ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് വിഭജനം സാക്ഷ്യം വഹിച്ചതെന്ന് വിഭജന ഭീകരതാ അനുസ്മരണ ദിനത്തിൽ ഉപരാഷ്ട്രപതി

प्रविष्टि तिथि: 14 AUG 2026 6:08PM by PIB Thiruvananthpuram

ഡൽഹി സർവകലാശാലയിലെ സെന്റർ ഫോർ ഇൻഡിപെൻഡൻസ് ആൻഡ് പാർട്ടീഷൻ സ്റ്റഡീസ്, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി (ICHR) സഹകരിച്ച് സംഘടിപ്പിച്ച വിഭജന ഭീകരതാ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു. 'ഇന്ത്യാ വിഭജനം - കൂട്ടപ്പലായനം, വേർപിരിയൽ, കുടിയേറ്റം എന്നിവയുടെ കഥ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. 1947 ലെ ഇന്ത്യയുടെ വിഭജനത്തിന്റെ കഥയാണ് സെമിനാർ ചർച്ച ചെയ്തത്.  

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അതിൽ പങ്കെടുത്ത വിഭജനത്തെ അതിജീവിച്ചവർക്ക് ഉപരാഷ്ട്രപതി ആദരമർപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും ദാരുണവും മനുഷ്യത്വരഹിതവുമായ അധ്യായങ്ങളിലൊന്നിനെക്കുറിച്ച് ചിന്തിക്കാനാണ് രാഷ്ട്രം ഒത്തുകൂടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

പഴയ കയ്‌പേറിയ മുറിവുകൾ വീണ്ടും തുറക്കുകയല്ല, മറിച്ച് കൂടുതൽ ഐക്യത്തിലേക്കും സൗഹാർദ്ദത്തിലേക്കും മുന്നേറുക എന്നതാണ് വിഭജനത്തെ അനുസ്മരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, വിഭജനകാലഘട്ടത്തിൽ ജീവിച്ചവരുടെ ത്യാഗങ്ങളും കഷ്ടപ്പാടുകളും ഒരു നിമിഷം അനുസ്മരിക്കാൻ രാഷ്ട്രം തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിന് ജനങ്ങളെ നിർബന്ധിതരാക്കിയ വിഭജനത്തിന്റെ വേദനാജനകമായ ദുരന്തത്തോടൊപ്പമാണ് സ്വാതന്ത്ര്യം ആഗതമായതെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ അനുസ്മരിച്ചു. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പായ ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും അനുഭവവേദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

 

2023-ൽ ഡൽഹി സർവകലാശാല സ്ഥാപിച്ച സെന്റർ ഫോർ ഇൻഡിപെൻഡൻസ് ആൻഡ് പാർട്ടീഷൻ സ്റ്റഡീസിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. വിഭജന ചരിത്രം സംരക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന സെന്റർ ഫോർ ഇൻഡിപെൻഡൻസ് ആൻഡ് പാർട്ടീഷൻ സ്റ്റഡീസ്, ചുരുങ്ങിയ കാലത്തിനുള്ളിൽ നൂറിലധികം വിഭജന അതിജീവിതരുടെ വാമൊഴി സാക്ഷ്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രഭാഷണങ്ങൾ, ആർക്കൈവുകൾ, പൊതുപരിപാടികൾ എന്നിവയിലൂടെ യുവ വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

"നമ്മുടെ കുട്ടികൾ വിഭജനത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്" ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു, ഒരു പാഠപുസ്തകത്തിലെ ഏതാനും വരികളിൽ ഇത്രയും വലിയ ഒരു ദുരന്തത്തെ ഒതുക്കി നിർത്തുക സാധ്യമല്ല. ഭൂതകാലസ്മരണ ഇല്ലാത്തവർ അതിന്റെ ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന ശാശ്വത തത്വം അദ്ദേഹം ഓർമ്മിപ്പിച്ചു.

 

വിഭജനത്തിന്റെ വിപുലവും ചരിത്രപരവുമായ അനന്തരഫലങ്ങളെക്കുറിച്ച് പരാമർശിക്കവേ, അതിർത്തികളുടെ തിടുക്കത്തിലുള്ള പുനർനിർണ്ണയം വർത്തമാനകാല പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന തർക്കങ്ങൾക്ക് കാരണമായെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ നയത്തിലും ദേശസുരക്ഷയിലും അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിലും വിഭജനം ശാശ്വതമായ സ്വാധീനം ചെലുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

വിഭജനത്തിൽ നിന്നുള്ള പാഠങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളിൽ നേതൃത്വത്തിനുള്ള പ്രാധാന്യത്തെയും സ്മരിച്ചുകൊണ്ട്, വിശാല ദേശീയ താത്പര്യം മുൻനിർത്തി ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും സുപ്രധാനമാണെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

വിഭജനകാലത്തെ സംഭവങ്ങൾ അനുസ്മരിച്ചുകൊണ്ട്, തയ്യാറെടുപ്പിന്റെയും ഉത്തരവാദിത്തപൂർണ്ണമായ തീരുമാനമെടുക്കൽ പ്രക്രിയയയുടെയും പ്രാധാന്യം ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ബോധപൂർണ്ണമായ തയ്യാറെടുപ്പുകൾക്ക് ശേഷം മാത്രമേ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സുരക്ഷ പരമപ്രധാനമായി എപ്പോഴും പരിഗണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

 

വിഭജനം രാഷ്ട്രീയ അതിർ വരമ്പുകളുടെ പുനർനിർമ്മാണം മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങളായി പരസ്പരബന്ധിതമായി നിലകൊണ്ടിരുന്ന ഒരു സാംസ്ക്കാരിക ഭൂമികയെ വിഭജിക്കുക കൂടിയായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. സിന്ധു നദി, കർതാർപൂർ സാഹിബ്, നങ്കന സാഹിബ്, പുരാതന ശക്തിപീഠങ്ങൾ, ഹാരപ്പ, മോഹൻജദാരോ, തക്ഷശില എന്നിവയുടെ പുരാവസ്തു പൈതൃകം ഉൾപ്പെടെ ഒട്ടേറെ പ്രധാന നാഗരിക, സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

 

ഇടുങ്ങിയ സ്വത്വങ്ങൾക്ക് ഉപരിയായി രാഷ്ട്രത്തെ പ്രതിഷ്ഠിക്കാൻ ഉപരാഷ്ട്രപതി പൗരന്മാരോട് ആഹ്വാനം ചെയ്തു. ജാതി, മതം, പ്രദേശം എന്നിവയ്ക്ക് രാഷ്ട്രത്തേക്കാൾ പ്രാധാന്യമില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നാമോരോരുത്തരും ഇന്ത്യക്കാരനായതിൽ അഭിമാനിക്കണമെന്നും രാജ്യത്തെ ഒന്നിച്ചു നിർത്തുന്ന സമാനമായ സാംസ്ക്കാരിക പൈതൃകത്തെയും ദേശീയ സ്വത്വത്തെയും കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ചടങ്ങിൽ, വിഭജനത്തെ അതിജീവിച്ച 15 പേരെ ഉപരാഷ്ട്രപതി ആദരിച്ചു. ധൈര്യം, സഹിഷ്ണുത, വിഭജനത്തിന്റെ ഓർമ്മകളും അനുഭവങ്ങളും സജീവമായി നിലനിർത്താനുള്ള ഉദ്യമങ്ങൾ എന്നിവയ്ക്കായിരുന്നു ആദരം.

യുവതലമുറ ലഹരിമരുന്നുകളിൽ നിന്ന് അകലം പാലിക്കാനും ഭാവിനന്മയ്ക്കായി ആരോഗ്യകരവും ഉത്തരവാദിത്തപൂർണ്ണവും ക്രിയാത്മകവുമായ തിരഞ്ഞെടുപ്പുകൾ നടത്താനും ആഹ്വാനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി വിദ്യാർത്ഥികൾക്ക് 'ലഹരിമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

സ്വാതന്ത്ര്യം വിലപ്പെട്ടതാണെന്നും ഐക്യം അനിവാര്യമാണെന്നും സമാധാനത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്നും വിഭജന ഭീകരതാ അനുസ്മരണ ദിനം രാജ്യത്തെ സദാ ഓർമ്മിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി തന്റെ പ്രസംഗം ഉപസംഹരിച്ചു.

 

ICHR ഉം ഡൽഹി സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച ഒരു പ്രദർശനവും ഉപരാഷ്ട്രപതി വീക്ഷിച്ചു. വിഭജനം മൂലമുണ്ടായ വിപുലമായ മാനുഷിക കഷ്ട നഷ്ടങ്ങൾ സംബന്ധിച്ച ശക്തമായ ഓർമ്മപ്പെടുത്തലാണ് പ്രദർശനങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ്; ICHR ചെയർമാൻ പ്രൊഫ. രഘുവേന്ദ്ര തൻവാർ; കോളേജുകളുടെ ഡീൻ പ്രൊഫ. ബൽറാം പാനി; രജിസ്ട്രാർ ഡോ. വികാസ് ഗുപ്ത, അക്കാദമിക് വിദഗ്ധർ, പണ്ഡിതർ, വിദ്യാർത്ഥികൾ, വിഭജനത്തെ അതിജീവിച്ച വ്യക്തികൾ അടക്കം സെമിനാറിൽ പങ്കെടുത്തു.

 

****

 


(रिलीज़ आईडी: 2299752) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil