വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഉന്നതതല ഉഭയകക്ഷി-വ്യാപാര കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-സിംഗപ്പൂർ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

प्रविष्टि तिथि: 20 AUG 2026 5:09PM by PIB Thiruvananthpuram
ഇന്ത്യ-സിംഗപ്പൂർ ദീർഘകാല സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വ്യവസായ സംരംഭങ്ങള്‍ എന്നിവയിലെ സഹകരണം വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2026 ഓഗസ്റ്റ് 20-ന് സിംഗപ്പൂരിൽ നിരവധി ഉന്നതതല ഉഭയകക്ഷി-വ്യാപാര ചർച്ചകൾ നടത്തി.
 
 
സിംഗപ്പൂർ പ്രസിഡൻഷ്യൽ കൊട്ടാരമായ 'ഇസ്താന'യിൽ സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് ശ്രീ ഗോയൽ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് ഷാംഗ്രി-ലാ ഹോട്ടലിൽ സംഘടിപ്പിച്ച നാലാമത് ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ ചര്‍ച്ചയിലും നാലാമത് ഇന്ത്യ-സിംഗപ്പൂർ വ്യാപാര വട്ടമേശ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും പരസ്പരം പ്രയോജനകരമായ പുതിയ സാധ്യതകൾ കണ്ടെത്താനും വട്ടമേശ ചർച്ചകൾ വേദിയൊരുക്കി. ചർച്ചകൾക്ക് പിന്നാലെ വിവിധ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
 
 
ഉച്ചകഴിഞ്ഞ് ഗ്ലോബൽ ഫിനാൻസ് & ടെക്നോളജി നെറ്റ്‌വർക്ക്, കെപ്പൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ആഗോള വ്യവസായ-സ്ഥാപന മേധാവികളുമായി ശ്രീ ഗോയൽ ഗവൺമെന്റ്-ടു-ബിസിനസ് ചർച്ചകൾ നടത്തി. കാർഷിക കയറ്റുമതി, ഗൾഫ് മേഖല കേന്ദ്രീകരിച്ചുള്ള വാണിജ്യ പാർക്കുകൾ, ഫിൻടെക്, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യ-സിംഗപ്പൂർ സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
 
സിംഗപ്പൂർ വിദേശകാര്യ-വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി ഗാൻ സിയോ ഹുവാങ്ങിനൊപ്പം സിറ്റി സ്ക്വയർ മാളിൽ കാര്‍ഷിക ഭക്ഷ്യസംസ്കരണ ഉല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും ഫെയർപ്രൈസിന്റെയും സംയുക്ത സംരംഭവും ശ്രീ ഗോയൽ സന്ദർശിച്ചു. ഇന്ത്യയും സിംഗപ്പൂരും തമ്മിൽ വളർന്നുവരുന്ന കാർഷിക വ്യാപാരവും വിപണി ബന്ധങ്ങളും എടുത്തുകാട്ടുന്നതായിരുന്നു സന്ദർശനം.
 
 
വൈകിട്ട് ഇൻസീഡ് ഏഷ്യ കാമ്പസിൽ ‘ഫിക്കി’ സംഘടിപ്പിച്ച 'ഇന്ത്യ-സിംഗപ്പൂർ വ്യാപാര ഫോറ'ത്തിൽ ശ്രീ ഗോയൽ പങ്കെടുത്തു. "പുതിയ ആഗോള വളർച്ചാ സമവാക്യത്തിൽ ഇന്ത്യ: ഏഷ്യയിലെയും ലോകത്തെയും വ്യാപാര വളർച്ചയും അവസരങ്ങളും" എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിലും ചോദ്യോത്തര വേളയിലും അദ്ദേഹം പങ്കുചേര്‍ന്നു.
 
 
ഇന്ത്യയും സിംഗപ്പൂരും തമ്മിലെ സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തമായ മുന്നേറ്റത്തെയും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വ്യവസായ ബന്ധങ്ങൾ എന്നിവ കൂടുതൽ ആഴത്തിലാക്കാന്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെയും കൂടിക്കാഴ്ചകൾ പ്രതിഫലിപ്പിക്കുന്നു.
 
 
നാലാമത് ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ ചര്‍ച്ചയില്‍ കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യൻ പ്രതിനിധി സംഘം. സിംഗപ്പൂർ ഉപപ്രധാനമന്ത്രിയും വാണിജ്യ-വ്യവസായ മന്ത്രിയുമായ ശ്രീ ഗാൻ കിം യോങ്, മുതിർന്ന മന്ത്രിയും ദേശീയ സുരക്ഷാ കോർഡിനേറ്റിങ് മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശ്രീ കെ. ഷൺമുഖം, വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ, ഡിജിറ്റൽ വികസന-വിവരസാങ്കേതിക മന്ത്രി ശ്രീമതി ജോസഫൈൻ തിയോ, ഗതാഗത മന്ത്രിയും ധനകാര്യ സഹമന്ത്രിയുമായ ശ്രീ ജെഫ്രി സിയോ എന്നിവരടങ്ങിയ സംഘമാണ് സിംഗപ്പൂരിനെ പ്രതിനിധീകരിച്ചത്.
 
***
 

(रिलीज़ आईडी: 2301664) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Telugu