പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ മൗറീഷ്യസ് സന്ദർശനം

प्रविष्टि तिथि: 22 AUG 2026 10:11AM by PIB Thiruvananthpuram

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി 2026 ഓഗസ്റ്റ് 20, 21 തീയതികളില്‍ മൗറീഷ്യസില്‍ ഔദ്യോഗിക സന്ദർശനം നടത്തി.

 

ഓഗസ്റ്റ് 20-ന് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവിൻചന്ദ്ര രാംഗൂലാമുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും സാന്നിധ്യത്തിൽ എണ്ണ-വാതക മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ഗവണ്മെൻ്റ് -ടു-ഗവണ്മെൻ്റ് ധാരണാപത്രം  കൈമാറി. ഒപ്പം പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും മൗറീഷ്യസിലെ സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷനും തമ്മിലെ ദീർഘകാല വിൽപ്പന-വാങ്ങൽ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ പ്രകാരം മൗറീഷ്യസിൻ്റെ ഇറക്കുമതി ആവശ്യങ്ങള്‍ക്കുള്ള പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവ പൂർണമായും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്യും.

 

ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല ഊർജ്ജ പങ്കാളിത്തത്തെ ഔദ്യോഗിക തലത്തിൽ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് എണ്ണ-വാതക സഹകരണ ധാരണാപത്രം. പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണം, മൗറീഷ്യസ്  ഉദ്യോഗസ്ഥർക്ക് പരിശീലനവും ശേഷി വികസനവും, ജൈവ ഇന്ധന സഹകരണം എന്നിവ ഇതിലുൾപ്പെടുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും മൗറീഷ്യസ് സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷനും തമ്മിലെ അഞ്ചുവർഷ കരാർ മൗറീഷ്യസിന് തടസ്സമില്ലാത്ത ഇന്ധന ലഭ്യതയും വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷണവും ഉറപ്പാക്കുന്നു. സമീപ വർഷങ്ങളിൽ ദക്ഷിണേഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനി ഒപ്പുവെക്കുന്ന ആദ്യ ദീർഘകാല വിതരണ കരാറാണിത്.

 

സന്ദർശന വേളയിൽ മൗറീഷ്യസ് ഊർജ്ജ-പൊതുജനസേവന വകുപ്പ് മന്ത്രി പാട്രിക് ജെർവെയ്സ് അസിർവാദൻ, വാണിജ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി ജോൺ മൈക്കല്‍ സൺ സാവോ യങ് സിക് യുൻ, വിദേശകാര്യ-മേഖലാ സംയോജന-അന്താരാഷ്ട്ര വ്യാപാര മന്ത്രി ധനഞ്ജയ് റാംഫുൽ എന്നിവരുമായും കേന്ദ്രമന്ത്രി ഫലപ്രദമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. പോർട്ട് ലൂയിസിലെ മെർ റൂഷിൽ ഇന്ത്യൻ ഓയിൽ (മൗറീഷ്യസ്) ലിമിറ്റഡിൻ്റെ 27.5 ടിഎംടി ബങ്കർ സമുദ്ര ഇന്ധന സംഭരണ കേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

 

വിശ്വസനീയ ഊർജ്ജ പങ്കാളിയായി വളരുന്ന ഇന്ത്യ

 

23 എണ്ണ സംസ്കരണ നിലയങ്ങളിലായി പ്രതിവർഷം 267 എംഎംടി പെട്രോളിയം ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രധാന ആഗോള സംസ്കരണ കേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ട്. നേപ്പാളിൻ്റെയും ഭൂട്ടാൻ്റെയും പെട്രോളിയം ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നതിനൊപ്പം അയൽരാജ്യങ്ങളിലേക്കും പുറത്തേക്കും വന്‍തോതിൽ ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്നു. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിലും നേപ്പാളിനും ഭൂട്ടാനും നല്‍കിയ വിതരണ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ച് ഈ മേഖലയുടെ വിശ്വസനീയ ഊർജ്ജ ദാതാവായി ഇന്ത്യ മാറി. മൗറീഷ്യസുമായി കരാറില്‍ ഏര്‍പ്പെടുന്നത് ആ രാജ്യത്തിൻ്റെ പ്രധാന ഇന്ധന വിതരണ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യത്തിൻ്റെ തന്ത്രപരവും സാമ്പത്തികവുമായ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.

 

ജൈവ ഇന്ധന രംഗത്തും സഹകരണം വിപുലീകരിക്കുന്ന ധാരണാപത്രം 

വൈജ്ഞാനിക വിനിമയം, ഗവേഷണം, പരിശീലനം എന്നിവയിലൂടെ ജൈവ ഇന്ധന മേഖലയിലും സഹകരണം വ്യാപിപ്പിക്കാൻ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയുടെ  G-20 അധ്യക്ഷതയിൽ രൂപം നൽകിയ ആഗോള ജൈവ ഇന്ധന സഖ്യത്തിൻ്റെ (GBA) സ്ഥാപകാംഗമാണ് മൗറീഷ്യസ്. ഇതിൻ്റെ ഭാഗമായി മൗറീഷ്യസിൻ്റെ ഊർജ്ജ പരിവർത്തനത്തിന് ‘ദേശീയ ജൈവ ഇന്ധന നയ ചട്ടക്കൂട്' വികസിപ്പിക്കാന്‍ സഖ്യ സെക്രട്ടേറിയറ്റ് മൗറീഷ്യസ് ഊർജ്ജ-പൊതുജനസേവന മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

 

മൗറീഷ്യസിൻ്റെ ജൈവ ഇന്ധന നയ ചട്ടക്കൂടിൻ്റെ പ്രകാശനത്തിന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും മൗറീഷ്യസ് മന്ത്രി പാട്രിക് ജെർവെയ്സ് അസിർവാദനും ഓഗസ്റ്റ് 21-ന് സാക്ഷ്യം വഹിച്ചു.

 

***


(रिलीज़ आईडी: 2302288) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu