കൃഷി മന്ത്രാലയം
azadi ka amrit mahotsav

തുവരപ്പയറിന്റെ മികച്ച ഇനങ്ങൾ വികസിപ്പിക്കാൻ വഴിതുറന്ന് ICAR-ന്റെ ജനിതകഘടന ഗവേഷണ നേട്ടം

प्रविष्टि तिथि: 04 AUG 2026 6:02PM by PIB Thiruvananthpuram

തുവരപ്പയറിലെ (Cajanus cajan L. Millsp.) 'ആശ' എന്ന ഇനത്തിന്റെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ടെലോമിയർ-ടു-ടെലോമിയർ (T2T)  അവലംബ ജനിതകഘടന വികസിപ്പിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) സുപ്രധാന ശാസ്ത്രീയ നേട്ടം കൈവരിച്ചു. 'അർഹർ' അല്ലെങ്കിൽ 'തൂർ' എന്നറിയപ്പെടുന്ന തുവരപ്പയര്‍ ഇന്ത്യയിലെ  പ്രധാന ധാന്യപ്പയർ വർഗങ്ങളിലൊന്നും സസ്യജന്യ പ്രോട്ടീന്റെ  സ്രോതസ്സുമാണ്. രാജ്യത്തിന്റെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു.

ICAR-ന് കീഴില്‍ ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബയോടെക്നോളജി (NIPB) തുവരപ്പയർ ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ മുൻനിര പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ നേട്ടം. 2011-ൽ ഈ സ്ഥാപനം 'ആശ' എന്ന തുവരപ്പയർ ഇനത്തിന്റെ ലോകത്തെ ആദ്യ പ്രാഥമിക ജനിതകഘടന പ്രസിദ്ധീകരിച്ചിരുന്നു. പൂർണമായി ഇന്ത്യയിൽ സീക്വൻസ് ചെയ്ത ആദ്യത്തെ വിള ജനിതകഘടനയും ഇതായിരുന്നു. തുടർന്ന് 2017-ൽ ഈ പ്രാഥമിക ജനിതകഘടനയുടെ മെച്ചപ്പെടുത്തിയ പതിപ്പ് പ്രസിദ്ധീകരിച്ചു. എന്നാൽ ഇപ്പോൾ കൈവരിച്ചിരിക്കുന്ന ഏറ്റവും പുതിയ നേട്ടം ഇതിന്റെ പൂർണ ടെലോമിയർ-ടു-ടെലോമിയർ ജനിതകഘടനാ സീക്വൻസാണ്. ഇത് തുവരപ്പയറിന്റെ ഇതുവരെ ലഭ്യമായതില്‍  ഏറ്റവും സമഗ്രമായ ജനിതക മാപ്പും രൂപരേഖയും നൽകുന്നു.

പുതുതായി വികസിപ്പിച്ച T2T ജനിതകഘടനാ സീക്വൻസിൽ 92 ജനിതക ഖണ്ഡങ്ങളായി ക്രമീകരിച്ച 752.65 ദശലക്ഷം ഡി.എൻ.എ അടിസ്ഥാന ജോഡികളുണ്ട്.  ഇത് തുവരപ്പയറിന്റെ  11 ക്രോമസോമുകളുടെയും സമ്പൂർണ വിവരങ്ങൾ നൽകുന്നു. 'NIPB_CcT2T_4' എന്ന് നാമകരണം ചെയ്ത ഈ ജനിതക ക്രമീകരണം 2026 ഏപ്രിൽ 20-ന് ആഗോള വിവരശേഖരത്തില്‍  (NCBI) 'GCF_000230855.1' എന്ന ആക്‌സഷൻ നമ്പറിൽ സമർപ്പിക്കുകയും പുറത്തുവിടുകയും ചെയ്തു.

ജനിതക ക്രമീകരണത്തില്‍  11 സെൻട്രോമിയറുകളും 22 ടെലോമിയറുകളും ഉൾപ്പെടെ  11 ക്രോമസോമുകളും അടങ്ങിയിരിക്കുന്നത് ക്രോമസോം തലത്തിലെ സമ്പൂർണത പ്രകടമാക്കുന്നു.  സമഗ്രമായ ജനിതക വിവരശേഖരണത്തിലൂടെ 36,557 ജീനുകളെ തിരിച്ചറിഞ്ഞു, ഇവ 48,008 കോഡിംഗ് സീക്വൻസുകൾ (mRNAs) ഉല്പാദിപ്പിക്കുന്നു. ട്രാന്സ്ക്രിപ്റ്റോം മാപ്പിങ്ങില്‍ 99.9 ശതമാനത്തിലധികം കൃത്യത രേഖപ്പെടുത്തിയത് ജനിതക ഘടനയുടെ ഉയർന്ന കൃത്യതയും സമ്പൂർണതയും ഉറപ്പാക്കുന്നു.

 

പൂർണമായി വ്യാഖ്യാനിക്കപ്പെട്ട ഈ T2T അവലംബ ജനിതകഘടന  ഇന്ത്യയിലെ ധാന്യപ്പയർ ഗവേഷണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്. നൂതന ജീൻ - പാൻജീനോം വിശകലനങ്ങൾ, പ്രധാന കാർഷിക-പോഷകാഹാര സവിശേഷതകളുമായി ബന്ധപ്പെട്ട ജീനുകളുടെ കണ്ടെത്തൽ, മോളിക്യുലാർ ബ്രീഡിങ്, ജീനോം-എഡിറ്റിങ് സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയ്ക്ക് വിലപ്പെട്ട  ദേശീയ ജനിതക വിവരസ്രോതസ്സായി ഇത് നിലകൊള്ളും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയാര്‍ന്നതും ഉയർന്ന വിളവ് നൽകുന്നതും പോഷക സമ്പുഷ്ടവുമായ തുവരപ്പയർ ഇനങ്ങളുടെ പ്രജനനം ത്വരിതപ്പെടുത്തുന്ന ഈ നേട്ടം  രാജ്യത്തിന്റെ ധാന്യപ്പയർ വികസന പദ്ധതികളെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഗവേഷണത്തിനും നൂതനാശയങ്ങൾക്കും വലിയ ഉത്തേജനം നൽകുന്ന നേട്ടം ശാസ്ത്രജ്ഞർക്കും പ്രജനനം നടത്തുന്നവർക്കും  കർഷകർക്കും ഒരുപോലെ ഗുണകരമാകും.  കൂടാതെ ഉല്പാദനക്ഷമത വർധിപ്പിക്കാനും കർഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും ഇന്ത്യയുടെ ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്കും ഇത് സംഭാവന ചെയ്യും.

 

ധാന്യപ്പയർ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമൊപ്പം മെച്ചപ്പെട്ട വിത്തുകൾ, വിസ്തൃതി വർധന, സാങ്കേതികവിദ്യയുടെ ഉപയോഗം, നിശ്ചിത സംഭരണം, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും  വേണ്ടിയാണ് 'പയറുവർഗ സ്വയംപര്യാപ്തതാ ദൗത്യം' (2025-26 മുതൽ 2030-31 വരെ) കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചത്. ഗവേഷണം, വിത്തുവിതരണ ശൃംഖല, വിപുലീകരണ സേവനങ്ങൾ എന്നിവയുൾപ്പെടെ സമഗ്ര തന്ത്രത്തിലൂടെ 2030-31 ഓടെ പയറുവർഗങ്ങളുടെ  ഉല്പാദനം ഏകദേശം 35 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്.


 

തുവരപ്പയറിന്റെ  അവലംബ ജനിതകഘടനയുടെ  NCBI ലിങ്ക്:

https://www.ncbi.nlm.nih.gov/datasets/genome/GCF_000230855.2/ 

 

റിവ്യൂ പേപ്പർ: തുവരപ്പയറിലെ മാർക്കർ-അസിസ്റ്റഡ് ഐഡിയോടൈപ്പ് ബ്രീഡിങ് വേഗത്തിലാക്കുന്നതിനുള്ള ജനിതക, ജീനോമിക് വിഭവങ്ങൾ (Cajanus cajan L. Millsp.)

***


(रिलीज़ आईडी: 2294652) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Kannada