പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ വിസിയനഗരത്തെ ഭോഗാപുരത്ത് 17,900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും നിർവഹിച്ചു
ഇന്ന് സമാരംഭംകുറിച്ച വ്യോമയാന, ഹരിത ഊർജ്ജ, സെമിഫ്ലെക്സിബിൾ കണ്ടക്ടർ, കണക്റ്റിവിറ്റി മേഖലകളിലെ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നൽകും: പ്രധാനമന്ത്രി
ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി അല്ലൂരി സീതാരാമ രാജു ജി തന്റെ ജീവിതം സമർപ്പിച്ച അതേ മണ്ണിൽ തന്നെ; ആന്ധ്രാപ്രദേശിനായി ഒരു പുതിയ വിമാനത്താവളം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്: പ്രധാനമന്ത്രി
ഈ വിമാനത്താവളം ആന്ധ്രയുടെയും വടക്കൻ ആന്ധ്രയുടെയും വളർച്ചയ്ക്കുള്ള റൺവേയായി വർത്തിക്കുന്നു, ആന്ധ്രയിലെ യുവാക്കളുടെ തിളക്കമാർന്ന ഭാവിയിലേക്കുള്ള അടിത്തറയാണിത്: പ്രധാനമന്ത്രി
നമ്മുടെ കഴിവുറ്റ യുവാക്കളുടെ ശേഷിയിൽ നിന്ന് ആന്ധ്രാപ്രദേശും രാജ്യവും പരമാവധി നേട്ടം കൈവരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്; ഇതിനായി, സെമികണ്ടക്ടറുകൾ പോലുള്ള ഭാവി സാങ്കേതികവിദ്യാ വ്യവസായങ്ങളിലാണ് ഇപ്പോൾ നമ്മുടെ ശ്രദ്ധ, വിശാഖപട്ടണത്തെ പുതിയ സെമികണ്ടക്ടർ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങ് ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണ്: പ്രധാനമന്ത്രി
ഇന്ന്, രാജ്യം അതിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയെ തുടർച്ചയായി ശക്തിപ്പെടുത്തുകയാണ്; ഈ പ്രദേശം മുഴുവൻ ഒരു തീരദേശ സാമ്പത്തിക ഇടനാഴി വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്, ഈ ലക്ഷ്യം മുൻനിർത്തി, വിശാഖപട്ടണം മുതൽ കൃഷ്ണപട്ടണം വരെയുള്ള നമ്മുടെ പുരാതന തുറമുഖങ്ങൾ നവീകരിക്കപ്പെടുന്നു; കൂടാതെ, മൂലപേട്ടയിലും രാമയപട്ടണത്തും നമ്മൾ പുതിയ തുറമുഖങ്ങൾ നിർമ്മിക്കുകയുമാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
01 AUG 2026 3:05PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിലെ വിസിയനഗരത്തുള്ള ഭോഗാപുരത്ത് 17,900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വച്ചു. സ്വർണ്ണ ആന്ധ്ര എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഈ ദിനം നൽകുന്ന വലിയ പ്രാധാന്യം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, ഇത്തരം ഒരു പവിത്രമായ മാസത്തിൽ വടക്കൻ ആന്ധ്രയുടെ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ തന്റെ ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തുകയും ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി, ശ്രീ കൂർമ്മനാഥ സ്വാമി, മാ പൈഡിത്തള്ളി അമ്മവാരു എന്നിവർക്ക് പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. "ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ന് ഉത്തരാന്ധ്രയുടെ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്," ശ്രീ മോദി പറഞ്ഞു.
ഏകദേശം പതിനെണ്ണായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തുകൊണ്ട്, വിമാനത്താവള അടിസ്ഥാനസൗകര്യങ്ങൾ, റോഡ് കണക്റ്റിവിറ്റി, ഊർജ്ജ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലെ ഇത്തരം പദ്ധതികൾ സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ യഥാർത്ഥ പ്രതീകമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ആന്ധ്രാപ്രദേശ് മുന്നേറുന്ന അതിശയകരമായ വേഗതയുടെ യഥാർത്ഥ പ്രതീകമാണ് ഈ വികസന പ്രവർത്തനങ്ങൾ," ശ്രീ മോദി ചൂണ്ടിക്കാട്ടി.
ചടങ്ങിനെ സമാനതകളില്ലാത്ത ചരിത്ര പ്രാധാന്യമുള്ള നിമിഷമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ബൃഹത്തായ അടിസ്ഥാനസൗകര്യ നേട്ടങ്ങൾക്കൊപ്പം തന്നെ പരമ്പരാഗത ധിംസ നൃത്തത്തിലൂടെ കൈവരിച്ച അതിശയകരമായ സാംസ്കാരിക ലോകറെക്കോർഡും ഈ ദിനത്തിന്റെ സവിശേഷതയാണെന്ന് ചൂണ്ടിക്കാട്ടി. "ഇന്നത്തെ പരിപാടി പുതിയ ചരിത്രം സൃഷ്ടിക്കുന്നതിനും വിവിധ മേഖലകളിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നതിനുമുള്ളതാണ്," ശ്രീ മോദി വ്യക്തമാക്കി.
പതിമൂവായിരത്തിലധികം ഗോത്രവർഗ്ഗ സഹോദരിമാരും പെൺമക്കളും ചേർന്നവതരിപ്പിച്ച മനോഹരമായ പ്രകടനം പ്രശംസനീയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ അതിശയകരമായ ആവേശത്തെയും അച്ചടക്കത്തെയും പ്രകീർത്തിക്കുകയും, ഈ വർണ്ണാഭമായ പ്രകടനം രാജ്യത്തിന്റെ സമൃദ്ധമായ വൈവിധ്യത്തെയും കാത്തുസൂക്ഷിക്കപ്പെട്ട തദ്ദേശീയ പാരമ്പര്യത്തെയും മനോഹരമായി ഉൾക്കൊള്ളുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്തു. "ഇവിടെ പ്രദർശിപ്പിച്ച നമ്മുടെ ഗോത്ര സംസ്കാരത്തിന്റെ പെരുമ യഥാർത്ഥത്തിൽ ഗംഭീരവും അവിസ്മരണീയവുമായ കാഴ്ചയായിരുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.
അല്ലൂരി സീതാരാമ രാജുവിന്റെ വീരോചിതമായ പാരമ്പര്യത്തിനും ഗോത്രവർഗ്ഗ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമർപ്പണത്തിനും ആദരവ് അർപ്പിച്ച പ്രധാനമന്ത്രി, ഈ മണ്ണിൽ പുതുതായി ആരംഭിച്ച വിമാനത്താവളത്തെ പ്രാദേശിക വളർച്ചയ്ക്കുള്ള നിർണ്ണായക റൺവേയായും യുവാക്കളുടെ സമൃദ്ധമായ ഭാവിയിലേക്കുള്ള ശക്തമായ അടിത്തറയായും വിശേഷിപ്പിച്ചു. "ആന്ധ്രയുടെയും ഉത്തരാന്ധ്രയുടെയും വളർച്ചയ്ക്കുള്ള റൺവേയായി വർത്തിക്കുന്ന ഈ വിമാനത്താവളം ആന്ധ്രയിലെ യുവാക്കളുടെ മെച്ചപ്പെട്ട ഭാവിയിലേക്കുള്ള ആത്യന്തികമായ ലോഞ്ച്പാഡാണ്," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
പുതിയ വ്യോമയാന കേന്ദ്രത്തിന് ഈ ഇതിഹാസ സ്വാതന്ത്ര്യസമരസേനാനിയുടെ പേര് നൽകാനുള്ള ഗവണ്മെന്റിന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ച പ്രധാനമന്ത്രി, ഈ ചരിത്രപരമായ ആദരവ് ഇതിലൂടെ യാത്ര ചെയ്യുന്ന ഓരോ പൗരനിലും ദേശീയ ധർമ്മബോധം ആഴത്തിൽ വളർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരു പൗരനും ശ്രീ അല്ലൂരി സീതാരാമ രാജുവിന്റെ നാമത്തിൽ നിന്ന് പൊതുസേവനത്തിനും രാഷ്ട്രസേവനത്തിനുമുള്ള പ്രചോദനം തൽക്ഷണം ഉൾക്കൊള്ളും," ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ സിവിൽ വ്യോമയാന മേഖലയിലുണ്ടായ അഭൂതപൂർവ്വമായ മാറ്റങ്ങൾ വിവരിക്കവെ, 2014-ൽ ഉണ്ടായിരുന്ന വെറും എഴുപത്തിനാല് പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളെ ഇപ്പോഴുള്ള നൂറ്റി അറുപത്തിയാറ് വിമാനത്താവളങ്ങളുമായി പ്രധാനമന്ത്രി താരതമ്യം ചെയ്തു. നിലവിലെ ഭരണത്തിന് കീഴിൽ ചെറിയ നഗരങ്ങളിൽ നിന്നുള്ള സാധാരണക്കാരുടെ വിമാനയാത്ര സുഗമമാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു. "മുമ്പ് വൻനഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിമാനയാത്രയിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ചെറിയ നഗരങ്ങളിലെ സാധാരണക്കാരും വിമാനങ്ങളിൽ സുഖമായി യാത്ര ചെയ്യുകയാണ്," ശ്രീ മോദി നിരീക്ഷിച്ചു.
വ്യോമയാന മേഖലയുടെ സമഗ്രമായ മാറ്റത്തിന് ഉഡാൻ പദ്ധതിയെ പ്രശംസിച്ച പ്രധാനമന്ത്രി, സാധാരണ കുടുംബങ്ങൾക്ക് അവരുടെ വിമാനയാത്രാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ സംരംഭം എങ്ങനെ വിജയകരമായി വഴിയൊരുക്കിയെന്ന് എടുത്തുപറഞ്ഞു. 29,000 കോടി രൂപയുടെ വൻ നിക്ഷേപത്തോടെ ഇതിന്റെ രണ്ടാം ഘട്ടത്തിന് അടുത്തിടെ തുടക്കമിട്ട കാര്യവും അദ്ദേഹം വിശദീകരിച്ചു. "തീർത്തും പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് പോലും തങ്ങളുടെ ജീവിതകാലത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ പദ്ധതി സജീവമായി സഹായിച്ചിട്ടുണ്ട്," ശ്രീ മോദി പറഞ്ഞു.
വ്യോമയാന മേഖലയിലെ മറ്റൊരു പ്രധാന നേട്ടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്, കാശിയിൽ അടുത്തിടെ നടപ്പിലാക്കിയ 'സ്‌പോക്ക് എയർപോർട്ട്' മാതൃകയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഇത് ഇപ്പോൾ അമൃതസറിലേക്കും വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ ഈ നഗരത്തെ 25-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. "ആന്ധ്രയുടെ ഈ മണ്ണിൽ നിന്നുകൊണ്ട്, ഈ നേട്ടത്തിന് പഞ്ചാബിലെ ജനങ്ങളെ ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നേതൃത്വത്തിലുള്ള നിലവിലെ ഭരണസംവിധാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാനത്തിന്റെ വികസന അജണ്ട രണ്ടിരട്ടി വേഗതയിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. "വികസിത് ഭാരതത്തിനായുള്ള ആത്യന്തിക വികസന യന്ത്രമായി മാറാനുള്ള അപാരമായ ശേഷി നമ്മുടെ ആന്ധ്രാപ്രദേശിന് എപ്പോഴുമുണ്ട്," ശ്രീ മോദി വ്യക്തമാക്കി.
സമുദ്ര സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ശാക്തീകരിക്കുന്നതിനുള്ള ദേശീയ തന്ത്രം വിശദീകരിച്ചുകൊണ്ട്, വിശാഖപട്ടണം മുതൽ കൃഷ്ണപട്ടണം വരെയുള്ള പരമ്പരാഗത തുറമുഖങ്ങളുടെ നവീകരണത്തിലൂടെയും മൂലപേട്ട, രാമയപട്ടണം എന്നിവിടങ്ങളിൽ പുതിയ സമുദ്ര ഹബുകളുടെ നിർമ്മാണത്തിലൂടെയും മുഴുവൻ തീരദേശ മേഖലയെയും ഒരു സംയോജിത സാമ്പത്തിക ഇടനാഴിയാക്കി മാറ്റുക എന്ന ബൃഹത്തായ കാഴ്ചപ്പാട് പ്രധാനമന്ത്രി മുന്നോട്ടുവച്ചു. "ഈ പ്രദേശം മുഴുവൻ സമൃദ്ധമായ ഒരു തീരദേശ സാമ്പത്തിക ഇടനാഴിയായി വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ തന്ത്രപരമായ കാഴ്ചപ്പാട്," ശ്രീ മോദി പറഞ്ഞു.
വിശാലമായ തുറമുഖ വികസനങ്ങൾക്ക് പുറമേ, സംസ്ഥാനത്തുടനീളം ഹൈവേകളുടെയും അതിവേഗപാതകളുടെയും ശൃംഖല ദ്രുതഗതിയിൽ നിർമ്മിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിശാഖപട്ടണം-റായ്പൂർ അതിവേഗപാത പോലുള്ള പ്രധാന പദ്ധതികൾ പ്രാദേശിക വികസനത്തിന് നിർണ്ണായക പ്രേരകശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ അതിവേഗപാതാ പദ്ധതികൾ യഥാർത്ഥത്തിൽ ഈ ഭൂപ്രദേശത്തിന്റെ വികസനത്തിന് അഭൂതപൂർവ്വമായ ആക്കം നൽകുന്നു," ശ്രീ മോദി നിരീക്ഷിച്ചു.
രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളുമായി ഈ പ്രദേശത്തെ തടസ്സമില്ലാതെ ബന്ധിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട്, ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ റെയിൽവേ പദ്ധതികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. റയിൽവെ ശൃംഖലയുടെ സമ്പൂർണ വൈദ്യുതീകരണവും എഴുപതിലധികം സ്റ്റേഷനുകളുടെ നവീകരണവും ഇതിൽ ഉൾപ്പെടുന്നു. "ഈ പ്രദേശം മുഴുവൻ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളുമായി അനായാസം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുകയാണ്," ശ്രീ മോദി പറഞ്ഞു.
ഈ ബഹുതല ഗതാഗത നവീകരണങ്ങളെ കോർത്തിണക്കിക്കൊണ്ട്, റെയിൽ, തുറമുഖം, വ്യോമ അടിത്തറകളെ ഏകോപിപ്പിക്കുന്നതിൽ പി.എം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ നിർണ്ണായക പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് ചരക്കുനീക്കം കാര്യക്ഷമമാക്കാനും പ്രാദേശിക കർഷകരെ ശാക്തീകരിക്കാനും ബിസിനസ്സ് സുഗമമാക്കൽ മെച്ചപ്പെടുത്താനും സഹായിക്കും. "ഈ ആധുനിക ലൊജിസ്റ്റിക്സ് ശൃംഖല പൂർണ്ണമായി സജ്ജമായിക്കഴിഞ്ഞാൽ, അത് വ്യവസായങ്ങൾക്ക് മികച്ച കണക്റ്റിവിറ്റി നൽകുകയും നമ്മുടെ കർഷകർക്ക് വലിയ പ്രയോജനം ചെയ്യുകയും ചെയ്യും, കൂടാതെ ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം' മെച്ചപ്പെടുകയും ചെയ്യും," ശ്രീ മോദി നിരീക്ഷിച്ചു.
പുരോഗമനപരമായ നവീനാശയങ്ങളോടുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ പ്രതിബദ്ധതയെ പ്രശംസിച്ച പ്രധാനമന്ത്രി, സോഫ്റ്റ്‌വെയർ, സാങ്കേതിക മേഖലകളിൽ പ്രാദേശിക യുവാക്കളുടെ ആഗോള ആധിപത്യത്തെ പ്രകീർത്തിക്കുകയും, ഈ അതിശയകരമായ കഴിവുകളെ പ്രാദേശിക വികസനത്തിനായി നേരിട്ട് ഉപയോഗപ്പെടുത്തുമെന്ന ഗവണ്മെന്റിന്റെ നിശ്ചയദാർഢ്യം ആവർത്തിക്കുകയും ചെയ്തു.
യുവത്വത്തിന്റെ ഈ കഴിവുകൾ ആഭ്യന്തരമായി നിലനിർത്തേണ്ടതിന്റെയും ഉപയോഗപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, ഭാവി സാങ്കേതിക വ്യവസായങ്ങളിലേക്ക് പ്രധാനമന്ത്രി ശ്രദ്ധ തിരിച്ചു. വിശാഖപട്ടണത്ത് പുതിയ സെമികണ്ടക്ടർ പ്ലാന്റിന്റെ തറക്കല്ലിടൽ ആ ദിശയിലുള്ള വൻ ചുവടുവെപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "നമ്മുടെ കഴിവുറ്റ യുവാക്കളുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, സെമികണ്ടക്ടറുകൾ പോലുള്ള ഭാവി സാങ്കേതികവിദ്യാ വ്യവസായങ്ങളിലാണ് ഇപ്പോൾ നമ്മുടെ പ്രാഥമിക ശ്രദ്ധ" ശ്രീ മോദി വ്യക്തമാക്കി.
വലിയൊരു വ്യാവസായിക പരിവർത്തനം മുൻകൂട്ടി കണ്ടുകൊണ്ട്, സോഫ്റ്റ്‌വെയർ മികവിനൊപ്പം സംസ്ഥാനം ശക്തമായ ഒരു നിർമ്മാണ കേന്ദ്രമായി മാറുമെന്നും, അതുവഴി ഭാവി തൊഴിലവസരങ്ങളുടെ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രവചിച്ചു. "ഈ തന്ത്രപരമായ വികസനം തൊഴിലവസരങ്ങളും സംസ്ഥാനത്തുടനീളം സാങ്കേതിക വ്യവസായങ്ങൾക്ക് ഒരു പുതിയ അന്തരീക്ഷവും വിജയകരമായി സൃഷ്ടിക്കും," ശ്രീ മോദി നിരീക്ഷിച്ചു.
ആഗോള സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളുടെ സങ്കീർണ്ണമായ പ്രവർത്തനരീതികളെക്കുറിച്ച് വിശദീകരിക്കവെ, സമഗ്രമായ ഒരു ചുറ്റുപാട് ഇല്ലാതെ ഒറ്റപ്പെട്ട ഫാക്ടറികൾ മാത്രം മതിയാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അത്തരമൊരു സഹായകരമായ അന്തരീക്ഷം ഇപ്പോൾ സംസ്ഥാനത്ത് സൂക്ഷ്മമായി രൂപപ്പെടുത്തി വരുന്നതിലുള്ള മുഖ്യമന്ത്രിയുടെ അശ്രാന്ത പരിശ്രമങ്ങൾക്ക് നന്ദി "ഈ രാപ്പകൽ അധ്വാനത്തിന്റെ ഫലമായി മാത്രമാണ് പല വൻകിട ആഗോള കമ്പനികളും ഇപ്പോൾ ഇവിടെ നിക്ഷേപം നടത്താൻ ആവേശത്തോടെ ആഗ്രഹിക്കുന്നത്," ശ്രീ മോദി നിരീക്ഷിച്ചു.
അത്യാധുനിക സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, നിർമ്മിതബുദ്ധി, ഡാറ്റാ സെന്ററുകൾ എന്നിവയിലെ പുതിയ വികസനങ്ങളെ എടുത്തുപറഞ്ഞു. ഗൂഗിളിന്റെ കൂറ്റൻ 15 ബില്യൺ ഡോളർ കാമ്പസ് പ്രഖ്യാപനം പരാമർശിച്ച അദ്ദേഹം, പ്രാദേശിക യുവാക്കൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ആഗോള താല്പര്യത്തിന്റെ വ്യക്തമായ സൂചനയാണിതെന്ന് വ്യക്തമാക്കി. "മറ്റനേകം ആഗോള കമ്പനികൾ അതിശയകരമായ പുതിയ സാധ്യതകൾ ഇവിടെ കാണുന്നുണ്ട്, ഇത് സംസ്ഥാനത്തെയും രാജ്യത്തെയും യുവാക്കൾക്ക് വലിയ ഗുണം ചെയ്യും," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
ഡിജിറ്റൽ സാങ്കേതികവിദ്യയ്‌ക്കപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ വ്യാവസായിക വികസനം വിശാലമാക്കികൊണ്ട്, നക്കപ്പള്ളിയിലെ വൻകിട പുതിയ ഫാർമ പാർക്കിന് കേന്ദ്ര ഗവണ്മെന്റ് നൽകുന്ന ശക്തമായ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയും, സംസ്ഥാനത്തെ രാജ്യത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഹബ്ബായി അത് ഉയർന്നു വരുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. "ഈ പിന്തുണയോടെ, ആന്ധ്രാപ്രദേശ് രാജ്യത്തെ ഏറ്റവും വലിയ ഫാർമ ഹബ്ബുകളിലൊന്നായി അതിവേഗം വികസിക്കും," ശ്രീ മോദി പറഞ്ഞു.
പുനരുപയോഗ ഊർജ്ജ മേഖലയിലേക്ക് തിരിഞ്ഞ പ്രധാനമന്ത്രി, റായലസീമ മേഖലയിൽ മാത്രം അഞ്ച് ലക്ഷം കോടി രൂപയിലധികം നിക്ഷേപം ആകർഷിച്ചതായി വെളിപ്പെടുത്തുകയും, ഈ ബൃഹത്തായ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ ഗവണ്മെന്റിന്റെ അശ്രാന്തമായ സമർപ്പണത്തെക്കുറിച്ച് ജനങ്ങൾക്ക് ശക്തമായ ഉറപ്പ് നൽകുകയും ചെയ്തു. "ഇത്തരം ഓരോ വൻ സാധ്യതകളെയും ഉറച്ച യാഥാർത്ഥ്യമാക്കി മാറ്റുന്നതിന് നമ്മുടെ ഗവണ്മെന്റ് രാപ്പകലില്ലാതെ തുടർന്നും പ്രവർത്തിക്കും," ശ്രീ മോദി വ്യക്തമാക്കി.
എല്ലാ മേഖലകളിലുമുള്ള ഗവണ്മെന്റിന്റെ വികസന അജണ്ടയുടെ വേഗത വ്യക്തമാക്കിക്കൊണ്ട്, അടുത്തിടെയുള്ള നിക്ഷേപങ്ങളുടെ അതിശയിപ്പിക്കുന്ന വ്യാപ്തിയെക്കുറിച്ച് പ്രധാനമന്ത്രി സദസ്സിനെ ഓർമ്മിപ്പിച്ചു. തന്റെ കഴിഞ്ഞ മൂന്ന് സന്ദർശനങ്ങൾക്കിടയിൽ മാത്രം രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. "അടുത്തിടെ നടന്ന ഈ വൻകിട പദ്ധതികളുടെ തുടക്കത്തിൽ നിന്ന് തന്നെ ഓരോ മേഖലയിലെയും പ്രവർത്തനങ്ങളുടെ അതിശയകരമായ വേഗത നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും," ശ്രീ മോദി നിരീക്ഷിച്ചു.
ഈ വിശാലമായ വികസന കാഴ്ചപ്പാടിനുള്ളിൽ വടക്കൻ ജില്ലകളെ വ്യവസ്ഥാപിതമായി ശാക്തീകരിക്കുന്നതിൽ ആഴത്തിലുള്ള സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, വിശാഖപട്ടണം സാമ്പത്തിക മേഖലയെ ഏഷ്യയിലെ തന്നെ പ്രമുഖ സാമ്പത്തിക ശക്തിയായി മാറ്റുന്നതിനുള്ള തന്ത്രപരമായ പരിണാമം വിശദീകരിച്ചു. ഓരോ പുതിയ സൗകര്യവും ഈ ഏകീകൃത ലക്ഷ്യത്തിന് സംഭാവന നൽകുന്നു. "വിശാഖപട്ടണം സാമ്പത്തിക മേഖല ഏഷ്യയിലെ ഏറ്റവും പ്രമുഖമായ സാമ്പത്തിക ഹബ്ബായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ അന്തിമ ലക്ഷ്യം," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
നിക്ഷേപങ്ങളെ നേരിട്ട് തൊഴിലവസരങ്ങളാക്കി മാറ്റുക എന്ന ഗവണ്മെന്റിന്റെ പ്രധാന സാമ്പത്തിക തത്വശാസ്ത്രം വിശദീകരിച്ചുകൊണ്ട്, വർദ്ധിച്ചുവരുന്ന പൊതു-സ്വകാര്യ നിക്ഷേപങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും, കയറ്റുമതി ശക്തിപ്പെടുത്തുകയും, അന്തിമമായി കുടുംബ വരുമാനവും ജീവിതനിലവാരവും ഉയർത്തുകയും ചെയ്യുന്ന അനുകൂല ചാക്രിക സ്വഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു; ഇന്ന് സംസ്ഥാനത്ത് സംഭവിക്കുന്നതും ഇതാണ്. "തൊഴിലവസരങ്ങൾ വർദ്ധിക്കുമ്പോൾ, ജനങ്ങളുടെ വരുമാനം സ്വാഭാവികമായും ഉയരുകയും കുടുംബങ്ങളുടെ ദൈനംദിന ജീവിതം ഗണ്യമായി മെച്ചപ്പെടുകയും ചെയ്യും," ശ്രീ മോദി നിരീക്ഷിച്ചു.
ഈ മേഖലയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള പൂർണ്ണമായ ഉറപ്പോടെ പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ചടങ്ങിൽ തുടക്കമിട്ട നിരവധിയായ പദ്ധതികൾ 'സ്വർണ്ണ ആന്ധ്ര', 'വികസിത് ഭാരത്' എന്നീ വലിയ സങ്കൽപ്പങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അടിസ്ഥാന സ്തംഭങ്ങളായി വർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
NK
****
(रिलीज़ आईडी: 2293046)
आगंतुक पटल : 12