രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കട്ടക്കിലെ ജഗദ്ഗുരു കൃപാലു സർവ്വകലാശാല രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 03 AUG 2026 6:48PM by PIB Thiruvananthpuram

ഒഡീഷയിലെ കട്ടക്കിലുള്ള ജഗദ്ഗുരു കൃപാലു സർവ്വകലാശാലയുടെ ഉദ്ഘാടനം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഓഗസ്റ്റ് 3) നിർവ്വഹിച്ചു.

അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ആത്മീയതയുടേയും സേവനത്തിൻ്റെയും മഹത്തായ പാരമ്പര്യമുള്ള മണ്ണാണ് ഒഡീഷയെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. നൂറ്റാണ്ടുകളായി, മഹാപ്രഭു ജഗന്നാഥൻ്റെ ഈ പുണ്യഭൂമി എല്ലാവരെയും ഉൾക്കൊള്ളുന്നതിൻ്റെയും കാരുണ്യത്തിൻ്റെയും മാനവക്ഷേമത്തിൻ്റെയും സന്ദേശമാണ് ലോകത്തിന് പകർന്നുനൽകിക്കൊണ്ടിരിക്കുന്നത്. 'ഉത്കൽ ഗൗരവ്' മധുസൂദൻ ദാസ്, 'കർമവീർ' ഗൗരി ശങ്കർ റേ, നേതാജി സുഭാഷ് ചന്ദ്രബോസ്, ബിജു പട്നായിക് തുടങ്ങിയ മഹത്‌വ്യക്തികളുടെ ജന്മസ്ഥലവും 'ഉത്കൽമണി' പണ്ഡിറ്റ് ഗോപബന്ധു ദാസ്, 'ഉത്കൽ കേസരി' ഡോ. ഹരേകൃഷ്ണ മഹ്താബ് എന്നിവരുടെ കർമ്മഭൂമിയുമാണ് കട്ടക്ക് എന്ന് ശ്രീമതി മുർമു ഓർമ്മിപ്പിച്ചു. പൊതുസേവനം, സാഹിത്യം, സാംസ്കാരം എന്നീ മേഖലകളിൽ കട്ടക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെ സവിശേഷവും പ്രചോദനാത്മകവുമാണെന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ പ്രാചീന സാംസ്കാരിക-ആത്മീയ പാരമ്പര്യങ്ങളെ ആധുനിക വിദ്യാഭ്യാസവുമായി സമന്വയിപ്പിച്ചുകൊണ്ട്, ഇത്രയും മഹത്തായ ഒരു പ്രദേശത്ത് സ്ഥാപിതമായ ജഗദ്ഗുരു കൃപാലു സർവ്വകലാശാല സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും സേവനത്തിനായുള്ള ശക്തമായൊരു വേദിയായി മാറുമെന്ന പ്രതീക്ഷയും രാഷ്ട്രപതി പങ്കുവെച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ യുവജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അതാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും രാഷ്ട്രപതി പറഞ്ഞു. ഈ സമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, യുവജനങ്ങൾക്ക്‌ അവരുടെ കഴിവുകൾ വികസിപ്പിക്കാനും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും സാധിക്കുന്ന ഒരു അന്തരീക്ഷം സർവ്വകലാശാലകൾ ഒരുക്കേണ്ടതുണ്ട്. അവർക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനോടൊപ്പം സത്യസന്ധത, അച്ചടക്കം, സഹാനുഭൂതി, ദേശീയതാൽപ്പര്യത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ നയിക്കപ്പെടുന്ന പൗരന്മാരെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്തം സർവ്വകലാശാലകൾക്കുണ്ട്. യുവതലമുറ ആർജ്ജിക്കുന്ന അറിവ് മാനവസേവനത്തിനും സമൂഹത്തിൻ്റെ ക്ഷേമത്തിനും രാഷ്ട്രത്തിൻ്റെ പുരോഗതിക്കുമായി വിനിയോഗിക്കുമ്പോൾ മാത്രമേ ആ അറിവ് യഥാർത്ഥത്തിൽ അർത്ഥപൂർണ്ണമാകൂ എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് നമ്മൾ നിശ്ചയിച്ചിട്ടുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. സർവ്വകലാശാലകളിൽ വികസിപ്പിച്ചെടുക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും സമൂഹത്തിൻ്റെ ആവശ്യങ്ങൾക്ക് പരിഹാരമാകുന്ന തരത്തിൽ, അവ അറിവിൻ്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. ആധുനിക വിജ്ഞാനം സ്വായത്തമാക്കുമ്പോഴും വിദ്യാർത്ഥികൾ ധാർമ്മിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ സാംസ്കാരികവും ആത്മീയവുമായ വളർച്ചയ്ക്കും ജഗദ്ഗുരു കൃപാലു സർവ്വകലാശാല ഊന്നൽ നൽകുമെന്ന കാര്യത്തിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. 'വികസിത ഒഡീഷ', 'വികസിത ഭാരതം' എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പങ്കാളികളാകുന്ന നൈപുണ്യമുള്ള മാനവവിഭവശേഷി, ഗവേഷകർ, സംരംഭകർ എന്നിവരെ വാർത്തെടുക്കാൻ ഈ സർവ്വകലാശാലയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും രാഷ്ട്രപതി പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

***


(रिलीज़ आईडी: 2294068) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Odia , Tamil