ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 09 AUG 2026 12:45PM by PIB Thiruvananthpuram

1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന ഓഗസ്റ്റ് ക്രാന്തി ദിനമായ ഇന്ന്, ശ്രീ വിജയപുരത്തെ ഫ്ലാഗ് പോയിൻ്റിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 'ഹർ ഘർ തിരംഗ' പ്രചാരണത്തിന് തുടക്കം കുറിച്ചു.

കേന്ദ്രഭരണ പ്രദേശത്തെ ഡി.ബി.ആർ.എ.ഐ.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലും 'വന്ദേമാതരം' തിരംഗ സംഗീത പരിപാടിയിലും സംസാരിക്കവെ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും ത്രിവർണ്ണ പതാകയുടെ ചരിത്രവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഈ ചരിത്രപ്രസിദ്ധമായ ദ്വീപുകളേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലം ഈ പ്രചാരണത്തിന് തുടക്കം കുറിക്കാൻ ഇല്ലെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ അനശ്വരമായ വാക്കുകൾ അനുസ്മരിച്ച ഉപരാഷ്ട്രപതി, 'മണിക്കൊടി' ആഘോഷത്തെക്കുറിച്ചുള്ള ഭാരതിയുടെ വർണ്ണനകൾ ഇന്ത്യയുടെ ആത്മാവിൻ്റെ ശാശ്വതമായ ധൈര്യത്തെയും ദേശീയ പതാകയുടെ മഹത്വത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. 'ഹർ ഘർ തിരംഗ അഭിയാൻ' ഓരോ പൗരനെയും ദേശീയ പതാകയ്ക്കും, മാതൃരാജ്യത്തിനും, പൊതു വിധിക്കും കീഴിൽ ഒരുമിപ്പിച്ചുകൊണ്ട് ആ ചൈതന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭയാനകമായ 'കാലാപാനി' ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച ഉപരാഷ്ട്രപതി, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ വെറുമൊരു ഭൂമിശാസ്ത്രപരമായ ഭാഗം മാത്രമല്ലെന്നും, മറിച്ച് ത്യാഗത്തിൻ്റെ വിശുദ്ധ ഭൂമിയാണെന്നും കൂട്ടിച്ചേർത്തു. സെല്ലുലാർ ജയിലിൽ ക്രൂര പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന വീർ വിനായക് ദാമോദർ സവർക്കർക്കും മറ്റ് എണ്ണമറ്റ രാജ്യസ്നേഹികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ ശ്രദ്ധാഞ്ജലി അർപ്പിച്ചു. അവരുടെ ധീരതയും ദേശസ്നേഹവും ആത്മസമർപ്പണവും വരും തലമുറകൾക്ക് എന്നും പ്രചോദനമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

1942 ഓഗസ്റ്റ് 8-ന് മഹാത്മാഗാന്ധി നൽകിയ "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന ആഹ്വാനം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഉണർത്തുകയും സ്വാതന്ത്ര്യസമരത്തിന് ആക്കം കൂട്ടുകയും ചെയ്തതായി ഉപരാഷ്ട്രപതി സ്മരിച്ചു. 1943 ഡിസംബർ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ ദേശീയ പതാക ഇവിടെ ഉയർത്തിയത് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ  ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച 'ഹർ ഘർ തിരംഗ' പ്രചാരണം ഇന്ന് രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി മാറിയതായി ശ്രീ രാധാകൃഷ്ണൻ വ്യക്തമാക്കി. ത്രിവർണ്ണ പതാക അഭിമാനത്തോടെ പ്രദർശിപ്പിക്കാനും അത് പ്രതിനിധീകരിക്കുന്ന ദേശസ്‌നേഹം, ഐക്യം, കൂട്ടായ ഉത്തരവാദിത്തം എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളാനും അദ്ദേഹം ഓരോ പൗരനോടും ആഹ്വാനം ചെയ്തു. "ഭാരതം ഒന്നാണ്, എന്നും ഒന്നായിത്തന്നെ നിലകൊള്ളും," അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

'നാനാത്വത്തിൽ ഏകത്വം', 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നിവയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി ദ്വീപുകളെ ഉപരാഷ്ട്രപതി ഉയർത്തിക്കാട്ടി. അതേസമയം, അവരുടെ സമ്പന്നമായ ഗോത്ര പൈതൃകത്തെയും കണക്റ്റിവിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമീപകാല പുരോഗതിയെയും അദ്ദേഹം അംഗീകരിച്ചു. ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി ഇന്ത്യയുടെ സമുദ്ര ശേഷി, കണക്റ്റിവിറ്റി, സാമ്പത്തിക അവസരങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വികസനം പരിസ്ഥിതി സംരക്ഷണവുമായി സന്തുലിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമാധാനപരവും ഉദാരവുമായ പാരമ്പര്യത്തോടൊപ്പം തന്നെ ദേശീയ ശക്തിയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി ഇന്ത്യ എന്നും ഉദാരമനസ്കത പുലർത്തിയിട്ടുള്ള രാജ്യമാണെന്നും എന്നാൽ നമ്മുടെ ഉദാരതയെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. നമ്മുടെ ദേശീയ താല്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ നാം എപ്പോഴും സജ്ജരായിരിക്കണം. കൂടുതൽ ശക്തവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി സ്വാതന്ത്ര്യസമര സേനാനികളുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം. ധീരതയും ഐക്യവും പ്രത്യാശയും ഉൾക്കൊള്ളാൻ ദേശീയ പതാക നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.

ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ഉപരാഷ്ട്രപതി, ദേശീയ ഐക്യത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും സന്ദേശം വിളിച്ചോതുന്ന 'ഹർ ഘർ തിരംഗ' പ്രദർശനവും സന്ദർശിച്ചു.

ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ലെഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ ഡി. കെ. ജോഷി (റിട്ട.), ചീഫ് സെക്രട്ടറി ശ്രീമതി ചഞ്ചൽ യാദവ്, ശ്രീ വിജയപുരം മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ ശ്രീമതി എം. വസന്ത, ജില്ലാ പരിഷത്ത് അധ്യക്ഷൻ ശ്രീ പി. ഉമ്മർ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

***

 


( റിലീസ് ഐ.ഡി: 2296829) സന്ദര്‍ശക കൗണ്ടര്‍ : 35