വാണിജ്യ വ്യവസായ മന്ത്രാലയം
प्रविष्टि तिथि:
11 AUG 2026 8:15PM by PIB Thiruvananthpuram
ഇന്ത്യ-നമീബിയ സംയുക്ത വ്യാപാര സമിതിയുടെ നാലാമത് യോഗം 2026 ഓഗസ്റ്റ് 10, 11 തീയതികളിൽ ന്യൂഡൽഹിയിൽ ചേര്‍ന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ അമിത് കുമാറും നമീബിയൻ പ്രതിനിധി സംഘത്തിന് നമീബിയൻ വിദേശകാര്യ-വ്യാപാര മന്ത്രാലയം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി എൻഡിത എൻഘിപോണ്ടോക-റോബിയാറ്റിയും നേതൃത്വം നൽകി. ഓഗസ്റ്റ് 11-ന് ഇരു സഹ-അധ്യക്ഷന്മാരും ചേർന്ന് യോഗത്തിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ യഷ്‍വീർ സിങ് ഉദ്ഘാടന പ്രസംഗം നടത്തി.
കേവലം അസംസ്കൃത വസ്തുക്കളുടെ കൈമാറ്റം എന്നതിലുപരി നമീബിയയില്‍ തന്നെ മൂല്യവർധന സാധ്യമാക്കുന്ന തരത്തില്‍ ഉഭയകക്ഷി വ്യാപാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും എടുത്തുപറഞ്ഞു. കൂടാതെ കൃത്യമായ സമയപരിധിയും ചുമതലകളും നിശ്ചയിച്ച് ചർച്ചകളെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റാനും ധാരണയായി.
പ്രധാന വിവരങ്ങൾ:
വ്യാപാര പുരോഗതി: ഉഭയകക്ഷി ചരക്ക് വ്യാപാരം 2024-25 ലെ 568.40 മില്യൺ യു.എസ് ഡോളറിൽ നിന്ന് 2025-26-ൽ 592.94 മില്യൺ യു.എസ് ഡോളറായി ഉയർന്നു. ഇതിൽ ഇന്ത്യയുടെ കയറ്റുമതി 349.09 മില്യൺ ഡോളറും ഇറക്കുമതി 243.85 മില്യൺ ഡോളറുമാണ്. സേവന മേഖലയിലെ വ്യാപാരം 2024 കലണ്ടർ വർഷം 7.34 ശതമാനം വർധിച്ച് 380 മില്യൺ ഡോളറിലെത്തി.
മേഖലാടിസ്ഥാനത്തിലെ വളർച്ച: മോട്ടോർ വാഹനങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും കരുത്തിൽ ഇന്ത്യയുടെ എൻജിനീയറിങ് കയറ്റുമതി 124.06 ശതമാനം വർധിച്ച് 30.24 മില്യൺ ഡോളറായി. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി 36.50 മില്യൺ ഡോളറിലെത്തി. 16.4 ശതമാനം വിഹിതത്തോടെ നമീബിയയുടെ രണ്ടാമത്തെ വലിയ മരുന്ന് വിതരണ രാജ്യമാണ് നിലവിൽ ഇന്ത്യ.
നിക്ഷേപ കേന്ദ്രങ്ങൾ: നിക്ഷേപങ്ങൾ ഏകോപിപ്പിക്കുന്നതിന് 'ഇൻവെസ്റ്റ് ഇന്ത്യ'യെയും നമീബിയ നിക്ഷേപക പ്രോത്സാഹന വികസന ബോര്‍ഡിനെയും ചുമതലപ്പെടുത്തി. ഇരുഭാഗത്തുനിന്നും ഓരോ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും.
സേവന മേഖലാ പ്രവര്‍ത്തക സമിതി: സേവന മേഖലയ്ക്ക് പ്രത്യേക പ്രവര്‍ത്തക സമിതി രൂപീകരിക്കും. 2027 ഫെബ്രുവരിയോടെ സമിതി യോഗം ചേരുകയും സംയുക്ത വ്യാപാര സമിതിക്ക് കർമപദ്ധതി സമർപ്പിക്കുകയും ചെയ്യും.
ആരോഗ്യവും ഔഷധനിര്‍മാണവും: ആരോഗ്യ-വൈദ്യശാസ്ത്ര സഹകരണ ധാരണാപത്രത്തിന് കീഴിലെ ആദ്യ സംയുക്ത പ്രവര്‍ത്തക സമിതി യോഗം 2026 ഡിസംബറോടെ ചേരും. HLL ലൈഫ്‌കെയർ ലിമിറ്റഡുമായി ജൻഔഷധി സഹകരണ കരാർ അന്തിമഘട്ടത്തിലാണ്.
നിര്‍ണായക ധാതുക്കൾ: ലിഥിയം, ഗ്രാഫൈറ്റ്, ചെമ്പ്, കൊബാൾട്ട്, അപൂര്‍വ ഭൗമ മൂലകങ്ങള്‍ എന്നിവയുടെ പര്യവേക്ഷണത്തിലും സംസ്കരണത്തിലും മൂല്യവർദ്ധിത ഉല്പാദനത്തിലും സഹകരിക്കും. നമീബിയയിലെ പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മൂല്യവർദ്ധനയ്ക്കും ഇത് സഹായിക്കും.
രത്ന-ആഭരണ മേഖല: സൂറത്തിലെയും മുംബൈയിലെയും പ്രത്യേകം വിജ്ഞാപനം ചെയ്ത മേഖലകളിലും (SNZ) 'ഇന്ത്യ റഫ് ജെംസ്റ്റോൺസ് സോഴ്‌സിങ് ഷോ'യിലും നമീബിയയുടെ പങ്കാളിത്തം ക്ഷണിച്ചു. കൂടാതെ ഡയമണ്ട് കട്ടിങ്, പോളിഷിങ്, ജ്വല്ലറി ഡിസൈനിങ് എന്നിവയിൽ പരിശീലന പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു.
ഡിജിറ്റൽ സഹകരണം: ഇന്ത്യയുടെ UPI അടിസ്ഥാനമാക്കി നിർമിച്ച് 2026 ജൂൺ 15-ന് നമീബിയയിൽ "വയാമി" എന്ന പേരിൽ പുറത്തിറക്കിയ തത്സമയ പണമിടപാട് സംവിധാനത്തിന്റെ വിപുലീകരണം തുടരും. റിസർവ് ബാങ്കും ബാങ്ക് ഓഫ് നമീബിയയും തമ്മിൽ ഫിൻടെക് സഹകരണ ചട്ടക്കൂട് വികസിപ്പിക്കാനും നിർദേശമുണ്ട്.
ഊർജവും അടിസ്ഥാന സൗകര്യങ്ങളും: റെയിൽവേ, റോളിങ് സ്റ്റോക്ക്, സൗരോർജ്ജം, കാറ്റില്‍നിന്നുള്ള ഊർജ്ജം, ബാറ്ററി സ്റ്റോറേജ്, ഊര്‍ജ്ജ പ്രസരണം, ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, കടല്‍വെള്ളത്തിന്റെ ശുദ്ധീകരണം എന്നീ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ചു.
ഇന്ത്യ - ദക്ഷിണാഫ്രിക്കന്‍ കസ്റ്റംസ് യൂണിയന്‍ മുന്‍ഗണനാ വ്യാപാര കരാര്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനും (SACU) തമ്മിലെ മുൻഗണനാ വ്യാപാര കരാറിന്റെ വ്യവസ്ഥകൾ അന്തിമമാക്കി. 2026 ഓഗസ്റ്റ് 12-ന് ഇതിൽ ഒപ്പുവെക്കും. ഒപ്പുവെച്ച് ഒരു മാസത്തിനകം ചർച്ചകൾ ആരംഭിക്കുകയും ഒരു വർഷത്തിനകം പൂർത്തിയാക്കുകയും ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ അവലോകനം ചെയ്യുന്ന സുപ്രധാന ഉഭയകക്ഷി സംവിധാനമാണ് സംയുക്ത വ്യാപാര സമിതി. കാർഷിക മേഖല, ഭക്ഷ്യസുരക്ഷ, MSME, തുണിത്തരങ്ങള്‍, വിനോദസഞ്ചാരം, കായികം എന്നീ മേഖലകളിലെ സഹകരണവും യോഗത്തിൽ ചർച്ചയായി. ഊഷ്മളവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാണ് യോഗം പൂര്‍ത്തീകരിച്ചത്. സമിതിയുടെ അഞ്ചാമത് യോഗം നയതന്ത്ര അംഗീകാരത്തോടെ 2028-ൽ നമീബിയയിൽ ചേരാനും ധാരണയായി.
****