റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ടോൾ പ്ലാസകളിൽ ലോകോത്തര നിലവാരമുള്ള പൊതു ശൗചാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിക്ക് ദേശീയപാത അതോറിറ്റി ( എൻ.എച്ച്.എ.ഐ) തുടക്കം കുറിച്ചു
प्रविष्टि तिथि:
30 JUL 2026 5:41PM by PIB Thiruvananthpuram
ദേശീയപാതയോരങ്ങളിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ടോൾ പ്ലാസകളിൽ ലോകോത്തര നിലവാരത്തിലുള്ള പൊതു ശൗചാലയങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പുതിയ പദ്ധതിക്ക് ദേശീയപാത അതോറിറ്റി( എൻ.എച്ച്.എ.ഐ) തുടക്കമിട്ടു.ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം, പ്രവർത്തനക്ഷമത,, ദീർഘകാല പരിപാലനം എന്നിവ ഉറപ്പാക്കുന്നതിനായി 'നൂതന പ്രകടനാധിഷ്ഠിത കരാർ ' (Innovative Performance Based Contracts) മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ശുചിമുറികളുടെ നവീകരണവും പുതിയ അത്യാധുനിക സമുച്ചയങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കും. തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും, ഹരിത സാങ്കേതികവിദ്യയും സുസ്ഥിര നിർമ്മാണ രീതികളും ഉൾപ്പെടുത്തിയതുമായ ഏകീകൃത മാതൃകയാണ് ഇതിനായി ഉപയോഗിക്കുക.ദേശീയപാതകളിലുടനീളം ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വൃത്തിയുള്ളതും സുരക്ഷിതവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ പൊതുജനാരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ എൻ.എച്ച്.എ.ഐ ലക്ഷ്യമിടുന്നത്.
ടോൾ പ്ലാസകളിലെ ശുചിമുറികളുടെ സേവന നിലവാരം ഉയർന്ന രീതിയിൽ നിലനിർത്തുന്നതിനായി സാങ്കേതികവിദ്യാധിഷ്ഠിത പരിപാലന സംവിധാനം ദേശീയപാത അതോറിറ്റി നടപ്പിലാക്കി. ശുചിമുറികളുടെ പ്രവർത്തനം തത്സമയം നിരീക്ഷിക്കുന്നതിനായി ഇന്റർനെറ്റ് സാങ്കേതികവിദ്യാധിഷ്ഠിത തത്സമയ വിവരശേഖരണ -നിരീക്ഷണ സംവിധാനങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്. ഇത് മുൻകരുതൽ പരിപാലനവും കാര്യക്ഷമമായ സേവന വിതരണവും സാധ്യമാക്കുന്നു.
കരാറുകാരുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി സേവന മികവിന് അനുസരിച്ചു മാത്രം തുക അനുവദിക്കുന്ന 'പെർഫോമൻസ് ലിങ്ക്ഡ് പേയ്മെന്റ്' രീതിയും പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.ഡിജിറ്റൽ അധിഷ്ഠിത സേവന കരാറുകൾ,നിശ്ചിത ഇടവേളകളിലുള്ള സ്വതന്ത്ര പരിശോധനകൾ എന്നിവയ്‌ക്കൊപ്പം,ദേശീയപാത അതോറിറ്റിയുടെ 'രാജ്മാർഗ് യാത്ര' മൊബൈൽ ആപ്പ് വഴി യാത്രക്കാർ നൽകുന്ന നേരിട്ടുള്ള പ്രതികരണങ്ങളും വിലയിരുത്തി മാത്രമായിരിക്കും പരിപാലന ഏജൻസികൾക്ക് തുക അനുവദിക്കുക .
2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം പൂർണ്ണമായും തടസ്സരഹിത സൗകര്യങ്ങളോടെയാണ് എല്ലാ പുതിയ സമുച്ചയങ്ങളും നിർമ്മിക്കുന്നത്.ശുദ്ധജല ലഭ്യത, അത്യാധുനിക ശുചിത്വ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രത്യേക മുൻഗണന നൽകുന്ന പ്രത്യേക സൗകര്യങ്ങളും ഇവിടെയൊരുക്കും.
ഡിജിറ്റൽ നിരീക്ഷണവും സേവനത്തിന്റെ കൃത്യമായ ഫലം ഉറപ്പാക്കുന്ന പരിപാലന രീതികളും സമന്വയിപ്പിച്ച് അത്യാധുനിക ശുചിമുറി സൗകര്യങ്ങൾ സജ്ജമാക്കുന്നതിലൂടെ, ദേശീയപാതാ യാത്രക്കാരുടെ അനുഭവത്തിൽ വലിയ മാറ്റം കൊണ്ടുവരാനും ഒപ്പം യാത്രാനുഭവം ഗണ്യമായി മെച്ചപ്പെടുത്താനുമാണ് ദേശീയപാത അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.
*****
(रिलीज़ आईडी: 2292233)
आगंतुक पटल : 4