2026-ലെ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് മഹാരാഷ്ട്രയിലെ പുണെയിൽ നടന്ന ചടങ്ങിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവലിന് സമ്മാനിച്ചു. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നവിസ്, ഉപമുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിൻഡെ, ശ്രീമതി സുനേത്ര പവാർ, കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ മുരളീധർ മൊഹോൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഇന്ന് ലോകമാന്യ ബാലഗംഗാധര തിലകൻ്റെ 106-ാം ചരമവാർഷികമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധവും അർത്ഥവും നൽകുന്നതിനായി, “സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും” എന്ന മന്ത്രം തിലക് മഹാരാജ് നൽകിയതായി അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണസംവിധാനം, ഭാഷ, സംസ്‌കാരം, മതം എന്നിവ ദൃഢമായി സ്ഥാപിതമാകുമ്പോൾ മാത്രമേ പൂർണ്ണ സ്വരാജ് കൈവരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വരാജിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളുമായി തിലക് മഹാരാജ് ജനങ്ങളെ ബന്ധിപ്പിച്ചുവെന്ന് ശ്രീ ഷാ പറഞ്ഞു. തിലക് മഹാരാജ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് പുതിയൊരു ദേശീയത — സാംസ്‌കാരിക ദേശീയത- പരിചയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഭാവിയിൽ രാജ്യം സഞ്ചരിക്കേണ്ട പാതയും തിലക് മഹാരാജ് വരച്ചുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടി കഴിയുമ്പോൾ ഈ പാതയിലൂടെ തന്നെ പുരോഗമിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നതായും ശ്രീ ഷാ വ്യക്തമാക്കി. ഇന്ന് രാജ്യം സാംസ്‌കാരിക ദേശീയതയുടെ പാതയിൽ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകമാന്യ തിലക് ഒരു അധ്യാപകനും മികച്ച പത്രപ്രവർത്തകനുമായിരുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. മഹാനായ ഒരു ചിന്തകൻ എന്ന നിലയിൽ, ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ആത്മാവിനെ ആവിഷ്‌കരിക്കുകയും ദശലക്ഷക്കണക്കിന് പേരുടെ ഹൃദയങ്ങളിൽ സ്വരാജ്യത്തിൻ്റെ ആവേശം ഉണർത്തുകയും ചെയ്തു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ലോകമാന്യ ബാലഗംഗാധര തിലകന് തുല്യനായി മറ്റാരും ഉണ്ടായിരുന്നില്ല — ദീർഘദർശി, മികച്ച അധ്യാപകൻ, ഭയരഹിതനായ പത്രപ്രവർത്തകൻ, പ്രഗത്ഭനായ ചിന്തകൻ, ഒപ്പം ഒരു കർമ്മയോഗിയും ആയിരുന്നു അദ്ദേഹം.
ഭഗവദ് ഗീതയുടെ പ്രായോഗിക സത്ത തിലക് മഹാരാജ് രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. പുണെയിൽ ന്യൂ ഇംഗ്ലീഷ് സ്കൂളിൽ തുടങ്ങി ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി, ഫെർഗൂസൺ കോളേജ് എന്നിവയിലൂടെ സമഗ്ര വിദ്യാഭ്യാസ ആവാസവ്യവസ്ഥ അദ്ദേഹം സ്ഥാപിച്ചു. അറിവുകൊണ്ട് ബുദ്ധിയെ പ്രകാശിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യമെന്ന് തിലക് മഹാരാജ് വിശ്വസിച്ചിരുന്നു. ബ്രിട്ടീഷുകാർ ഏതെങ്കിലും പത്രങ്ങളെ ഭയപ്പെട്ടിരുന്നെങ്കിൽ അത് 'കേസരി'യെയും 'ദി മറാഠ'യെയും ആയിരുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചാൽ പോലും, ജനങ്ങളിൽ ദേശീയ ബോധം ഉണർത്തപ്പെട്ടിട്ടില്ലെങ്കിൽ അതിന് കാര്യമായ മൂല്യമില്ലെന്ന് തിലക് മഹാരാജ് വിശ്വസിച്ചിരുന്നു. സംഘാടനവും ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളും ഇല്ലാതെ ദേശീയ ശക്തി സൃഷ്ടിക്കാൻ കഴിയില്ലെന്നും തിലക് മഹാരാജ് ഊന്നിപ്പറഞ്ഞു. വിവിധ പൊതു ആഘോഷങ്ങളിലൂടെ മഹാരാഷ്ട്രയിലെ ജനങ്ങളെ മാത്രമല്ല, രാജ്യത്തുടനീളമുള്ള പൗരന്മാരെയും അദ്ദേഹം ഒന്നിച്ചു നിർത്തി. സ്വയംപര്യാപ്തത, അച്ചടക്കം, രാജ്യത്തോടും ഭരണഘടനയോടുമുള്ള കർത്തവ്യബോധം എന്നിവയും സ്വരാജ്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് ശ്രീ ഷാ തുടർന്ന് പറഞ്ഞു. തിലക് മഹാരാജിൻ്റെ ജീവിതവും ചിന്തകളും എഴുത്തുകളും ഇന്നത്തെ യുവാക്കൾക്കും കൗമാരക്കാർക്കും പ്രചോദനത്തിൻ്റെ ഉറവിടമായി തുടരുന്നു.
ഇന്ന് ശ്രീ അജിത് ഡോവലിന് ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ പുരസ്‌കാരം എന്നത് വെറുമൊരു മെഡൽ മാത്രമല്ല; അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നതിനും വിശിഷ്ട വ്യക്തികളുടെ മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും മേഖലയിൽ ഒരു വ്യക്തി അനുപമമായ സംഭാവന നൽകുമ്പോൾ, അദ്ദേഹം വളരെ ഉയരത്തിൽ എത്തുകയും ശാശ്വതമായ ഒരു പ്രചോദന കേന്ദ്രമായി മാറുകയും ചെയ്യുന്നു. അത്തരം വ്യക്തികളെ ആദരിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്. അത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ, സമൂഹം കടമ നിർവ്വഹിക്കുക മാത്രമല്ല, മാതൃകാപരമായ ഇത്തരം വ്യക്തിത്വങ്ങളെ അനുകരിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ശ്രീ അജിത് ഡോവലിന് ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നൽകുന്നത് രാജ്യസേവനത്തിനായി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഓരോ പൗരനും വലിയൊരു പ്രചോദനമാകുമെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു.

ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് ബോംബ് സ്‌ഫോടന പരമ്പര ഉണ്ടായതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ആ സമയത്ത്, ആ ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് മാത്രമല്ല, അതിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചും രാജ്യത്തുടനീളം നടന്ന മറ്റ് എല്ലാ ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചും ഗുജറാത്ത് പോലീസ് അന്വേഷിക്കണമെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞിരുന്നു. അന്വേഷണം നടത്തുന്നതിന് ഗുജറാത്ത് പോലീസിനൊപ്പം പ്രവർത്തിക്കാൻ ശ്രീ അജിത് ഡോവലിനെ വിളിക്കണമെന്ന് ശ്രീ മോദി അന്ന് നിർദ്ദേശിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ഫലമായി, ഏകോപിത അന്വേഷണത്തിലൂടെ അഹമ്മദാബാദ് ബോംബ് സ്‌ഫോടന പരമ്പര മാത്രമല്ല, രാജ്യത്തുടനീളമുള്ള 13 ബോംബ് സ്‌ഫോടന പരമ്പര കേസുകളും പരിഹരിക്കുന്നതിൽ ഗുജറാത്ത് പോലീസ് വിജയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ചരിത്രം എഴുതപ്പെടുമ്പോഴും രാജ്യത്തിൻ്റെ ആഭ്യന്തര, ബാഹ്യ സുരക്ഷ വിലയിരുത്തപ്പെടുമ്പോഴും ശ്രീ അജിത് ഡോവലിൻ്റെ സംഭാവനകൾക്കായി ഒരു സുവർണ്ണ അധ്യായം തീർച്ചയായും നീക്കിവെക്കപ്പെടുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിദേശനയം കൂടുതൽ ശക്തമായെന്നും ലോകത്തിൻ്റെ മുന്നിൽ മാന്യത, ആദരവ് എന്നിവയോടെ രാജ്യത്തിൻ്റെ സ്ഥാനം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോദി ഗവണ്മെൻ്റിൻ്റെ ഈ നേട്ടത്തിന് ശ്രീ അജിത് ഡോവൽ അളവറ്റ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു.
1972 മുതൽ ഇൻ്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ ആകുന്നതുവരെ ശ്രീ അജിത് ഡോവൽ ഒരു സമർപ്പിത ഐബി ഓഫീസറായി സേവനമനുഷ്ഠിക്കുകയും രാജ്യം നേരിട്ട പ്രധാനപ്പെട്ട എല്ലാ സുരക്ഷാ വെല്ലുവിളികളും പരിഹരിക്കുന്നതിൽ സജീവ പങ്ക് വഹിക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, സിക്കിം, ജമ്മു കശ്മീർ, പഞ്ചാബ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുമ്പോൾ ശ്രീ ഡോവൽ അസാമാന്യ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, അവ വിവരണങ്ങൾക്കും വിലയിരുത്തലുകൾക്കും ഉപരിയാണെന്നും അദ്ദേഹം പറഞ്ഞു. അതീവ നിർണായകമായ കാലഘട്ടമടക്കം ആറ് വർഷത്തോളം ശ്രീ അജിത് ഡോവൽ പാകിസ്ഥാനിലും സേവനമനുഷ്ഠിക്കുകയും രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

2019-ന് ശേഷം മോദി ഗവണ്മെൻ്റ് മൾട്ടി ഏജൻസി സെൻ്റർ (എംഎസി) ശക്തിപ്പെടുത്താൻ പ്രവർത്തിച്ചുവെന്നും, അത് ഇന്ന് രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയുടെ നട്ടെല്ലായി വർത്തിക്കുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. എംഎസിക്ക് ശക്തമായ അടിത്തറയിട്ടത് ശ്രീ അജിത് ഡോവലാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2014-ൽ ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചുവെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന ബഹുമതിയും ശ്രീ ഡോവലിനുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലുള്ള ശ്രീ അജിത് ഡോവലിൻ്റെ കാലയളവ്, ഇന്ത്യൻ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിനും സമകാലിക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനും സാക്ഷ്യം വഹിച്ചു. സേനകൾക്കുള്ളിൽ സാങ്കേതികവിദ്യയുടെയും സൈനിക ശേഷിയുടെയും അസാധാരണമായ സംയോജനം കൈവരിക്കുന്നതിനും ഈ കാലയളവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി ചരിത്രപരമായ തീരുമാനങ്ങൾ എടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പല തീരുമാനങ്ങളും രൂപപ്പെടുത്തുന്നതിൽ ശ്രീ ഡോവലിൻ്റെ വിപുലമായ പരിചയസമ്പത്ത് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ ശേഷിയും ആക്രമണ സജ്ജീകരണങ്ങളും ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദി മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ഈ നേട്ടത്തിന് ശ്രീ അജിത് ഡോവൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.
അണ്ണാഭാവു സാഥെജിയുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ദേഹത്തിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.