ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
प्रविष्टि तिथि:
01 AUG 2026 2:07PM by PIB Thiruvananthpuram
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ ആദരിക്കുന്നതിനും, രാജ്യത്തിൻ്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിന് കൈത്തറി നെയ്ത്ത് സമൂഹത്തിൻ്റെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി 2026 ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ ഒരു ദേശീയ ചടങ്ങോടെ ടെക്സ്റ്റൈൽസ് മന്ത്രാലയം 12-ാമത് ദേശീയ കൈത്തറി ദിനം ആചരിക്കും.
ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ, ടെക്സ്റ്റൈൽസ് മന്ത്രാലയ സെക്രട്ടറി ശ്രീമതി നീലം ഷമി റാവു, കൈത്തറി വികസന കമ്മീഷണർ ഡോ. എം. ബീന എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
സന്ത് കബീർ കൈത്തറി അവാർഡ് ജേതാക്കൾ, ദേശീയ കൈത്തറി അവാർഡ് ജേതാക്കൾ, അവരുടെ കുടുംബാംഗങ്ങൾ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി നെയ്ത്തുകാർ, അവാർഡ് നിർണ്ണയ സമിതി അംഗങ്ങൾ, കൈത്തറി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മുതിർന്ന ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ആഘോഷപരിപാടികളിൽ പങ്കെടുക്കും.
2025-ലെ സന്ത് കബീർ കൈത്തറി അവാർഡുകളും ദേശീയ കൈത്തറി അവാർഡുകളും സമ്മാനിക്കുന്നതാണ് ഈ ആഘോഷങ്ങളുടെ പ്രധാന ആകർഷണം. മികച്ച കരകൗശലം, നൂതന ആശയങ്ങൾ, ഇന്ത്യയുടെ കൈത്തറി പാരമ്പര്യം സംരക്ഷിക്കുന്നതിലെ സംഭാവനകൾ എന്നിവ പരിഗണിച്ച് പ്രഗത്ഭരായ കൈത്തറി നെയ്ത്തുകാർക്ക് 3 സന്ത് കബീർ കൈത്തറി അവാർഡുകളും 19 ദേശീയ കൈത്തറി അവാർഡുകളും ഉൾപ്പെടെ ആകെ 22 അവാർഡുകൾ ചടങ്ങിൽ സമ്മാനിക്കും.
ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ കൈത്തറി നെയ്ത്ത് പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന നാല് സ്മാരക തപാൽ സ്റ്റാമ്പുകളുടെ പ്രകാശനവും ചടങ്ങിൽ നടക്കും.
"എർത്ത്. റൂട്ട്. ത്രെഡ് - ആൽ ഡൈഡ് ഹാൻഡ്‌ലൂം ടെക്സ്റ്റൈൽസ് ഓഫ് സെൻട്രൽ ഇന്ത്യ", ഹാൻഡ്‌ലൂം അവാർഡ് ബുക്ക് 2025 എന്നീ രണ്ട് പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും.
അവാർഡ് നേടിയ കൈത്തറി ഉൽപ്പന്നങ്ങളുടെ ഒരു പ്രദർശനവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കും. ഇന്ത്യയുടെ കൈത്തറി പാരമ്പര്യങ്ങളുടെ വൈവിധ്യത്തെയും കരകൗശല വൈദഗ്ധ്യത്തെയും കുറിച്ചുള്ള ഒരു നേർക്കാഴ്ച നൽകിക്കൊണ്ട് പരമ്പരാഗത കണി നെയ്ത്തിൻ്റെയും വാൾ ഹാംഗിംഗ് നെയ്ത്തിൻ്റെയും തത്സമയ പ്രദർശനങ്ങൾ കാണാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.
2026 ഓഗസ്റ്റ് 7-ന് നടക്കുന്ന പ്രധാന ചടങ്ങിന് പുറമേ, ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള മറ്റ് പ്രധാന പരിപാടികളിൽ പ്രദർശനങ്ങൾ, കോൺക്ലേവുകൾ (ഡിസൈനർ, IIHT) തുടങ്ങിയവ ഉൾപ്പെടുന്നു.
35 ലക്ഷത്തിലധികം ആളുകളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ കൈത്തറി മേഖല, സുസ്ഥിര ഗ്രാമീണ തൊഴിലിൻ്റെ ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നായി തുടരുന്നു. ഇതിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണ്. സാമ്പത്തിക പ്രാധാന്യത്തിന് പുറമെ, ഇന്ത്യയുടെ സമ്പന്നമായ വസ്ത്ര പാരമ്പര്യത്തിൻ്റെ കാവലാളായും പരിസ്ഥിതി സൗഹൃദ സുസ്ഥിര ഉൽപ്പാദന രീതികളുടെ പ്രധാന പങ്കാളിയായും ഈ മേഖല നിലകൊള്ളുന്നു.
1905 ഓഗസ്റ്റ് 7 ന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനം ആചരിക്കുന്നു. ഇത് തദ്ദേശീയ വ്യവസായങ്ങൾക്കും ഇന്ത്യയുടെ കൈത്തറി മേഖലയ്ക്കും പുതിയ ഉണർവ് നൽകി. രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകത്തിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും കൈത്തറി നെയ്ത്തുകാർ നൽകുന്ന ശാശ്വതമായ സംഭാവനകളെ ഈ ദിനാചരണം ആദരിക്കുന്നു.
2015-ൽ തുടക്കം കുറിച്ചതു മുതൽ, ഇന്ത്യയിലെ കൈത്തറി നെയ്ത്തുകാരുടെ കലാവിരുത്, നൈപുണ്യം, സമർപ്പണം എന്നിവയെ ആദരിക്കുന്നതിനുള്ള അവസരമായി ദേശീയ കൈത്തറി ദിനം മാറിക്കഴിഞ്ഞു. അതോടൊപ്പം, കൈത്തറി മേഖലയുടെ സംരക്ഷണം, പ്രോത്സാഹനം, സുസ്ഥിര വികസനം എന്നിവയോടുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ ദിനാചരണം വഴിയൊരുക്കുന്നു.