ബ്രിക്സ് രാജ്യങ്ങളിലെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ.)ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസുകളുടെ (NSO) മേധാവിമാരുടെ യോഗം ഇന്ത്യയുടെ അധ്യക്ഷതയിൽ 2026 ഓഗസ്റ്റ് 03, 04 തീയതികളിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടക്കും.
'പുനരുജീവനം , നൂതനാശയം , സഹകരണം , സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക (BRICS)"* എന്നതാണ് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള പരിപാടിയുടെ പ്രമേയം .ബ്രിക്സ് സ്റ്റാറ്റിസ്റ്റിക്സ് മേഖലയ്ക്കായി "മാറ്റത്തിൻ്റെ ചാലകമായി ഗുണനിലവാരമുള്ള സ്ഥിതിവിവരക്കണക്കുകൾ"എന്ന പ്രമേയമാണ് ഇന്ത്യ സ്വീകരിച്ചത് . വേഗത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ, കൃത്യവും വിശദവുമായ ഡാറ്റയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത, തെളിവുകളിൽ അധിഷ്ഠിതവും സുസ്ഥിരവും സമഗ്രവുമായ വികസനത്തെ പിന്തുണയ്ക്കാൻ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ, ഡാറ്റ ഗുണനിലവാരം, നൂതനാശയം , ഫലപ്രദമായ പ്രചാരണം എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയെ ഇത് പ്രതിഫലിപ്പിക്കുന്നു.
വികസനം നിരീക്ഷിക്കുന്നതിനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പരസ്പര ധാരണ വളർത്തുന്നതിനും ബ്രിക്സ് നയരൂപകർത്താക്കൾ ശക്തമായ സ്ഥിതിവിവരക്കണക്കുകളെ ആശ്രയിക്കുന്നു.അംഗരാജ്യങ്ങൾ 2010 മുതൽ, എളുപ്പത്തിൽ ലഭ്യമാകുന്നതും ഏകീകൃതവുമായ ഡാറ്റ നൽകുന്നതിനായി 'ജോയിൻ്റ് സ്റ്റാറ്റിസ്റ്റിക്കൽ പബ്ലിക്കേഷൻ (JSP)', 'സ്നാപ്പ്ഷോട്ട് BRICS JSP' (2020-ൽ അവതരിപ്പിച്ചത്) എന്നിവ പ്രസിദ്ധീകരിക്കുന്നുണ്ട്. കാലക്രമേണ, ബ്രിക്സ് സ്ഥിതിവിവരക്കണക്ക് സഹകരണം അടിസ്ഥാന ഡാറ്റാ ശേഖരണത്തിൽ നിന്ന് നയരൂപകർത്താക്കൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിൽ ഡാറ്റാ മാനദണ്ഡങ്ങൾ, ഏകീകരണം, നവീകരണം എന്നിങ്ങനെ സമഗ്രമായി വികസിച്ചു. സ്ഥിതിവിവരക്കണക്ക് വിഷയങ്ങളിൽ എല്ലാ വർഷവും അനുബന്ധ പരിപാടികൾക്കൊപ്പം രണ്ട് പ്രധാന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്:
(i) NSO-കളുടെ സാങ്കേതിക യോഗം
(ii) NSO മേധാവിമാരുടെ യോഗം
JSP, സ്നാപ്പ്ഷോട്ട് BRICS JSP എന്നിവയിലെ അധ്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി 2026 ഏപ്രിൽ 16, 17 ദിവസങ്ങളിൽ സാങ്കേതിക യോഗം ചേർന്നു. JSP, സ്നാപ്പ്ഷോട്ട് 2026 എന്നിവയ്‌ക്കായി പരസ്പരം അംഗീകരിച്ച ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിനും, ഓരോ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിൻ്റെയും (NSO) ഉത്തരവാദിത്വങ്ങളും സമയപരിധിയും നിശ്ചയിക്കുന്നതിനുമാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ബ്രിക്സ് സ്റ്റാറ്റിസ്റ്റിക്സ് ട്രാക്ക് ഇനിപ്പറയുന്ന മുൻഗണനാ മേഖലകളിൽ ഫലങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു:
* പ്രധാന ബ്രിക്സ് സ്റ്റാറ്റിസ്റ്റിക്കൽ ഉൽപ്പന്നങ്ങൾ ശക്തമാക്കൽ (JSP & സ്നാപ്പ്ഷോട്ട്)
* ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളിലെ നവീകരണവും പരിഷ്കരണവും
* ഡാറ്റാ പ്രചരണവും ലഭ്യതയും
* സ്ഥൂല സാമ്പത്തിക,മേഖലാതല സ്ഥിതിവിവരക്കണക്കുകൾ ശക്തിപ്പെടുത്തൽ
ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസുകളുടെ മേധാവിമാരുടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. BRICS JSP വഴിയുള്ള സ്ഥിതിവിവരക്കണക്കുകളുടെ പ്രചാരണം, സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളിലെ നവീകരണം, അറിവുകളുടെയും മികച്ച മാതൃകകളുടെയും കൈമാറ്റം തുടങ്ങി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
ബ്രിക്സ് എൻ.എസ്.ഒ. തലവന്മാരുടെ യോഗത്തോടനുബന്ധിച്ച്ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസുകൾ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ദ്ധർ, ചിന്തകർ,പൗര സംഘടനകൾ , സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ ഇനിപ്പറയുന്ന വിഷയങ്ങളിൽ അരദിവസം നീണ്ടുനിൽക്കുന്ന രണ്ട് അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്:
1. ഭരണപരമായ ഡാറ്റയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തൽ(03 ഓഗസ്റ്റ് 2026)
2.വികസിച്ചുകൊണ്ടിരിക്കുന്ന ഡാറ്റാ ആവാസവ്യവസ്ഥയിലെ എ.ഐ. സജ്ജീകരണം (04 ഓഗസ്റ്റ് 2026)