ഉപരാഷ്ട്രപതിയുടെ കാര്യാലയം
വികസനവും പരിസ്ഥിതി സംരക്ഷണവും എപ്പോഴും ഒരുമിച്ച് കൊണ്ടുപോകാനാവുമെന്ന് ഉപരാഷ്ട്രപതി
प्रविष्टि तिथि:
19 AUG 2026 6:10PM by PIB Thiruvananthpuram
ഡെറാഡൂണിലെ ഇന്ദിരാഗാന്ധി ദേശീയ ഫോറസ്റ്റ് അക്കാദമിയിൽ പരിശീലനം നേടുന്ന 2025–2027 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രൊബേഷണർമാരെയും റോയൽ ഭൂട്ടാൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥരെയും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് അഭിസംബോധന ചെയ്തു.
'വികസിത ഇന്ത്യ @2047' എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന നിർണായക ദശകങ്ങളിൽ ഇന്ത്യയുടെ വനങ്ങളെയും വന്യജീവികളെയും ജൈവവൈവിധ്യത്തെയും അമൂല്യമായ പ്രകൃതിവിഭവങ്ങളെയും പരിപാലിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് അവർ ഏറ്റെടുക്കുന്നതെന്ന് പരിശീലനാർത്ഥികളായ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിൻ്റെ പാരിസ്ഥിതിക സുരക്ഷ ശക്തിപ്പെടുത്തുന്നതിലും 2070-ഓടെ കാർബൺ സന്തുലിതാവസ്ഥയെന്ന ലക്ഷ്യം കൈവരിക്കുന്നതിലും ഇന്ത്യൻ ഫോറസ്റ്റ് സർവീസിൻ്റെ സംഭാവന അവിഭാജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമല്ലെന്നും അവ എപ്പോഴും ഒരുമിച്ച് കൊണ്ടുപോകാനാവുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സംരക്ഷണവും വികസനവും തമ്മിലും പാരിസ്ഥിതിക സുരക്ഷയും ഉപജീവനമാർഗങ്ങളും തമ്മിലും വർത്തമാനകാല ആവശ്യങ്ങളും ഭാവി തലമുറകളുടെ താല്പര്യങ്ങളും തമ്മിലും മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വ്യക്തിഗത മികവിനേക്കാൾ കൂട്ടായ മികവിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് വ്യക്തമാക്കിയ ശ്രീ സി.പി. രാധാകൃഷ്ണൻ നിരന്തരം നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളാണ് രാജ്യങ്ങളെയും സ്ഥാപനങ്ങളെയും രൂപപ്പെടുത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. തലമുറകളായി വനങ്ങളോടും പ്രകൃതിദത്ത ആവാസവ്യവസ്ഥകളോടും ഇണങ്ങി ജീവിക്കുന്ന തദ്ദേശ സമൂഹങ്ങൾ കൈവരിച്ച പരമ്പരാഗത അറിവുകളെ ആദരിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
പൊതുസേവനത്തിൽ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി സത്യസന്ധതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നിർണായക തീരുമാനങ്ങളെടുക്കുന്നതില്‍ ഭരണഘടന, നിയമം, ശാസ്ത്രം, വിശാല പൊതുതാല്പര്യം എന്നിവ വഴികാട്ടണമെന്നും ഓർമിപ്പിച്ചു. മികച്ച മാതൃകകൾ സ്വീകരിക്കുമ്പോൾത്തന്നെ പ്രാദേശിക യാഥാർത്ഥ്യങ്ങൾക്കനുസൃതമായി അവയെ മാറ്റിയെടുക്കാനും അദ്ദേഹം ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചു.
വനപരിപാലനത്തിൽ സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന പങ്ക് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. റിമോട്ട് സെൻസിങ്, ജിഐഎസ്, ഡ്രോണുകൾ, എഐ, ഡാറ്റാ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയെ പ്രായോഗിക ഫീല്‍ഡ് അനുഭവങ്ങളുമായും മികച്ച വിവേചനബുദ്ധിയുമായും ജനങ്ങളോട് പുലര്‍ത്തുന്ന പ്രതിബദ്ധതയുമായും സംയോജിപ്പിക്കാൻ അദ്ദേഹം പുതുതലമുറ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
ആധുനിക ശാസ്ത്രീയ വനപരിപാലനവും ഇന്ത്യയുടെ നാഗരിക വിജ്ഞാനവും പരസ്പര പൂരകങ്ങളായി നിലകൊണ്ടാണ് രാജ്യത്തിൻ്റെ സുസ്ഥിര ഭാവി രൂപപ്പെടുത്തേണ്ടതെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഫോറസ്റ്റ് സർവീസുകളിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. നിലവിലെ ബാച്ചിൽ ഏകദേശം 17 ശതമാനം സ്ത്രീകളാണെന്നത് പ്രോത്സാഹജനകമായ മാറ്റമാണെന്നും 'നാരീശക്തി'യുടെ തെളിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഔദ്യോഗിക ജീവിതം വിലയിരുത്തേണ്ടത് പദവികൾ കൊണ്ട് മാത്രമല്ലെന്ന് ഉദ്യോഗസ്ഥരെ ഉപദേശിച്ച ഉപരാഷ്ട്രപതി ഓരോരുത്തരും പുനരുജ്ജീവിപ്പിച്ച വനങ്ങൾ, സംരക്ഷിച്ച വന്യജീവികൾ, നേടിയെടുത്ത ജനവിശ്വാസം, ഭാവി തലമുറകൾക്കുവേണ്ടി ബാക്കിവെക്കുന്ന പൈതൃകം എന്നിവയിലൂടെയാവണം സ്വന്തം സംഭാവനകൾ വിലയിരുത്തേണ്ടതെന്നും ഓർമിപ്പിച്ചു. ദേശീയ താല്പര്യത്തിന് എപ്പോഴും പ്രഥമ പരിഗണന നൽകുന്ന "രാഷ്ട്രം പ്രഥമം" എന്ന സന്ദേശത്തോടെയാണ് ഉപരാഷ്ട്രപതി അഭിസംബോധന പൂര്‍ത്തിയാക്കിയത്.
ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ ഗുർമീത് സിങ് (റിട്ട.), ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിങ് ധാമി, IGNFA ഡയറക്ടർ ഡോ. രാജേന്ദ്ര പ്രസാദ്, കോഴ്‌സ് ഡയറക്ടർ ശ്രീമതി അജീത ലോങ്ജം തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.





ഡെറാഡൂണിലെ ജോളി ഗ്രാൻ്റ് വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ ഗുർമീത് സിംഗ് (റിട്ട.), മുഖ്യമന്ത്രി ശ്രീ പുഷ്കർ സിങ് ധാമി എന്നിവരും മറ്റ് പ്രമുഖരും ചേർന്നാണ് ഊഷ്മളമായി സ്വീകരിച്ചത്.
സംസ്ഥാനത്തെ ദ്വിദിന സന്ദർശനത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി നാളെ മസ്സൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (LBSNAA) ഐഎഎസ് പ്രൊബേഷണർമാരെ അഭിസംബോധന ചെയ്യും
***
(रिलीज़ आईडी: 2301361)
आगंतुक पटल : 3