സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
2013-ലെ തോട്ടിപ്പണി നിരോധന നിയമപ്രകാരം നടത്തിയ പുതിയ സർവേയിൽ രാജ്യത്ത് തോട്ടിപ്പണിക്കാരുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രഗവണ്‍മെൻ്റ്
प्रविष्टि तिथि:
02 AUG 2026 4:42PM by PIB Thiruvananthpuram
നിയമനിർമാണങ്ങളിലൂടെയും പ്രത്യേക ക്ഷേമ പദ്ധതികളിലൂടെയും തോട്ടിപ്പണി പൂർണമായി നിർമാർജനം ചെയ്യാനും മലിനജല-സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ആത്മാഭിമാനവും ക്ഷേമവും ഉറപ്പാക്കാനും ഗവണ്‍മെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രം. 2013-ലെ തോട്ടിപ്പണി നിരോധന പുനരധിവാസ നിയമപ്രകാരം രാജ്യത്തെ ജില്ലകളിലുടനീളം നടത്തിയ പുതിയ സർവേയിൽ തോട്ടിപ്പണിക്കാരായി ആരെയും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയെ അറിയിച്ചു.
രാജ്യസഭയിൽ ശ്രീ. ഡെറിക് ഒബ്രയാൻ്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി ശ്രീ. രാംദാസ് അത്താവലെ വിവരങ്ങൾ പങ്കുവെച്ചത്. യന്ത്രവൽക്കരണത്തിലൂടെയും സമഗ്ര ക്ഷേമ നടപടികളിലൂടെയും മലിനജല-സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2023-24 സാമ്പത്തിക വർഷം തുടക്കം കുറിച്ച 'നമസ്തേ' പദ്ധതിയെക്കുറിച്ച് അദ്ദേഹം സഭയെ ധരിപ്പിച്ചു. പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം 89,915 മലിനജല-സെപ്റ്റിക് ടാങ്ക് തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തൊഴിലാളികളുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ സഭയുടെ മേശപ്പുറത്ത് വെച്ചു.
തൊഴിൽ സുരക്ഷ മെച്ചപ്പെടുത്താനും യന്ത്രവൽകൃത ശുചീകരണം പ്രോത്സാഹിപ്പിക്കാനും നമസ്തേ പദ്ധതിക്ക് കീഴിൽ ഗവണ്‍മെൻ്റ് നിരവധി ഇടപെടലുകൾ നടത്തിവരുന്നതായി രേഖാമൂലം നല്‍കിയ മറുപടിയിൽ വ്യക്തമാക്കുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണ കിറ്റുകളുടെ വിതരണം, തൊഴിൽ സുരക്ഷാ പരിശീലനം, അടിയന്തര പ്രതികരണ ശുചീകരണ യൂണിറ്റുകൾക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കൽ, ശുചീകരണ തൊഴിലാളികൾക്കും കൂട്ടായ്മകൾക്കും സ്വകാര്യ ശുചീകരണ സേവനദാതാക്കള്‍ക്കും ശുചീകരണ യന്ത്രങ്ങൾ വാങ്ങുന്നതിന് മുൻകൂർ മൂലധന സബ്‌സിഡി, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, മലിനജല-സെപ്റ്റിക് ടാങ്കുകളുടെ അപകടകരമായ ശുചീകരണം തടയുന്നതുമായി ബന്ധപ്പെട്ട ശില്പശാലകള്‍ എന്നിവ ഇതിലുൾപ്പെടുന്നു.
2021 ഒക്ടോബർ 1-ന് ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ-നഗരമേഖലയുടെ രണ്ടാംഘട്ടത്തിൽ 'ഉപയോഗിച്ച ജലത്തിൻ്റെ സംസ്കരണം' സുപ്രധാന ഘടകമായി ഉൾപ്പെടുത്തിയതായി കേന്ദ്രസഹമന്ത്രി സഭയെ അറിയിച്ചു. മലിനജല-സെപ്റ്റിക് ടാങ്ക് ശുചീകരണം പൂർണമായി യന്ത്രവൽകൃതമാക്കുന്നതിലൂടെ, അപകടകരമായ രീതിയിൽ തൊഴിലാളികൾ നേരിട്ട് ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.
തോട്ടിപ്പണി ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ശുചിത്വമില്ലാത്ത ശൗചാലയങ്ങളുടെ നിർമാണവും പരിപാലനവും 2013-ലെ തോട്ടിപ്പണി നിരോധന നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും മലിനജല-സെപ്റ്റിക് ടാങ്കുകൾ അപകടകരമായ രീതിയിൽ മനുഷ്യർ നേരിട്ട് വൃത്തിയാക്കുന്നത് തടഞ്ഞിട്ടുണ്ടെന്നും ഗവണ്‍മെൻ്റ് ആവർത്തിച്ചു. ഈ നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഗവണ്‍മെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
****
(रिलीज़ आईडी: 2293559)
आगंतुक पटल : 5