രാഷ്ട്രപതിയുടെ കാര്യാലയം
ബസ്തർ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിസംഘം രാഷ്ട്രപതിയെ സന്ദർശിച്ചു
प्रविष्टि तिथि:
30 JUL 2026 6:18PM by PIB Thiruvananthpuram
2026-ലെ ബസ്തർ പാണ്ഡും വിജയികൾ, ബസ്തറിലെ പർഗാനാ മാഞ്ചിമാർ, ചലാകിമാർ എന്നിവരടങ്ങുന്ന ബസ്തർ മണ്ഡലത്തിൽ നിന്നുള്ള ഒരു പ്രതിനിധിസംഘം ഇന്ന് (2026 ജൂലൈ 30) രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബസ്തർ പാണ്ഡും കേവലമൊരു സാംസ്കാരിക പരിപാടി മാത്രമല്ലെന്നും മറിച്ച് ബസ്തറിൻ്റെ മഹത്തായ പാരമ്പര്യത്തിൻ്റെയും സാംസ്കാരിക സ്വത്വത്തിൻ്റെയും ആഘോഷമാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ബസ്തറിൻ്റെ യഥാർത്ഥ സ്വത്വം ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവജനങ്ങളെ അവരുടെ പാരമ്പര്യങ്ങളുമായും ആചാരങ്ങളുമായും സാംസ്കാരിക പൈതൃകങ്ങളുമായും വീണ്ടും ബന്ധിപ്പിക്കുന്നതിൽ ബസ്തർ പാണ്ഡും പോലുള്ള പരിപാടികൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അവർ അടിവരയിട്ടു പറഞ്ഞു. ഇത്തരം പരിപാടികൾ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.

സാമൂഹിക ജീവിതവും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മാഞ്ചിമാരും ചലാകിമാരും വഹിക്കുന്ന പങ്കിനെ രാഷ്ട്രപതി അഭിനന്ദിച്ചു. സമൂഹത്തിനും ഭരണകൂടത്തിനുമിടയിലുള്ള ഫലപ്രദമായ ഒരു കണ്ണിയാണ് ഇവരെന്നും ശ്രീമതി മുർമു പറഞ്ഞു. ഇവരുടെ സമർപ്പണബോധവും നേതൃത്വവും സമൂഹത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും വളർത്തിയെടുക്കാൻ തുടർന്നും സഹായകരമാകുമെന്ന ആത്മവിശ്വാസം രാഷ്ട്രപതി പ്രകടിപ്പിച്ചു.

ഗവണ്മെൻ്റിൻ്റെ ശ്രമങ്ങളും ബസ്തറിലെ ജനങ്ങളുടെ സജീവമായ പങ്കാളിത്തവും മൂലം ഈ പ്രദേശം വികസനത്തിൻ്റെ പുതിയൊരു പാതയിലേക്ക് മുന്നേറുകയാണെന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. ജനങ്ങൾ അക്രമത്തിൻ്റെ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടന്ന് വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവയ്ക്കായുള്ള പുതിയ അവസരങ്ങൾ സ്വീകരിച്ചു വരികയാണെന്ന് അവർ പറഞ്ഞു. ഈ പരിവർത്തനം ബസ്തറിൻ്റെ ശോഭനമായ ഭാവിയുടെ സൂചനയാണ്. റോഡുകൾ, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും വിദൂരമായ ഗ്രാമങ്ങളിൽ വരെ എത്തിച്ചേരുന്നുണ്ട്. ദീർഘകാലമായി അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങൾ വീണ്ടും കുട്ടികളാൽ സജീവമാകുകയാണെന്നും അറിവിൻ്റെ വെളിച്ചം ഓരോ വീട്ടിലും എത്തിച്ചേരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് പ്രതീക്ഷയുടെയും വിശ്വാസത്തിൻ്റെയും പുരോഗതിയുടെയും ഒരു അന്തരീക്ഷമാണ് ബസ്തറിൽ രൂപപ്പെടുന്നത്. ഈ പരിവർത്തനം രാജ്യത്തിനാകെ സന്തോഷവും അഭിമാനവും നൽകുന്ന ഒന്നാണെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു.

വിദ്യാഭ്യാസം, ശാസ്ത്രം, കല, കായികം തുടങ്ങി വിവിധ മേഖലകളിൽ ഗോത്ര സമൂഹങ്ങളിൽ നിന്നുള്ള യുവജനങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കായികരംഗത്തും കലയിലും ഗോത്രസമൂഹത്തിന് സ്വതസിദ്ധമായ കഴിവുണ്ട്. സമീപകാലത്ത് ഛത്തീസ്ഗഡിൽ ബസ്തർ ഒളിംപിക്സ് സംഘടിപ്പിച്ചതിനെക്കുറിച്ചും അവർ സന്തോഷത്തോടെ പരാമർശിച്ചു.

ഗോത്രസമൂഹം അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകുകയും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പര സഹകരണത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സംസ്കാരം ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്ന് അവർ പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. ജലം, പരിസ്ഥിതി, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
***
(रिलीज़ आईडी: 2292092)
आगंतुक पटल : 7