രാജ്യസഭാ സെക്രട്ടറിയേറ്റ്
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ കെനിയൻ പാർലമെൻ്ററി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
13 AUG 2026 6:51PM by PIB Thiruvananthpuram
കെനിയയിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധി സംഘവുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ശ്രീ സി.പി. രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ റൈറ്റ് ഓണറബിൾ (ഡോ.) മോസസ് എം. വെറ്റംഗുളയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ഉപരാഷ്ട്രപതി ഊഷ്മളമായ കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും കെനിയയും തമ്മിലുള്ള അടുത്ത പാർലമെൻ്ററി ബന്ധങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. പേപ്പർരഹിത പാർലമെൻ്റ് സങ്കൽപ്പത്തിലേക്ക് നയിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളിലും സാങ്കേതിക പരിഹാരങ്ങളിലും ഇന്ത്യ കൈവരിച്ച അനുഭവ സമ്പത്ത് കെനിയയുമായി പങ്കുവെക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. കെനിയയുടെ 'പാർലമെൻ്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിൽ' ഇന്ത്യൻ വംശജനായ പാർലമെൻ്റ് അംഗത്തിൻ്റെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കെനിയൻ നാഷണൽ അസംബ്ലി വളപ്പിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തെ ഉപരാഷ്ട്രപതി നന്ദിയോടെ സ്മരിക്കുകയും ചെയ്തു.
2016-ൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കെനിയ സന്ദർശിച്ചതും 2023-ൽ ബഹുമാനപ്പെട്ട പ്രസിഡൻ്റ് റൂട്ടോ ഇന്ത്യ സന്ദർശിച്ചതും ഉപരാഷ്ട്രപതി അനുസ്മരിച്ചു.
കെനിയയുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, നെയ്‌റോബി സർവകലാശാലയിലെ മഹാത്മാഗാന്ധി ഗ്രാജുവേറ്റ് ലൈബ്രറിയുടെ നവീകരണം, എംടോങ്‌വെയിലെ കെനിയൻ നാവിക താവളത്തിലെ സിടി സ്കാൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾ ഗ്രാൻ്റ്-ഇൻ-എയ്ഡിൻ്റെ രൂപത്തിൽ നടപ്പിലാക്കിയതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. എബോള വൈറസ് ബാധയുണ്ടായ സമയത്ത് ആദ്യ ഗഡുവായി ഇന്ത്യ നൽകിയ 4.5 ടൺ മെഡിക്കൽ സാമഗ്രികളുടെ അടിയന്തര സഹായവും അദ്ദേഹം അനുസ്മരിച്ചു.
കെനിയയിലെ ശേഷി വർദ്ധനവിനായി ഇന്ത്യ നൽകിവരുന്ന തുടർച്ചയായ പിന്തുണയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. വിവിധ ഗവണ്മെൻ്റ് മന്ത്രാലയങ്ങൾക്കായുള്ള പരിശീലന കോഴ്സുകൾ ഉൾപ്പെടെ പ്രതിവർഷം 400 ഓളം സ്കോളർഷിപ്പുകൾ കേന്ദ്ര ഗവണ്മെൻ്റ് നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ കെനിയയിൽ നിന്നുള്ള 20 നയതന്ത്രജ്ഞർ ഇന്ത്യയിൽ പരിശീലനം നേടിവരികയാണ്. കൂടാതെ, ദീർഘകാല കോഴ്സുകൾക്കായുള്ള ഐ.സി.സി.ആർ സ്കോളർഷിപ്പുകളുടെ എണ്ണം പ്രതിവർഷം 80-ൽ നിന്ന് 100 ആയി ഉയർത്തിയ കാര്യവും ഉപരാഷ്ട്രപതി പങ്കുവെച്ചു.
ന്യൂഡൽഹിയിൽ നടന്ന 'എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ' ഒപ്പുവെച്ച, കെനിയയിൽ പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പിലാക്കിയ 'ഡിജി-ലോക്കർ' പദ്ധതി കരാറിനെക്കുറിച്ചും ഉപരാഷ്ട്രപതി വിശദീകരിച്ചു. കൂടാതെ കെനിയയ്ക്ക് വേണ്ടിയുള്ള 'ഗതി ശക്തി' പദ്ധതിയിൽ ഇന്ത്യയും കെനിയയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2028–29 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിലെ (UNSC) താൽക്കാലിക അംഗത്വത്തിനായുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണച്ചതിന് കെനിയയോട് ഉപരാഷ്ട്രപതി നന്ദി രേഖപ്പെടുത്തി. ഭാവിയിൽ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായുള്ള കെനിയയുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഇന്ത്യയ്ക്കും സ്വാഹിലി തീരത്തിനും പരസ്പരം പ്രയോജനപ്പെടുന്നതിനായി സുസ്ഥിരമായ വ്യാപാര പാതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സൗര സഖ്യം, ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്നിവയിൽ കെനിയ അംഗമാകുമെന്ന പ്രതീക്ഷയും ഉപരാഷ്ട്രപതി പങ്കുവെച്ചു.
ഇന്ത്യയും കെനിയയും തമ്മിൽ നൂറ്റാണ്ടുകളായി ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പാരസ്പര്യത്തെയും ഉപരാഷ്ട്രപതി എടുത്ത് പറഞ്ഞു. കെനിയയിലെ 44-ാമത്തെ ഗോത്രമായി ഇന്ത്യൻ പ്രവാസികളെ അംഗീകരിച്ചതിലുള്ള സന്തോഷവും അദ്ദേഹം പറഞ്ഞു.
യോഗാവസാനം, ഇന്ത്യ സന്ദർശിച്ചതിന് കെനിയൻ പാർലമെൻ്ററി പ്രതിനിധി സംഘത്തിന് ഉപരാഷ്ട്രപതി നന്ദി പറഞ്ഞു. അവരുടെ ഇന്ത്യയിലെ താമസം സന്തോഷകരവും ഐശ്വര്യപൂർണവുമാകട്ടെയെന്നും ആശംസിച്ചു. പാർലമെൻ്ററി ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കാനും ഇന്ത്യയും കെനിയയും തമ്മിലുള്ള സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്താനും സന്ദർശനം സഹായിക്കുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


****
(रिलीज़ आईडी: 2299251)
आगंतुक पटल : 3