റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

NHAI വിൻ്റർ ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2026-27, ടേം ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2027 എന്നിവയിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു

प्रविष्टि तिथि: 14 AUG 2026 4:11PM by PIB Thiruvananthpuram
പുരോഗമിച്ചുകൊണ്ടിരിക്കുന്ന 125 ദേശീയപാത പദ്ധതികളിലായി 1,080-ലധികം ഇൻ്റേൺഷിപ്പ് അവസരങ്ങൾ
 
 
 
ഭാവിയിലെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൻ്റെ   ഭാഗമായി, നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വിൻ്റർ ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2026-27, ടേം ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2027 എന്നിവയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. യഥാക്രമം 2026 ഡിസംബർ മുതൽ 2027 ജനുവരി വരെയും, 2027 ജനുവരി മുതൽ ജൂൺ വരെയുമാണ് ഈ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. NHAI-യിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ തത്സമയ പ്രോജക്റ്റുകളിലൂടെയും അസൈൻമെൻ്റുകളിലൂടെയും ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ദേശീയപാത വികസന പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് മികച്ച പ്രായോഗിക പരിചയം ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാമുകളുടെ ലക്ഷ്യം.
 
 
ഒരു മാസം നീണ്ടുനിൽക്കുന്ന 'വിൻ്റർ ഇൻ്റേൺഷിപ്പ് പ്രോഗ്രാം' 2026 ഡിസംബർ മുതൽ 2027 ജനുവരി വരെയായിരിക്കും നടക്കുക. എന്നാൽ ആറുമാസത്തെ 'ടേം ഇൻ്റേൺഷിപ്പ് പ്രോഗ്രാം' 2027 ജനുവരി മുതൽ ജൂൺ വരെ നടക്കും. വിവിധ സ്ഥാപനങ്ങളിലെ അക്കാദമിക് കലണ്ടറുകളിലെ വ്യത്യാസങ്ങൾ കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ നിശ്ചിത ഇൻ്റേൺഷിപ്പ് കാലയളവിനുള്ളിൽ തങ്ങൾക്ക് താല്പര്യമുള്ള കാലപരിധി തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
 
 
വിൻ്റർ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് കീഴിൽ 541 അവസരങ്ങളും ടേം ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് കീഴിൽ 542 അവസരങ്ങളുമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ പുരോഗമിക്കുന്ന 125 ദേശീയപാത പ്രോജക്റ്റുകളിലും, NHAI-യുടെ വിവിധ ഡിവിഷനുകളിലും, ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ്  കമ്പനി ലിമിറ്റഡിലും (IHMCL) ഇൻ്റേണുകളെ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഇൻ്റേണുകൾ NHAI ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയും, ആസൂത്രണം, നിർമ്മാണം, പ്രവർത്തനം, ആസ്തി പരിപാലനം, റോഡ് സുരക്ഷ, നിയമം, ധനകാര്യം, മാധ്യമങ്ങൾ, ദേശീയപാത മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ പ്രായോഗിക പരിചയം നേടുകയും ചെയ്യും.
 
യോഗ്യതാ മാനദണ്ഡങ്ങൾ:
ഇന്ത്യയിലെയോ വിദേശത്തെയോ അംഗീകൃത സർവകലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്/ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബി.എ. എൽ.എൽ.ബി/നിയമം , മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം, രാജ്ഭാഷ, ഹ്യൂമൻ റിസോഴ്‌സ് (HR)/ഇൻഡസ്ട്രിയൽ റിലേഷൻസ് & പേഴ്‌സണൽ മാനേജ്‌മെൻ്റിൽ എം.എ, എം.ബി.എ. (എച്ച്.ആർ./ഫൈനാൻസ്/മാർക്കറ്റിംഗ് അല്ലെങ്കിൽ തതുല്യം) തുടങ്ങിയ വിഷയങ്ങളിൽ ഫുൾടൈം കോഴ്‌സുകൾ പഠിക്കുന്ന അവസാന വർഷ, അല്ലെങ്കിൽ അവസാന വർഷത്തിന് തൊട്ടുമുമ്പത്തെ വർഷം പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
 
NIRF റാങ്കിംഗിൻ്റെയും മറ്റ് അംഗീകൃത അക്കാദമിക് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് യോഗ്യതയുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. മുൻനിര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി IIT വിദ്യാർത്ഥികൾക്ക് 100 സീറ്റുകളും NIT വിദ്യാർത്ഥികൾക്ക് 150 സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്. NHAI ഇൻ്റേൺഷിപ്പ് നയപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഇൻ്റേണുകൾക്ക് പ്രതിമാസം ₹20,000 സ്റ്റൈപ്പൻ്റും , ഇൻ്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റും ലഭിക്കും.
 
അപേക്ഷാ പ്രക്രിയ:
പ്രത്യേകം സജ്ജമാക്കിയ NHAI ഇൻ്റേൺഷിപ്പ് പോർട്ടൽ (https://internshipsatnhai.digitalindiacorporation.in/) വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും, സ്ഥാപനങ്ങളുടെ പരിശോധനയ്ക്കുംNHAI നടത്തുന്ന തിരഞ്ഞെടുപ്പിനും, ഇൻ്റേൺഷിപ്പിൻ്റെ  പൂർണ്ണമായ നടത്തിപ്പിനും ഈ പോർട്ടൽ സൗകര്യമൊരുക്കുന്നു. അക്കാദമിക് വിവരങ്ങൾ, താല്പര്യമുള്ള ഇൻ്റേൺഷിപ്പ് കാലയളവ്, ലഭ്യമായ പ്രോജക്റ്റ് പ്രദേശം എന്നിവ തിരഞ്ഞെടുത്ത് വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അക്കാദമിക് സ്ഥാപനങ്ങൾ അർഹരായ വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിശോധിച്ചു ശുപാർശ ചെയ്യും; സ്ഥാപനങ്ങൾ അംഗീകരിക്കുന്ന അപേക്ഷകൾ മാത്രമേ NHAI തിരഞ്ഞെടുപ്പിനായി പരിഗണിക്കുകയുള്ളൂ. വിദ്യാർത്ഥികളുടെ യോഗ്യത, മുൻഗണനകൾ, ഒഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും NHAI പ്രോജക്റ്റുകളിലേക്കുള്ള അന്തിമ നിയമനം നടത്തുന്നത്.
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 2026 ഒക്ടോബർ 20-നകം NHAI ഇൻ്റേൺഷിപ്പ് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാർത്ഥികളുടെ അപേക്ഷകളിന്മേൽ സ്ഥാപനങ്ങൾ നൽകേണ്ട ശുപാർശകൾ 2026 നവംബർ 10-നകം പൂർത്തിയാക്കേണ്ടതുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ എന്നിവ NHAI ഇൻ്റേൺഷിപ്പ് പോർട്ടലിൽ ലഭ്യമാണ്.
 
 
വ്യവസായ-അക്കാദമിക സഹകരണം ശക്തിപ്പെടുത്തൽ:
 ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകൾക്ക് മുൻ വർഷങ്ങളിൽ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യവസായ-അക്കാദമിക മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, അർഹരായ വിദ്യാർത്ഥികളിലേക്ക് ഈ ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കാനും, കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ സഹായിക്കാനും, ഇൻ്റേൺഷിപ്പ് പ്രക്രിയ ഏകോപിപ്പിക്കുന്നതിനായി ഒരു ഫാക്കൽറ്റി കോർഡിനേറ്ററെ നിയമിക്കാനും NHAI സർവ്വകലാശാലകളോടും മറ്റ് സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
 
 
ഇന്ത്യയിലെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയപാത മേഖലയിൽ മൂല്യവത്തായ പ്രായോഗിക പരിശീലനം നൽകിക്കൊണ്ട്, വിദ്യാർത്ഥികളുടെ നൈപുണ്യ വികസനവും ശേഷി വർദ്ധിപ്പിക്കലും കൂടുതൽ ശക്തമാക്കാൻ NHAI വിൻ്റർ ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2026-27, ടേം ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2027 എന്നിവയിലൂടെ ലക്ഷ്യമിടുന്നു
 
***

(रिलीज़ आईडी: 2299531) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Gujarati , Urdu , हिन्दी , Tamil