വാണിജ്യ വ്യവസായ മന്ത്രാലയം
2023-ലെ വിദേശവ്യാപാര നയത്തിന് കീഴിൽ ഇൻവെന്ററി അധിഷ്ഠിത രാജ്യാന്തര ഇ-കൊമേഴ്സ് കയറ്റുമതി ചട്ടക്കൂട് വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ
प्रविष्टि तिथि:
05 AUG 2026 2:36PM by PIB Thiruvananthpuram
2026 ഓഗസ്റ്റ് 5-ലെ 27/2026-27 നമ്പര്‍ വിജ്ഞാപനം, അനുബന്ധമായ 25/2026-27 നമ്പർ പൊതു അറിയിപ്പ് എന്നിവയിലൂടെ 2023-ലെ വിദേശവ്യാപാര നയത്തിന് കീഴിലെ ഇൻവെന്ററി അധിഷ്ഠിത രാജ്യാന്തര ഇ-കൊമേഴ്സ് കയറ്റുമതി ചട്ടക്കൂട് കേന്ദ്രഗവണ്‍മെന്റ് പ്രാബല്യത്തിൽ വരുത്തി. ഇന്ത്യയിൽ നിർമിക്കുകയോ ഉല്പാദിപ്പിക്കുകയോ ചെയ്യുന്ന ഉല്പന്നങ്ങളുടെ ഇൻവെന്ററി അധിഷ്ഠിത ഇ-കൊമേഴ്സ് കയറ്റുമതി സുഗമമാക്കാന്‍ സമഗ്ര നയവും നടപടിക്രമ രൂപരേഖയും ഈ ചട്ടക്കൂട് നൽകുന്നു.
അതിർത്തി കടന്നുള്ള ഇ-കൊമേഴ്സിന്റെ അതിവേഗ വളർച്ച രാജ്യത്തെ നിർമാതാക്കൾക്കും കരകൗശല വിദഗ്ധര്‍ക്കും MSME-കള്‍ക്കും ആഗോള വിപണി പ്രവേശനത്തിന് വലിയ അവസരമാണ് നൽകുന്നത്. കയറ്റുമതിക്ക് മാത്രമായി ഇൻവെന്ററി അധിഷ്ഠിത ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ അനുവദിക്കുന്ന പത്രക്കുറിപ്പ് നമ്പർ 3 (2026 സീരീസ്) വഴി നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപ നയ ഭേദഗതിക്ക് പിന്നാലെയാണ് രാജ്യത്തെ വിൽപ്പനക്കാരുടെ താൽപര്യം സംരക്ഷിച്ച് വിദേശവ്യാപാര നയത്തിന് കീഴിലെ അനുബന്ധ നിയന്ത്രണ ചട്ടക്കൂട് സർക്കാർ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.
ഈ ചട്ടക്കൂട് പ്രകാരം യോഗ്യരായ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത ഔദ്യോഗിക കയറ്റുമതി പ്രതിനിധി (Exporter-on-Record (EOR) വഴി കയറ്റുമതിക്ക് മാത്രമായി ഇൻവെന്ററി പ്രവർത്തനങ്ങൾ നടത്താം. വിദേശത്തുനിന്ന് ലഭിക്കുന്ന ഉറപ്പായ ഓർഡറുകൾക്കനുസരിച്ച് ഇന്ത്യയിലെ അടിസ്ഥാന വിതരണക്കാരില്‍നിന്ന് (Sellers-on-Record (SORs) ഔദ്യോഗിക കയറ്റുമതി പ്രതിനിധി ഉല്പന്നങ്ങൾ ശേഖരിക്കുകയും സ്വന്തം പേരിൽ കയറ്റുമതി നടത്തുകയും കയറ്റുമതി പ്രവർത്തനങ്ങളുടെയും ലക്ഷ്യമിടുന്ന രാജ്യത്തെ ആവശ്യകതകൾ പാലിക്കുന്നതിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു.
രജിസ്റ്റർ ചെയ്ത ഒരു ഔദ്യോഗിക കയറ്റുമതി പ്രതിനിധിയെ പ്രയോജനപ്പെടുത്തുന്നതിലൂടെ കയറ്റുമതി രേഖകൾ, കസ്റ്റംസ് നടപടിക്രമങ്ങൾ, ലക്ഷ്യമിടുന്ന രാജ്യത്തെ നിയമപരമായ അനുമതികൾ, ഉല്പന്ന പരിശോധനയും സാക്ഷ്യപ്പെടുത്തലും, പാക്കിങ്, ലേബലിങ്, ഓർഡർ പൂർത്തീകരണം, ചരക്കുനീക്കം, റിവേഴ്സ് ലോജിസ്റ്റിക്സ് എന്നിവ ഔദ്യോഗിക കയറ്റുമതി പ്രതിനിധിയെ ഏൽപ്പിച്ച് ഇന്ത്യയിലെ വിൽപ്പനക്കാർക്ക് വിദേശ വിപണികളിലേക്ക് പ്രവേശിക്കാനാവുന്നു. കൂടാതെ വിൽപ്പനക്കാർക്ക് സമയബന്ധിത പണമടയ്ക്കൽ, വിദേശ വിൽപ്പനയിലെ സുതാര്യത, കയറ്റുമതി നിയമങ്ങൾ പാലിക്കുന്നതിലെ വ്യക്തമായ ഉത്തരവാദിത്തം എന്നിവയും ഈ ചട്ടക്കൂട് ഉറപ്പാക്കുന്നു. നിയമപാലന ചെലവ് കുറയ്ക്കുന്ന ചട്ടക്കൂട് ആഗോള വിപണി വിപുലീകരിക്കുന്നതിനൊപ്പം ഉല്പാദനത്തിലും നൂതനാശയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യത്തെ സംരംഭങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
നിയന്ത്രണ മേൽനോട്ടം നിലനിർത്തുന്നതിനൊപ്പം ഇന്ത്യൻ നിർമാതാക്കൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്കും ഇ-കൊമേഴ്സ് കയറ്റുമതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി സംരക്ഷണ വ്യവസ്ഥകൾ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറപ്പായ കയറ്റുമതി ഓർഡറുകൾക്ക് മാത്രമേ കയറ്റുമതി ഇൻവെന്ററി ശേഖരിക്കാൻ പാടുള്ളൂവെന്നും കയറ്റുമതി ആവശ്യങ്ങൾക്കായി ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഇൻവെന്ററി ശേഖരിക്കാന്‍ അനുവാദമില്ലെന്നും ചട്ടക്കൂട് വ്യക്തമാക്കുന്നു. ഉല്പന്നങ്ങളുടെ ഉറവിടം പൂര്‍ണമായി കണ്ടെത്തുന്നതിന് കയറ്റുമതി ഉല്പന്ന ശേഖരം വ്യക്തമായി വേർതിരിക്കുകയും പ്രത്യേകം സൂക്ഷിക്കുകയും ഡിജിറ്റൽ റെപ്പോസിറ്ററി വഴി പരിപാലിക്കുകയും വേണം. മാത്രവുമല്ല, ആഭ്യന്തര വിപണിയിലെ വിൽപ്പനയ്ക്കായി കയറ്റുമതി ഇൻവെന്ററി തിരിച്ചുവിടാൻ കഴിയില്ല.
വിദേശ ഉപഭോക്താക്കളില്‍നിന്ന് പണം ലഭിക്കുന്നത് പരിഗണിക്കാതെ നിർദിഷ്ട സമയപരിധിയ്ക്കകം ഇന്ത്യൻ വില്പനക്കാർക്ക് സമയബന്ധിതമായി പണം നൽകാനും ചട്ടക്കൂട് വ്യവസ്ഥ ചെയ്യുന്നു. കയറ്റുമതി റിബേറ്റുകളും റീഫണ്ടുകളും അവരുടെ ഉല്പന്നങ്ങളുടെ FOB മൂല്യത്തിന് ആനുപാതികമായി അടിസ്ഥാന വിതരണക്കാര്‍ക്ക് വിഭജിച്ച് നൽകേണ്ടതുണ്ട്. കൂടാതെ അന്തിമ വില്പന വില, ഓർഡർ നില, ഉല്പന്നങ്ങളുടെ ശൃംഖലാ നിരീക്ഷണം എന്നിവ സംബന്ധിച്ച വിവരങ്ങൾ വില്പനക്കാർക്ക് ലഭ്യമാക്കുന്നു.
തിരിച്ചയച്ചതോ നിരസിക്കപ്പെട്ടതോ ആയ ഉല്പന്നങ്ങള്‍ പുനർ-കയറ്റുമതി ചെയ്യുകയോ വിൽപ്പനക്കാരന് തിരികെ നൽകുകയോ നിർദിഷ്ട നടപടിക്രമങ്ങൾ പ്രകാരം നശിപ്പിച്ച് കളയുകയോ ചെയ്യണം. സുതാര്യതയും നടത്തിപ്പും കൂടുതൽ ശക്തിപ്പെടുത്താന്‍ വാർഷിക നിയമപാലന സാക്ഷ്യപ്പെടുത്തലും ഡിജിറ്റൽ റെക്കോർഡ് സൂക്ഷിപ്പും ഈ ചട്ടക്കൂട് നിർബന്ധമാക്കുന്നു.
സുസംഘടിത വിതരണ ശൃംഖല ലഭ്യമാക്കുന്നതിനൊപ്പം സുതാര്യത, സമയബന്ധിത പണമടയ്ക്കൽ, കയറ്റുമതി ആനുകൂല്യങ്ങളുടെ കൈമാറ്റം, ശക്തമായ മേൽനോട്ടം എന്നിവ ഉറപ്പാക്കി ഇന്ത്യൻ നിർമാതാക്കൾക്കും വ്യാപാരികൾക്കും സംരംഭങ്ങള്‍ക്കും ആഗോള ഇ-കൊമേഴ്സ് രംഗത്ത് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ചട്ടക്കൂട് സഹായിക്കും. വ്യാപാരികളുടെയും MSME-കളുടെയും വിപുലമായ പങ്കാളിത്തം സുഗമമാക്കാന്‍ ഈ ചട്ടക്കൂട് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SKY
*******
(रिलीज़ आईडी: 2294968)
आगंतुक पटल : 13