് ബ്യൂറോയിലെ ധീരരായ ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ചു.

നേരിട്ടും ഓൺലൈനായും നടന്ന ഹൈബ്രിഡ് സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള 850-ലധികം പേർ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സഹന്ത്രിമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡെപ്യൂട്ടി എൻഎസ്‌എ മാർ , സിഎപിഎഫ് / സിപിഒ മേധാവിമാർ അടക്കമുള്ളവർ ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡിജിപിമാർ, താഴേത്തട്ടിൽ നേരിട്ട് പ്രവർത്തിക്കുന്ന യുവ പോലീസ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ വീഡിയോ കോൺഫറൻസിംഗിൽ സന്നിഹിതരായിരുന്നു.

സമ്മേളനത്തിന്റെ ആദ്യ ദിനം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ഉന്നയിച്ചു. ഭീകരവാദത്തെ എങ്ങനെ കൈകാര്യം ചെയ്യാം, മൾട്ടി ഏജൻസി സെന്റർ (MAC) മുഖേന രഹസ്യവിവരങ്ങൾ എങ്ങനെ ശേഖരിക്കാം, സമന്വയിപ്പിക്കാം, വിശകലനം ചെയ്യാം, ഉപയോഗിക്കാം എന്നീ കാര്യങ്ങൾ ചർച്ചയായി. ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നാടുകടത്തുകയും ചെയ്യാനുള്ള നടപടികൾ, സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങൾ, പാകിസ്ഥാന്റെ നിഴൽ യുദ്ധം കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ എന്നിവയും സമ്മേളനം ചർച്ച ചെയ്‌തു.

ഭീകരവാദവും ഭീകരവാദവത്ക്കരണവും തടയുന്നതിന് കൂടുതൽ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ ഏജൻസികളോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഹാർ പദ്ധതി നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ശരിയായി പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത, വിദേശത്തേക്ക് രക്ഷപ്പെട്ട കുറ്റവാളികളുടെ കേസുകളുടെ വിചാരണ വേഗത്തിലാക്കുക, നിയമപരമായി അനുവദിക്കുന്ന സാഹചര്യങ്ങളിൽ അസന്നിഹിത വിചാരണകൾ നടത്തുക എന്നിവ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎപിഎ പ്രകാരമുള്ള കേസുകൾ അന്വേഷിക്കുമ്പോൾ പൂർണ്ണവും ഏകോപിതവുമായ സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, മൾട്ടി ഏജൻസി സെന്റർ (MAC) മുഖേന ശേഖരിക്കുന്ന രഹസ്യ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും വിവിധ ദേശീയ സുരക്ഷാ ഭീഷണികളെ നേരിടുന്നതിനുള്ള ഏകീകൃത പ്രവർത്തന നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിതബുദ്ധി (AI) അധിഷ്ഠിത രീതികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. രാജ്യത്തേക്കുള്ള നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടി സ്വീകരിക്കാനും എല്ലാ സുരക്ഷാ ഏജൻസികൾക്കും അദ്ദേഹം നിർദ്ദേശം നൽകി.
രണ്ടാം ദിവസം, ഡ്രോണുകളിൽ നിന്നും മറ്റ് വ്യോമ സംവിധാനങ്ങളിൽ നിന്നുമുള്ള ഭീഷണികൾ, ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയെയും സമുദ്രങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ, ദേശസുരക്ഷയിൽ വിവരവിനിമയ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ, ജൈവ ഭീഷണികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് ശക്തമായ ഒരു ജൈവ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകത എന്നിവ സമ്മേളനം ചർച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, 2021 മുതൽ എല്ലാ വർഷവും ഭൗതികമായും ഓൺലൈനായും ഹൈബ്രിഡ് മാതൃകയിൽ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജീസ് (NSSC) സമ്മേളനം സംഘടിപ്പിച്ചുവരുന്നു. വിവിധ മേഖലകളിലെ വിദഗ്ധരോടൊപ്പം, താഴേത്തട്ടിൽ നേരിട്ട് പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ വിപുലമായ അനുഭവവും അറിവും ഉപയോഗപ്പെടുത്തി സുപ്രധാന ദേശസുരക്ഷാ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
***
( റിലീസ് ഐ.ഡി: 2303060)
സന്ദര്‍ശക കൗണ്ടര്‍ : 16