ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഓസ്ട്രേലിയയിൽ ഉന്നതപഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ രേഖകള്‍ പരിശോധിക്കുന്നത് വേഗത്തിലാക്കാന്‍ കൈകോര്‍ത്ത് ഡിജിലോക്കറും AAERI-യും

प्रविष्टि तिथि: 08 AUG 2026 10:48AM by PIB Thiruvananthpuram
ഓസ്ട്രേലിയയിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം പകര്‍ന്ന് കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ദേശീയ ഇ-ഗവേണൻസ് വിഭാഗവും അസോസിയേഷൻ ഓഫ് ഓസ്ട്രേലിയൻ എജ്യുക്കേഷൻ റെപ്രസന്റേറ്റീവ്സ് ഇൻ ഇന്ത്യയും (AAERI) സംയുക്തമായി 'AAERI വെരിഫൈ' സംവിധാനത്തിന് തുടക്കം കുറിച്ചു.
 
 
 
ഡിജിലോക്കറുമായി നേരിട്ട് ബന്ധിപ്പിച്ച ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഓസ്ട്രേലിയൻ സർവകലാശാലകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക, തിരിച്ചറിയൽ, സാമ്പത്തിക രേഖകൾ സുരക്ഷിതമായും കടലാസ് രഹിതമായും വിദ്യാർത്ഥികളുടെ അനുമതിയോടെ പരിശോധിക്കാനാവും. 2026 ഓഗസ്റ്റ് 7-ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച AAERI വാർഷിക കൺവെൻഷനിലാണ് പ്ലാറ്റ്‌ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്.
 
 
ഓസ്ട്രേലിയൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി വിദ്യാർത്ഥികളുടെ യോഗ്യതാ പരിശോധന ലളിതമാക്കാൻ ദേശീയ ഇ-ഗവേണന്‍സ് വിഭാഗവുമായി (NeGD) സഹകരിച്ച് AAERI വികസിപ്പിച്ച ആധികാരിക പരിശോധനാ സംവിധാനമാണ് ‘AAERI വെരിഫൈ’. ഡിജിലോക്കറുമായി ഈ പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിക്കുന്നതിലൂടെ രേഖകൾ നൽകിയ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയ ആധികാരിക ഡിജിറ്റൽ രേഖകൾ നേരിട്ട് പങ്കിടാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ഭൗതിക രേഖകളെയും നേരിട്ടുള്ള പരിശോധനാ രീതികളെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.  
 
 
നേരത്തെ ഏറെ സമയമെടുത്ത് നടന്നിരുന്ന നേരിട്ടുള്ള പരിശോധനാ രീതിക്ക് പകരം സുരക്ഷിതമായ പുതിയ ഡിജിറ്റൽ സംവിധാനം രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്:
 
 
 
ഘട്ടം 1: വിദ്യാര്‍ത്ഥി പരിശോധന: സർവകലാശാലയുടെ അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് തടസ്സമില്ലാതെ ഈ ഘട്ടം പൂർത്തിയാക്കുന്നു.
 
ഘട്ടം 2: സ്പോൺസർ പരിശോധന: വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചയുടൻ സാമ്പത്തിക രേഖകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികള്‍ ആരംഭിക്കുന്നു.  
 
 
ഔദ്യോഗിക രേഖകൾ നൽകിയ സ്ഥാപനങ്ങളില്‍നിന്ന് ഡിജിറ്റലായി ഒപ്പുവെച്ച സർട്ടിഫിക്കറ്റുകള്‍ ഡിജിലോക്കർ വഴി വിദ്യാർത്ഥിയുടെ പൂർണ അനുമതിയോടെ ഓസ്ട്രേലിയൻ സർവകലാശാലകൾക്ക് നേരിട്ട് ലഭ്യമാകും. തട്ടിപ്പുകൾ തടയാനും വിവരങ്ങളുടെ പൂർണ സ്വകാര്യത ഉറപ്പാക്കാനും അപേക്ഷകളുടെ പരിശോധനാ സമയം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കുന്നു.  
 
 
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ യഥാർത്ഥ ആഗോള വെല്ലുവിളികൾക്ക് എങ്ങനെ പരിഹാരമാകുന്നുവെന്നതിന്റെ തെളിവാണ് ഈ പങ്കാളിത്തമെന്ന് സംരംഭത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ ദേശീയ ഇ-ഗവേണന്‍സ് വിഭാഗം ഡയറക്ടർ ശ്രീ ജെ.എൽ. ഗുപ്ത പറഞ്ഞു. ഡിജിലോക്കറിനെ AAERI വെരിഫൈ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര പ്രവേശന നടപടികൾ ലളിതമാക്കുന്ന സുരക്ഷിതവും കടലാസ് രഹിതവും വിശ്വസനീയവുമായ സംവിധാനമൊരുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.  
 
 
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം രൂപകല്പന ചെയ്യുന്നതിൽ ദേശീയ ഇ-ഗവേണന്‍സ് വിഭാഗം വഹിക്കുന്ന നിർണായക പങ്ക് വിശദീകരിക്കുന്ന അവതരണവും അദ്ദേഹം നടത്തി. 2009-ൽ ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ സ്വതന്ത്ര പ്രവര്‍ത്തന വിഭാഗമായ ദേശീയ ഇ-ഗവേണന്‍സ് വിഭാഗം ബൃഹത്തായ പദ്ധതികളുടെ നിര്‍വഹണത്തിനും നയരൂപീകരണത്തിനും സാങ്കേതിക മൂല്യനിർണയത്തിനും പിന്തുണ നൽകുന്നു. ഇന്ത്യൻ ഭരണസംവിധാനത്തിലുടനീളം സാങ്കേതിക സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന വിപുലമായ ശൃംഖലയെയാണ് NeGD നിയന്ത്രിക്കുന്നത്.  
 
 
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, വിദേശകാര്യ മന്ത്രാലയം, നീതി ആയോഗ് തുടങ്ങിയ വിവിധ ഔദ്യോഗിക സ്ഥാപനങ്ങളിലെ പൊതുസേവന പ്രവർത്തനങ്ങളെ ഈ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നുണ്ട്.
 
 
കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ദേശീയ ഇ-ഗവേണൻസ് വിഭാഗത്തിന് കീഴിലെ പ്രധാന ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ സംരംഭമാണ് ഡിജിലോക്കർ. അംഗീകൃത സ്ഥാപനങ്ങൾ നേരിട്ട് നൽകുന്ന ആധികാരിക ഡിജിറ്റൽ രേഖകൾ സൂക്ഷിക്കാനും പങ്കിടാനും പരിശോധിക്കാനും പൗരന്മാർക്ക് സുരക്ഷിത ഡിജിറ്റൽ വാലറ്റ് ഡിജിലോക്കര്‍ നല്‍കുന്നു. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ വികസിപ്പിച്ച ഡിജിലോക്കറിന് നിലവിൽ 72 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഡിജിറ്റൽ വിജയത്തെ ആഗോള വിദ്യാഭ്യാസ രംഗത്തേക്ക് വ്യാപിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തം.
 
***
 
 

(रिलीज़ आईडी: 2296476) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati