യുവജനകാര്യ, കായിക മന്ത്രാലയം
പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) സഹായം വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭാ അംഗീകാരം
प्रविष्टि तिथि:
31 JUL 2026 4:30PM by PIB Thiruvananthpuram
യുവാക്കളുടെ വികാസത്തിനും രാഷ്ട്രനിർമ്മാണത്തിനുമായി കായികരംഗത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിൻ്റെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 36,441 കോടി രൂപയുടെ സംയോജിത വിഹിതത്തോടെ പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) വർധിപ്പിച്ച ധനസഹായത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ കായിക വികസന പദ്ധതിയാണിത്. കായികരംഗത്തോടുള്ള രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഇത് വളരെയധികം ഉത്തേജനം നൽകുകയും വരാനിരിക്കുന്ന ദശകത്തിൽ ഒരു പരിവർത്തനാത്മക സ്വാധീനം ചെലുത്തുകയും ചെയ്യും.
മുൻകാല ഖേലോ ഇന്ത്യ പദ്ധതിയുടെ ഏകദേശം എട്ടിരട്ടിയാണ് അംഗീകൃത വിഹിതം. ഇത് യുവജന വികാസത്തിൻ്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും അതോടൊപ്പം ഒരു ആഗോള കായിക വൻശക്തിയായി ഇന്ത്യ ഉയർന്നുവരുന്നതിന്റെയും ആണിക്കല്ലാക്കി കായികരംഗത്തെ മാറ്റുന്നതിനുള്ള ഗവൺമെന്റിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
സ്കൂൾ കളിസ്ഥലങ്ങളിൽ നിന്നും ഗ്രാമീണ കായിക മേഖലകളിൽ നിന്നും ഒളിമ്പിക് പോഡിയം വരെ പ്രതിഭാധനരായ എല്ലാ ഇന്ത്യൻ യുവാക്കൾക്കും സുഗമമായ ഒരു പാത സൃഷ്ടിക്കുന്നതിനാണ് ഈ പരിഷ്കരിച്ച പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാമ്പത്തിക പശ്ചാത്തലമോ അവസരങ്ങളുടെ അഭാവമോ കാരണം ഒരു കായിക പ്രതിഭയും തിരിച്ചറിയപ്പെടാതെ പോകരുതെന്ന് ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു.
ഖേലോ ഭാരത് നീതി 2025, ദേശീയ വിദ്യാഭ്യാസ നയം 2020 എന്നിവയുടെ കാഴ്ചപ്പാടുകളുമായി ചേർന്നുനിൽക്കുന്ന ഈ പദ്ധതി 2030-ലെ കോമൺവെൽത്ത് ഗെയിംസും ഒളിമ്പിക്, പാരലിമ്പിക് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ദീർഘകാല കായിക ലക്ഷ്യങ്ങൾക്ക് ശക്തമായ അടിത്തറയിടുന്നു. ഒപ്പം കായികരംഗത്തെ വിദ്യാഭ്യാസം, ഫിറ്റ്നസ്, സാങ്കേതികവിദ്യ, ഉന്നതതല പരിശീലനം എന്നിവയുമായും സംയോജിപ്പിക്കുന്നു.
ഓരോ കായികപ്രതിഭയ്ക്കും മികവിലേക്കുള്ള പാത തുറക്കുന്നു:
കഴിവുള്ള കായികതാരങ്ങളെ കണ്ടെത്തുന്നതും ശാസ്ത്രീയ പരിശീലനവും മുതൽ അന്താരാഷ്ട്ര മത്സരങ്ങളും ഒളിമ്പിക് തയ്യാറെടുപ്പുകളും വരെയുള്ള ഓരോ ഘട്ടത്തിലും യുവ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി ആദ്യമായി സമഗ്രമായ അത്‍ലറ്റ് വികസന പാത (athlete development pathway) തയ്യാറാക്കിയിട്ടുണ്ട്.
നാഷണൽ സെന്റേഴ്സ് ഓഫ് എക്സലൻസ് (NCOE), ഖേലോ ഇന്ത്യ സെന്റേഴ്സ് ഓഫ് എക്സലൻസ് (KICoE), സായ് (SAI) ട്രെയിനിംഗ് സെന്ററുകൾ (STC), ഖേലോ ഇന്ത്യ അംഗീകൃത അക്കാദമികൾ (KIAA), ഖേലോ ഇന്ത്യ സെന്ററുകൾ (KIC), സായുധ സേനയുടെ യൂത്ത് സ്പോർട്സ് കമ്പനികൾ (YSC) എന്നിവ ഉൾപ്പെടുന്ന സംയോജിത രാജ്യവ്യാപക കായിക ആവാസവ്യവസ്ഥയ്ക്ക് ഈ പദ്ധതി രൂപം നൽകുന്നു. ഇവ സംയുക്തമായി രാജ്യത്തുടനീളം ലോകോത്തര പരിശീലനം, സ്പോർട്സ് സയൻസ് പിന്തുണ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകും.
സ്കൂൾ കായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് രണ്ട് പുതിയ പദ്ധതികൾ അവതരിപ്പിച്ചു - ഖേലോ ഇന്ത്യ ഫീഡർ സ്കൂളുകളും (KIFS) ഖേലോ ഇന്ത്യ ഉത്കൃഷ്ട വിദ്യാലയങ്ങളും (KIUV). ഇവ കായികരംഗത്തെ മുഖ്യധാര വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുകയും കഴിവുള്ള കുട്ടികളെ നേരത്തെ തന്നെ തിരിച്ചറിയാനും ചിട്ടയായി പരിപോഷിപ്പിക്കാനും സഹായിക്കുകയും ചെയ്യും.
ഇന്ത്യയുടെ അത്‌ലറ്റ് പൂൾ ഏകദേശം പത്തിരട്ടിയായി വിപുലീകരിക്കും:
നിലവിലുള്ള ഖേലോ ഇന്ത്യ അത്‌ലറ്റ്സ് പ്രോഗ്രാമിനൊപ്പം എമർജിംഗ് ഖേലോ ഇന്ത്യ അത്‌ലറ്റ്സ് (E-KIA) എന്ന പുതിയ വിഭാഗം സൃഷ്ടിച്ചതാണ് ഈ പദ്ധതിക്ക് കീഴിലുള്ള പ്രധാന പരിഷ്കാരം. ഇത് ഘടനാപരമായ അത്‌ലറ്റ് വികസന സംവിധാനത്തെ ഏകദേശം പത്തിരട്ടിയായി വിപുലീകരിക്കുകയും ആയിരക്കണക്കിന് അധിക യുവ കായികതാരങ്ങളെ പ്രൊഫഷണൽ കോച്ചിംഗ്, ശാസ്ത്രീയ പിന്തുണ, ദീർഘകാല മാർഗ്ഗനിർദ്ദേശം എന്നിവയുടെ കീഴിലേക്ക് കൊണ്ടുവരികയും ചെയ്യും.
കഴിവുള്ളവരെ കണ്ടെത്തുന്നതിനായുള്ള വികസന സമിതികൾ (Talent Identification Development Committees), സോണൽ സമിതികൾ, ടാലന്റ് സ്കൗട്ടുകൾ, ഹൈ പെർഫോമൻസ് ഡയറക്ടർമാർ, ഹൈ പെർഫോമൻസ് മാനേജർമാർ എന്നിവരെ ഉൾപ്പെടുത്തി രാജ്യവ്യാപകമായി ഒരു കരുത്തുറ്റ ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ ചട്ടക്കൂട് രാജ്യത്തുടനീളമുള്ള വളർന്നുവരുന്ന കായികതാരങ്ങളെ നിരന്തരം കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് ഉറപ്പാക്കും.
ഈ പദ്ധതി അടിസ്ഥാനതല മത്സരങ്ങളിൽ നിന്ന് ഖേലോ ഇന്ത്യയിലേക്കും തുടർന്ന് ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമിലേക്കും (TOPS) വ്യക്തമായ ഒരു മുന്നേറ്റ പാത സ്ഥാപിക്കുന്നു. ഇത് അർഹരായ കായികതാരങ്ങൾക്ക് ലോകോത്തര പരിശീലനവും അന്താരാഷ്ട്ര പരിചയസമ്പത്തും ഏറ്റവും ഉയർന്ന തലത്തിൽ മെഡലുകൾക്കായി മത്സരിക്കുന്നതിനുള്ള സമഗ്രമായ പിന്തുണയും ലഭിക്കാൻ പ്രാപ്തമാക്കുന്നു.
കൂടുതൽ മത്സരങ്ങൾ, കൂടുതൽ അവസരങ്ങൾ:
കായികരംഗത്തെ മികവ് പതിവായ മത്സരങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, പരിഷ്കരിച്ച പദ്ധതി ഇന്ത്യയുടെ ആഭ്യന്തര മത്സര ശൃംഖലയെ ഗണ്യമായി ശക്തിപ്പെടുത്തുന്നു. യുവ കായികതാരങ്ങൾക്ക് തുടർച്ചയായ മത്സര പരിചയം നൽകുന്നതിനായി ദേശീയ ചാമ്പ്യൻഷിപ്പുകൾക്കൊപ്പം സ്കൂൾ, യൂണിവേഴ്സിറ്റി, റീജിയണൽ, സ്പോർട്സ് അടിസ്ഥാനമാക്കിയുള്ള ലീഗുകൾ എന്നിവയെ ഇത് പിന്തുണയ്ക്കുന്നു.
വനിതാ കായികതാരങ്ങൾ, പാര-അത്‍ലറ്റുകൾ, പരമ്പരാഗത കായിക ഇനങ്ങൾ, സമാധാനത്തിനും എല്ലാവരെയും ഉൾക്കൊള്ളലിനും കമ്മ്യൂണിറ്റി വികസനത്തിനുമുള്ള ഒരു മാർഗ്ഗമെന്ന നിലയിലുള്ള കായികപ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ദേശീയ ഗെയിംസുകൾ സംഘടിപ്പിക്കുന്നതിനും പ്രധാന അന്താരാഷ്ട്ര കായിക പരിപാടികൾക്ക് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്നതിനും ഈ പദ്ധതി പിന്തുണ നൽകുന്നു.
കൂടുതൽ ഫിറ്റ്‌നസ്സുള്ളതും ആരോഗ്യകരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കൽ:
പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഫിറ്റ്‌നസിനെ ഒരു രാജ്യവ്യാപക മുന്നേറ്റമായി പ്രോത്സാഹിപ്പിക്കുന്നതിനായി 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്' ഗണ്യമായി വിപുലീകരിക്കും. കർമനിരതമായ ജീവിതശൈലി, കായികരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, അതിർത്തി പ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമുള്ള പ്രവർത്തനങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള കായികാധിഷ്ഠിത സംരംഭങ്ങൾ എന്നിവ ക്യാമ്പയ്നുകൾ വഴി പ്രോത്സാഹിപ്പിക്കും. ഇത് കായികരംഗത്തെ സാമൂഹിക പരിവർത്തനത്തിനുള്ള ഒരു മാധ്യമമായി ശക്തിപ്പെടുത്തുന്നു.
പരിശീലകരിലും സാങ്കേതികവിദ്യയിലും നവീനാശയത്തിലും നിക്ഷേപം നടത്തൽ:
ലോകോത്തര പിന്തുണാ സംവിധാനങ്ങളിലൂടെ മാത്രമേ കായികതാരങ്ങൾക്ക് മികവ് പുലർത്താൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പരിശീലന യോഗ്യതകൾ ഏകീകരിക്കുന്നതിനും പ്രൊഫഷണൽ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള കോച്ചുകളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ശേഷി വർധിപ്പിക്കുന്നതിനുമായി ഗവൺമെന്റ് നാഷണൽ കോച്ച് അക്രഡിറ്റേഷൻ ബോർഡ് (NCAB) സ്ഥാപിക്കും.
അത്‍ലറ്റുകളുടെ ഡാറ്റാബേസുകൾ, അടിസ്ഥാന സൗകര്യങ്ങൾ, മത്സരങ്ങൾ, പരിശീലന വിഭവങ്ങൾ, കായികശേഷി വിലയിരുത്തലുകൾ, ധനസഹായം, ഫിറ്റ് ഇന്ത്യ പങ്കാളിത്തം എന്നിവ സംയോജിപ്പിക്കുന്ന ഒരു ഏകീകൃത ഡിജിറ്റൽ സ്പോർട്സ് പ്ലാറ്റ്‌ഫോമും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പ്ലാറ്റ്‌ഫോം ഡാറ്റാധിഷ്ഠിത ആസൂത്രണം, സുതാര്യമായ ഭരണനിർവഹണം, വ്യക്തിഗത അത്‌ലറ്റ് വികാസം എന്നിവ സാധ്യമാക്കും.
കായിക മികവിനായി ശക്തമായ പങ്കാളിത്തം:
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന യഥാർത്ഥ ദേശീയ കായിക ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് കായിക അടിസ്ഥാന സൗകര്യങ്ങൾ, പ്രതിഭാ വികാസം, കായികതാരങ്ങൾക്കുള്ള പിന്തുണ എന്നിവയിലെ നിക്ഷേപം, നവീനാശയം, വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ അക്കാദമികൾ, കോർപ്പറേറ്റ് പങ്കാളികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായുള്ള സഹകരണം ഗവൺമെന്റ് കൂടുതൽ ശക്തമാക്കും.
ഇന്ത്യയുടെ ആഗോള കായിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കൽ:
പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്ക് അനുസൃതമായി 2026-31 കാലയളവിലേക്കായി ശക്തിപ്പെടുത്തിയ ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) ധനസഹായ പദ്ധതിക്കും ഗവൺമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്.
പരിശീലനം, സ്പോർട്സ് സയൻസ്, ആധുനിക ഉപകരണങ്ങൾ, അന്താരാഷ്ട്ര പരിചയസമ്പത്ത്, പരിശീലന ക്യാമ്പുകൾ, വിദേശ വിദഗ്ധരുടെ സേവനം ഉറപ്പാക്കൽ, പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിലെ പങ്കാളിത്തം എന്നിവയ്ക്കുള്ള ധനസഹായത്തിലൂടെ ഈ പദ്ധതി ഇന്ത്യൻ കായികതാരങ്ങളെയും ടീമുകളെയും പിന്തുണയ്ക്കും.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായുള്ള കായിക സഹകരണത്തെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ പരമ്പരാഗത കായിക ഇനങ്ങളെ അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വികസിത ഭാരതത്തിനായുള്ള ഒരു ദേശീയ ദൗത്യം:
പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതി ഇന്ത്യയുടെ കായിക ഭാവിയിൽ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കായിക പരിപാടി എന്നതിലുപരി അവസരം, ആത്മവിശ്വാസം, മികവ് എന്നിവ നൽകി ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ദേശീയ ദൗത്യമാണിത്.
അടിസ്ഥാന തലത്തിലെ പ്രതിഭകളിൽ നിന്ന് ആഗോള കായിക വിജയത്തിലേക്ക് സുഗമമായ ഒരു വഴി സൃഷ്ടിക്കുന്നതിലൂടെ ചാമ്പ്യന്മാരെ വളർത്തിയെടുക്കാനും ഫിറ്റ്‌നസ് സംസ്കാരത്തിന് പ്രചോദനം നൽകാനും ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും വികസിത ഭാരതം@2047 എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറുമ്പോൾ ലോകത്തിലെ മുൻനിര കായിക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തെ പ്രതിഷ്ഠിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
-NK-
(रिलीज़ आईडी: 2292599)
आगंतुक पटल : 6