വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് 2026 ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

प्रविष्टि तिथि: 06 AUG 2026 8:44PM by PIB Thiruvananthpuram

2026–27 അധ്യയന വർഷത്തേക്കുള്ള നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് പദ്ധതിക്ക് (NMMSS) കീഴിൽ പുതുതായി അപേക്ഷിക്കുന്നതിനും സ്‌കോളർഷിപ്പ് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്. അർഹരായ വിദ്യാർത്ഥികൾക്ക് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (NSP) വഴി അപേക്ഷകൾ സമർപ്പിക്കാം.

NMMSS-ന് കീഴിലുള്ള അപേക്ഷകളുടെ പരിശോധന രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്:

ലെവൽ-1 (L1) പരിശോധന: ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (INO) വഴി – അവസാന തീയതി: 2026 സെപ്റ്റംബർ 15.
ലെവൽ-2 (L2) പരിശോധന:  ജില്ലാ നോഡൽ ഓഫീസർ (DNO) വഴി – അവസാന തീയതി: 2026 സെപ്റ്റംബർ 30.

കൂടാതെ, 2026–27 അധ്യയന വർഷം മുതൽ, അതത് പദ്ധതികൾക്ക് കീഴിൽ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വിധേയമായി, വിദ്യാർത്ഥികൾക്ക് ഒരു മെറിറ്റ് അധിഷ്ഠിത സ്‌കോളർഷിപ്പ് പദ്ധതിക്കും ഒന്നോ അതിലധികമോ ക്ഷേമ അധിഷ്ഠിത സ്‌കോളർഷിപ്പ് പദ്ധതികൾക്കും ഒരേസമയം അപേക്ഷിക്കാവുന്നതാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാൻ പ്രോത്സാഹനം നൽകുന്നതിനും, സെക്കൻഡറി തലത്തിൽ പഠനം ഉപേക്ഷിക്കുന്ന പ്രവണത കുറയ്ക്കുന്നതിനുമായി സ്കോളർഷിപ്പുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രാവിഷ്കൃത പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതിക്ക് കീഴിൽ, ഒൻപതാം ക്ലാസിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് പ്രതിവർഷം ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകൾ നൽകുന്നു. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി, പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കോളർഷിപ്പ് പുതുക്കി നൽകും. സംസ്ഥാന സർക്കാർ, സർക്കാർ-എയ്ഡഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

അവസാന നിമിഷത്തിൽ ഉണ്ടാകാനിടയുള്ള സാങ്കേതിക തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന്, അർഹരായ എല്ലാ വിദ്യാർത്ഥികളും അവസാന തീയതിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ, അപേക്ഷകളുടെ സമയബന്ധിതമായ പരിശോധനയും സ്കോളർഷിപ്പുകളുടെ വിതരണവും സുഗമമാക്കുന്നതിനായി, നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ നോഡൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

***


(रिलीज़ आईडी: 2295878) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Gujarati , Telugu